കളം വിഴുങ്ങുന്ന കളികൾ


അനീഷ് പി. നായർ

3 min read
Read later
Print
Share

.

സമ്പന്നമായൊരു പാരമ്പര്യമുണ്ടായിട്ടും കേരളത്തിലെ കായികരംഗം തളരുകയാണ്. അന്താരാഷ്ട്രതലത്തിൽത്തന്നെ മേൽവിലാസമുണ്ടാക്കിയ പ്രതിഭാധനരായ താരങ്ങളുടെ മിന്നുന്നപ്രകടനം നമ്മുടെ ഓർമകളിലുണ്ട്. എന്നാൽ, വർത്തമാനകാലത്ത് കാര്യങ്ങൾ കുറച്ചു കടുപ്പമാണ്. ഒരു കാലത്ത് കുത്തകയായിരുന്ന ഇനങ്ങളിൽപ്പോലും നാം കിതയ്ക്കുന്നു. അതിന്റെ കാരണമന്വേഷിച്ചുചെല്ലുമ്പോൾ ആദ്യം കണ്ടെത്താൻ കഴിയുന്നത് കായിക അസോസിയേഷനുകളിലെ നിലയ്ക്കാത്ത തർക്കങ്ങളും ദീർഘവീക്ഷണമില്ലായ്മയുമാണ്. ഇവിടെ അപഹസിക്കപ്പെടുന്നത് നമ്മുടെ കായികസംസ്കാരമാണ്. കായികരംഗത്ത് കരിനിഴൽ വീഴ്ത്തുന്ന വഴികളിലൂടെ ഒരു അന്വേഷണം.


2022 ഡിസംബർ 22 കേരള കായികചരിത്രത്തിലെ കറുത്തദിനങ്ങളിലൊന്ന്. ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനായി ആലപ്പുഴയിൽനിന്ന് നാഗ്പുരിലെത്തിയ പത്തുവയസ്സുകാരി നിദ ഫാത്തിമ മരിച്ചത് അന്നാണ്. രാവിലെ മത്സരത്തിനായി പുറപ്പെട്ട താരത്തെ ശാരീരികാസ്വാസ്ഥ്യംകാരണം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ചാണ് കുഞ്ഞുതാരത്തിന്റെ മരണം. ദേശീയ മത്സരത്തിനെത്തിയ നിദ ഉൾപ്പെട്ട ടീമിന് ദേശീയ ഫെഡറേഷൻ അടിസ്ഥാനസൗകര്യങ്ങൾ നൽകിയില്ലെന്ന് അന്ന് ആക്ഷേപമുണ്ടായിരുന്നു. സൈക്കിൾപോളോയിൽ കേരളത്തിൽ രണ്ട് അസോസിയേഷനുകളാണുള്ളത്. ദേശീയ മത്സരത്തിനായി രണ്ട് വിഭാഗങ്ങളും പോയിരുന്നു. നിദ ഉൾപ്പെട്ട സംഘം കോടതി ഉത്തരവുമായാണ് പോയത്. എന്നാൽ, അവിടെ താമസമുൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമായില്ലെന്നാണ് ആരോപണം.

