പ്രായവ്യത്യാസം ഏറെയുണ്ടായിരുന്നു ഞങ്ങൾതമ്മിൽ. എങ്കിലും ഞാനെപ്പോഴും ഇന്നു എന്നേ വിളിച്ചിരുന്നുള്ളൂ. മരിക്കുന്നതുവരെ ചിരിച്ചുചിരിച്ച് ജീവിക്കണം എന്ന് മോഹിച്ചിരുന്നയാളാണ് ഞാൻ. എന്റെ ആ മോഹത്തിന്റെ പിൻബലം ഇന്നുവായിരുന്നു.
ജീവിതത്തിന്റെ ഏത് അവസ്ഥയിലുംനിന്ന് ചിരിക്കാനും ചിരിപ്പിക്കാനുമുള്ള കഴിവ് ഇന്നുവിനുണ്ടായിരുന്നു. അല്പദിവസങ്ങൾക്കുമുമ്പുവരെ ഇന്നു എന്തൊക്കെയോ പറഞ്ഞ് എന്നെ ചിരിപ്പിച്ചു. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഏതു നിമിഷത്തിലും ഞാൻ ഇന്നുവിന്റെ കോൾ പ്രതീക്ഷിക്കും. അത് വരുകയും ചെയ്യും. ആ ഫോൺകോളിൽ ഞാനെന്റെ എല്ലാ വിഷമങ്ങളും മറക്കും. അത്രമേൽ മാന്ത്രികവും മാനുഷികവുമായിരുന്നു എന്നിൽ ഇന്നുവിന്റെ സാന്നിധ്യവും സ്പർശവും.
പല ഭാവങ്ങളിലുള്ള ഇന്നുവിനെ ഞാൻ കണ്ടിട്ടുണ്ട്. ശാഠ്യം കാണിക്കേണ്ട സ്ഥലത്ത് ശാഠ്യം, സ്നേഹം കാണിക്കേണ്ട സ്ഥലത്ത് സ്നേഹം, അല്പം അഹങ്കാരം കാണിക്കേണ്ടിടത്ത് അത്; എല്ലാം ഈ മനുഷ്യന് വഴങ്ങുമായിരുന്നു. എല്ലാറ്റിന്റെയും പൊതുഭാവം ലാളിത്യമായിരുന്നു. ഏത് ആപദ്ഘട്ടത്തിലും ഒപ്പം കൊണ്ടുനടന്ന ഫലിതബോധമായിരുന്നു ഇതിനെല്ലാം ഇന്നുവിനെ സഹായിച്ചത്.
ഇന്നസെന്റ് കഥകൾ വായിച്ച് ഞാനൊരിക്കൽ ഇന്നുവിനോട് പറഞ്ഞു:
‘‘തന്റെ കഥകൾ വായിച്ചപ്പോൾ എനിക്ക് ആർ.കെ. നാരായന്റെ മാൽഗുഡി ഡെയ്‌സ് ഓർമവരുന്നു.’’
ഇന്നുവിന്റെ കഥാലോകത്തിന് അത്തരത്തിൽ ഒരു വ്യത്യസ്തതയുണ്ടായിരുന്നു. ഒരു നാടും ഒരുപാട് മനുഷ്യരും മരങ്ങളും മൃഗങ്ങളുമെല്ലാം അതിൽ കഥാപാത്രങ്ങളാവുന്നു. ഞാൻ തമിഴിൽ ഏറ്റവുമവസാനം സംവിധാനംചെയ്ത സിനിമയുടെ കഥ ഇന്നുവിന്റേതായിരുന്നു.
ഇന്നുവിന്റെ കണ്ണടയുമ്പോൾ ഞാൻ ചെന്നൈയിലെ വീട്ടിൽ തനിച്ചിരിക്കുകയാണ്. കണ്ണടയ്ക്കുമ്പോൾ ആത്മാവ് ചോദിക്കുന്നു: ആരായിരുന്നു ഈ ഇരിങ്ങാലക്കുടക്കാരൻ എനിക്ക് ? സഹപ്രവർത്തകൻ? ജ്യേഷ്ഠൻ, എന്തും പറയാവുന്ന കുസൃതിക്കാരനായ സുഹൃത്ത്, എന്റെ ദുഃഖങ്ങളിൽനിന്ന് എന്നെയെടുത്ത് പറക്കുന്ന ചിരിയുടെ മാന്ത്രികൻ ? ഉത്തരംകിട്ടാതെ ഞാൻ ഇരുട്ടിലേക്ക് നോക്കി തനിച്ചിരിക്കുന്നു. നമുക്കെല്ലാം ശേഷവും നമ്മെപ്പോലെ മറ്റുള്ളവർ വന്നേക്കാം. എന്നാൽ, ഇന്നസെന്റിന് പകരക്കാരനില്ല. അയാൾ ഒരു ജന്മംകൊണ്ട് ചിരിപ്പിച്ചത് എന്നിൽനിന്ന് കൊഴിഞ്ഞുപോവില്ല. ഒടുവിലത്തെ ശ്വാസംവരെ.
പ്രിയപ്പെട്ട ഇന്നൂ, വിടപറയുമ്പോൾ ഒരു വരിമാത്രം -എന്റെ ജീവിതത്തിൽ പൊട്ടിച്ചിരി അവസാനിച്ചു.
Content Highlights: editpage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..