Innocent
ഇന്നസെന്റ് പല കഥകളും പറയാറുണ്ടായിരുന്നു. നർമത്തിൽ പൊതിഞ്ഞ കഥകൾ. പലപ്പോഴും സ്വകാര്യവേദനകളും നർമത്തിൽ പൊതിഞ്ഞ് അദ്ദേഹം പറയാറുണ്ടായിരുന്നു. അങ്ങനെയുള്ള ചില കഥകൾ കേൾക്കുമ്പോൾ ഞാനദ്ദേഹത്തോട് പറയാറും:
''നിങ്ങളിതൊക്കെ ഒന്നെഴുതിവെക്കണ''മെന്ന്. ഞാനത് ആത്മാർഥമായിത്തന്നെ പറഞ്ഞതാണ്. വിശ്വവിഖ്യാതരായ പല എഴുത്തുകാരുടെയും രചനകൾ നമ്മളെ ആഹ്ലാദിപ്പിച്ചിട്ടുണ്ട്. അസ്വസ്ഥരാക്കിയിട്ടുണ്ട്. ബഷീറും എം.ടി.യും ഒ.വി. വിജയനും മുകുന്ദനുമൊക്കെ വാക്കുകളിലൂടെ വളരെക്കാലം നമ്മെ പിന്തുടർ ന്നിട്ടുണ്ട്. അവരുമായൊന്നും താരതമ്യപ്പെടുത്തിക്കൊണ്ടല്ല ഇതു പറയുന്നത്. ഒരു അനുഭവം അതിന്റെ എല്ലാ വികാരങ്ങളോടുംകൂടി മറ്റൊരാളിലേക്ക് പകരാൻ കഴിയുക എന്നത് നിസ്സാരകാര്യമല്ല. ഇന്നസെന്റിന് നിഷ്പ്രയാസം അത് സാധിക്കുന്നു. അദ്ദേഹത്തെ നേരിട്ട് പരിചയമുള്ളവർക്കെല്ലാം അത് ബോധ്യപ്പെട്ടിട്ടുണ്ട്.
ഇന്നസെന്റ് എല്ലാം പറയാറേയുള്ളൂ. ഉള്ളുരുകുന്ന കഥകൾപോലും രസത്തോടെ പറയും. 'എഴുതാത്ത ബഷീർ' എന്ന് ഞാനദ്ദേഹത്തെ കളിയാക്കാറുള്ളത് അതുകൊണ്ടാണ്. എന്നെ വെല്ലുവിളിച്ചുകൊണ്ട് ചില കഥകളും അനുഭവക്കുറിപ്പുകളുമൊക്കെ ഇന്നസെന്റ് എഴുതിനോക്കിയിട്ടുണ്ട്. അലങ്കാരങ്ങൾ കുറവാണെങ്കിലും അതിലൊക്കെ ആത്മാർഥതയുടെ സൗന്ദര്യമുണ്ടായിരുന്നു.
മലയാളസിനിമയിലെ ഏറ്റവും വിദ്യാസമ്പന്നനായ വ്യക്തി ഇന്നസെന്റാണെന്ന് എനിക്കുതോന്നിയിട്ടുണ്ട്. നാഴികയ്ക്കു നാല്പതുവട്ടം, എട്ടാം ക്ലാസുവരെയെ ഞാൻ പഠിച്ചിട്ടുള്ളൂ എന്നദ്ദേഹം പറയാറുണ്ടെങ്കിലും ആ എട്ടാംക്ലാസ് മറ്റുള്ളവരുടെ മാസ്റ്റർബിരുദങ്ങളെക്കാൾ എത്രയോ ഉയരത്തിലാണ്. ഇന്നസെന്റ് പഠിച്ചത് 'ജീവിത'മെന്ന പാഠപുസ്തകമാണ്. നിത്യജീവിതത്തിലെ ഓരോനിമിഷവും ഈ മനുഷ്യൻ ഓർത്തുവെക്കുന്നു. അവസരംവരുമ്പോൾ മറ്റുള്ളവരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അതെടുത്ത് പ്രയോഗിക്കുന്നു. പണ്ടു പഠിച്ച ആറാംക്ലാസിലെ പദ്യമൊന്നു ചൊല്ലൂ എന്നുപറഞ്ഞാൽ ഒരു വരിപോലും തെറ്റാതെ ഇന്നസെന്റ് ചൊല്ലും. പത്തുനാല്പതു വർഷങ്ങൾക്കുമുമ്പ് ഏതെങ്കിലുമൊരു തീവണ്ടിയാത്രയിൽ പരിചയപ്പെട്ട വ്യക്തി ഇന്ന് മുന്നിൽ വന്നുനിന്നിട്ട് ''എന്നെ ഓർമയുണ്ടോ'' എന്നു ചോദിച്ചാൽ ഇന്നസെന്റ് അയാളുടെ പേരുപറയും. അതുകൊണ്ടൊക്കെയാണ് ഞാനും ശ്രീനിവാസനും തിരക്കഥാ ചർച്ചയ്ക്ക് ഇരിക്കുമ്പോൾ ഇന്നസെന്റിനെ കൂട്ടിനുവിളിക്കുന്നത്. ഇടത്തരക്കാരുടെ കഥകളാണല്ലോ ഞങ്ങളധികവും പറഞ്ഞിട്ടുള്ളത്. പല കഥകളിലും ഇന്നസെന്റിന്റെ ചെറിയചെറിയ സംഭാവനകളുണ്ടാകാറുണ്ട്. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിലെ നായകന് ഭീംസിങ് കാ ബേട്ടാ രാംസിങ് എന്നു പേരിട്ടത് ഇന്നസെന്റാണ്. പ്രിയദർശന്റെ തേൻമാവിൻ കൊമ്പത്തിലെ ശോഭന ചെയ്ത കഥാപാത്രത്തിന് കാർത്തുമ്പി എന്ന പേരു നൽകിയതും ഈ ഇരിങ്ങാലക്കുടക്കാരൻ തന്നെ.
