.
കേരള സ്‌പോർട്‌സ് കൗൺസിലിന്റെ വെബ്‌സൈറ്റ് പരിശോധിച്ചാൽ അതിൽ 47 കായിക അസോസിയേഷനുകളെ കാണാം. ഇതിൽ നിലവിൽ സസ്‌പെൻഷനിലുള്ളതും അഡ്‌ഹോക്ക് കമ്മിറ്റിയുള്ളതുമൊക്കെയുണ്ട്. ദേശീയതലത്തിലെ മികവിന്റെയും അംഗീകാരത്തിന്റെയും അടിസ്ഥാനത്തിലുള്ള കൗൺസിലിന്റെ ഗ്രേഡ് പട്ടികയിലുള്ളത് 41 അസോസിയേഷനുകളാണ്. ഗ്രേഡ് പ്രതീക്ഷിക്കുന്ന രണ്ടെണ്ണം വേറേയുമുണ്ട്. കേരള ഒളിമ്പിക് അസോസിയേഷന്റെ കീഴിലുള്ളത് 34 അസോസിയേഷനുകളാണ്.
കളംവിട്ടുള്ള കളികൾ
വോളിബോൾ, കബഡി, ചെസ്, ബോക്‌സിങ് അസോസിയേഷനുകളെയാണ് വിവിധ കാരണങ്ങളാൽ സ്‌പോർട്‌സ് കൗൺസിൽ സസ്‌പെൻഡുചെയ്തത്. റൈഫിൾ അസോസിയേഷനിൽ അഡ്‌ഹോക്ക് കമ്മിറ്റിയാണ്. ടേബിൾ ടെന്നീസ്, സൈക്കിൾ പോളോ, കരാട്ടെ, വുഷു അസോസിയേഷനുകളിൽ തർക്കമുണ്ട്. ഫെൻസിങ്, ഖോ-ഖോ എന്നിവയിലെ തർക്കം അടുത്തിടെയാണ് പരിഹരിച്ചത്.
വോളിബോളിലാണ് പ്രതിസന്ധി രൂക്ഷം. വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം കേന്ദ്രകായികമന്ത്രാലയം റദ്ദാക്കിയതിനെത്തുടർന്നാണ് 2021-ൽ സ്‌പോർട്‌സ് കൗൺസിൽ സംസ്ഥാന വോളിബോൾ അസോസിയേഷനെ സസ്‌പെൻഡുചെയ്തത്. അന്ന് ചാർലി ജേക്കബ് പ്രസിഡന്റും നാലകത്ത് ബഷീർ സെക്രട്ടറിയുമായ ഭരണസമിതിയാണ് നിലവിലുണ്ടായിരുന്നത്. ഭരണസമിതി മാറിയെങ്കിലും സസ്‌പെൻഷൻ ഇപ്പോഴും നിലനിൽക്കുന്നു. കൗൺസിൽ നിയോഗിച്ച അഡ്‌ഹോക്ക് കമ്മിറ്റി നിലവിലുണ്ട്.ഇതിനുമുമ്പും വോളി അസോസിയേഷനെതിരേ സ്‌പോർട്‌സ് കൗൺസിൽ നടപടിയെടുത്തിരുന്നു. അസോസിയേഷനിലെ സാമ്പത്തികക്രമക്കേടുകളെക്കുറിച്ച് ഒരുവിഭാഗം ആരോപണമുയർത്തിയിരുന്നു. അസോസിയേഷന്റെ സസ്‌പെഷൻമൂലം ദേശീയ ഗെയിംസിനുള്ള ടീം തിരഞ്ഞെടുപ്പ് കോടതികയറുകയും ചെയ്തു. ദേശീയതലത്തിൽ കേരളത്തിന് മേൽവിലാസമുള്ള കായികയിനത്തിലെ ഭിന്നിപ്പ് ഭാവിയിൽ കനത്ത തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
കബഡി അസോസിയേഷൻ 2017 മുതൽ സ്‌പോർട്‌സ് കൗൺസിലിന്റെ സസ്‌പെൻഷനിലാണ്. 2017-ൽ അനർഹരായ താരങ്ങളെ സംസ്ഥാന കോച്ചിങ് ക്യാമ്പിൽ പങ്കെടുപ്പിച്ചു എന്ന പരാതിയുയർന്നതോടെയാണ് അസോസിയേഷനെ കൗൺസിൽ സസ്‌പെൻഡുചെയ്തത്. തുടർന്ന് അസോസിയേഷനിൽ ഭിന്നിപ്പ് രൂക്ഷമായി. 