രാജ്യത്ത് ഊർജ അടിയന്തരാവസ്ഥ, കേരളം ബദലൊരുക്കും


3 min read
Read later
Print
Share

കേരളം ഏകകണ്ഠമായി എതിർക്കുന്ന വൈദ്യുതി സ്വകാര്യവത്കരണം അണിയറയിൽ നടക്കുമ്പോൾ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ, മുന്നിലുള്ള ബദലുകൾ തുടങ്ങിയവയെക്കുറിച്ച് സംസാരിക്കുകയാണ് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിമാതൃഭൂമി പ്രതിനിധി പി. കെ. മണികണ്ഠനു നൽകിയ അഭിമുഖത്തിൽനിന്ന്

Photo: Print

രാജ്യതലസ്ഥാനാതിർത്തികൾ സ്തംഭിപ്പിച്ച കർഷകപ്രക്ഷോഭം അവസാനിപ്പിക്കാനുള്ള കേന്ദ്രവാഗ്ദാനങ്ങളിൽ ഒന്നായിരുന്നു വൈദ്യുതി നിയമഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കില്ലെന്ന ഉറപ്പ്. എന്നാൽ, ഈ ഭേദഗതി നടപ്പാക്കാനാണ് ഇപ്പോഴത്തെ തീവ്രശ്രമം. വിവിധ തട്ടുകളിൽ അതിനായി ചർച്ചകളും കേന്ദ്രം ആരംഭിച്ചുകഴിഞ്ഞെന്ന്‌ സംസ്ഥാന വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി.

എന്താണ് സംസ്ഥാനത്തെ ഊർജരംഗത്തെ സ്ഥിതി
= ഒരു കുതിച്ചുചാട്ടത്തിന്റെ പാതയിലാണ് സംസ്ഥാനത്തെ വൈദ്യുതിമേഖല. നമ്മുടെ വൈദ്യുതി ആവശ്യത്തിന്റെ 50 ശതമാനവും 2030-ഓടെ പുനരുപയോഗ ഊർജസ്രോതസ്സുകളിൽനിന്ന് കണ്ടെത്താനാണ് ശ്രമം. 2040-ഓടെ 100 ശതമാനം പുനരുപയോഗ ഊർജാധിഷ്ഠിത സംസ്ഥാനമായും 2050-ഓടെ നെറ്റ് കാർബൺ ന്യൂട്രലായും മാറുകയാണ് ലക്ഷ്യം. ഈ സർക്കാർ വന്നശേഷം 489.5 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതപദ്ധതികൾ പൂർത്തിയാക്കി. ഇതിൽ 38.5 മെഗാവാട്ട് ജലവൈദ്യുതപദ്ധതിയും 451 മെഗാവാട്ട് പുനരുപയോഗ ഊർജപദ്ധതികളുമാണ്. പള്ളിവാസൽ (60 MW), തോട്ടിയാർ (40 MW), പെരുവണ്ണാമൂഴി (ആറ്‌ MW) എന്നീ മൂന്നു ജലവൈദ്യുതപദ്ധതികൾ മേയ്-ജൂണോടെ പൂർത്തിയാവും. 111 മെഗാവാട്ടിന്റെ ഏഴു ജലവൈദ്യുത പദ്ധതിയും 367.5 മെഗാവാട്ടിന്റെ പുനരുപയോഗ ഊർജപദ്ധതികളും പുരോഗമിക്കുന്നു. ഇതിനെല്ലാംപുറമേ, 149.10 മെഗാവാട്ടിന്റെ 22 പദ്ധതികൾ ഉടൻ ആരംഭിക്കും.

