വാർത്തകൾക്ക് വേലികെട്ടുമ്പോൾ അവിടത്തെപ്പോലെ ഇവിടെയും


അനിഷ്‌ ജേക്കബ്‌

2 min read
Read later
Print
Share

പ്രതീകാത്മകചിത്രം

മാധ്യമങ്ങൾക്ക് വാർത്തകിട്ടുന്നതിനുള്ള വഴികളടയ്ക്കാനായി ഗവേഷണത്തിലാണ് അധികാരികൾ. വാർത്തകൾ സർക്കാർ തരും. അവ പ്രസിദ്ധീകരിച്ചാൽ മതിയെന്നതാണ് ഈ നയത്തിന്റെ വികസിതരൂപം. സർക്കാർവിരുദ്ധ വാർത്തകൾ തടയാൻ അങ്ങോട്ടേക്കുള്ള വഴികളടച്ചാൽ മതിയെന്നാണ് കണ്ടുപിടിത്തം. തലസ്ഥാനത്ത് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റാണല്ലോ വാർത്താലേഖകരുടെ പ്രധാന വാർത്താ ഉറവിടം. അവിടെനിന്നുതന്നെയാണ് നിയന്ത്രണങ്ങൾക്ക് തുടക്കം. പരീക്ഷണാടിസ്ഥാനത്തിലാണ് ശുഭാരംഭം. വിജയിച്ചാൽ സംസ്ഥാനമാകെ വ്യാപിപ്പിക്കുകയുമാവാം.
സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് ഏതുസമയത്തും ചെല്ലാനുള്ള സർവസാതന്ത്ര്യം സ്വാതന്ത്ര്യലബ്ധിമുതലുണ്ട്. മാധ്യമപ്രവർത്തകർക്ക് ഇരിക്കാനായി പ്രസ് റൂം വരെ ഉണ്ടായിരുന്നു ഒരുകാലത്ത്. പരമാവധി തിരിച്ചറിയൽ കാർഡ് കാണിക്കണമെന്നുമാത്രം.

സെക്രട്ടേറിയറ്റിൽ കയറുന്നതിനുവരെ ആദ്യമായി നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. ഒരു ലേഖകൻ ഏത് ഉദ്യോഗസ്ഥനെയാണോ കാണാൻ ഉദ്ദേശിക്കുന്നത് അദ്ദേഹത്തിന്റെ മുൻകൂർ അനുമതി തേടിയിരിക്കണം. പോരാ, അത് കവാടത്തിലുള്ള സെക്യൂരിറ്റി ജീവനക്കാരനെ ഉദ്യോഗസ്ഥൻ അറിയിച്ചിരിക്കണം. ഇന്നയാൾ, ഇന്നദിവസം, ഇന്ന ഓഫീസിലെത്തി, ഇന്ന ഉദ്യോഗസ്ഥനെ കണ്ടിട്ടുണ്ടെന്ന വിവരം സെക്യൂരിറ്റി ഓഫീസിലെ രജിസ്റ്ററിൽ രേഖപ്പെടുത്തും. പോരേ പൂരം.