സിനിമയെന്ന ഇടത്താവളം
സന്മനസ്സുള്ളവർക്ക് സമാധാനത്തിന്റെ എഴുത്തുജോലികളുമായി ശ്രീനിവാസനും ഞാനും എറണാകുളത്ത് ഭാരത് ടൂറിസ്റ്റ് ഹോമിൽ താമസിക്കുന്നു. രാവിലെ പത്തുമണിയാവുമ്പോഴേക്കും ഇന്നസെന്റ് എത്തും. വൈകീട്ട് തിരിച്ചുപോകും. കല്ലേറ്റുംകര റെയിൽവേസ്റ്റേഷനിൽ കാർ പാർക്ക്‌ചെയ്തു സ്വന്തം ചെലവിൽ സെക്കൻഡ് ക്ലാസ് ടിക്കറ്റുമെടുത്താണ് ഇദ്ദേഹത്തിന്റെ വരവ്. ചില ദിവസങ്ങളിൽ പറയും: ''ഇന്ന് പോകേണ്ട ഇന്നസെന്റേ, ഇവിടെ കൂടാം.''
ഇന്നസെന്റ് സമ്മതിക്കില്ല. വീട്ടിൽ പറഞ്ഞിട്ടില്ലെന്നോ ആലീസ് കാത്തിരിക്കുമെന്നോ ഒന്നുമല്ല കാരണം പറയുക. ഇരിങ്ങാലക്കുടനിന്ന് എറണാകുളത്തേക്കു വരുന്ന സ്ഥിരം യാത്രക്കാരുണ്ട്. അവരിൽ മൂന്നുനാലുപേരെങ്കിലും കല്ലേറ്റുംകര റെയിൽവേസ്റ്റേഷൻവരെ ഇന്നസെന്റിന്റെ കാറിൽ പോരും.
തിരിച്ചുപോകുന്നതും ഇന്നസെന്റിന്റെ കാറിൽത്തന്നെ കുറച്ചുദിവസങ്ങളായി ഇത് പതിവായതുകൊണ്ട് അവർ കാത്തുനിൽക്കും. അവരെ നിരാശപ്പെടുത്താൻ പറ്റില്ല.
സിനിമാചർച്ചയിൽ സ്വന്തം വീട്ടിലും നാട്ടിലും നടന്ന കാര്യങ്ങളാണ് ഇന്നസെന്റ് പറയുക. പക്ഷേ, അതൊരു ശരാശരി മലയാളിയുടെ ജീവിതത്തിന്റെ നേർക്കാഴ്ചയായിരിക്കും. ഞങ്ങളതൊക്കെ മനസ്സുകൊണ്ട് ഒപ്പിയെടുക്കും. അതിമോഹമില്ലാത്ത ആളാണ് ഇന്നസെന്റ്, സിനിമപോലും ഒരു ഇടത്താവളമായേ കണ്ടിട്ടുള്ളൂ. വഴിയരികിൽ പാമ്പാട്ടിയുടെ കളികണ്ട് നോക്കിനിന്നതുപോലെ ഒരുനിൽപ്പ് എന്നാണ് ഇന്നസെന്റുതന്നെ പറയുക. അതുകൊണ്ടാണ് വർഷങ്ങളായി 'അമ്മ' എന്ന സംഘടനയുടെ നേതൃസ്ഥാനത്ത് തുടരാൻ അദ്ദേഹത്തിനു കഴിഞ്ഞത്.
Content Highlights: editpage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..