ജലവൈദ്യുതപദ്ധതികൾക്കാണോ ഊന്നൽ
= സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികൾക്ക് ധാരാളം സാധ്യതയുണ്ട്. വാർഷിക ജലലഭ്യത 3000 ടി.എം.സി. ഉള്ളപ്പോൾ അതിൽ 300 ടി.എം.സി. മാത്രമേ വൈദ്യുതി ഉത്‌പാദനത്തിനും ജലസേചനത്തിനും കുടിവെള്ളത്തിനുമായി ഉപയോഗിക്കുന്നുള്ളൂ. ഇടുക്കിയിൽ വൈദ്യുതി ഉത്‌പാദനച്ചെലവ് യൂണിറ്റിന് വെറും 50 പൈസയാണെന്നിരിക്കെ, നിർഭാഗ്യവശാൽ കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാൻ പല കാരണങ്ങളാൽ നമുക്കാവുന്നില്ല. ഈ സർക്കാർ അധികാരത്തിൽ വരുംമുമ്പുള്ള പത്തുവർഷത്തിൽ 57.26 മെഗാവാട്ട് ശേഷിയുള്ള പദ്ധതികളേ പൂർത്തിയായിട്ടുള്ളൂ.
ഇപ്പോൾ വൻകിട ജലവൈദ്യുത പദ്ധതികളെക്കൂടി ഹരിതോർജ പദ്ധതികളായി കണക്കാക്കി ഹൈഡ്രോ പവർ ഒബ്ലിഗേഷൻ നിലവിൽവന്നിട്ടുണ്ട്. ആയതിനാൽ, 1569 മെഗാവാട്ട് ഉത്‌പാദിപ്പിക്കാവുന്ന അഞ്ചു വൻകിട പദ്ധതികൾകൂടി ആവിഷ്കരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്നത്‌ കുറച്ചെങ്കിലേ, കേന്ദ്രസർക്കാരിന്റെ തീട്ടൂരങ്ങൾക്കു വഴങ്ങാതെ നമുക്ക് മുന്നോട്ടുപോകാനാവൂ.

തീട്ടൂരമെന്നു പറയുമ്പോൾ എന്താണ് കേന്ദ്രമുണ്ടാക്കുന്ന തടസ്സങ്ങൾ
= വൈദ്യുതി വിതരണത്തിലും സ്വകാര്യവത്കരണം ലക്ഷ്യമിട്ട് 2003-ലെ വൈദ്യുതിനിയമം ഭേദഗതി ചെയ്യാനാണ് കേന്ദ്രശ്രമം. ഒന്നിലേറെ കമ്പനികൾക്ക് ഒരേ വിതരണമേഖലയിൽ പ്രവർത്തിക്കാൻ വ്യവസ്ഥചെയ്യുന്നതിനൊപ്പം, ശൃംഖലാവികസനം, പരിപാലനം തുടങ്ങിയവയുടെ ഉത്തരവാദിത്വത്തിൽനിന്നും വിതരണക്കമ്പനികളെ ഒഴിവാക്കും. ആർക്കും ഉത്തരവാദിത്വം ഇല്ലാത്ത സ്ഥിതി ഭാവിയിൽ വിതരണനഷ്ടം കൂടാനും വോൾട്ടേജ് ക്ഷാമം, അടിക്കടിയുള്ള വൈദ്യുതിമുടക്കം, ശൃംഖലയുടെ ശേഷിക്കുറവുകാരണമുള്ള ലോഡ് ഷെഡ്ഡിങ് എന്നിവയ്ക്കൊക്കെ വഴിവെക്കും.
ലാഭകരമായ നഗരപ്രദേശങ്ങളിൽ മാത്രം വിതരണം കേന്ദ്രീകരിക്കാനും ഉയർന്നനിരക്ക് നൽകുന്ന ഉപഭോക്താക്കളെ അടർത്തിയെടുക്കാനും സ്വകാര്യകമ്പനികൾ ശ്രമിക്കാനിടയുണ്ട്. ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലെ ധനശേഷി കുറഞ്ഞവർക്കും വൈദ്യുതിനൽകുന്നത് പൊതുമേഖലയുടെ മാത്രം ബാധ്യതയാവും. കേരളം കൈവരിച്ച സമ്പൂർണ വൈദ്യുതീകരണം, എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിലുള്ള വൈദ്യുതിവിതരണം തുടങ്ങിയ നേട്ടങ്ങൾ നഷ്ടപ്പെടാം. കർഷകസമരം അവസാനിപ്പിക്കാൻ കേന്ദ്രം എഴുതിനൽകിയ ഉറപ്പിന്റെ ലംഘനമാണ് ഇപ്പോൾ പാർലമെന്റിൽ അവതരിപ്പിച്ച ഭേദഗതി.

