സംവരണ വലയെറിഞ്ഞ്‌ തിരഞ്ഞെടുപ്പിലേക്ക്‌


സുനിൽ തിരുവമ്പാടി

3 min read
Read later
Print
Share

സംസ്ഥാനത്തെ ജനസംഖ്യയിൽ ലിംഗായത്ത് സമുദായം 14-16 ശതമാനം വരുമെന്നാണ് കണക്ക്. വൊക്കലിഗ സമുദായം 10-11 ശതമാനവും. ലിംഗായത്ത് വിഭാഗത്തിന്റെ മനസ്സ് കുറെക്കാലമായി ബി.ജെ.പി.ക്കൊപ്പമാണ്. തങ്ങൾക്കൊപ്പമില്ലാത്ത ­വൊക്കലിഗ വിഭാഗത്തെക്കൂടി അടുപ്പിക്കാനാണ്‌്‌ സംവരണ നീക്കത്തിലൂടെ ബി.ജെ.പി. ശ്രമം

പ്രതീകാത്മകചിത്രം | Photo : ANI

കർണാടകത്തിൽ മുസ്‌ലിങ്ങൾക്കുള്ള നാലുശതമാനം സംവരണം എടുത്തുമാറ്റിയിരിക്കുകയാണ്. ഭരണകക്ഷിയായ ബി.ജെ.പി.യുടെ കൃത്യമായ കരുനീക്കത്തിന്റെ ഭാഗമാണിത്. മുസ്‌ലിങ്ങളിൽനിന്നും തിരിച്ചെടുത്ത സംവരണം പ്രബല സമുദായങ്ങളായ ലിംഗായത്തിനും വൊക്കലിഗയ്ക്കും നൽകി. എതിർപ്പുയരുമെന്ന് ബി.ജെ.പി.ക്ക് അറിയാഞ്ഞിട്ടല്ല. അതിന്റെ തിരിച്ചടിയെക്കാൾ വലുതാണ് ഹിന്ദുവോട്ടുകളുടെ ധ്രുവീകരണത്തിലൂടെ നേടാനാകുന്നതെന്ന് അവർ കണക്കു കൂട്ടുന്നു.നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കുമ്പോഴാണ് പ്രബലസമുദായങ്ങളുടെ വോട്ടുബാങ്കിൽ കണ്ണുംനട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ ചേർന്ന്‌ മന്ത്രിസഭായോഗം സംവരണകാര്യത്തിൽ തീരുമാനമെടുത്തത്. ഒ.ബി.സി.സംവരണത്തിനൊപ്പം 2 ബി. കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് മുസ്‌ലിംവിഭാഗത്തിന് നാലുശതമാനം സംവരണം നൽകിവരുന്നത്. ഇത് എടുത്ത് രണ്ടുശതമാനം വീതം ലിംഗായത്ത് വിഭാഗത്തിനും വൊക്കലിഗ വിഭാഗത്തിനും നൽകാനാണ് തീരുമാനം. ഇതിന്റെ ഫലമായി വൊക്കലിഗ വിഭാഗത്തിന്റെ സംവരണം നാലിൽനിന്ന് ആറ് ശതമാനമായും ലിംഗായത്ത് വിഭാഗത്തിന്റേത് അഞ്ചിൽനിന്ന് ഏഴ് ശതമാനമായും ഉയരും. സംവരണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ലിംഗായത്തിലെ പഞ്ചമശാലി വിഭാഗം മാസങ്ങളായി സമരത്തിലായിരുന്നു. മന്ത്രിസഭാ തീരുമാനം പുറത്തുവന്നതോടെ ഇവർ സമരം അവസാനിപ്പിച്ചത് ബി.ജെ.പി. ലക്ഷ്യമിട്ടിടത്തുതന്നെ കാര്യങ്ങളെത്തിയെന്നതിന്റെ സൂചനയായി.
സംസ്ഥാനത്തെ ജനസംഖ്യയിൽ ലിംഗായത്ത് സമുദായം 14-16 ശതമാനം വരുമെന്നാണ് കണക്ക്. വൊക്കലിഗ സമുദായം 10-11 ശതമാനവും. ലിംഗായത്ത് വിഭാഗത്തിന്റെ മനസ്സ് കുറെക്കാലമായി ബി.ജെ.പി.ക്കൊപ്പമാണ്. സംസ്ഥാനത്തെ ബി.ജെ.പി.യിലെ അതികായനായ മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഈ വിഭാഗത്തിലെ അനിഷേധ്യ നേതാവാണ്.