2023 ജനുവരി പതിനെട്ടിനാണ് ടേബിൾ ടെന്നീസ് താരം അജിൻസ് സജിയെ ടേബിൾ ടെന്നീസ് അസോസിയേഷൻ ഓഫ് കേരള വിലക്കിയ വാർത്ത പുറത്തുവന്നത്. ടേബിൾ ടെന്നീസിലെ മറ്റൊരു വിഭാഗമായ കേരള ടേബിൾ ടെന്നീസ് അസോസിയേഷൻ നടത്തിയ എറണാകുളം ജില്ലാ ചാമ്പ്യൻഷിപ്പിൽ കളിച്ചു എന്നതാണ് കുറ്റം. അന്നേ ദിവസമാണ് ഡൽഹിയിലെ ജന്തർമന്തറിൽ അന്താഷ്ട്ര തലത്തിൽ മെഡലുകൾ വാരിക്കൂട്ടി രാജ്യത്തിന്റെ യശസ്സുയർത്തിയ ഗുസ്തി താരങ്ങളുടെ സമരം ആരംഭിച്ചതും. റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റും ബി.ജെ.പി. പാർലമെന്റ് അംഗവുമായ ബ്രിജ്ഭൂഷൻ ശർമയുടെപേരിൽ ലൈംഗികാതിക്രമം ആരോപിച്ചാണ് ഒളിമ്പിക് മെഡൽ ജേതാക്കൾ ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങൾ തെരുവിൽ സമരം ആരംഭിച്ചത്. ലോക ഗുസ്തി ചാമ്പ്യൻ വിനേഷ് ഫോഗട്ട്, ഒളിമ്പിക്സ് വെങ്കലമെഡൽ ജേതാവ് ബജ്‌റംഗ് പുണിയ, ഒളിമ്പ്യൻ സാക്ഷി മാലിക് തുടങ്ങിയവർ നേതൃത്വം നൽകിയ സമരം നീറിപ്പടർന്ന് അന്താരാഷ്ട്രതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടു. താരങ്ങളുടെ ആവശ്യം അംഗീകരിച്ച് കേന്ദ്രകായികമന്ത്രാലയം പരിഹാരനടപടികൾ സ്വീകരിക്കുന്നതുവരെ സമരം തുടർന്നു.സമീപകാലത്ത് നടന്ന ഈ മൂന്ന് സംഭവങ്ങളിൽ രണ്ടെണ്ണം കേരളത്തിലും ഒന്ന് ദേശീയതലത്തിലുമാണ്. കായികതാരങ്ങൾ അനുഭവിക്കുന്ന നൂറുകൂട്ടം പ്രശ്നങ്ങളുടെ നേർചിത്രമായി നമുക്കിതിനെ കാണാം. കായികമേഖലയിലെ വികസനത്തിന് ചുക്കാൻ പിടിക്കേണ്ട കായികസംഘടനകളിൽ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കറപുരളുമ്പോൾ പ്രതിസന്ധിയിലാകുന്നത് കളിക്കാരാണ്, അവരുടെ ഭാവിയും സ്വപ്നങ്ങളുമാണ്.