കേന്ദ്രസമീപനംകൊണ്ടുള്ള ഊർജപ്രതിസന്ധി
= കൽക്കരിഖനന മേഖലയുടെ നിയന്ത്രണം സ്വകാര്യ കുത്തകകളുടെ കൈയിലെത്തിയതോടെ രാജ്യത്ത് കൽക്കരിക്ഷാമവും ഊർജപ്രതിസന്ധിയും സൃഷ്ടിക്കപ്പെട്ടു. കൽക്കരിക്ഷാമം കൃത്രിമമായി സൃഷ്ടിച്ചതല്ലേ? ഓസ്‌ട്രേലിയയിൽ കൽക്കരിപ്പാടം വിലയ്ക്കെടുത്ത് ലോകത്തെത്തന്നെ ഏറ്റവും വലിയ കൽക്കരി ഉത്‌പാദകനാവാൻ അദാനിക്കു സാധിച്ചു. രാജ്യത്ത് കൃത്രിമമായി സൃഷ്ടിക്കപ്പെട്ട കൽക്കരിക്ഷാമം പരിഹരിക്കാൻ ഇറക്കുമതിചെയ്ത കൽക്കരി ഉപയോഗിക്കാൻ വൈദ്യുതി ഉത്‌പാദകർക്ക് കേന്ദ്രം നിർദേശവും നൽകി.ഈ നിർദേശത്തെത്തുടർന്ന്, 2022 ഏപ്രിൽമുതൽ ഒക്ടോബർവരെയുള്ള കണക്കനുസരിച്ച് വൈദ്യുതി വാങ്ങാനുള്ള ചെലവിൽ പ്രതിമാസം 11.07 കോടി രൂപയാണ് കെ.എസ്.ഇ.ബി.ക്കുണ്ടായ അധികബാധ്യത.

കടമെടുപ്പിനെ ബാധിക്കുമെന്ന ഭീഷണിയുണ്ടോ
= ഊർജരംഗത്ത് കേന്ദ്രം നിഷ്കർഷിക്കുന്ന പരിഷ്കാരങ്ങൾ നടപ്പാക്കിയില്ലെങ്കിൽ സംസ്ഥാനത്തിന് 0.5 ശതമാനം അധിക കടമെടുപ്പ് അനുവദിക്കില്ലെന്നാണ് നിബന്ധന. കേന്ദ്രത്തിന്റെ ഇംഗിതത്തിനു വഴങ്ങി സംസ്ഥാനത്തെ ചൊൽപ്പടിക്കു നിർത്താനാണ് ഈ വ്യവസ്ഥ.കുടിശ്ശിക വന്നാൽ, അതു വൈദ്യുതി വാങ്ങുന്നതിൽ നിയന്ത്രണത്തിന് ഇടയാക്കും. ഈമാസം വൈദ്യുതി ബോർഡിന് 241.5 കോടി അധികം ചെലവായി. ഇത്തരത്തിൽ വൈദ്യുതി ഉത്‌പാദന, വിതരണ മേഖലകളിൽ സ്വകാര്യകുത്തകകളെ സഹായിക്കാനുള്ള കേന്ദ്ര ഇടപെടലുകൾ ഭാവിയിൽ വലിയ വൈദ്യുതി നിരക്കുവർധനയ്ക്ക്‌ വഴിവെക്കാം.