2021-ൽ യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ് പിൻസീറ്റിലേക്ക് മാറി. ഇത് സമുദായത്തിന്റെ പിന്തുണ ബി.ജെ.പി.യിൽനിന്ന് അകലാൻ കാരണമാകുമോയെന്ന ആശങ്ക പാർട്ടിക്കുണ്ട്. ലിംഗായത്തിലെത്തന്നെ നേതാവാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും. പക്ഷേ, സമുദായത്തിനുമേലുള്ള സ്വാധീനം യെദ്യൂരപ്പയ്ക്കുതന്നെ. യെദ്യൂരപ്പ പിന്നിലും ബൊമ്മെ മുന്നിലുംനിന്ന് നയിക്കുന്ന ഇത്തവണത്തെ തിരഞ്ഞെടുപ്പ് മുൻ വർഷങ്ങളിലേതുപോലെയല്ലെന്ന് ബി.ജെ.പി.ക്ക് നന്നായറിയാം. സർക്കാരിനെതിരായ വികാരം ജനങ്ങളിലുണ്ടെന്ന ആശങ്കയും പാർട്ടിക്കുണ്ട്. ഇതിനെയെല്ലാം അതിജീവിച്ച് ഭരണത്തുടർച്ച നേടിയേ പറ്റൂ. ന്യൂനപക്ഷത്തെ പിണക്കിയും പ്രബല സമുദായത്തെ പ്രീണിപ്പിക്കാൻ കാണിക്കുന്ന ആവേശത്തിനു കാരണവും മറ്റൊന്നല്ല.

കണ്ണ് വൊക്കലിഗ ഹൃദയഭൂമിയിൽ
വൊക്കലിഗ വിഭാഗത്തിന് നിർണായക സ്വാധീനമുള്ള പഴയ മൈസൂരു മേഖലയിൽ കടന്നുകയറാനുള്ള ശ്രമത്തിലാണ് ഇക്കുറി ബി.ജെ.പി. മൈസൂരു, മാണ്ഡ്യ, ഹാസൻ, ചിക്കമഗളൂരു തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങൾ പിടിച്ചെടുക്കണം. കാലങ്ങളായി കോൺഗ്രസിനും ജെ.ഡി.എസിനുമാണ് ഇവിടെ സ്വാധീനം. ഈ മേഖലയിൽനിന്ന് കാര്യമായി സീറ്റുകൾ ലഭിക്കാത്തതാണ് ബി.ജെ.പി.ക്ക് ഭൂരിപക്ഷത്തിലെത്തുന്നതിന് തടസ്സമായി നിൽക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാർട്ടി ദേശീയാധ്യക്ഷൻ ജെ.പി.നഡ്ഡയും നേരത്തേത്തന്നെ ഇവിടെയെത്തി പ്രചാരണത്തിന് തുടക്കമിട്ടത് ഇക്കാര്യം മനസ്സിൽവെച്ചാണ്. വൊക്കലിഗ സംവരണം രണ്ടുശതമാനം ഉയർത്തിയത് ഈ മേഖലയിൽ കടന്നുകയറാനുള്ള ബി.ജെ.പി.യുടെ തന്ത്രമാണ്.

