അധികാരം എന്ന അസംബന്ധനാടകം


ജയകൃഷ്ണൻ

2 min read
Read later
Print
Share

1896-ൽ അരങ്ങിലെത്തിയ ‘ഇബ്യു രാജാവ്’ എന്ന നാടകം കാണികളെ ഞെട്ടിക്കുക മാത്രമല്ല, അക്രമാസക്തരാക്കുകയുംചെയ്തു. അഭിനേതാക്കളുടെ വായിൽനിന്ന് വന്ന അശ്ലീലപദങ്ങളും ദ്വയാർഥപ്രയോഗങ്ങളും ‘സംസ്കാരസമ്പന്നർ’ക്കേറ്റ മുഖത്തടിയായി

1896 ഡിസംബർ പത്താംതീയതി ലോകനാടകവേദി ‘ഇടിഞ്ഞുപൊളിഞ്ഞുവീണു’; പിന്നെ അതൊരിക്കലും പഴയതുപോലെയായില്ല. കാരണം, അന്നാണ് വെറും 23 വയസ്സുള്ള, അത്രയൊന്നും അറിയപ്പെടാത്ത അൽഫ്രെദ് ഷാറി(Alfred Jarry) എന്ന എഴുത്തുകാരന്റെ ‘ഇബ്യു രാജാവ്’ (Ubu Roi) എന്ന നാടകം പാരീസിൽ അരങ്ങേറിയത്. സാഹിത്യത്തിലെ ആധുനികതാപ്രസ്ഥാനത്തിന്റെയും സർ റിയലിസത്തിന്റെയും തുടക്കം ഈ നാടകത്തിൽനിന്നാണെന്ന് കരുതപ്പെടുന്നു. ആദ്യത്തെ അസംബന്ധനാടകവും ഇതുതന്നെ.നാടകം കാണികളെ ഞെട്ടിക്കുകമാത്രമല്ല, അക്രമാസക്തരാക്കുകയുംചെയ്തു. കൂത്തുപാവകളെപ്പോലെ വേഷമിട്ട, വിലക്ഷണമായി ചലിച്ച അഭിനേതാക്കളുടെ വായിൽനിന്ന് അശ്ലീലപദങ്ങളും ദ്വയാർഥപ്രയോഗങ്ങളും പ്രവഹിക്കുകയായിരുന്നു. നാടകം കാണാൻ വന്ന ‘സംസ്കാരസമ്പന്നർ’ക്ക് മുഖത്തടിയേറ്റ പോലെയായി. അവർ കൂവിവിളിച്ചു. അരങ്ങിലേക്ക് ചാടിക്കയറി നടന്മാരെ അടിച്ചോടിച്ചു. സംഭാഷണങ്ങളിലെ അസഭ്യതമാത്രംകേട്ട അവർ, നാടകത്തിന്റെ രൂപത്തിലെയും പ്രമേയത്തിലെയും പുതുമ കാണാതെപോയി. പകുതിപോലുമാകുംമുമ്പ് നാടകം അവസാനിച്ചു. അന്നവിടെ കൂടിയവരിൽ, മഹാകവി ഡബ്ള്യു.ബി. യേറ്റ്‌സിനെപ്പോലെ വളരെ കുറച്ചുപേർമാത്രമേ എഴുത്തുകാരന്റെ പ്രതിഭ തിരിച്ചറിഞ്ഞ് നാടകത്തെ അനുകൂലിക്കാനുണ്ടായിരുന്നുള്ളൂ.

അമിതമദ്യപാനംകൊണ്ടും ലഹരിമരുന്നുകളുടെ ഉപയോഗംകൊണ്ടും മുപ്പത്തിനാലാമത്തെ വയസ്സിൽ അന്തരിച്ച അൽഫ്രെദ് ഷാറിയുടെ ജീവിതം, അദ്ദേഹത്തിന്റെ നാടകങ്ങൾപോലെ അസംബന്ധത നിറഞ്ഞതായിരുന്നു. സ്കൂൾ വിദ്യാർഥിയായിരുന്ന കാലത്ത് തന്റെ അധ്യാപകനെ കളിയാക്കാൻ സഹപാഠികളുമായി ചേർന്നെഴുതിയ ഒരു ഹാസ്യനാടകത്തിൽനിന്നാണ് ഇബ്യു എന്ന കഥാപാത്രത്തിന്റെ പിറവി. പിൽക്കാലത്ത് അസംബന്ധനാടകങ്ങളുടെ ആചാര്യന്മാരായി കരുതപ്പെട്ട സാമുവൽ ബെക്കെറ്റ്, എവുജിൻ യാനസ്കോ തുടങ്ങിയവരെപ്പോലെ, ജീവിച്ചിരുന്ന കാലത്ത് അൽഫ്രെദ് ഷാറി പ്രശസ്തനായിരുന്നില്ല. എന്നാൽ, ഇന്ന് ഇവരുടെയൊക്കെ നാടകങ്ങളെക്കാൾ പ്രാധാന്യം ഷാറിയുടെ രചനകൾക്കുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. ഷേക്‌സ്പിയറിന്റെ മാക്‌ബെത്ത്, ഹാംലെറ്റ് തുടങ്ങിയ നാടകങ്ങളുടെ ഹാസ്യാനുകരണം കൂടിയാണ് ‘ഇബ്യു രാജാവ്’ എന്ന രചന. അതിക്രൂരനും വഞ്ചകനും അറുപിശുക്കനും അത്യാർത്തിക്കാരനും അധികാരമോഹിയും വിഡ്ഢിയുമായ, ഇബ്യു എന്നയാൾ തന്റെ ഭാര്യയുടെ ഉപദേശമനുസരിച്ച്, പടത്തലവന്റെ സഹായത്തോടെ രാജാവിനെ വധിച്ച് അധികാരം പിടിച്ചെടുക്കുന്നതാണ് ഷാറിയുടെ നാടകത്തിന്റെ ഇതിവൃത്തം. രാജാവിന്റെ മൂന്ന് ആൺമക്കളിൽ ഇളയവനായ ബൊഗെർലസ്‌ ഒഴികെ മറ്റുരണ്ടുപേരും കൊല്ലപ്പെടുകയാണ്. പർവതമുകളിലേക്ക് രക്ഷപ്പെട്ട ബൊഗെർലസ് രാജകുമാരന്റെ മുന്നിൽ രാജാവിന്റെയും പൂർവികരുടെയും പ്രേതങ്ങൾ പ്രത്യക്ഷപ്പെട്ട് പ്രതികാരത്തിന് ആഹ്വാനംചെയ്യുന്നു. തുടർന്ന് ബന്ധുവായ സാർ ചക്രവർത്തിയുടെ സഹായത്തോടെ ഇബ്യുവിനെ യുദ്ധത്തിൽ പരാജയപ്പെടുത്തി ബൊഗെർലസ് അധികാരം വീണ്ടെടുക്കുന്നു. ഇബ്യുവും ഭാര്യയും രാജ്യംവിട്ട് പലായനംചെയ്യുന്നതോടെ നാടകം അവസാനിക്കുകയാണ്.