നിലയ്ക്കാത്ത ചേരിപ്പോര്

കായികസംഘടനകളുടെ തമ്മിലടിയും ചേരിപ്പോരും കേരളത്തിൽ മുൻകാലങ്ങളെക്കാൾ വർധിച്ചുവരുകയാണ്. കേരള സ്പോർട്‌സ് കൗൺസിലിൽ അംഗത്വമുള്ള 47 കായിക സംഘടനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതിൽ വോളിബോൾ, ചെസ്, ബോക്സിങ്, കബഡി അസോസിയേഷനുകളെ കൗൺസിൽ സസ്പെൻഡു ചെയ്തിട്ടുണ്ട്. റൈഫിൾ അസോസിയേഷനിൽ അഡ്‌ഹോക്ക് കമ്മിറ്റിയാണ് ഭരണം നടത്തുന്നത്. മറ്റ് നാല് സംഘടനകളിൽ തർക്കമുണ്ട്. ഇതിൽ പലതും കോടതിയുടെ പരിഗണനയിലാണ്. നാല് അസോസിയേഷനുകളിലെ തർക്കം പരിഹരിക്കപ്പെട്ടത് സമീപകാലത്താണ്‌.
കായികമേഖലയിലെ രാഷ്ട്രീയാതിപ്രസരവും സാമ്പത്തിക താത്പര്യങ്ങളുമാണ് അസോസിയേഷനുകളിലെ തമ്മിലടിക്ക് പ്രധാന കാരണം. ഇതിന് ഫലപ്രദമായ പരിഹാരം കാണാൻ കേരള സ്പോർട്‌സ് കൗൺസിലിനും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും കായികവകുപ്പുകൾക്കും കഴിയാറുമില്ല. കേന്ദ്രത്തിലായാലും കേരളത്തിലായാലും ഭരിക്കുന്ന പാർട്ടികൾ അസോസിയേഷനുകൾ പിടിച്ചെടുക്കാൻ ശ്രമിക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കേരള സ്പോർട്‌സ് കൗൺസിലിൽത്തന്നെ പലതർക്കങ്ങളും ഉടലെടുത്തതോടെ ഭരണസമിതിയെ മാറ്റിയത് അടുത്തിടെയാണ്. മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം യു. ഷറഫലി പ്രസിഡന്റായ സമിതിയാണ് നിലവിൽ വന്നത്.അസോസിയേഷനുകളിലെ ഭിന്നിപ്പുമൂലം കായികമികവ് വർധിപ്പിക്കാൻ അവസരമില്ലാതെയും ചേരിപ്പോരിൽ കുരുങ്ങിയും താരങ്ങൾ ഉഴലുന്നു. സ്പോർട്‌സ് ക്വാട്ടയിലെ ജോലി, സ്കൂൾ, കോളേജ് പ്രവേശനം തുടങ്ങിയ കാര്യങ്ങളും പ്രതിസന്ധിയിലാകുന്നു. മുൻകാലങ്ങളിൽ നേട്ടമുണ്ടാക്കിയിരുന്ന ഫെൻസിങ്, ഖോ-ഖോ, ഷൂട്ടിങ്, ഹാൻഡ്‌ബോൾ, ചെസ്, ബോക്സിങ് എന്നിവയിൽ സമീപകാലത്തെ പ്രകടനം മോശമായതും അസോസിയേഷനുകളിലെ പ്രശ്നങ്ങൾകൊണ്ടാണ്. അതത് കായികയിനങ്ങളിലെ വികസനപ്രവർത്തനങ്ങളും താരങ്ങളെ വാർത്തെടുക്കാനുള്ള പദ്ധതിയും താളംതെറ്റിയത് ദേശീയ തലത്തിൽ പ്രതിഫലിക്കുകയും ചെയ്തിട്ടുണ്ട്.

വോളിയിലെ പ്രതികാരം

ദേശീയ ഗെയിംസിൽ അവസാന മണിക്കൂറുകൾ വരെ നീണ്ട സസ്പെൻസിനൊടുവിൽ കോർട്ടിലിറങ്ങിയ കേരള പുരുഷ-വനിതാ ടീമുകൾ സ്വർണത്തോടെ മധുരപ്രതികാരം ചെയ്തു. അവരുടെ പോരാട്ടം സംസ്ഥാന വോളിബോൾ അസോസിയേഷനോടായിരുന്നു. കേരള വോളിബോൾ അസോസിയേഷൻ നിലവിൽ സ്പോർട്‌സ് കൗൺസിലിന്റെ സസ്പെൻഷനിലായിരുന്നു. ഇതോടെ ദേശീയ ഗെയിംസിനുള്ള ടീമിനെ സ്പോർട്‌സ് കൗൺസിൽ നിയോഗിച്ച എട്ടംഗ സമിതിയാണ് തിരഞ്ഞെടുത്തത്. എന്നാൽ, വോളി അസോസിയേഷനും ടീമിനെ അയക്കാൻ തീരുമാനിച്ചതോടെ വിഷയം കോടതി കയറി. പിന്നെ കേസുകളുടെ നൂലാമാലകൾ. അവസാനം കോടതി ഉത്തരവിൽ കൗൺസിൽ ടീം കോർട്ടിലിറങ്ങി. ഇരുടീമുകളും സ്വർണം നേടിയത് അസോസിയേഷന് ഇരട്ടപ്രഹരവുമായി.