സർക്കാർ ജീവനം ഉപജീവനമാക്കിയ ഏതെങ്കിലും ഉദ്യോഗസ്ഥൻ പിന്നെ വിവരം നൽകുന്നതുപോയിട്ട് മാധ്യമപ്രവർത്തകരെ കണ്ടാൽ പരിചയംപോലും നടിക്കുമോ? തീർന്നില്ല. വടിയെടുക്കാൻ പോയിട്ടേയുള്ളൂ. ഭാവിയിലേക്കുള്ള ക്രമീകരണം പഴുതടച്ചതാണ്. സെക്രട്ടേറിയറ്റിലെ ഓരോ സെക്‌ഷനിലും സ്മാർട്ട് കവാടങ്ങൾ സ്ഥാപിച്ചുതുടങ്ങി. സെക്യൂരിറ്റി വിഭാഗത്തിൽനിന്നു നൽകുന്ന സ്മാർട്ട് കാർഡ് ബന്ധപ്പെട്ട സെക്ഷനിൽ രേഖപ്പെടുത്തിയേ അകത്തു പ്രവേശിക്കാൻ കഴിയൂ. അവിടെനിന്ന് മറ്റൊരു സെക്‌ഷനിൽ കയറണമെങ്കിൽ അവിടെയും വിവരം രേഖപ്പെടുത്തും. ചുരുക്കത്തിൽ സെക്രട്ടേറിയറ്റിൽവരുന്ന ഓരോരുത്തരുടെയും റൂട്ട് മാപ്പ് പരിശോധിക്കാവുന്ന സംവിധാനമാണ് വരുന്നത്. സുരക്ഷാകാരണങ്ങളും ഉദ്യോഗസ്ഥരുടെ സമയംകൊല്ലി കറക്കവും യൂണിയൻ പ്രവർത്തനവും മറ്റും നിയന്ത്രിക്കാനാണ് പുതിയ വേലികൾ എന്നാണ് പറയുന്നത്. എന്നാൽ, മാധ്യമങ്ങൾക്കുകൂടി വേലികെട്ടുകയാണ് ലക്ഷ്യം. മാധ്യമപ്രവർത്തകർ ഇങ്ങോട്ട് വരേണ്ട, പകരം വാർത്തകൾ അങ്ങോട്ട് തരാം എന്നതാണ് നയം. ഓരോ മന്ത്രിക്കും ഓരോ പി.ആർ.ഒ.യെക്കൂടി നിയമിക്കാനുള്ള ഫയലിനും ജീവൻവെച്ചിട്ടുണ്ട്.

മാതൃക ഡൽഹി
നിയമസഭയിൽ ചോദ്യോത്തരവേള പകർത്താനുണ്ടായിരുന്ന സ്വാതന്ത്ര്യം ആദ്യമേ അവസാനിപ്പിച്ചു. സഭാ ടി.വി.ക്ക് നേരത്തേ ഭരണ, പ്രതിപക്ഷ വ്യത്യാസമുണ്ടായിരുന്നില്ല. ഇപ്പോൾ ക്യാമറ ബഹളം കാണില്ല. ഡൽഹിയാണ് ഇതിൽ മാതൃക. കോവിഡിന്റെ മറവിൽ പാർലമെന്റിലേക്കുള്ള പ്രവേശനം നിയന്ത്രിക്കപ്പെട്ടു. മറ്റുള്ളവർ ഔദ്യോഗിക സംവിധാനത്തെയോ, അകത്തുകയറാൻ ഭാഗ്യംകിട്ടിയവരെയോ ആശ്രയിക്കണം. ലോക്‌സഭയിലേക്കുള്ള സ്ഥിരം പാസ് ഇപ്പോഴില്ല. മുതിർന്ന ലേഖകർക്ക് നൽകിയിരുന്ന സെൻട്രൽ ഹാൾ പാസും നിർത്തലാക്കി. പി.ഐ.ബി. അക്രഡിറ്റേഷന്റെ ബലത്തിൽ എല്ലാ മന്ത്രാലയങ്ങളിലും ചെല്ലാവുന്നതും പരിമിതപ്പെടുത്തി. മന്ത്രാലയങ്ങളിലെത്തി ഉദ്യോഗസ്ഥരെ കാണുന്നതിനും മുൻകൂർ അനുമതിവേണം. ആരെ, എപ്പോൾ, ആരൊക്കെ കാണുന്നെന്ന് പുസ്തകത്തിൽ രേഖയുണ്ടാകും. വിജയിച്ച ഡൽഹിമാതൃക ഇവിടേക്കും പകർത്തപ്പെടുന്നു. എല്ലാം നിരീക്ഷണത്തിലാക്കുകയാണ് ഭരണകൂടങ്ങളുടെ നയം. അതിൽ കൊടിയുടെ നിറത്തിന് എന്തു വ്യത്യാസം.