2020-ൽ നിലവിലെ ഭാരണസമിതിയുടെ കാലാവധി കഴിയുകയും ചെയ്തു. തിരഞ്ഞെടുപ്പ് നീണ്ടതോടെ പരാതി ഹൈക്കോടതിയിലെത്തി. സസ്‌പെൻഷന്റെയും തിരഞ്ഞെടുപ്പിന്റെയും കാര്യത്തിൽ കോടതി കൗൺസിലിനെ ചുമതലപ്പെടുത്തി. ഇതേത്തുടർന്ന് അസോസിയേഷനിൽ തിരഞ്ഞെടുപ്പ് നടക്കുകയും ഫിലിപ്പ് തോമസ് പ്രസിഡന്റായും മുരളീധരൻ സെക്രട്ടറിയായും ഭരണസമിതി നിലവിൽവരുകയും ഇതിനെ കൗൺസിൽ അംഗീകരിക്കുകയും ചെയ്തു. എന്നാൽ, തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി മുൻ സെക്രട്ടറി വിജയകുമാർ നേതൃത്വം നൽകുന്ന വിഭാഗം ഹൈക്കോടതിയെ സമീപിച്ചു. കേസിൽ ഇപ്പോഴും അന്തിമവിധി വരാത്തതിനാൽ അസോസിയേഷന്റെ സസ്‌പെൻഷൻ നിലനിൽക്കുന്നു.
ചെസ് അസോസിയേഷനും 2017-ലാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്. ഒരുകൂട്ടം കളിക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമികാന്വേഷണം നടത്തിയാണ് കൗൺസിൽ നടപടി സ്വീകരിച്ചത്. ഇതോടെ കേസ് ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലുമെത്തി. നിലവിൽ ഹൈക്കോടതിയിലാണ് കേസുള്ളത്. വിഷയം പരിഹരിക്കാനുള്ള നീക്കം കൗൺസിൽ നടത്തുന്നില്ലെന്ന് ചെസ്സിലെ ഇരുവിഭാഗക്കാരും ഒരുപോലെ കുറ്റപ്പെടുത്തുന്നു. മുൻ സെക്രട്ടറിയായ ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള വിഭാഗം മത്സരങ്ങളുമായി സജീവമാണ്. കളിക്കാരുടെ കൂട്ടായ്മയായ ചെസ് കേരളയും മത്സരങ്ങൾ നടത്തുന്നുണ്ട്. ദേശീയ ചെസ് ഫെഡറേഷൻ തർക്കത്തിൽ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്.അമെച്ചർ ബോക്‌സിങ് അസോസിയേഷനെ അടുത്തിടെയാണ് സ്‌പോർട്‌സ് കൗൺസിൽ സസ്‌പെൻഡുചെയ്തത്. മൂന്നുവർഷമായി വരവുചെലവു കണക്കുകൾ അവതരിപ്പിക്കാത്തതിനെത്തുടർന്നാണ് ഡോ. എൻ.കെ. സൂരജ് പ്രസിഡന്റും ഡോ. സി.ബി. റജി സെക്രട്ടറിയുമായ അസോസിയേഷനെ സസ്‌പെൻഡുചെയ്തത്. വുഷുവിൽ അസോസിയേഷനിലെ തർക്കം രൂക്ഷമാണ്. എസ്.എസ്. സുനിൽ നേതൃത്വം നൽകുന്ന വിഭാഗവും സി.പി. ആരിഫ് നേതൃത്വം നൽകുന്ന വിഭാഗവുമാണ് നിലവിലുള്ളത്. തർക്കത്തെത്തുടർന്നുള്ള കേസുകൾ കോടതിയുടെ പരിഗണനയിലാണ്. കരാട്ടെയിൽ ദേശീയ ഫെഡറേഷനിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് കേരളത്തിലും തർക്കമുള്ളത്. റൈഫിൾ അസോസിയേഷനിൽ അഡ്‌ഹോക്ക് കമ്മിറ്റിയുടെ വരവ് സാങ്കേതികകാര്യങ്ങളുമായി ബന്ധപ്പെട്ടാണ്.
