ചിരിയും ചിരിക്കപ്പുറവും


ശ്രീകാന്ത് കോട്ടയ്ക്കൽ

3 min read
Read later
Print
Share

ഇന്നസെന്റ് | photo: mathrubhumi

ഇന്നസെന്റ് വെറുമൊരു നടൻ മാത്രമല്ല എന്നും അനവധി ആകാശങ്ങളും അത്രതന്നെ ആഴങ്ങളും ഉള്ള വ്യക്തിത്വമാണ് എന്നും ആദ്യം പറഞ്ഞുതന്നത്‌ അദ്ദേഹത്തിന്റെ ആത്മമിത്രംകൂടിയായ സംവിധായകൻ സത്യൻ അന്തിക്കാടാണ്. അങ്ങനെ സംഭവിച്ച പരിചയം സൗഹൃദമായി ബലപ്പെട്ടപ്പോൾ എന്തെന്തു വ്യത്യസ്തതകളോടെയാണ് ഇന്നസെന്റ് എന്ന വ്യക്തി എനിക്കുമുന്നിൽ വെളിപ്പെട്ടത്! നടനത്തിന്റെ ചമയങ്ങളഴിച്ചു കഴിഞ്ഞാൽ തനി നാട്ടുമനുഷ്യനായി, ഒന്നാന്തരം കഥപറച്ചിലുകാരനായി, വലുപ്പച്ചെറുപ്പമില്ലാതെ മനുഷ്യരോടിടപഴകുന്ന നന്മയായി, ചിരിക്കുടുംബത്തിന്റെ നടുവിലെ വൻ ചിരിമരമായി, സ്നേഹമയനായ അപ്പനും അപ്പാപ്പനുമായി, ആലീസിന്റെ അർധഭാഗമായ മാപ്പിളയായി, അപ്പൻ തെക്കേത്തല വറീതിന്റെ പ്രിയപ്പെട്ട കുറുമ്പൻ കൊച്ചുകുട്ടിയായി, ഒന്നാന്തരം കച്ചവടക്കാരനായി, ആത്മപരിഹാസത്തിലൂടെ ആത്മജ്ഞാനത്തിന്റെ പ്രകാശം പരത്തുന്നയാളായി, മധുരക്കയ്പാർന്ന അനുഭവങ്ങളുടെ ആൾരൂപമായി, ആത്മവിശ്വാസത്തിന്റെ ശിരസ്സ് കുനിക്കാത്ത കൊടിമരമായി, മനം മങ്ങുന്ന ഏതു വ്യക്തിഗത നിമിഷങ്ങളിലും നീട്ടിവിളിക്കാവുന്ന അത്താണിയായി, എന്റെ മക്കളുടെ ഇന്നസെന്റ് മാമനായി... ഒരേയൊരു ഇന്നസെന്റിൽ അങ്ങനെ എത്രയെത്ര അടരുകൾ! ഈ അടരുകളുടെയെല്ലാം അടിത്തട്ടിൽ ചിരിയല്ലായിരുന്നു. മറിച്ച് പരാജയങ്ങളുടെയും അലച്ചിലുകളുടെയും അനുഭവങ്ങളുടെയും കണ്ണീരുവറ്റിയ ഉപ്പുപരലുകളായിരുന്നു. അതിൽ ചുവടുറപ്പിച്ചാണ് ഇന്നസെന്റ് തന്റെ മറ്റെല്ലാ ജീവിതഭാവങ്ങളും പകർന്നാടിയത്
********
മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി ചിരിക്കുപിന്നിൽ എന്ന പേരിൽ ഇന്നസെന്റിന്റെ ആത്മകഥ അദ്ദേഹവുമായിച്ചേർന്ന് തയ്യാറാക്കുമ്പോഴാണ് ഇന്നസെന്റ് എന്ന വ്യക്തിയുടെ ആകാശവും ആഴങ്ങളും അടുത്തും അനുഭവിച്ചും അറിയുന്നത്. സിനിമയുടെ വശ്യമായ നിറങ്ങളായിരുന്നില്ല അതിലധികവും. പകരം ജീവിതത്തിന്റെ അപ്രതീക്ഷിതമായ വളവുതിരിവുകളും അകപ്പെട്ടുപോകുന്ന ഏകാന്തതകളും പ്രഹരശേഷിയുള്ള തിരിച്ചടികളും ഒറ്റയ്ക്കുതുഴഞ്ഞ ദൂരങ്ങളും ഒക്കെയായിരുന്നു. പച്ചയായ മനുഷ്യർ അവരുടെ വിധിയുമായി ഇന്നസെന്റിന്റെ ജീവിതത്തിലേക്ക് വന്നുകയറിക്കൊണ്ടിരുന്നു. അതിൽ ശാബന്നൂരിലെ മൈലപ്പയും അഴകുള്ള സെലീനയും പാമ്പു കളിക്കാരൻ പ്രസന്നനും അരപ്പട്ടിണിയുടെ ലോകത്തെ ആലീസും മഹാകവി പി. കുഞ്ഞിരാമൻ നായരും അദ്ദേഹത്തിന്റെ ഉടഞ്ഞുപോയ താരമായ സുന്ദരകോമളൻ സാബുവും കറകളഞ്ഞ കമ്യൂണിസ്റ്റായ കെ. വി.