പണ്ട്, ഇന്നസെന്റ് എന്ന എട്ടാം ക്ലാസുകാരന്റെ പ്രധാനാധ്യാപകൻ വൈലോപ്പിള്ളി ശ്രീധരമേനോൻ അടിയന്തരമായി തെക്കേത്തല വറീതിനെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിപ്പറഞ്ഞു: ''വറീതേ, ഇന്നലെ സ്‌കൂളിൽ സ്വാതന്ത്ര്യദിനാഘോഷം ഉണ്ടായിരുന്നു. ആഘോഷത്തിന് ഓലപ്പടക്കം മാത്രമേ പൊട്ടിക്കാൻ പാടുള്ളൂ എന്ന് ഞാൻ കർശനമായി തന്റെ മോനോട് പറഞ്ഞതാണ്. എന്നിട്ടും തന്റെ മോൻ ഓലപ്പടക്കത്തിനിടയിൽ രണ്ടുമൂന്ന് ഗുണ്ടുചേർത്ത് പൊട്ടിച്ചു. അവൻ സ്‌കൂളിൽ അല്ലാതെയും പലപല ഗുണ്ടുകൾ പൊട്ടിക്കാറുണ്ട്. ജീവിതത്തിൽ ഉടനീളം അവനിതുപോലെ ഗുണ്ടുകൾ പൊട്ടിച്ചോണ്ടിരിക്കും. വറീതേ, വറീത് കേറി തടസ്സമൊന്നും നിൽക്കേണ്ട. അതാ തനിക്കു നല്ലത്.'' വൈലോപ്പിള്ളി മാഷ് പറഞ്ഞതുകൊണ്ടാണോ അല്ലയോ എന്നൊന്നും അറിയില്ല. വറീത് എട്ടുമക്കളിൽ അഞ്ചാമനായ പഠിക്കാൻ മോശക്കാരനായ ഇന്നസെന്റിനെ അവന്റെ വഴിക്കുവിട്ടു. ഒന്നിലും കാലുറപ്പിച്ചു നിൽക്കാൻ തയ്യാറാകാതിരുന്ന ഇന്നസെന്റ് ജീവിതത്തിൽ കെട്ടിയ വേഷങ്ങൾ പലതാണ്. എട്ടാംക്ലാസിൽ പഠനം നിർത്തിയശേഷം, അപ്പന്റെ കടയിലെ സഹായിയായും സ്വന്തമായി തീപ്പെട്ടിക്കമ്പനി തുടങ്ങിയും ജീവിതം ആരംഭിച്ച ഇന്നസെന്റ് നിർമാതാവായാണ് സിനിമയിലെത്തിയത്. അഞ്ചാറു സിനിമകൾ നിർമിച്ചെങ്കിലും വിജയിച്ചത് രണ്ടെണ്ണം. നല്ല നിർമാതാവെന്ന പേരുണ്ടാക്കിയെങ്കിലും കൈയിലിരുന്ന കാശത്രയും പോയി. പലപല ജോലികൾക്കായി രാജ്യമൊട്ടുക്ക് യാത്രചെയ്തു. ആ യാത്രകൾ നൽകിയ അനുഭവങ്ങൾ കഥകളാക്കി വിളമ്പാൻ മിടുക്കനായ ഇന്നസെന്റിന്റെ നർമബോധം അഭിനേതാവെന്ന നിലയിൽ ഗുണം ചെയ്യുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് സംവിധായകരായ സിദ്ധിക്കും ലാലും. റാംജീറാവ് സ്പീക്കിങ്ങിലെ മാന്നാർ മത്തായി കേരളത്തെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇളക്കിമറിച്ചപ്പോൾ ഇന്നസെന്റ് എന്ന സ്റ്റാർ പിറവിയെടുക്കുകയായിരുന്നു. അതുവരെ വെറും വേഷംകെട്ടു കഥാപാത്രങ്ങളിൽ മാത്രമായി ഒതുങ്ങിയ ഇന്നസെന്റിന്റെ അഭിനയ ജീവിതത്തിന് വല്ലാത്തൊരു ട്വിസ്റ്റായിരുന്നു മാന്നാർ മത്തായി. തിലകനും നെടുമുടിവേണുവും മാത്രം കൈയടക്കിവെച്ചിരുന്ന കാമ്പും കഴമ്പുമുള്ള കഥാപാത്രങ്ങളിലേക്ക് നുഴഞ്ഞുകയറിയ മിടുക്ക് വൈലോപ്പിള്ളി മാഷ് മുൻപ് പ്രവചിച്ച ഗുണ്ട് പൊട്ടിക്കൽ ഇഫക്ട് പോലുള്ള ഒന്നായിരുന്നു.