അവിടെ ഞങ്ങൾ, ഇവിടെ നിങ്ങൾ
ടേബിൾ ടെന്നീസ്, സൈക്കിൾ പോളോ എന്നിവയിൽ സ്‌പോർട്‌സ് കൗൺസിൽ അംഗീകാരമുള്ള അസോസിയേഷനുകൾക്കല്ല ദേശീയ ഫെഡറേഷന്റെ അംഗീകാരമുള്ളത്. ടേബിൾ ടെന്നീസ് അസോസിയേഷൻ ഓഫ് കേരളയ്ക്കാണ് ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം. എന്നാൽ, കേരള ടേബിൾ ടെന്നീസ് അസോസിയേഷനാണ് സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരം. സൈക്കിൾ പോളോയിൽ കേരള സൈക്കിൾ പോളോ അസോസിയേഷനെയാണ് കൗൺസിൽ അംഗീകരിച്ചത്. എന്നാൽ, സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയ്ക്കാണ് ദേശീയ ഫെഡറേഷന്റെ അംഗീകാരമുള്ളത്. സമീപകാലത്ത് കേരളം മികച്ച നേട്ടമുണ്ടാക്കിയ ഫെൻസിങ്ങിലെ അഡ്‌ഹോക്ക് ഭരണം അടുത്തിടെയാണ് മാറിയത്. ദേശീയ ഫെഡറേഷന്റെ കീഴിൽ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതി നിലവിൽവന്നിട്ടുണ്ട്.
ദേശീയതലത്തിലും അടി
ദേശീയ കായികഫെഡറേഷനുകളിലും തമ്മിലടിക്കും സാമ്പത്തികക്രമക്കേടുകൾക്കും കുറവൊന്നുമില്ല. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന് ഫിഫയുടെ വിലക്കുവന്നതും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ വിലക്കിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതും അടുത്തിടെനടന്ന സംഭവങ്ങളാണ്. ഏഷ്യൻ ഗെയിംസിലടക്കം രാജ്യം നേട്ടമുണ്ടാക്കുന്ന കബഡി വിലക്കിന്റെ വക്കിലാണ്. ഗുസ്തിയിൽ ഫെഡറേഷൻ പ്രസിഡന്റടക്കമുള്ളവർക്കെതിരേ താരങ്ങൾ തെരുവിലിറങ്ങി. ഹോക്കിയിൽ ചേരിതിരിവുണ്ടായിരുന്നെങ്കിലും മുൻ ഇന്ത്യൻ താരം ദിലീപ് ടിർക്കെ പ്രസിഡന്റായതോടെ പ്രശ്നം ഒതുങ്ങിയിട്ടുണ്ട്. മുമ്പ് വിലക്കുനേരിട്ട ബോക്‌സിങ്ങിൽ വീണ്ടും പ്രശ്നങ്ങൾ തലപൊക്കിയിട്ടുണ്ട്. ടേബിൾ ടെന്നീസ് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ കോടതി ഇടപെടലിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇരുവിഭാഗങ്ങൾ അവസാനംവരെ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും ഒടുവിൽ ഒത്തുതീർപ്പിലൂടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. മേഘാന അഹ്‌ളാവത് പ്രസിഡന്റും മുൻ ദേശീയ ചാമ്പ്യൻ കമലേഷ് മേത്ത സെക്രട്ടറി ജനറലുമായ കമ്മിറ്റിയാണ് നിലവിൽവന്നത്. ദേശീയ വോളിബോൾ ഫെഡറേഷന് കേന്ദ്രകായികമന്ത്രാലയത്തിന്റെ അംഗീകാരമില്ല. ഹാൻഡ്‌ബോളിലും രണ്ടു സംഘടനകളുണ്ട്. ഒന്നിന് ഇന്റർനാഷണൽ ഫെഡറേഷന്റെയും മറ്റൊന്നിന് കായികമന്ത്രാലയത്തിന്റെയും പിന്തുണയുണ്ട്.