കെ. വാര്യരുമെല്ലാമുണ്ടായിരുന്നു. റാംജിറാവ് സ്പീക്കിങ്ങിലെ മത്തായിച്ചേട്ടനും കിലുക്കത്തിലെ കിട്ടുണ്ണിയും ഗോഡ്ഫാദറിലെ സ്വാമിനാഥനുമെല്ലാമായി അഭിനയിച്ച ഒരു നടനിൽനിന്ന് സാധാരണഗതിയിൽ പ്രതീക്ഷിക്കാൻ വയ്യാത്ത ജീവിതത്തിന്റെ ഷേഡുകൾ. സാബുവിനെക്കുറിച്ച് പറഞ്ഞപ്പോൾ കുഞ്ഞിരാമൻനായരുടെ ആത്മകഥയായ 'കവിയുടെ കാൽപ്പാടുകളെ'ക്കുറിച്ച് ഇന്നസെന്റ് പറഞ്ഞു. അവിശ്വസനീയമായിത്തോന്നിയപ്പോൾ ഞാൻ ചോദിച്ചു:
''അത് വായിച്ചിട്ടുണ്ടോ?''
''ചില അധ്യായങ്ങൾ''. ഞാൻ മിഴിച്ചിരിക്കുന്നതു കണ്ടപ്പോൾ അദ്ദേഹം തുടർന്നു.
''വായനക്കമ്പംകൊണ്ട് വായിച്ചതൊന്നുമല്ല. മദിരാശിയിൽ ഉമാ ലോഡ്ജിൽ താമസിക്കുമ്പോൾ ഉടുത്തുമാറാൻ ഒരു ജോഡി വസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് നനച്ചിട്ടാൽ ഉണങ്ങുന്നതുവരെ എവിടെയെങ്കിലും ഒളിച്ചിരിക്കണം. അങ്ങനെ വായിച്ചുപോയതാണ്. ഉണ്ണിക്കൃഷ്ണൻ പുതൂരിന്റെ 'ബലിക്കല്ല്' എന്ന നോവലും വായിച്ചിട്ടുണ്ട്. മുഴുവനായിട്ടല്ല. അലക്കിയിട്ട തുണി ഉണങ്ങുന്നതുവരെ മാത്രം.'' ഇതാണ് ഇന്നസെന്റ് രീതി. എല്ലാ അനുഭവങ്ങൾക്കും ചിരിക്കും ഇടയിൽ കണ്ണീർച്ചവർപ്പുണ്ടാകും. ചോദിച്ചാൽ മാത്രമേ അത് പുറത്ത് പറയൂ. ''ചിരിക്കുന്നവരും ചിരിപ്പിക്കുന്നവരും ആത്മാവിൽ കരയുന്നവരാണ്'' എന്ന് ചാർളി ചാപ്ലിൻ പറഞ്ഞത് ശരിയാണെന്ന് ഈ മനുഷ്യനോടൊപ്പമിരുന്നപ്പോഴെല്ലാം തോന്നിയിട്ടുണ്ട്.
********
ഇന്നസെന്റിന്റെ ഫോൺകോളുകൾക്ക് സമയാസമയങ്ങൾ ഇല്ലായിരുന്നു. പുലർച്ചെ അഞ്ചരമുതൽ രാത്രി 9വരെ ഏതുസമയത്തും അദ്ദേഹം വിളിക്കാം. ഒരു തവണ ഞാൻ ബസിൽ പോകുമ്പോഴായിരുന്നു കോൾ വന്നത്. ഫോൺ എടുത്തതും മറുതലയ്ക്കൽനിന്ന് ഇന്നസെന്റ് പറഞ്ഞു:
''എനിക്ക് മറ്റേ അസുഖമാണെടാ...''
എനിക്കൊന്നും മനസ്സിലായില്ല. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:
''അവൻ തന്നെ, കാൻസർ'' ബസിന്റെ കമ്പിയിൽ തൂങ്ങിനിന്നിരുന്ന ഞാൻ ഉലഞ്ഞു.
അതിനുശേഷം എല്ലാ ദിവസവും ഇന്നസെന്റ് വിളിച്ചിരുന്നു. കീമോതെറാപ്പിയാൽ ക്ഷീണിച്ച ശബ്ദം. ഫലിതങ്ങൾ കുറവ്. ഉണ്ടെങ്കിൽത്തന്നെ പതിവ് പ്രകാശമില്ല. ഒരു ദിവസം ഇന്നസെന്റിനെ കാണാൻ ഇരിങ്ങാലക്കുടയിലെ പാർപ്പിടം എന്ന വീട്ടിൽ എത്തിയപ്പോൾ ചുറ്റിലും കർട്ടനിട്ട് മറച്ച മുറിയിൽ കുറ്റിത്താടിയുമായി മെല്ലിച്ചൊരു മനുഷ്യൻ. ചിരിയും സംഭാഷണങ്ങളും പ്രവഹിച്ചിരുന്ന സൗഹൃദത്തിനിടയിൽ വാക്കുകൾ അസ്തമിച്ചു. വിളക്കുകളെല്ലാമണഞ്ഞതുപോലെ വിഷാദിച്ച് വീട്.
