നിങ്ങളൊരു ബസ്‌യാത്രയിലാണെന്ന് സങ്കല്പിക്കുക. പെട്ടെന്ന് പിറകിൽനിന്നൊരാൾ എഴുന്നേറ്റുനിന്ന് കൈയിലുള്ള കുപ്പിയിൽനിന്ന് പെട്രോൾ ചീറ്റി തീപടർത്തി പുറത്തേക്കോടുന്നു. അന്വേഷണത്തിനെത്തിയ പോലീസിനോട് ഈ പ്രതിയുടെ രൂപം പറഞ്ഞുകൊടുക്കാൻ നിങ്ങൾക്കു സാധിക്കുമോ? അപകടമുള്ള സാഹചര്യത്തിൽ ഏതൊരാളും അവിടെനിന്നു രക്ഷപ്പെടാനാണ് ശ്രമിക്കുക. ഈ സമയത്ത് തലച്ചോറിലെ അമിഗ്ഡല എന്ന ഭാഗത്ത് രാസപ്രവർത്തനങ്ങളുണ്ടാവുകയും ചെയ്യും. അനങ്ങനെയിരിക്കെ തന്റെമുൻപിൽ കാണുന്നതൊക്കെ കൃത്യതയോടെ ഓർത്തിരിക്കാൻ ഭൂരിഭാഗം വ്യക്തികൾക്കും കഴിയണമെന്നില്ല. അക്രമിയുടെ രൂപം വർണിക്കാൻ ശ്രമിക്കുമ്പോൾ ഓർമയിൽനിന്ന് കൃത്യമായ വിവരങ്ങൾ ലഭിക്കണമെന്ന് ഒരു നിർബന്ധവുമില്ല എന്നതാണ് വസ്തുത. അതുകൊണ്ട് രേഖാചിത്രത്തിനാവശ്യമായി പറഞ്ഞുകൊടുക്കുന്ന വിവരങ്ങളിൽ മിക്കതും തെറ്റാവാനുള്ള സാധ്യത ഏറെയാണ്.
സിനിമകളിൽ ഉപബോധമനസ്സിൽനിന്ന് ആളെ തപ്പിയെടുത്തു പേപ്പറിൽ പകർത്തുന്നത് കണ്ടുശീലിച്ച നമ്മൾക്ക് എപ്പോഴെങ്കിലും രേഖാചിത്രം തെറ്റിപ്പോയി എന്ന് കേൾക്കുമ്പോൾ ചിരിവന്നേക്കാം. എന്നാലതിൽ അദ്‌ഭുതപ്പെടാനില്ലെന്നു മാത്രമല്ല ഇത് ആരുടെയും കുറ്റമായി കാണേണ്ടതുമില്ല. വരച്ചെടുക്കുന്ന ആളുടെ കഴിവിനേക്കാളുപരി സാക്ഷിയുടെ വിവരണത്തിനനുസരിച്ചിരിക്കും ചിത്രത്തിന്റെ കൃത്യത. പിന്നെയെന്തിന് രേഖാചിത്രങ്ങൾ വരയ്ക്കുന്നു? കുറ്റവാളിയെ പിടികൂടാൻ പരമാവധി തെളിവുകൾ ശേഖരിക്കുന്ന രീതികളിൽ ഒന്നുമാത്രമാണ് രേഖാചിത്രം.
പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് എത്തിനോക്കിയാൽ രേഖാചിത്രം വരച്ച് കുറ്റവാളിയെ കണ്ടെത്തിയ കേസുകൾ കാണാം. അവിടന്നിങ്ങോട്ടും രേഖാചിത്രങ്ങൾ കേസുകളെ സഹായിച്ചിട്ടുണ്ടെങ്കിലും ഏറിയതവണയും ഫലം തിരിച്ചായിരുന്നു. കംപ്യൂട്ടറുകളുപയോഗിച്ച് രേഖാചിത്രങ്ങൾക്ക് കുറച്ചുകൂടി കൃത്യതവരുത്താൻ കഴിയുമെങ്കിലും കുറ്റവാളിയുടെ രൂപത്തോട് സാമ്യം കണ്ടെത്തുക ഇപ്പോഴും ബുദ്ധിമുട്ടായിത്തുടരുന്നു. തലയോട്ടിയിൽനിന്ന് മുഖം രൂപപ്പെടുത്തിയെടുക്കുന്ന വിദ്യപോലെയല്ല (ഫൊറൻസിക് ഫേഷ്യൽ റീകൺസ്ട്രക്ഷൻ) ആളുടെ രൂപം ഓർമയിൽനിന്നെടുത്ത് പറഞ്ഞു വരച്ചെടുപ്പിക്കുക എന്നത്. വെളുത്ത നിറം, ഏകദേശം അഞ്ചടി ഉയരം, വെട്ടിയൊതുക്കിയ മുടി എന്നൊക്കെ പറഞ്ഞുകൊടുക്കാമെന്നെല്ലാതെ ഭീതിനിറഞ്ഞ സാഹചര്യത്തിൽ മുഖത്തിന്റെ കൃത്യമായ ഘടനയോർത്തെടുക്കുക അസാധ്യംതന്നെ. ഓർത്തെടുക്കുന്നതിൽ പറ്റുന്ന ചെറിയ പിശകുകൾ കൂടിച്ചേരുമ്പോൾ വലിയൊരു പിഴവായി അത് മാറുന്നു. രേഖാചിത്രത്തെ മാത്രം ആശ്രയിച്ച് കുറ്റവാളിയെ കണ്ടെത്തുന്നത് ശാസ്ത്രീയമായ രീതിയല്ല. ചിലപ്പോൾ അത് ഉപകരിച്ചേക്കാമെന്നുമാത്രം.
ഷെഫീൽഡ് സർവകലാശാലയിൽ ഗവേഷകവിദ്യാർഥിയാണ് ലേഖകൻ
Content Highlights: editpage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..