ലാഭം നോക്കിയുള്ള കണക്കുകൂട്ടൽ
2011-ലെ സെൻസസ് പ്രകാരം കർണാടകത്തിൽ മുസ്‌ലിങ്ങൾ 12.92 ശതമാനമുണ്ട്. അതിപ്പോൾ 15-20 ശതമാനത്തിലെത്തിയിട്ടുണ്ടാകാമെന്നാണ് അനുമാനം. ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങളോളംതന്നെ പ്രബലമായ വോട്ടുബാങ്കാണ് മുസ്‌ലിം വിഭാഗവുമെന്ന് വ്യക്തം. എന്നിട്ടും അവരുടെ സാമുദായിക സംവരണം പൂർണമായും എടുത്തുമാറ്റിയത് ബി.ജെ.പി.യുടെ ലാഭം നോക്കിയുള്ള കണക്കുകൂട്ടലാണ്. ഹിജാബ് വിവാദവും കന്നുകാലി കശാപ്പുനിയമം നടപ്പാക്കിയതും പള്ളികളിലെ ബാങ്ക് വിളിക്കുന്നതിനെതിരേയുണ്ടായ നിയന്ത്രണവും ടിപ്പുസുൽത്താൻ വിവാദവുമെല്ലാം ന്യൂനപക്ഷവിഭാഗങ്ങളെ ബി.ജെ.പി.യിൽനിന്ന് ഏറെ അകറ്റിയിട്ടുണ്ട്. അതുകൊണ്ട് അവരിൽനിന്നുണ്ടാകുന്ന എതിർപ്പ് പാർട്ടിക്ക് നഷ്ടക്കണക്കുണ്ടാക്കില്ല. മുസ്‌ലിങ്ങളുടെ സാമുദായിക സംവരണം പിൻവലിക്കാനുള്ള തീരുമാനമെടുക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത് ഇതാണ്. സംസ്ഥാനത്ത് ന്യൂനപക്ഷ സ്വാധീനമുള്ള ഭൂരിഭാഗം മണ്ഡലങ്ങളും കോൺഗ്രസിനോ ജെ.ഡി.എസിനോ ഒപ്പമാണ്.

കരുതലോടെ കോൺഗ്രസും ജെ.ഡി.എസും
സംവരണം മുൻനിർത്തിയുള്ള ബി.ജെ.പി.യുടെ കരുനീക്കങ്ങളെ കരുതലോടെയാണ് കോൺഗ്രസും ജെ.ഡി.എസും കാണുന്നത്. പരമ്പരാഗതമായി തങ്ങൾക്കൊപ്പം നിൽക്കുന്ന വൊക്കലിഗ വിഭാഗത്തിനും പട്ടിക വിഭാഗങ്ങൾക്കും സംവരണം ലഭിക്കുന്നതിനെ അവർക്ക് എതിർക്കാനാവില്ല. അതേസമയം, ഇവർക്കിടയിലേക്ക് ബി.ജെ.പി. നടത്തുന്ന കടന്നുകയറ്റത്തെ കൈയുംകെട്ടി നോക്കിനിൽക്കാനുമാവില്ല. അത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഇരു പാർട്ടികൾക്കുമറിയാം. പട്ടികവിഭാഗങ്ങൾക്ക് സംവരണം വർധിപ്പിക്കാനുള്ള ബിൽ നിയമസഭയിലെത്തിയപ്പോൾ കോൺഗ്രസും ജെ.ഡി.എസും വലിയ എതിർപ്പുകൾ ഉയർത്താതിരുന്നത് ഇതുകൊണ്ടാണ്. ഐകകണ്ഠ്യേനയാണ് ബിൽ പാസാക്കിയത്.അതേസമയം, മുസ്‌ലിം വിഭാഗങ്ങളുടെ സംവരണം പിൻവലിക്കാനുള്ള തീരുമാനത്തെ കോൺഗ്രസും ജെ.ഡി.എസും എതിർക്കുന്നു. ഭരണഘടനാവിരുദ്ധമാണ് തീരുമാനമെന്നും തങ്ങൾക്ക് അധികാരം ലഭിച്ചാൽ സംവരണം പുനഃസ്ഥാപിക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു. സർക്കാർ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കാൻ മുസ്‌ലിം വിഭാഗത്തിൽപ്പെട്ട എം.എൽ.എ.മാരും നേതാക്കളും യോഗം ചേർന്ന് തീരുമാനമെടുത്തു. മുസ്‌ലിം വോട്ടുകളെ പൂർണമായി തങ്ങൾക്കൊപ്പം നിർത്താനുള്ള അവസരം വിനിയോഗിക്കാനാണ് കോൺഗ്രസിന്റെ നീക്കം.

Content Highlights: editpage

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..