''ഇവിടെയിരുന്ന് സംസാരിച്ചാൽ ശരിയാവില്ല നമുക്ക് എങ്ങോട്ടെങ്കിലും പോവാം'' -ഇന്നസെന്റ് പറഞ്ഞു.
ഒരു ലോഡ്ജിൽ മുറിയെടുത്ത് ഞങ്ങളന്ന് ഒരുപാട് സംസാരിച്ചു. ഇനി അധികം കാലമില്ലെന്ന് പറഞ്ഞു. എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരുന്നാൽ മനസ്സ് സന്തോഷമായിരിക്കുമെന്ന് ഡോക്ടർ പറഞ്ഞുവെന്നും സൂചിപ്പിച്ചു. അങ്ങനെ എഴുതിത്തുടങ്ങിയതാണ് 'കാൻസർ വാർഡിലെ ചിരി' എന്ന പുസ്തകം. പല ദിവസങ്ങളായി സംസാരിച്ചു സംസാരിച്ചു മുന്നേറവേ ഇന്നസെന്റിൽ തണുത്തു കിടന്നിരുന്ന ചിരിയുടെ തരികൾ പൊട്ടിച്ചിതറി പുറത്തുവരാൻ തുടങ്ങി. തന്റെ രോഗകാലത്തെ അപാരമായ ഫലിതബോധത്തോടെ അദ്ദേഹം കാണാൻ തുടങ്ങി. പുസ്തകം പൂർത്തിയായപ്പോൾ ഇന്നസെന്റ് മാത്രമല്ല ഒപ്പം പ്രവർത്തിച്ചിരുന്ന ഞാനും അമ്പരന്നു. പിന്നീട് ഒന്നിലേറെത്തവണ ഇന്നസെന്റിലേക്ക് കാൻസർ തിരിച്ചുവന്നു. കീമോതെറാപ്പിക്കു പോകുമ്പോൾ ചിലപ്പോൾ ഇന്നസെന്റ് വിളിച്ചിട്ട് പറയും.
''എടാ ഞാൻ കീമോ ചെയ്യാൻ പോവുകയാണ്. ശീലമായിപ്പോയി. ഇപ്പോൾ ഇതില്ലാതെ വയ്യ.'' എഴുത്തിലൂടെയോ ഉദ്ഘാടനങ്ങളിലൂടെയോ എന്തെങ്കിലും പ്രതിഫലം കിട്ടിയാൽ പറയും:
''രണ്ട് കീമോയ്ക്കുള്ള കാശായി''
ഇങ്ങനെയൊക്കെയാണ് ഇന്നസെന്റ് കാൻസറിനെ മറികടന്നത്.
*****
വാൽക്കഷണം: മരണത്തിൽനിന്ന് താൻ ഓരോ തവണയും ഊരിപ്പോന്ന് ദൈവങ്ങളെ കബളിപ്പിച്ചതിനെക്കുറിച്ച് ഇന്നസെന്റ് എപ്പോഴും കഥകൾ കെട്ടിയുണ്ടാക്കിപ്പറയുമായിരുന്നു. തന്നെ അങ്ങോട്ടുകൊണ്ടുപോകുന്നത് ദൈവങ്ങളുടെ സ്ഥാനങ്ങൾക്ക് വെല്ലുവിളിയാണെന്ന് അവർ മനസ്സിലാക്കിയിട്ടുണ്ട് എന്നും പറയും. എവിടെയും പ്രധാനസ്ഥാനങ്ങളിൽ ഇരിക്കാനുള്ള തന്റെ കഴിവിനെക്കുറിച്ച് ദൈവങ്ങൾക്ക് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. ഒടുവിലിപ്പോൾ അവർ തീരുമാനിച്ചു, ഇന്നസെന്റിനെ വിളിക്കാനായി. എങ്ങനെയായിരിക്കും അവരുടെ മുഖാമുഖം? അക്കഥ പറയാൻ ഇനി ഇരിങ്ങാലക്കുടക്കാരൻ ഇല്ല.
( ഇന്നസെന്റിന്റെ ആത്മകഥയായ ചിരിക്കുപിന്നിൽ, രോഗകാല രചനയായ കാൻസർവാർഡിലെ ചിരി എന്നിവയുടെ സഹഗ്രന്ഥകാരനാണ് ലേഖകൻ)

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..