ഉയിർപ്പിന്റെ അർഥം


ഫാ. ജേക്കബ് നാലുപറയിൽ

2 min read
Read later
Print
Share

ഈസ്റ്റർ ആശംസകൾ

ഫ്രഞ്ച് ചിത്രകാരന്‍ നോയല്‍ ക്വാപെലിന്റെ
റിസറക്ഷന്‍ ഓഫ് ക്രൈസ്റ്റ് (1700)
എന്ന പെയിന്റിങ്

‘പ്രപഞ്ചനാഥനായ കർത്താവേ, അങ്ങ് എന്നെ ഒരു സ്ത്രീയായി സൃഷ്ടിക്കാഞ്ഞതിനാൽ ഞാൻ അങ്ങയെ സ്തുതിക്കുന്നു’ -പണ്ട് യഹൂദൻ പതിവായി ചൊല്ലിയിരുന്ന പ്രഭാതപ്രാർഥനയാണിത്. അത്തരമൊരു സാമൂഹികപശ്ചാത്തലത്തിൽ ജീവിച്ച നസ്രേത്തിലെ യേശുവാണ് തന്റെ ഉത്ഥാനത്തിനുശേഷം ആദ്യം ഒരു സ്ത്രീക്ക്‌ പ്രത്യക്ഷപ്പെടുന്നത്-മറിയം മഗ്ദലനയ്ക്ക്! സുവിശേഷം പറയുന്നു: ‘ഉയിർത്തെഴുന്നേറ്റശേഷം, ആഴ്ചയുടെ ഒന്നാംദിവസം രാവിലെ യേശു ആദ്യം മഗ്ദലന മറിയത്തിന്‌ പ്രത്യക്ഷപ്പെട്ടു’ (മർക്കോസ് 16:9). ഇതിനർഥം, ഉത്ഥിതനായ യേശു ആദ്യം പ്രത്യക്ഷപ്പെടുന്നത് ശിഷ്യപ്രമുഖനായ പത്രോസിനല്ല, പ്രേഷ്ഠശിഷ്യനായ യോഹന്നാനല്ല. എന്തിന്, സ്വന്തം അമ്മയ്ക്കുപോലുമല്ല. രണ്ടായിരംവർഷത്തിനുശേഷം ഇത് വായിക്കുന്ന നമുക്കുപോലും ഇത് ഉതപ്പായിത്തോന്നാം.
മരണശേഷമുള്ള പ്രത്യക്ഷപ്പെടലിൽ യേശു പുലർത്തുന്ന ഈ സമീപനത്തെ മറ്റൊരു രീതിയിൽ വായിക്കാനാവും; മരണത്തിനുമുമ്പുള്ള ജീവിതത്തിൽ അദ്ദേഹം പുലർത്തിയ പക്ഷപാതപരമായ നിലപാടുകളുടെ തുടർച്ചയായിട്ട്. അതറിയണമെങ്കിൽ, യേശുവിന്റെ പരസ്യജീവിതത്തിന്റെ തുടക്കത്തിലേക്കുതന്നെ പോകണം.

നസ്രേത്തിലെ മാനിഫെസ്റ്റോ

പൊതുപ്രവർത്തനം ആരംഭിക്കുന്നതിനുമുമ്പ് സ്വന്തം ഗ്രാമത്തിലെ സിനഗോഗിൽ​െവച്ച് യേശു നടത്തുന്ന ഒരു പ്രഭാഷണമുണ്ട്. ‘നസ്രേത്ത് മാനിഫെസ്റ്റോ’ എന്നാണത് അറിയപ്പെടുന്നത്. അതായത് സ്വന്തം ജീവിതത്തിൽ യേശു ചെയ്യാൻ പദ്ധതിയിട്ടിരുന്നതിന്റെയെല്ലാം സംക്ഷിപ്തരൂപം. യേശു പറഞ്ഞു: ¡‘‘കർത്താവിന്റെ അരൂപി എന്റെ മേൽ ഉണ്ട്. ദരിദ്രരെ സുവിശേഷമറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകംചെയ്തിരിക്കുന്നു. ബന്ധിതർക്ക്‌ മോചനവും അന്ധർക്ക്‌ കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക്‌ സ്വാതന്ത്ര്യവും കർത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാൻ അവിടുന്ന്‌ എന്നെ അയച്ചിരിക്കുന്നു’’ (ലൂക്കാ 4:1819).
അപ്പോൾ, ബന്ധിതർക്ക്‌ മോചനംനൽകുകയും ദരിദ്രർക്ക്‌ നല്ല വാർത്ത എത്തിക്കുകയുമാണ് യേശുവിന്റെ ജീവിതലക്ഷ്യമെന്ന് വരുന്നു. എന്നുെവച്ചാൽ, അധഃസ്ഥിതരുടെ ശാക്തീകരണം. അതിലൂടെ രൂപംകൊള്ളേണ്ട പുതിയ സാമൂഹികക്രമത്തിന് അവൻ കൊടുത്ത പേരായിരുന്നു ‘ദൈവരാജ്യം.’ പ്രഘോഷണത്തിന്റെ തുടക്കത്തിൽത്തന്നെ യേശു ഇത് വ്യക്തമായി പറയുന്നുണ്ട്. അവൻ പറഞ്ഞു: ‘‘സമയം പൂർത്തിയായിരുന്നു. ദൈവരാജ്യം അടുത്തെത്തിയിരുന്നു (മർക്കോ. 1:15)’’.