കെ.പി.സി.സി.യിൽ പഞ്ചാവതാരം
നിങ്ങളറിഞ്ഞോ, കെ.പി.സി.സി. പ്രസിഡന്റിന് അഞ്ചു ഭാവങ്ങളിൽവരെ അവതരിക്കാൻ കഴിയും. പ്രസിഡന്റില്ലാത്ത കെ.പി.സി.സി. ഓഫീസ് സ്റ്റേഷൻമാസ്റ്ററില്ലാത്ത സ്റ്റേഷൻപോലെയാണെന്ന വിമർശം ഇടയ്ക്കുയർന്നു. ഇതേത്തുടർന്ന് ഒരു കെ.പി.സി.സി. യോഗത്തിൽ താൻ ആഴ്ചയിൽ നാലുദിവസം ഓഫീസിലുണ്ടാകുമെന്ന് അദ്ദേഹം വാക്കുനൽകി. വാക്കല്ലേ മാറ്റാനാകൂ. പ്രസിഡന്റിന്റെ അഭാവത്തിൽ ഭരണനിർവഹണത്തിന് നാൽവർസംഘമുണ്ട്. നാലുപേരുടെ തീരുമാനങ്ങൾ നടപ്പാക്കുകയാണ് അഞ്ചാമന്റെ ചുമതല. അഞ്ചാമൻപദവിയിൽ സംസ്ഥാനത്തെ കെ.സി. വേണുഗോപാലാണ്. മുന്നണിവിട്ട കേരള കോൺഗ്രസിന് തിരികെവരാൻ രാജ്യസഭാ സീറ്റ് മുമ്പ് ദാനംചെയ്തതിൽ പ്രതിഷേധിച്ച് പാർട്ടിവിട്ടയാളാണ് സംഘത്തിലെ മുഖ്യൻ. ഇപ്പോൾ കെ.പി.സി.സി. പ്രസിഡന്റിനോട് അറ്റാച്ചുചെയ്ത് ജനറൽ സെക്രട്ടറിയായി. എ.ഐ.സി.സി. പ്രസിഡന്റിനുപോലും അറ്റാച്ച്ഡ് ജനറൽ സെക്രട്ടറിയില്ലെന്ന് ഓർക്കണം. മറ്റൊരാൾ നിയമസഭയിലെ അങ്കമവസാനിപ്പിച്ച് ലോക്‌സഭയിലേക്ക് ഒരുകൈനോക്കാൻ തയ്യാറെടുക്കുന്ന ബലവാനാണെങ്കിൽ പല തിരഞ്ഞെടുപ്പുകളിൽ പൊരുതിയിട്ടുള്ളയാളാണ് നാലാമൻ. അടുത്തയാളെ കെ.പി.സി.സി. ഖജാൻജിപദത്തിലേക്ക് നേർന്നിരിക്കയാണ്. എന്നാൽ, ഇവരിൽ പലരുടെയും നിയന്ത്രണം കാണാച്ചരടുകളിലാണ്. ഗ്രഹിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. ആള് കൂടിയാൽ പാമ്പ് ചാകില്ലെന്ന പഴഞ്ചൊല്ലിൽ പതിരില്ലെന്ന് എല്ലാവരുംകൂടി നടത്തിയ പുനഃസംഘടന തെളിയിച്ചു. പുനഃസംഘടന ഒരു വഴിക്കായപ്പോൾ അത് പൂർത്തീകരിക്കാനായി ഏഴംഗസമിതിയെ പുതുതായി നിയമിക്കേണ്ടിയുംവന്നു.

സേർച്ച്‌ലൈറ്റ്
മാണിസാറിന്റെ ആത്മകഥ ഉടൻ പുറത്തിറങ്ങും. അദ്ദേഹം ജീവിച്ചിരുന്നപ്പോഴത്തെ മിത്രങ്ങൾ പിന്നീട് മാണി ജൂനിയറിന്റെ ശത്രുക്കളും ശത്രുക്കൾ മിത്രങ്ങളുമായ സ്ഥിതിക്ക് ബാർകോഴ കേസിന്റെയും ബജറ്റ് അവതരണത്തിന്റെയും അണിയറക്കഥകൾ പുറത്തുവരുമ്പോൾ ആരൊക്കെ വാഴ്ത്തപ്പെടുമെന്നും വീഴ്ത്തപ്പെടുമെന്നും ആർക്കറിയാം?

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..