ചട്ടം പറയുന്നത്
ഓരോ അസോസിയേഷനും അംഗീകാരം ലഭിക്കാൻ കൃത്യമായ ചട്ടങ്ങളുണ്ട്. ഇവ കർശനമായി നടപ്പാക്കിയാൽ ഒരുപരിധിവരെ അസോസിയേഷനുകളുടെ പ്രവർത്തനം സുതാര്യവും മികച്ചതുമാകും. എന്നാൽ, പല അസോസിയേഷനുകളും ഇത് കാറ്റിൽപ്പറത്തിയാണ് പ്രവർത്തിക്കുന്നത്. കൃത്യമായ മോണിറ്ററിങ് സ്‌പോർട്‌സ് കൗൺസിലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുമില്ല.ചട്ടപ്രകാരം സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗീകാരം ലഭിക്കാൻ ദേശീയ ഫെഡറേഷന്റെ അംഗീകാരമാണ് ഇതിൽ പ്രധാനം. സംഘടന ചാരിറ്റബിൾ ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യതാകണം. പത്ത് ജില്ലാ അസോസിയേഷനുകളെങ്കിലും ആക്ടീവാകണം, വരവുചെലവുകൾ കൃത്യമായി അവതരിപ്പിക്കണം. ഓരോ അസോസിയേഷന്റെയും സംസ്ഥാന സെക്രട്ടറി അതത് കായികയിനത്തിൽ സംസ്ഥാനതലത്തിൽ കളിച്ചയാളായിരിക്കണം. 70 വയസ്സിൽ മുകളിലുള്ളവർക്ക് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ തസ്തികളിൽ പ്രവർത്തിക്കാൻ കഴിയില്ല. ദേശീയ കായികനയപ്രകാരം 12 വർഷമാണ് ഭാരവാഹിസ്ഥാനത്ത് ഇരിക്കാൻ കഴിയുക. ഇതിൽ രണ്ടു ടേം തുടർച്ചയായി പദവിയിലിരുന്നാൽ ഒരു ടേം മാറിനിന്നതിനുശേഷം മൂന്നാം ടേമിലേക്ക് തിരിച്ചെത്താം.
പുതുക്കാതെ ഗ്രേഡിങ്
41 അസോസിയേഷനുകൾക്കാണ് സ്‌പോർട്‌സ് കൗൺസിലിന്റെ ഗ്രേഡിങ്ങുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്രാന്റ് ലഭിക്കുന്നത്. സംസ്ഥാനതലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് ഓരോ ഗ്രേഡിലും വ്യത്യസ്തമായ രീതിയിലാണ് തുക ലഭിക്കുന്നത്. ഇതിനുപുറമേ ദേശീയ മത്സരങ്ങൾക്കായി കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കാനും മത്സരങ്ങൾക്കായി പോകുമ്പോൾ ലഭിക്കുന്ന ബത്തകൾക്കും വ്യത്യാസമുണ്ടാകും.
ദേശീയതലത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡിങ് തീരുമാനിക്കുന്നത്. കോവിഡ് വ്യാപനംമൂലം കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി ഗ്രേഡിങ് പുതുക്കിയിട്ടില്ല.
കായികസംഘടനകളുടെ ഗ്രേഡിങ്
എ ഗ്രേഡ് അസോസിയേഷൻ: അത്‌ലറ്റിക്‌സ്, നീന്തൽ, ബാഡ്മിന്റൺ, ബാസ്‌കറ്റ്‌ബോൾ, സൈക്ലിങ്, ഫുട്‌ബോൾ, ഫെൻസിങ്, കനോയിങ് കയാക്കിങ്, റോവിങ്, വോളിബോൾ, തായ്ക്വാൺഡോ
ബി ഗ്രേഡ്: ഖോ-ഖോ, സോഫ്റ്റ്‌ബോൾ, പവർലിഫ്റ്റിങ്, വടംവലി, ബോൾ ബാഡ്മിന്റ്ൺ, ജൂഡോ, ടെന്നിക്കോയി, ഗുസ്തി, സൈക്കിൾ പോളോ, ജിംനാസ്റ്റിക്‌സ്
സി ഗ്രേഡ്: ഹാൻഡ്‌ബോൾ, ടേബിൾ ടെന്നീസ്, റോളർ സ്‌കേറ്റിങ്, അമ്പെയ്ത്ത്, ബോഡി ബിൽഡിങ്, ചെസ്, റൈഫിൾ, വുഷു, ആട്യപാട്യ, ബേസ്‌ബോൾ, നെറ്റ്‌ബോൾ, ബോക്‌സിങ്, കരാട്ടെ, വെയ്റ്റ്‌ലിഫ്റ്റിങ്, ടെന്നീസ്, കബഡി, ത്രോബോൾ, ഹോക്കി ഡി ഗ്രേഡ്: പഞ്ചഗുസ്തി, കളരിപ്പയറ്റ്
(തുടരും)
Content Highlights: editpage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..