ദേശീയഗെയിംസിൽ സംഭവിച്ചത്

കേരളം കായികരംഗത്ത് നേരിടുന്ന പ്രതിസന്ധിയുടെ ആഴം ഗുജറാത്തിൽ ഒക്ടോബറിൽ നടന്ന ദേശീയ ഗെയിംസിൽനിന്ന് മനസ്സിലാക്കാം.പരമ്പരാഗതമായി കേരളം കരുത്തുകാണിച്ചിരുന്ന ഇനങ്ങളിൽപ്പോലും പിറകിലായി. ഹരിയാണ, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾ മെഡൽപട്ടികയിൽ കേരളത്തിന് മുകളിൽവന്നു. മധ്യപ്രദേശും ഉത്തർപ്രദേശും കനത്ത വെല്ലുവിളി ഉയർത്തുകയും ചെയ്തു. 2015-ൽ കേരളം ആതിഥ്യം വഹിച്ച ഗെയിംസുമായി താരതമ്യപ്പെടുത്തുമ്പോൾ 2022-ൽ 108 മെഡലുകളുടെ കുറവാണ് വന്നത്. 31 സ്വർണമാണ് നഷ്ടമായത്. ഗുജറാത്തിൽ 23 സ്വർണവും 18 വെള്ളിയും 13 വെങ്കലവുമാണ് കേരളം നേടിയത്. കേരളത്തിൽ നടന്ന ഗെയിംസിൽ 54 സ്വർണവും 48 വെള്ളിയും 60 വെങ്കലും നേടിയിരുന്നു.

കണ്ണീരണിഞ്ഞ് ഹാൻഡ്‌ബോൾ ടീം

വോളിയിൽ കളിക്കാരുടെ വിജയഗാഥയാണെങ്കിൽ ബീച്ച് ഹാൻഡ്‌ബോളിൽ കളിക്കാരുടെ കണ്ണീരിന്റെ കഥയാണ്. ദേശീയ ഫെഡറേഷനിലെ ഭിന്നിപ്പുകാരണം ദേശീയ ഗെയിംസിൽനിന്ന് അവസാനനിമിഷം ഹാൻഡ്‌ബോളിനെ സംഘാടകർ ഒഴിവാക്കിയതോടെ പാഴായത് കേരളത്തിെന്റ ഇരുടീമുകളിലെയും 20 കളിക്കാരുടെ പ്രയത്നവും പണവും. ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ 42 ദിവസമാണ് കേരള പുരുഷ-വനിതാ ടീം പരിശീലനം നടത്തിയത്. സ്പോർട്‌സ് കൗൺസിൽ ഒന്നരലക്ഷം രൂപയാണ് നൽകിയിരുന്നത്. ബാക്കി പണം കളിക്കാരാണ് മുടക്കിയത്. ദേശീയതലത്തിൽ ഹാൻഡ്‌ബോൾ അസോസിയേഷൻ ഓഫ് ഇന്ത്യയും ഹാൻഡ്‌ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയും വ്യത്യസ്ത എൻട്രികൾ സംസ്ഥാനങ്ങളിലേക്ക് അയച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിൽ ഒരു സംഘടനയ്ക്ക് അന്താരാഷ്ട്ര ഫെഡറേഷെന്റെ അംഗീകാരവും മറ്റൊരു സംഘടനയ്ക്ക് കേന്ദ്രകായികമന്ത്രാലയത്തിന്റെ അംഗീകാരവുമുണ്ട്. തർക്കം പരിഹാരമാകാതിരുന്നതോടെ മത്സരം ഗെയിംസിൽനിന്ന് ഒഴിവാക്കി. സംഘടനകൾ തമ്മിലുള്ള ചേരിപ്പോരിൽ കളിക്കാർ പടിക്കുപുറത്തായി.

(തുടരും)

Content Highlights: editpage

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..