രാഹുലിനെ അയോഗ്യനാക്കുമ്പോൾ


2 min read
Read later
Print
Share

തിടുക്കപ്പെട്ട്‌ അയോഗ്യനാക്കാൻമാത്രം കടുത്ത കുറ്റമാണോ രാഹുൽഗാന്ധി ചെയ്തത്‌. വിദ്വേഷ പ്രസംഗങ്ങൾ മറയില്ലാതെ നടക്കുന്ന നാട്ടിൽ രാഷ്ട്രീയ പ്രസംഗങ്ങൾ ഇഴകീറി പരിശോധിച്ചാൽ എത്രപേർ അയോഗ്യരാക്കപ്പെടും. പ്രതികരണങ്ങൾ:

Photo: Print

രാജ്യത്ത് ഇരുട്ട് പരക്കുന്നു

അഡ്വ. കാളീശ്വരം രാജ്

രാഹുൽഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം കേവലം ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവും മാത്രമല്ല, അത് ഇന്ത്യൻ ജനാധിപത്യത്തിൽ പരന്നുകഴിഞ്ഞ ഇരുട്ടിന്റെ വ്യക്തമായ സൂചനയുമാണ്. നിയമങ്ങളെയും സംവിധാനങ്ങളെയും ഉപയോഗിച്ചുകൊണ്ടുതന്നെ ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന്റെ പ്രകടമായ ഉദാഹരണമാണത്.
സാധാരണഗതിയിൽ ഫയലിൽപ്പോലും സ്വീകരിക്കാതെ നിരാകരിക്കപ്പെടേണ്ടിയിരുന്ന ഒരു പരാതിയിലാണ് സൂറത്ത് കോടതി നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ രാഹുൽഗാന്ധിക്ക് നൽകിയത്. അതുതന്നെ തികച്ചും അസാധാരണവും കഠിനവും ഉൾക്കൊള്ളാൻ കഴിയാത്തതുമാണ്. രാഷ്ട്രീയ അഭിപ്രായപ്രകടനത്തിന്റെയും എതിർശബ്ദത്തിന്റെയും പേരിൽ ഒരാളെ പീഡിപ്പിക്കാനും ഒറ്റപ്പെടുത്താനും രാജ്യദ്രോഹ വകുപ്പിന്റെയൊന്നും ആവശ്യമില്ല. ശിക്ഷാനിയമത്തിലെ താരതമ്യേന ലഘുവായ അപകീർത്തിപ്പെടുത്തൽ സംബന്ധിച്ച വകുപ്പുമതി എന്ന് ഈ സംഭവം തെളിയിച്ചു. ജനപ്രാതിനിധ്യ നിയമത്തിലെ 8 (4) വകുപ്പ് ഫലത്തിൽ മാറ്റിയെഴുതിയ സുപ്രീംകോടതിയുടെ ലില്ലിതോമസ് കേസിലെ വിധി (2013) പലരും കരുതിയപോലെ വിപ്ലവകരമായിരുന്നില്ല; പ്രതിലോമകരമായിരുന്നു എന്ന് ഇനിയെങ്കിലും തിരിച്ചറിയുക. രാഷ്ട്രീയവും കുറ്റകൃത്യവും തമ്മിലുള്ള അതിർവരമ്പ് നേർത്തതും ചിലപ്പോൾ അവ്യക്തവും ആണ്. രാഷ്ട്രീയ നേതാക്കൾ പലപ്പോഴും പല കാരണങ്ങളാൽ കേസിൽപ്പെടാം. കോടതികൾ കാണുന്ന കുറ്റകൃത്യത്തെക്കാളുപരി, രാഷ്ട്രീയകാരണങ്ങളാലും സമരങ്ങളുടെപേരിലും രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളാണവ. അവയിൽ തെറ്റായ വിധികളും ഉണ്ടാകാം. അതിനാലാണ് അപ്പീലിനുള്ള വ്യവസ്ഥ. ഇങ്ങനെ രാഷ്ട്രീയക്കേസുകളിൽ കീഴ്‌ക്കോടതി വിധി വന്നദിവസംതന്നെ ജനലക്ഷങ്ങൾ തിരഞ്ഞെടുത്ത ആൾ നിയമനിർമാണസഭയ്ക്ക് പുറത്താകുമെങ്കിൽ ആ വ്യവസ്ഥ ജനാധിപത്യമാണെന്ന് വിശ്വസിക്കാൻ പ്രയാസം. അയോഗ്യത കല്പിക്കണമെങ്കിൽ രാഷ്ട്രപതിയുടെ തീരുമാനം വേണമെന്ന ഭരണഘടനയുടെ 103-ാം അനുച്ഛേദവും ഇപ്പോഴത്തെ തീരുമാനത്തിൽ അട്ടിമറിക്കപ്പെട്ടിരിക്കുന്നു.

