Photo: Print
ഇന്ത്യൻ ഭരണഘടന അതിന്റെ ഏറ്റവും തീക്ഷ്ണമായ നിലയിലുള്ള പ്രതിസന്ധികളെയാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യമതനിരപേക്ഷ മൂല്യങ്ങൾക്കു സംരക്ഷിതകവചം തീർക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഒരു മനുഷ്യനെയാണ് പത്മവ്യൂഹത്തിൽ അഭിമന്യുവിനെപ്പെടുത്തിയ കണക്കെ ഇന്നാട്ടിലെ ഭരണകൂടം വളഞ്ഞിട്ട് ആക്രമിക്കുന്നത്. ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെയാണ് ഇരുട്ടിവെളുക്കുംമുൻപ് സകല സർക്കാർസംവിധാനങ്ങളും വിലയ്ക്കെടുത്ത സന്നാഹങ്ങളും ഉപയോഗിച്ച് മോദി സർക്കാർ അയോഗ്യനാക്കിയിരിക്കുന്നത്. ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നതിൽക്കുറഞ്ഞതൊന്നുമല്ല ഈ നീക്കം.അദാനി-മോദി അവിശുദ്ധ ബന്ധത്തെക്കുറിച്ച് തെളിവുകൾ സഹിതം പാർലമെന്റിൽ ഉയർത്തിക്കാട്ടി ഉത്തരങ്ങൾ ആവശ്യപ്പെട്ട രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ അസ്വസ്ഥത പൂണ്ട ബി.ജെ.പി. നടത്തുന്ന ആസൂത്രിതനീക്കമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ കാതൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഡൽഹി പോലീസും ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾക്കുപിന്നാലെ, ലോക്‌സഭാ സെക്രട്ടേറിയറ്റിനെപ്പോലും കരുവാക്കിയാണ് ബി.ജെ.പി. ഈ നീക്കങ്ങൾ നടത്തുന്നത്. ഇത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിനു തുല്യമാണ്.
അദാനി-മോദി ഇടപാടുകളെക്കുറിച്ച് സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന ആവശ്യം അട്ടിമറിച്ച് സത്യം പുറത്തുവരാതിരിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ഗൂഢാലോചനയും രാഹുലിനെതിരായ നീക്കത്തിനു പിന്നിലുണ്ട്.
ഗൂഢാലോചന വ്യക്തം
രാഹുൽ ഗാന്ധിക്കെതിരേ അപകീർത്തിക്കേസുമായി സൂറത്ത് കോടതിയെ സമീപിച്ച പരാതിക്കാരൻതന്നെയാണ് കേസിൽ ആദ്യം വിചാരണ നിർത്തിവെപ്പിക്കാനും പിന്നീട് പുനരാരംഭിക്കാനും ഹൈക്കോടതിയെ സമീപിച്ചത്. ഇതിനുപിന്നിൽ അത്യന്തം ദുരൂഹതയുണ്ട്. വിചാരണക്കോടതിയിലെ ജഡ്ജിയെ മാറ്റിയതിനുപിന്നാലെ സ്റ്റേ ഒഴിവാക്കാൻ പരാതിക്കാരൻ നീക്കം നടത്തിയത് ആരുടെ പ്രേരണയാലാണെന്ന് പകൽപോലെ വ്യക്തമാണ്. 2022 മാർച്ചിൽ വാങ്ങിയ സ്റ്റേ ഒരുവർഷത്തോളം നിലനിന്നപ്പോഴാണ് പെട്ടെന്നൊരു സുപ്രഭാതത്തിൽ സ്റ്റേ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ഹൈക്കോടതിയിലെത്തുന്നത്. സൂറത്തിലെ വിചാരണക്കോടതിയിൽ ഇപ്പോഴത്തെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സ്ഥലംമാറി എത്തിയതിനുപിന്നാലെയാണ് സ്റ്റേ നീക്കംചെയ്യാൻ പരാതിക്കാരൻ രംഗത്തുവന്നത് എന്നതും ഇതിനൊപ്പം ചേർത്തുവായിക്കണം. ഇതെല്ലാം കോൺഗ്രസ് മേൽക്കോടതിയിൽ നൽകുന്ന അപ്പീലിൽ ഉന്നയിക്കും.രാജ്യം മുഴുവൻ രാഹുൽ ഗാന്ധിയുടെ ശബ്ദത്തിനായി ഉറ്റുനോക്കുമ്പോൾ അദ്ദേഹത്തെ നിശ്ശബ്ദനാക്കി പിന്തിരിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്. 50 മണിക്കൂർ തുടർച്ചയായി ചോദ്യംചെയ്ത ഇ.ഡി.യും മണിക്കൂറുകൾ കാത്തുനിന്നശേഷം നിരാശരായി മടങ്ങിപ്പോയ ഡൽഹി പോലീസും രാഹുൽ ഗാന്ധിയിൽ നിന്ന് പരാജയം ഏറ്റുവാങ്ങിയവരാണ്.
രാഹുലിനെ ഭയപ്പെടുന്നു
പാർലമെന്റിലെ രാഹുൽ ഗാന്ധിയെ മാത്രമല്ല, പാർലമെന്റിനു പുറത്തെ രാഹുൽ ഗാന്ധിയെയും അടിമുടി സംഘപരിവാർ ഭയക്കുന്നുണ്ട്. വിദേശമണ്ണിൽ അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ബി.ജെ.പി.യെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കിയത്. 135 ദിവസംകൊണ്ട് ഈ രാജ്യത്തിന്റെ സ്നേഹം മുഴുവൻ ഹൃദയത്തിലേക്കാവാഹിച്ച രാഹുൽ ഗാന്ധിയെന്ന മനുഷ്യനെ അവർ ചെറുതായൊന്നുമല്ല ഭയപ്പെടുന്നത്. രാഹുൽ ഗാന്ധിയെ സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽപ്പോലും പ്രതിപക്ഷം ശക്തമായ വിജയം നേടുന്നിടത്താണു പരാജയത്തിന്റെ ഏറ്റവും വലിയ സാധ്യത ബി.ജെ.പി.യെ കാത്തിരിക്കുന്നത്. ഒന്നൊഴിയാതെ എല്ലാ പ്രതിപക്ഷ പ്രസ്ഥാനങ്ങളും ജനങ്ങളും രാഹുൽ ഗാന്ധിക്കൊപ്പം അണിനിരക്കുന്നതു വരുംകാലത്തേക്കുള്ള ദിശാസൂചികയാണ്. ഈ രാജ്യം അവരോടൊപ്പം സഞ്ചരിക്കണം എന്നതിന്റെ ദിശാസൂചിക. ഒപ്പം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്, ഇത്തരം ഫാസിസ്റ്റു രീതികളോട് ജുഡീഷ്യൽ സംവിധാനങ്ങൾ സ്വീകരിക്കാൻ പോകുന്ന സമീപനമാണ് ഇനി രാജ്യം ഉറ്റുനോക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..