ബിഷപ്പ് പാംപ്ളാനി പങ്കുവെച്ചത് കർഷകരോദനം


3 min read
Read later
Print
Share

റബ്ബർ വിലയിടിവ് കർഷകപ്രശ്നത്തിനപ്പുറം രാഷ്ട്രീയവിഷയമായി കത്തിപ്പടരാനിടയായത് കഴിഞ്ഞദിവസം തലശ്ശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പാംപ്ളാനി നടത്തിയ ചില പരാമർശങ്ങളാണ്. ക്രൈസ്തവസഭയിൽനിന്നു തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കെ, ബിഷപ്പ് പാംപ്ളാനിയെ ശക്തമായി പിന്തുണയ്ക്കുകയാണ് താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസിന്‌ നൽകിയ അഭിമുഖത്തിൽ നിന്ന്‌

Photo: Print

റബ്ബർ വിലയിടിവ് ആയുധമാക്കി ഉയർത്തിക്കൊണ്ടുവരുന്നതിലൂടെ ക്രൈസ്തവസഭ മറ്റെന്തെങ്കിലും ലക്ഷ്യംവെക്കുന്നുണ്ടോ

= കാർഷികോത്‌പന്നങ്ങളുടെ വിലയിടിവും കൂലി, വളം തുടങ്ങിയവയുടെ ചെലവ് ഗണ്യമായി വർധിക്കുന്നതും കാരണം കാർഷികമേഖലയിൽനിന്ന് കർഷകർ പിന്മാറുകയാണ്. നേരത്തേ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്നവരിൽ 70 ശതമാനം പേർ ഇപ്പോൾ പിന്മാറി. അവശേഷിക്കുന്നവർ കടുത്ത സാമ്പത്തികപ്രതിസന്ധിയിലും കടക്കെണിയിലുമാണ്. ദുരിതമനുഭവിക്കുന്ന കർഷകന്റെ പ്രയാസം ഏറ്റെടുക്കുകയും അതിനുവേണ്ടി ശബ്ദിക്കുകയുംമാത്രമാണ് ബിഷപ്പ് പാംപ്ളാനി ചെയ്തത്. കർഷകന്റെ ക്ഷേമത്തിനപ്പുറം മറ്റൊരു താത്‌പര്യവും സഭയ്ക്കില്ല.

ബിഷപ്പ് പാംപ്ളാനിയുടെ നിലപാടിനോട് യോജിക്കുന്നുണ്ടോ. ഇത് സഭ ആലോചിച്ച് എടുത്ത തീരുമാനമാണോ

= പാംപ്ളാനിയുടെ നിലപാടിനോട് പൂർണമായും യോജിക്കുന്നു. അദ്ദേഹം കർഷകരുടെ ആവശ്യമാണ് മുന്നോട്ടുവെച്ചത്. കർഷകനെ സഹായിക്കുന്നവനെ തിരിച്ചുസഹായിക്കുമെന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്. കർഷകൻ എന്ന് പറയുമ്പോൾ അത് ക്രൈസ്തവർ മാത്രമല്ല. എല്ലാ മതത്തിലുംപ്പെട്ട കർഷകർക്കുവേണ്ടിയാണ് അദ്ദേഹം ശബ്ദിച്ചത്.

കർഷകരുടെ പ്രശ്നത്തിൽ കേരളത്തിൽ ഇരുമുന്നണികളും ഫലപ്രദമായി ഇടപെട്ടില്ല എന്ന് കരുതുന്നുണ്ടോ.

= വന്യജീവി ആക്രമണം, ബഫർസോൺ തുടങ്ങിയ വിഷയങ്ങളും വിലയിടിവും കാരണം കർഷകർ ഇത്രയേറെ ദുരിതം അനുഭവിക്കുമ്പോൾ ഇവർ ഫലപ്രദമായി ഇടപെട്ടു എന്ന് കരുതാനാവുമോ. ഹോർട്ടികോർപ്പിന് പച്ചക്കറി നൽകിയ എന്റെ വ്യക്തിപരമായ അനുഭവം പറയാം. ഒരു ലക്ഷം രൂപ മുടക്കി കർഷകരെ സഹായിക്കാൻ ഞാൻ അഞ്ച് ഏക്കറിൽ ചേനക്കൃഷി നടത്തി. കഴിഞ്ഞ ഒക്ടോബറിൽ ചേന വിളവെടുത്ത് ഹോർട്ടികോർപ്പിന് നൽകി. അഞ്ചുമാസം പിന്നിട്ടിട്ടും ഇതുവരെ ഒന്നരലക്ഷം രൂപ കിട്ടിയില്ല. ഇതാണ് കർഷകന്റെ അവസ്ഥ.

ഇരുമുന്നണികളോടുമുള്ള അസംതൃപ്തിയിൽനിന്നാണോ ബി.ജെ.പി.യുമായി അടുക്കാനും സഭ മുൻകൈയെടുത്ത് പുതിയ പാർട്ടി രൂപവത്കരിക്കാനും ശ്രമിക്കുന്നത്

= ഞങ്ങൾ വിഡ്ഢികളുടെ സ്വർഗത്തിലല്ല. പുതിയൊരു രാഷ്ട്രീയപ്പാർട്ടിക്ക് കേരളത്തിൽ ഇനി പ്രസക്തിയില്ല. രാഷ്ട്രീയപ്പാർട്ടി ഉണ്ടാക്കുകയെന്നത് സഭയുടെ ജോലിയോ ഉത്തരവാദിത്വമോ അല്ല. വേദനിക്കുന്നവനെയും ദുഃഖിക്കുന്നവനെയും ആശ്വസിപ്പിക്കുയെന്നതാണ് ലക്ഷ്യം. അതിനായി സാധ്യമായതെല്ലാം ചെയ്യും

