വിജ്ഞാന സമൂഹത്തിലേക്കുള്ള പരിവർത്തനം അനിവാര്യം -ഡോ. പി.വി. ഉണ്ണികൃഷ്ണൻ


2 min read
Read later
Print
Share

വിജ്ഞാനസമൂഹങ്ങൾ തുടർച്ചയായ മാറ്റത്തിന്റെ നിർമിതികളാണ്‌. കഴിഞ്ഞ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം, 2016-ൽ സംസ്ഥാന ആസൂത്രണബോർഡ് പ്രസിദ്ധീകരിച്ച ഇക്കണോമിക് റിവ്യൂ, ­2017-ൽ പ്രഖ്യാപിച്ച വിവരസാങ്കേതികവിദ്യാ നയം, 2018-ൽ സംസ്ഥാനസർക്കാർ പുതുതായി രൂപവത്‌കരിച്ച കേരള ഡെവലപ്‌മെന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ എന്ന സംവിധാനത്തിന്റെ കാഴ്ചപ്പാടുകൾ, കേരള ഡെവലപ്പ്‌മെന്റ് റിപ്പോർട്ട്-2021 എന്നീ രേഖകളൊക്കെ ചൂണ്ടിക്കാണിക്കുന്നത് വൈജ്ഞാനിക സമൂഹത്തിലേക്കുള്ള മാറ്റത്തിന്റെ ചേരുവകൾ തന്നെയാണ്.
2021-ലെ കേരള വികസനറിപ്പോർട്ട് പറയുന്നത്‌ വ്യവസായവും വിദ്യാഭ്യാസ സംവിധാനവും വിജ്ഞാനത്തിന്റെ സൃഷ്ടിയും ഉത്‌പാദന പ്രക്രിയയുമായി സംയോജിപ്പിക്കേണ്ടതുണ്ട് എന്നാണ്. അതിന്, വിദ്യാഭ്യാസ സംവിധാനത്തിൽ സവിശേഷമായ പരിശീലനം നൽകുന്നതിനായി വ്യാവസായിക മേഖലയിലുള്ള സാങ്കേതികവിദഗ്ധരുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. അതുവഴി പ്രത്യേക വിഷയങ്ങളിലൂന്നിയ പഠനങ്ങൾ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമാക്കണം. ഇതോടൊപ്പം പുത്തൻ ആശയ രൂപവത്‌കരണത്തിനു വേണ്ടിയുള്ള ഒരു സംസ്കാരം ഉന്നതവിദ്യാഭ്യാസരംഗത്ത് സൃഷ്ടിക്കണം.
ഉത്‌പാദനമേഖലയിലടക്കം പുതിയ വിജ്ഞാനം ഉപയോഗപ്പെടുത്തി കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ ഉത്‌പാദനക്ഷമതയും മൂല്യവർധനശേഷിയും ഉറപ്പുവരുത്തുന്നതിലാണ് ഈ നയരൂപവത്‌കരണ രേഖകളുടെയെല്ലാം ഊന്നൽ.
കേരളവികസനത്തിൽ പുത്തൻ ആശയ രൂപവത്‌കരണത്തിന്റെ പ്രാധാന്യം കണ്ടുകൊണ്ട് തുല്യതയിലൂന്നിയ വികസന കുതിച്ചുചാട്ടങ്ങൾക്കുവേണ്ടിയുള്ള ശ്രമങ്ങളുടെ പ്രധാന ഉപാധിയായിട്ടാണ് കെ-ഡിസ്കിന് സംസ്ഥാനസർക്കാർ രൂപം നൽകിയത്. കേരള വികസനരംഗത്ത് നവീനവും തന്ത്രപരവുമായ പാതകൾ ഒരുക്കുകയാണ് ലക്ഷ്യം. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങൾ അതിജീവിക്കുന്നതിന് തൊഴിലധിഷ്ഠിത നൈപുണ്യ വികസനത്തിലൂന്നി, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം െമച്ചപ്പെടുത്തേണ്ടതുണ്ട്‌. സമ്പൂർണമായ ആരോഗ്യസേവനം നൽകുന്നതിനായി ഭക്ഷ്യസുരക്ഷയും അതോടൊപ്പം ഉറപ്പു വരുത്തണം. ലിംഗനീതിയും പാർശ്വവത്‌കരിക്കപ്പെടുന്ന വിഭാഗങ്ങളുടെ പങ്കാളിത്തവും ഉണ്ടാവണം.
കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളിൽ ഒന്ന് കയർ, കശുവണ്ടി, കൈത്തറി തുടങ്ങി ഏറ്റവുമധികം തൊഴിലാളികളുള്ള പരമ്പരാഗത വ്യവസായങ്ങളാണ്. നാണ്യവിളകളാണ് സമ്പദ്‌വ്യവസ്ഥയുടെ രണ്ടാമത്തെ അടിസ്ഥാനം. മൂന്നാമത് ഫാക്ടറി വ്യവസായങ്ങളാണ്. ഇത് ഉത്‌പാദനക്ഷമത കുറഞ്ഞ ഒരു ഘടനയാണ്. ഈ മൂന്ന് മേഖലകളിലും ഗൗരവമായ പ്രതിസന്ധികൾ കേരളം അഭിമുഖീകരിക്കുന്നുണ്ട്‌. വലിയ ഒരുവിഭാഗം മലയാളികൾ വിദേശത്തുപോയി അവിടെനിന്ന് വിദേശനാണ്യം സമ്പാദിച്ച് അയക്കുന്നതിനാലാണ് അത് നാം കാര്യമായി അറിയാതെ പോകുന്നതും നമ്മുടെ സമ്പദ്‌വ്യവസ്ഥ നിലനിൽക്കുന്നതും.
പരമ്പരാഗത വ്യവസായങ്ങളുടെയും നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന നാണ്യവിളകളുടെയും മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത ഫാക്ടറികളുടെയും കേന്ദ്രീകൃത ഉത്‌പാദനരീതികളിൽനിന്നു വ്യത്യസ്തമായി വിജ്ഞാനപ്രമുഖമായ വ്യവസായങ്ങളുടെ ഒരു അടിത്തറയിലേക്ക് കേരളം വളരേണ്ടതുണ്ട്.
അതിനായി പുതിയ ആശയങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്‌. മികവുറ്റ മാനവ വിഭവശേഷി രൂപപ്പെടുത്തേണ്ടതുണ്ട്‌. വൈജ്ഞാനിക വ്യവസായങ്ങൾ ഉണ്ടാവേണ്ടതുണ്ട്‌. ആ പരിവർത്തനത്തിലേക്കുള്ള പ്രയാണത്തിലാണ്‌ നാം ഇപ്പോൾ.

, മെമ്പർ സെക്രട്ടറി, കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..