യേശുവിന്റെ ദൈവരാജ്യം

അങ്ങനെയെങ്കിൽ, എന്തായിരുന്നു യേശു വിഭാവനംചെയ്ത ദൈവരാജ്യം? ദൈവം മാനവജീവിതത്തിൽ പിതാവായി ഭരണംനടത്തുന്ന അവസ്ഥയാണിത്. ദൈവം സകലരുടെയും പിതാവായിത്തീർന്നാൽ മനുഷ്യരെല്ലാം സഹോദര്യതുല്യതയിൽ ജീവിക്കും. പോരാ, പിതൃസ്വത്തിൽ (ഈ ഭൂമിയിലും ഇവിടത്തെ വിഭവങ്ങളിലും) മനുഷ്യരെല്ലാം തുല്യ അവകാശികളുമായി മാറും. അത്തരമൊരു പിതൃഭരണക്രമത്തിൽ സാഹോദര്യവും സമഭാവനയും സ്വാതന്ത്ര്യവും സമൂഹത്തിൽ പടർന്നുപിടിക്കും.സാഹോദര്യതുല്യതയും സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിൽ യേശുവിന് ദരിദ്രരുടെയും പതിതരുടെയും നിസ്വരുടെയും പക്ഷം ചേരാതിരിക്കാനായില്ല. അങ്ങനെയാണ്, ‘ചുങ്കക്കാരുടെയും പാപികളുടെയും സുഹൃത്ത്‌’ എന്ന വിശേഷണം അവന് ചാർത്തിക്കിട്ടിയത് (ലൂക്കാ 7:34). അത്തരമൊരു പക്ഷംചേരലിലൂടെ യേശുവിന് അധികാരകേന്ദ്രങ്ങളെ അപ്രീതിപ്പെടുത്തേണ്ടിവന്നു. അതുകൊണ്ടാണ് പാപികളോടും ചുങ്കക്കാരോടുമൊപ്പം അവൻ ഭക്ഷണം കഴിക്കുന്നതിനെതിരേ ഫരിസേയർ ആക്ഷേപം ഉന്നയിച്ചത് (മർക്കോ. 2:16). പരസ്യമായി സ്ത്രീകളോട് സംസാരിച്ചുകൊണ്ടും (യോഹ 4:27) അവരെ അനുയായികളാക്കിക്കൊണ്ടും (മർക്കോ. 14:41) ശിരസ്സിൽ സുഗന്ധതൈലം പൂശുന്നവളെ ന്യായീകരിച്ചുകൊണ്ടും (മർക്കോ. 14:38) ഏറ്റവും രൂക്ഷമായ ചില വിലക്കുകളെയാണ് അവൻ തകർത്തത്. ഇതിന്റെയെല്ലാം പരിണതഫലമായി മതാധികാരവും രാഷ്ട്രീയാധികാരവും തുടക്കംമുതൽ യേശുവിനെതിരേ കൈകോർത്തു: ‘ഫരിസേയർ ഉടനെ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കാൻ വേണ്ടി ഹേറോദേസ് പക്ഷക്കാരുമായി ആലോചനനടത്തി’ (മർക്കോ. 3:6). അതിന്റെ സ്വാഭാവികമായ മൂർധന്യമാണ് സെൻഹെദ്രിൻ നടത്തിയ മതവിചാരണയും (മർക്കോ. 14:5364) പീലാത്തോസ് നടത്തിയ രാഷ്ട്രീയവിചാരണയും (മർക്കോ. 15:115). ഫലമോ, ഇരുകൂട്ടരും അവനെ മരണത്തിന് വിധിച്ചു.

ഉയിർത്തെഴുന്നേറ്റ നിലപാടുകൾ

മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റത് കുരിശിൽ മരിച്ചവൻ മാത്രമായിരുന്നില്ല, അവന്റെ നിലപാടുകൾകൂടിയായിരുന്നു. വിശ്വസാഹോദര്യവും സമഭാവനയും സ്വാതന്ത്ര്യവുമല്ലാതെ മറ്റെന്താണ് മൂന്നാംനാൾ ജീവനിലേക്ക്‌ ഉയിർത്തെഴുന്നേറ്റുവന്ന ആ നിലപാടുകൾ. അവയുടെ ഏറ്റവും തിളക്കമാർന്ന ഉയിർത്തെഴുന്നേൽപ്പായിരുന്നു പതിമ്മൂന്നാം നൂറ്റാണ്ടിൽ അസീസിയിലെ ദിവ്യയോഗിയിലും സംഭവിച്ചത്. ദൈവം സ്വന്തം അപ്പനായിത്തീർന്ന വെളിച്ചത്തിൽ നോക്കിയപ്പോൾ എല്ലാവരും അദ്ദേഹത്തിന് സഹോദരങ്ങളായി കാണപ്പെട്ടു. മനുഷ്യർ മാത്രമല്ല, ചെന്നായയും കുരുവിയും പുഴയും മലയും സൂര്യനും ചന്ദ്രനും എന്തിന്, സ്വന്തം മരണംപോലും ഫ്രാൻസീസിന് സഹോദരിയായി മാറി. ഉള്ളിലേക്ക് പിൻവലിയുന്നതിനുപകരം ‘പുറമ്പോക്കുകളിലേക്കാണ്’ കത്തോലിക്കാസഭ നീങ്ങേണ്ടതെന്ന് പ്രഖ്യാപിച്ച ഫ്രാൻസീസ് പാപ്പയിലും പ്രതിധ്വനിക്കുന്നത് ഉത്ഥിതന്റെ നിലപാടുകളല്ലേ?

(ജറുസലേമിലെ ഫ്രാൻസിസ്കൻ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്‌ ‘യേശുവിന്റെ സ്വത്വബോധം’ എന്ന വിഷയത്തിലാണ്‌ ലേഖകൻ ഗവേഷണം നടത്തിയത്‌)

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..