ഇക്കുറി ഇന്നസെന്റ് ശരിക്കും മരിച്ചു
ഇന്നസെന്റിന് അർബുദമാണെന്ന വാർത്ത പുറത്തുവന്ന സമയം തൊട്ട് പലവട്ടം സാമൂഹികമാധ്യമങ്ങൾ അദ്ദേഹത്തിന്റെ മരണവാർത്ത പ്രചരിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഇത്തരം പ്രചാരണങ്ങളെ ഇന്നസെന്റ് വെറും തമാശയായിമാത്രമേ എപ്പോഴും കണ്ടിട്ടുള്ളൂ. ആദ്യ പിണറായിമന്ത്രിസഭ അധികാരമേൽക്കുന്ന ദിവസവും അത്തരത്തിലൊരു മരണം ഇന്നസെന്റിന് സംഭവിച്ചു. സത്യപ്രതിജ്ഞാ ദിവസത്തിന്റെ തലേന്ന് രാത്രിവരെ തൊടുപുഴയിൽ സ്വർണക്കടുവ എന്ന സിനിമയുടെ സെറ്റിൽ സജീവമായുണ്ടായിരുന്ന ഇന്നസെന്റിന്റെ മരണവാർത്ത രാഷ്ട്രീയ-സിനിമാ മേഖലയെ ഞെട്ടിച്ചു. തലങ്ങും വിലങ്ങും ഫോൺ വിളികൾ പറന്നു. ഒരുകാര്യം സത്യമാണ്. മരണവാർത്ത സാമൂഹികമാധ്യമങ്ങളിൽ പടരുമ്പോൾ, അദ്ദേഹം തൊടുപുഴ സെയ്ന്റ് മേരീസ് ആശുപത്രിയിൽ ഉണ്ട്. തിരുവനന്തപുരത്തേക്ക് പോകുന്ന വഴി പതിവുരക്തപരിശോധനയ്ക്ക് വേണ്ടിയാണ് അദ്ദേഹം ആശുപത്രിയിൽ കയറിയത്. അതും വീട്ടിൽനിന്ന് ഭാര്യ ആലീസ് വിളിച്ച് നിർബന്ധിച്ചപ്പോൾ.
ഇന്നസെന്റ് ആശുപത്രിയിലേക്ക് കയറിപ്പോകുന്നത് ആളുകൾ ശ്രദ്ധിച്ചിരുന്നു. പ്രിയനടൻ ആശുപത്രിയിൽ എത്തിയതറിഞ്ഞ് കൂടുതൽ ആളുകൾ ആശുപത്രിക്കവാടത്തിൽ തടിച്ചുകൂടി. തിരിച്ചിറങ്ങി വരുമ്പോൾ നടനെ കാണാൻ ആളുകൾ തിരക്കുകൂട്ടുമെന്നു കരുതി ആശുപത്രി അധികൃതർ മറ്റൊരു വാതിൽ വഴി ഇന്നസെന്റിനെ പുറത്തെത്തിക്കുകയും അതുവഴി അദ്ദേഹം തിരുവനന്തപുരത്തേക്ക് രക്ഷപ്പെടുകയുമായിരുന്നു. എന്നാൽ, ആശുപത്രിക്കകത്തേക്കു പോയ ഇന്നസെന്റ് തിരികെ വരുന്നില്ലെന്ന് മനസ്സിലാക്കിയ ഏതോ ഒരാൾ അദ്ദേഹം മരിച്ചതായി പ്രചരിപ്പിക്കുകയായിരുന്നു. ഇന്നസെന്റ് മരിച്ചുവെന്നും സത്യപ്രതിജ്ഞയുടെ ശോഭ കെടാതിരിക്കാർ പാർട്ടിക്കാരും ആശുപത്രിക്കാരും ചേർന്ന് വിവരം രഹസ്യമാക്കി വെച്ചിരിക്കുകയാണെന്നും വാർത്ത പരന്നു.ആസമയം തനിക്കുവന്ന ചില ഫോൺകോളുകളെക്കുറിച്ചും തമാശരൂപേണ ഇന്നസെന്റ് പലവട്ടം എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. അന്നത്തെ സി.പി.എം. ജില്ലാ സെക്രട്ടറിയും മന്ത്രിയുമായ പി. രാജീവിന്റേതായിരുന്നു ഒരു വിളി. താൻ ഹലോ എന്നു പറഞ്ഞിട്ടും അങ്ങേത്തലക്കൽ രാജീവിന് മിണ്ടാട്ടമില്ലാതായതും, എന്തിനാ വിളിച്ചത് എന്ന് ചോദിച്ചപ്പോൾ വെറുതേ സുഖമാണോ എന്നറിയാൻ എന്നുപറഞ്ഞ് ഫോൺ കട്ടാക്കിയതും ഇന്നസെന്റ് ചിരിച്ചുകൊണ്ട് പലവട്ടം പലരോടായി പറഞ്ഞ കഥയാണ്.
