ഇ.ഡി.യോട് കൂടിയ മഴയ്ക്ക് സാധ്യത


മനോജ്‌ മേനോൻ

3 min read
Read later
Print
Share

Photo: Print

‘‘എഴുത്തോ നിന്റെ കഴുത്തോ?’’ ഈ ചോദ്യം ഞെട്ടിച്ചുകൊണ്ടുയർന്നത് എഴുപതുകളുടെ നടുവിലായിരുന്നു. ചോദ്യം കേട്ട് കഴുത്തുള്ളവരെല്ലാം സ്വന്തം കഴുത്തിനെക്കുറിച്ച് ആശങ്കപ്പെട്ടു. എഴുത്തുള്ളവരിൽ ചിലർ എഴുത്ത് നിർത്തി. മറ്റുചിലർ കൂടുതൽ എഴുതി. ചിലർ തലയിലെഴുത്തെന്ന് കരുതി വഴിയാധാരമായി. വേറെ ചിലർ അതിനിടയിൽ ആധാരങ്ങൾ പലത് നേടി. എഴുപതുകളുടെ ദുഷ്കരകാലത്ത് എഴുത്തോ നിന്റെ കഴുത്തോയെന്ന ചോദ്യമുന്നയിച്ചത് സാക്ഷാൽ എം. ഗോവിന്ദൻ.

ഇതൊക്കെ ഇപ്പോൾ പറയാൻ കാര്യമെന്താണ്? കാര്യമുണ്ട്. ഡൽഹി നഗരഹൃദയത്തിലെ ലോധി റോഡിനരികിലുള്ള ആസ്ഥാനത്തുനിന്ന് പുറപ്പെടുന്ന സി.ബി.ഐ. വണ്ടികളും എ.പി.ജെ. അബ്ദുൽകലാം റോഡിലെ പ്രവർത്തൻ ഭവനിൽനിന്ന് പുറപ്പെടുന്ന ഇ.ഡി. വണ്ടികളും രാജ്യത്തിന്റെ രാഷ്ട്രീയനിരത്തുകളിലൂടെ ഇടതടവില്ലാതെ പായുന്നു. ചക്രം ഏത് വഴിക്കാണ് തിരിയുകയെന്ന വർണ്യത്തിൽ ആശങ്കകളുടെ നടുക്ക് പ്രതിപക്ഷം നിലയുറച്ചിരിക്കുന്ന കാലം. ഇതിനിടയിൽ ആരെങ്കിലും ഗോവിന്ദവചനം വീണ്ടും ഓർത്താൽ അവരെ കുറ്റം പറയാനാകില്ല.

വഴികൾ പലത്, ലക്ഷ്യം ഒന്ന്

സി.ബി.ഐ വണ്ടിയും ഇ.ഡി.വണ്ടിയും പ്രതിപക്ഷ നേതാക്കളുടെ വീടുകളിലേക്കുള്ള റോഡുകളിൽമാത്രം ഇടതടവില്ലാതെ സഞ്ചരിക്കുന്നതെന്തുകൊണ്ടാണെന്നാണ് ഊന്നിപ്പറയുന്ന ചില നേതാക്കളുടെ ചോദ്യം. നാട്ടിലും നടവഴിയിലും നിന്നും നാടുനീളെ നടന്നും അവർ ചോദിക്കുന്നു. ദേശീയ രാഷ്ട്രീയത്തിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉയരുന്ന ചോദ്യവും അതുതന്നെ.
നാഷണൽ ഹെറാൾഡ് കേസിൽ സോണിയഗാന്ധിയും രാഹുൽ ഗാന്ധിയും മുതൽ ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയും മകൻ ഒമർ അബ്ദുള്ളയും വരെ സമീപകാലത്ത് അന്വേഷണസംഘം തേടിയെത്തിയ നേതാക്കളുടെ പട്ടിക ഇങ്ങനെ. രാഹുൽ ഗാന്ധിയാകട്ടെ കേസുകളുടെ വള്ളിക്കെട്ടുകൾക്കിടയിലാണ്. ഒന്നു കഴിയുമ്പോൾ മറ്റൊന്നെന്ന കണക്കിൽ.
പ്രതിപക്ഷം പറയുന്ന കണക്കുകൾ ഇവിടെയെങ്ങും തീരുന്നില്ല. എൻ.ഡി.എ. ഭരണകാലത്തെടുത്ത 121 കേസുകളിൽ 115 കേസുകളും പ്രതിപക്ഷ പാർട്ടികൾക്കെതിരേ! ബാക്കിയുള്ള ആറ് കേസുകൾ മാത്രമാണ് ബി.ജെ.പിക്കുനേരെ തൊടുത്തത്. രണ്ടാം മോദി സർക്കാരിൽ ഏറ്റവും കൂടുതൽ അന്വേഷണം നടന്നത് കോൺഗ്രസ്, ടി.എം.സി., എൻ.സി.പി. പാർട്ടികൾക്കെതിരേ. ഈ കേസുകൾ ഫയലിൽ കയറുന്നതിന്റെ സമയത്തിനുമുണ്ട് പ്രാധാന്യമെന്ന് പ്രതിപക്ഷം.ഏതെങ്കിലും ഒരു തിരഞ്ഞെടുപ്പ് അടുക്കുമ്പോഴോ ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ പ്രാദേശിക നേതാക്കൾ കാലുകുത്താൻ വട്ടം കൂട്ടുമ്പോഴോ പ്രതിപക്ഷ ഐക്യത്തിന് ഇലയിടുമ്പോഴോ , വീട്ടുമ്മറത്ത് കൃത്യമായി അന്വേഷകരെത്തുന്നതിന്റെ ഗുട്ടൻസിലാണ് നേതാക്കൾക്ക് അതിശയം.