പെട്രോൾ, ഡീസൽ വിലവർധന പോലെ അടിക്കടി വൈദ്യുതിനിരക്ക് കൂടുമെന്നാണോ
= കേന്ദ്രനയമാണ് ഇതിനൊക്കെ കാരണം. വൈദ്യുതി വിതരണ ലൈസൻസികൾക്ക് മാസംതോറും വൈദ്യുതിനിരക്ക് വ്യതിയാനം വരുത്താൻ അനുമതിനൽകുന്ന വൈദ്യുതിച്ചട്ട ഭേദഗതി 2022 ഡിസംബർ 29-ന്‌ നിലവിൽവന്നു. ഇതോടെ, വൈദ്യുതി വാങ്ങുമ്പോഴുണ്ടാവുന്ന എല്ലാ അധികച്ചെലവും വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ സമീപിക്കാതെതന്നെ ഉപഭോക്താക്കളിൽനിന്ന് മാസംതോറും ഈടാക്കാം. റെഗുലേറ്ററി കമ്മിഷന്റെ സൂക്ഷ്മപരിശോധനയും പൊതുതെളിവെടുപ്പുമില്ലാതെ വൈദ്യുതി സർച്ചാർജ് ഏർപ്പെടുത്തുന്നതോടെ, എണ്ണവില പോലെ വൈദ്യുതിനിരക്കും കൂടും.

യൂണിറ്റിന് 50 രൂപവരെ ഈടാക്കാനാവുന്ന പുതിയ വൈദ്യുതി വിപണിയെക്കുറിച്ച്
= കൃത്രിമമായി സൃഷ്ടിക്കപ്പെട്ട കൽക്കരിക്ഷാമം, തുടർന്നുള്ള ഊർജപ്രതിസന്ധി എന്നിവയെത്തുടർന്ന് ഒരു വിഭാഗത്തിന് കൊള്ളലാഭമുണ്ടാക്കാൻ അവസരമൊരുക്കുന്ന തരത്തിലാണ് കേന്ദ്രനടപടികൾ. ഉയർന്നവിലയ്ക്ക് വൈദ്യുതി വിൽക്കാനായി രാജ്യത്ത് പുതിയ വിപണിയുണ്ടാക്കാനുള്ള അനുമതിക്കായി കേന്ദ്ര റെഗുലേറ്ററി കമ്മിഷൻ ഫെബ്രുവരി 16-ന്‌ ഉത്തരവിറക്കി. യൂണിറ്റിന് 50 രൂപ വരെ വിലയീടാക്കാൻ കഴിയുന്നതാണ് ഈ വിപണി.

എങ്ങനെയാണ് കേരളം ബദലാവുക?
= സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കാനുള്ള വൈദ്യുതി നിയമഭേദഗതി, മാസംതോറും വൈദ്യുതിനിരക്ക് വർധിപ്പിക്കാനുള്ള വൈദ്യുതി ചട്ട ഭേദഗതി, യൂണിറ്റിന് പരമാവധി 50 രൂപവരെ വില ഈടാക്കാനാവുന്ന പുതിയ ഊർജവിപണി, നിലയങ്ങളെല്ലാം ഇറക്കുമതിചെയ്ത കൽക്കരിയിൽ പൂർണതോതിൽ പ്രവർത്തിക്കണമെന്ന നിർദേശം എന്നിവ വഴി രാജ്യത്ത് ഊർജ അടിയന്തരാവസ്ഥയ്ക്കാണ് കളമൊരുങ്ങിയിട്ടുള്ളത്. വൈദ്യുതി പൊതുമേഖലയിൽത്തന്നെ നിലനിർത്തി, രാജ്യത്തിനാകെ മാതൃകയാക്കി ഉയർത്താനാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.
കർഷകർക്കും സാധാരണക്കാർക്കും വ്യവസായങ്ങൾക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതിനൽകാൻ വൈദ്യുതി ഉത്‌പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കണമെന്ന യാഥാർഥ്യം ഉൾക്കൊണ്ടാണ് ഊർജരംഗത്ത് സർക്കാരിന്റെ പ്രവർത്തനങ്ങൾ.

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..