രാഹുലിന് നിരുപാധികപിന്തുണ

കല്പറ്റ നാരായണൻ

ഞാൻ രാഹുൽഗാന്ധിയെ നിരുപാധികം പിന്തുണയ്ക്കുന്നു. ജനാധിപത്യമൂല്യങ്ങളെ നിസ്സങ്കോചം ഉയർത്തിപ്പിടിക്കേണ്ട ചുമതല സകല ഭാരതീയരിലും ജ്വലിക്കേണ്ട ഈ കെട്ടസന്ദർഭത്തിൽ പ്രത്യേകിച്ചും. രാഹുൽഗാന്ധി, ഒരു ജനാധിപത്യവാദി ഇതുപോലൊരു സന്ദർഭത്തിൽ പറയേണ്ടതേ പറഞ്ഞിട്ടുള്ളൂ, പറയാറുള്ളൂ, പറയുന്നുള്ളൂ. ജോഡോയാത്രയിൽ രാഹുൽഗാന്ധി നേതൃത്വം നൽകിയത് എന്നെപ്പോലുള്ള കക്ഷിരാഷ്ട്രീയത്തിന് വിധേയരല്ലാത്ത ഒട്ടേറെ ജനാധിപത്യവാദികളുടെ ദുർബലമായിക്കൊണ്ടിരിക്കുന്ന പ്രതിരോധത്തിനാണെന്ന് ഞാനറിഞ്ഞിട്ടുണ്ട്. സ്വരാജ് അതിവിദൂരമായിക്കൊണ്ടിരിക്കുന്ന, ഏകാധിപത്യത്തിന്റെ ലക്ഷണങ്ങൾ സമൃദ്ധമായിക്കൊണ്ടിരിക്കുന്ന, ഭാരതത്തിനുവേണ്ടത് സത്യവചസ്സുകളാണ്, നുണകളല്ല.

നിശ്ശബ്ദനാക്കാനുള്ള തന്ത്രം

സുധാ മേനോൻ

രാഹുൽഗാന്ധിയെ ഒറ്റപ്പെടുത്താനും നിശ്ശബ്ദനാക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള രണ്ടാംഘട്ട ‘സർജിക്കൽ സ്‌ട്രൈക്ക്’ ആണിത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും രാഹുൽഗാന്ധിയെ രാജകീയ പ്രിവിലേജിൽ അഭിരമിക്കുന്ന വെറുമൊരു വിഡ്ഢിയായിട്ടാണ് ഇന്ത്യൻജനതയ്ക്കുമുന്നിൽ ബി.ജെ.പി. അവതരിപ്പിച്ചത്. അവരുടെ സുപ്രധാനമായ സാമൂഹിക-സാംസ്കാരിക മൂലധനമായിയുന്നു, ഈ ‘പപ്പു’ നരേറ്റീവ്. .
പക്ഷേ, ആ നരേറ്റീവിനെ പൂർണമായും മറികടക്കാൻ ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽഗാന്ധിക്ക് കഴിഞ്ഞു. വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കാൻ ആഗ്രഹിക്കുന്ന, നാട്യങ്ങളും വാചാടോപങ്ങളും ഇല്ലാത്ത, ഒരു പുതിയ രാഷ്ട്രീയമാണ് അദ്ദേഹത്തിലൂടെ പൊതുസമൂഹം ഇന്ന് കാണുന്നത്. അതോടൊപ്പം, ഒരു സമ്മർദത്തിനും വഴങ്ങാതെ രാഹുൽഗാന്ധി ഭരണകൂടത്തിന്റെ ജനാധിപത്യധ്വംസനത്തെ പാർലമെന്റിന് അകത്തും പുറത്തും ധീരമായി വിമർശിച്ചു.