ശരവേഗം, ഒച്ചുവേഗം

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും,രാജ്യത്ത് പലതായി പിരിഞ്ഞുനിന്ന എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഇ.ഡി ഒരുമിപ്പിച്ചെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം പാർലമെന്റിൽ പരിഹസിച്ചതിൽ കുറച്ച് കാര്യവും കാര്യക്കുറവുമുണ്ട്. ഇ.ഡി-സി.ബി.ഐ. അന്വേഷണഘട്ടങ്ങളിലൊന്നും അത്ര വലിയ ഒരുമിപ്പൊന്നും പ്രതിപക്ഷക്യാമ്പിൽ കണ്ടില്ല. പാർട്ടികളുടെ പ്രതികരണം തന്നെ പലവിധമായിരുന്നു. കുറച്ചു പേർ കൈകോർത്തുപിടിച്ച് അന്വേഷണവണ്ടിക്കുമുന്നിൽ ചാടി.ചിലർ ഒപ്പം ചാടുന്നതായി അഭിനയിച്ച് ഇടയിലൂടെ വലിഞ്ഞു.മറ്റു ചിലർ ഞാൻ ഇവിടെ ഉണ്ടേയെന്ന് പറഞ്ഞിട്ട് അടുത്ത വണ്ടി പിടിച്ചു സ്ഥലം വിട്ടു !

പാർലമെന്റിൽ അദാനി വിഷയമുയർത്തി പ്രതിപക്ഷം നടത്തിവരുന്ന പ്രതിഷേധങ്ങളിലും ഈ പടലപ്പിണക്കം പ്രകടം. ഇതിനിടയിൽ സൂറത്ത് കേസിൽ രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ട സമയവും പ്രതിപക്ഷ ക്യാമ്പിലെ പരീക്ഷണ കാലമായി. ശിക്ഷയെക്കുറിച്ച് പ്രതികരിച്ച പ്രതിപക്ഷ നേതാക്കൾ വിരളം. എന്നാൽ, രാഹുലിന് അയോഗ്യത വന്നപ്പോൾ പ്രതികരണവുമായി എത്തി.
14 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് അന്വേഷണ ഏജൻസികൾക്കെതിരേ കോടതിയെ സമീപിച്ചതും വൈകിയെത്തിയ വിവേകം. അപ്പോഴും അതിൽ തോൾ ചേരാത്ത പാർട്ടികൾ വേറെ!

കവിതയെഴുതിയ ജോർജ് ഫെർണാണ്ടസ്

മറ്റുചോദ്യങ്ങൾക്കും ചരിത്രം വക ​െവച്ചിട്ടുണ്ട്.അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിൽ രാഷ്ട്രീയം കലരുന്നെങ്കിൽ രാജ്യത്ത് ഇത് ആദ്യമാണോ ?അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് നടാടെയാണെന്ന് ആരെങ്കിലും പറഞ്ഞാൽ ചരിത്രം തിരിഞ്ഞു കുത്താനിടയുണ്ട്.എല്ലാ സാധ്യതകളും എതിരാളികൾക്കുനേരെ പ്രയോഗിച്ച് പഠിപ്പിച്ച പാഠശാല അറുപതുകളുടെയും എഴുപതുകളുടെയും രാഷ്ട്രീയ ചരിത്രത്തിൽ നിന്നിറങ്ങിവരും. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് കോൺഗ്രസ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്ന് സി.ബി.ഐ.ക്ക് നിർവചനമെഴുതിയത് അന്നത്തെ പ്രതിപക്ഷം.

അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയ എതിരാളികളെ തിരക്കി അന്വേഷണസംവിധാനങ്ങൾ പല വട്ടം നടയിറങ്ങി. അന്നത്തെ ക്ഷോഭനക്ഷത്രമായിരുന്ന ജോർജ് ഫെർണാണ്ടസിനെയും 24 പേരെയും ബറോഡ ഡൈനമിറ്റ് കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് ഈ ചരിത്രത്തിലെ ഒധ്യായം. ചങ്ങലയിൽ കുടുങ്ങി നിന്ന് മുഷ്ടി ചുരുട്ടി വ്രണിതസിംഹത്തെപ്പോലെ നിൽക്കുന്ന ജോർജ് ഫെർണാണ്ടിന്റെ ചിത്രം അതിന് ശേഷം വീട്ടുമ്മറങ്ങളെ അലങ്കരിക്കാൻ തുടങ്ങി!

ജയിൽമുറിക്കുള്ളിലിരുന്ന് ജോർജ് ഫെർണാണ്ടസ് കവിതയെഴുതി. ‘എന്റെ ഹൃദയത്തിൽ ഒരു കുടുംബം’ എന്നതായിരുന്നു കവിതയുടെ തലക്കെട്ട്.'ആര് പറഞ്ഞു അവർ പതിനായിരം മൈൽ ദൂരെയാണെന്ന് ? അവർ ഇവിടെയുണ്ട്,കൃത്യമായും എന്റെ ഹൃദയത്തിൽ ..'ജോർജ് ഫെർണാണ്ടസ് ജീവിതത്തിൽ എഴുതിയ നാല് കവിതകളിലൊന്ന് ഇതായിരുന്നു.കവിത എഴുതിക്കാനും കലഹകാലത്തിന് കഴിവുണ്ടത്രെ!

കാര്യങ്ങളിങ്ങനയൊക്കയാണെങ്കിലും ചരിത്രത്തെ ചരിത്രം കൊണ്ട് വേട്ടയാടുന്നതാണോ ജനാധിപത്യമെന്ന ചോദ്യം അന്തരീക്ഷത്തിൽ പെയ്യാമേഘമായി നിൽക്കുന്നു. വരും കാലമാണ് ഉത്തരം പറയേണ്ടത്.

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..