അധികാരം കൈയാളിയ നാളുകളിൽ ഇബ്യു ചെയ്തുകൂട്ടുന്ന ക്രൂരതകൾ വർണിക്കാനാവുകയില്ല. വിവാഹത്തിനും ശവസംസ്കാരത്തിനുമൊക്കെ നികുതിചുമത്തി ജനങ്ങളെ അയാൾ പട്ടിണിയിലാക്കുന്നു, പുതിയ നീതിന്യായവ്യവസ്ഥ നടപ്പാക്കുന്നതിനുവേണ്ടി ന്യായാധിപന്മാരെ മുഴുവൻ വധിക്കുന്നു.തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കുന്നതിൽ ഏകാധിപതികൾ കാണിക്കുന്ന പാടവം ഇബ്യുവിലും കാണാനാകും. റഷ്യൻസൈന്യത്താൽ തോൽപ്പിക്കപ്പെട്ട് ഒരു ഗുഹയിലൊളിക്കുന്ന അയാളെയും അനുചരന്മാരെയും ഒരു കരടി പിടിക്കുന്നു. അനുയായികളെ കരടിക്ക് വിട്ടുകൊടുത്തിട്ട് ഉയരമേറിയ പാറപ്പുറത്തേക്ക് വലിഞ്ഞുകയറി പ്രാർഥിക്കുകയാണ് ഇബ്യു. കരടിയെ അവർ കൊല്ലുമ്പോൾ താൻ പ്രാർഥിച്ചതുകൊണ്ടുമാത്രമാണ് അവർക്കതിന്‌ കഴിഞ്ഞതെന്നാണ് അയാൾ അവകാശപ്പെടുന്നത്. താൻ പാറപ്പുറത്തുകയറിയത് രക്ഷപ്പെടാനല്ല, മറിച്ച് ‘ഉയരം കൂടുംതോറും സ്വർഗത്തിലേക്കുള്ള അകലം കുറയും; അപ്പോൾ നമ്മുടെ പ്രാർഥനകൾ വേഗം ദൈവത്തിന്റെയടുത്തെത്തും.’

ജീവിതകാലത്തൊരിക്കലും തന്റെ നാടകങ്ങൾ പൂർണമായി അരങ്ങേറുന്നതുകാണാൻ ഷാറിക്ക് കഴിഞ്ഞില്ല. കാലത്തിനനുസരിച്ച് എഴുതിയിരുന്നെങ്കിൽ അദ്ദേഹം എല്ലാവർക്കും സ്വീകാര്യനായേനെ. പക്ഷേ, ഫ്രഞ്ച് കവിയായ ആന്ദ്രേ ദു ബുഷ്‌ഷെയുടെ (Andre du Bouchet) കവിതയിൽ പറയുന്നതുപോലെ ‘തിളങ്ങുന്ന അരുവിയിൽ മരങ്ങളുടെ ശാന്തമായ നരകം തലകീഴായി പ്രതിഫലിക്കുന്നു/പക്ഷേ, എനിക്കാ ദുർബലമായ അക്ഷരങ്ങൾ വേണ്ടാ/ കത്തട്ടെ, കത്തട്ടെ എല്ലാം ദഹിക്കട്ടെ’ എന്നദ്ദേഹം തീരുമാനിച്ചു. ആ തീ ഇപ്പോഴും കെട്ടിട്ടില്ല; ഏകാധിപത്യങ്ങളുടെ കാലത്ത് അത് കൂടുതൽ താപത്തോടെ കത്തിജ്ജ്വലിക്കുകതന്നെയാണ്.

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..