‘പപ്പു’ എന്ന പ്രതിച്ഛായ ഇനിയും ജനങ്ങൾക്കിടയിൽ ഉപയോഗിക്കാൻ കഴിയാത്തവിധം രാഹുൽഗാന്ധിയെക്കുറിച്ചുള്ള പൊതുബോധം പരിവർത്തനം ചെയ്യപ്പെട്ടു എന്ന തിരിച്ചറിവിൽനിന്നാണ് രണ്ടാംഘട്ട സർജിക്കൽ സ്‌ട്രൈക്ക് ബി.ജെ.പി. ആരംഭിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ലണ്ടൻ പ്രസംഗത്തിന്റെപേരിൽ രാഹുൽഗാന്ധി മാപ്പു പറയണമെന്ന വിചിത്രമായ ആവശ്യം ഉയർത്തി പാർലമെന്റ് സ്തംഭിപ്പിക്കുന്ന അസാധാരണമായ സാഹചര്യം ഭരണപക്ഷം സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം, ആരോപണങ്ങൾക്ക് പാർലമെന്റിൽ മറുപടിപറയാൻ സന്നദ്ധനാണ് എന്നറിയിച്ചിട്ടും രാഹുൽഗാന്ധിക്ക് അതിനുള്ള അവസരം നിഷേധിച്ചു. തികഞ്ഞ ജനാധിപത്യവിരുദ്ധതയാണിത്. ചുരുക്കത്തിൽ, കോടതിവിധിയുടെ സാങ്കേതികതയിൽ നിന്നുകൊണ്ട് വിലയിരുത്തേണ്ട ഒന്നല്ല ഇത്. ആലങ്കാരികഭാഷകളിലെ വാച്യാർഥം ഇഴകീറി വ്യാഖ്യാനിക്കാൻ തുടങ്ങിയാൽ എത്ര നേതാക്കളുടെപേരിൽ കേസ് കൊടുക്കേണ്ടിവരും? കടുത്തഭാഷയിൽ ‘വെറുപ്പും അപരവത്‌കരണവും’ നടത്തിയ നേതാക്കൾ ഇപ്പോഴും സഭയിലുണ്ട്. രാഹുൽഗാന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഭരണകൂടം കാണിക്കുന്ന തിടുക്കം മറ്റു പല സന്ദർഭങ്ങളിലും ഉണ്ടാകുന്നില്ല. തങ്ങൾ ആക്രമിക്കപ്പെട്ടു എന്ന് രണ്ടു പെൺകുട്ടികൾ പരാതിപറഞ്ഞ കാര്യം രാഹുൽഗാന്ധി സൂചിപ്പിച്ചപ്പോഴേക്കും പോലീസ് അദ്ദേഹത്തെ തേടിയെത്തുന്നു. ഗുരുതരമായ സാമ്പത്തികക്കുറ്റം ആരോപിക്കപ്പെട്ട അദാനിക്ക് കിട്ടുന്ന പ്രിവിലേജുപോലും ഇന്ത്യയിലെ മുഖ്യപ്രതിപക്ഷപാർട്ടിയുടെ നേതാവിന്റെ കേവലമായ ‘ആലങ്കാരികപ്രയോഗത്തിന്’ കിട്ടുന്നില്ല എന്നത് അങ്ങേയറ്റം ദുഃഖകരമാണ്.

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..