രാജീവിനു ശേഷം വിളിച്ച മമ്മൂട്ടി പരിഭ്രമിച്ച വാക്കുകളിൽ സംസാരിച്ചതും ഇന്നസെന്റ് കോമഡിയാക്കിയിട്ടുണ്ട്. ''എടോ, തന്നെ വിളിക്കാനായി ഫോണെടുത്തപ്പോൾ ഞാൻ പ്രാർഥിച്ചത് താനല്ലാതെ മറ്റാരും ഈ കോൾ അറ്റൻഡ് ചെയ്യരുതേ എന്നാണ്. പടച്ചോൻ എന്റെ പ്രാർഥന കേട്ടു.'' -വിറയാർന്ന ശബ്ദത്തിൽ മമ്മൂട്ടി പറഞ്ഞൊപ്പിക്കുകയായിരുന്നുവെന്നാണ് ഇന്നസെന്റ് പറഞ്ഞത്.
സിനിമാക്കാരനിലേക്ക്
പതിമ്മൂന്നാം വയസ്സിലാണ് ഇന്നസെന്റിൽ സിനിമാമോഹം തളിർക്കുന്നത്. അതിനുനിമിത്തമായത് നടൻ സത്യനും. ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരകമന്ദിരത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ സത്യൻ വന്നിരുന്നു. ഇന്നസെന്റ് ആദ്യമായൊരു സിനിമാനടനെ നേരിട്ടുകാണുന്നത് അന്നാണ്. സത്യനെ കാണാൻ അന്നവിടെ തടിച്ചുകൂടിയ ആളുകൾക്ക് കൈയും കണക്കുമില്ല. ഇതുകണ്ട് ഇന്നസെന്റിനൊരു മോഹം. എനിക്കും സിനിമാ നടനാകണം. എന്നെയും ആളുകൾ ശ്രദ്ധിക്കണം. പിന്നെ ഇന്നസെന്റിന്റെ നടപ്പും സംസാരവുമൊക്കെ സത്യനെപ്പോലെയായി.സിനിമാനടനാകണമെന്ന മോഹം ആദ്യം പറഞ്ഞത് അപ്പനോട്. അപ്പൻ മകനെ അവന്റെ ഇഷ്ടത്തിന് വിടുകയും ചെയ്തു. നിങ്ങളിതെന്താ കാണിക്കുന്നത്. മകനെയൊന്ന് ഉപദേശിച്ചുകൂടേ എന്ന് അമ്മയുൾപ്പെടെ നാട്ടിലെല്ലാവരും അപ്പനോട് ചോദിച്ചിരുന്നു. എട്ടുമക്കളിൽ ഒന്നൊഴിച്ച് എല്ലാം നന്നായി പഠിക്കുന്നുണ്ടല്ലോ. ഒന്ന് ഇങ്ങനെ മതീന്ന് കർത്താവ് കരുതിക്കാണും എന്ന മറുപടിയായിരുന്നു അപ്പന്റേത്.
Content Highlights: editpage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..