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി.യുമായി സഹകരിക്കുന്നത് നേട്ടമുണ്ടാക്കി എന്ന് വിലയിരുത്തുന്നുണ്ടോ

= വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി.യുമായി സഭയ്ക്ക് ഒരു ധാരണയുമില്ല. അവിടെയുള്ള ആളുകൾ ബി.ജെ.പി.യുമായി സഹകരിച്ചു. നല്ല റോഡുകളും വികസനവും വന്നപ്പോൾ അവിടെയുള്ള ക്രൈസ്തവർ അവരെ പിന്തുണച്ചു എന്നത് സത്യമാണ്. അതുകൊണ്ട് സഭ പിന്തുണച്ചു എന്ന് വിലയിരുത്തുന്നത് ശരിയല്ല. മെത്രാന്മാർ ആഹ്വാനം ചെയ്തിട്ടല്ല അവർ വോട്ടുചെയ്തത്

ഇടതുസർക്കാർ ഉറപ്പുപാലിച്ചില്ല എന്ന് ആക്ഷേപമുണ്ടോ

= റബ്ബറിന് കിലോയ്ക്ക്‌ 250 രൂപ താങ്ങുവില പ്രഖ്യാപിക്കുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞതല്ലേ. 200 രൂപയെങ്കിലും തന്ന് സഹായിച്ചുകൂടെ. ബി.പി.എൽ. വിഭാഗത്തിലെ കർഷകരുടെ കടബാധ്യതയെങ്കിലും എഴുതിത്തള്ളിക്കൂടെ. ഞങ്ങൾ എത്ര സമരം നടത്തി. യഥാർഥത്തിൽ ജനപ്രതിനിധികൾ ഇടപെട്ടെങ്കിൽ ഞങ്ങൾക്ക് സമരത്തിനിറങ്ങേണ്ടിവരുമോ. ന്യൂനപക്ഷം എന്നത് ഒരു വിഭാഗം മാത്രമല്ല. ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം അതിലെ ന്യൂനപക്ഷത്തെ പരിഗണിക്കാതെ വരും എന്ന തോന്നൽ നിലനിൽക്കുന്നുണ്ട്. ന്യൂനപക്ഷവകുപ്പ് ഒരു വിഭാഗത്തിനുമാത്രം നൽകുന്നത് ഈ ആശങ്ക വർധിപ്പിക്കുന്നു. ന്യൂനപക്ഷത്തിലെ എല്ലാവിഭാഗത്തെയും സഹായിക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വത്തിൽനിന്ന് സർക്കാർ പിന്മാറിയോ എന്ന സംശയം ഇത് സൃഷ്ടിക്കുന്നു. സ്ഥാനമാനങ്ങൾക്കുവേണ്ടി കലഹിക്കുന്ന കോൺഗ്രസും കേരളകോൺഗ്രസും കർഷകന്റെ ആവശ്യം മറന്നു.

ബി.ജെ.പി. നേതൃത്വവുമായി ഏതെങ്കിലും വിധത്തിൽ കൂടിക്കാഴ്ചയോ, ചർച്ചയോ നടത്തിയിട്ടുണ്ടോ

= ബി.ജെ.പി. നേതൃത്വവുമായി ഒരു തരത്തിലുമുള്ള ചർച്ചകളോ കൂടിക്കാഴ്ചയോ നടന്നിട്ടില്ല. എല്ലാ രാഷ്ട്രീയപ്പാർട്ടി നേതാക്കളും വരുന്നതുപോലെ അവരും ഇടയ്ക്കുവന്ന് കാണാറുണ്ട്. അതിനപ്പുറം ഒരു ചർച്ചയും ഉണ്ടായിട്ടില്ല

എറണാകുളം അതിരൂപതയുടെ പ്രസിദ്ധീകരണമായ സത്യദീപം മുഖപ്രസംഗത്തിൽ ബിഷപ്പ് പാംപ്ളാനിയെ വിമർശിച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നോ

= സത്യദീപത്തിന്റെ ആളുകൾ നഗരത്തിൽ ജീവിക്കുന്നവരാണ്. അവർക്ക് കർഷകരുടെ പ്രയാസം അറിയില്ല. റബ്ബറിന് 300 രൂപ നൽകിയാൽ അവരെ പിന്തുണയ്ക്കും എന്ന് പറയുമ്പോൾ, ബി.ജെ.പി. മുൻപ് ക്രൈസ്തവരെ അക്രമിച്ചിട്ടില്ലേ എന്ന് ചോദിക്കുന്നത് ശരിയല്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ പ്രശ്നങ്ങളൊന്നും ഇല്ലല്ലോ. ചില സ്ഥലങ്ങളിൽ പ്രശ്നങ്ങളുണ്ട്. അത് കോൺഗ്രസ് ഭരിച്ച കാലത്തും ഉണ്ടായിട്ടുണ്ട്.

ഒഡിഷയിലെ കന്ധമാലിൽ ബി.ജെ.പി. ഭരിച്ചപ്പോഴല്ലല്ലോ പ്രശ്നമുണ്ടായത്. സത്യദീപം മലർന്നുകിടന്ന് തുപ്പുകയാണ്. അവർക്ക് പിതാവ് പറഞ്ഞത് എന്താണെന്ന് മനസ്സിലായിക്കാണില്ല. ഏതെങ്കിലും പ്രത്യയശാസ്ത്രത്തെ അംഗീകരിക്കുമെന്ന് പിതാവ് പറഞ്ഞിട്ടില്ല. സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി വിലയിരുത്തുന്നത് ശരിയല്ല. സത്യദീപം കർഷകർക്കുവേണ്ടി എന്താണ് എഴുതിയതെന്ന് ആദ്യം പറയട്ടെ.

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..