പ്രതീകാത്മക ചിത്രം | Photo: PTI
വിശ്വാസിസമൂഹത്തിന്റെ രണ്ടാഘോഷങ്ങളിൽ ഒന്നാണ് ഈദുൽ ഫിത്തർ. നിർബന്ധദാനത്തിന്റെ (ഫിത്തർ സക്കാത്ത്) ദിനമായതുകൊണ്ടാണ് ഈദുൽ ഫിത്തർ എന്ന നാമകരണം. ഈ ദിനത്തിലെ പ്രധാന കർമവും ഫിത്തർ സക്കാത്തുതന്നെ. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയുമെന്ന സാർവലൗകികമായ നന്മയെയാണ് ഈദുൽഫിത്തർ ഉയർത്തിപ്പിടിക്കുന്നത്. എല്ലാവരെയും ചേർത്തുനിർത്തുകയെന്നതാണ് പെരുന്നാൾ നൽകുന്ന സന്ദേശം. അവരവർ ആനന്ദിക്കുകയല്ല, എല്ലാവർക്കും സന്തോഷിക്കാൻ കഴിയാവുന്നത് ചെയ്യുകയെന്നതാണ് ഈദുൽഫിത്തറിന്റെ വാക്യാർഥംതന്നെ. അർഹിക്കുന്നവർക്ക് സക്കാത്ത് നൽകുകയെന്ന അനുശാസനം കാരുണ്യത്തിൽ അധിഷ്ഠിതമായ പാരസ്പര്യത്തിന്റെ മുദ്രയാണ്. ബന്ധങ്ങളിൽ ഇഴയടുപ്പമുണ്ടാക്കലും സൗഹാർദം വളർത്തലും പെരുന്നാളിന്റെ മഹനീയമായ സന്ദേശമാണ്.പെരുന്നാൾദിനത്തിൽ തക്ബീർ ധ്വനി മുഴക്കുക, അണിഞ്ഞൊരുങ്ങുക തുടങ്ങിയവ ശ്രേഷ്ഠമാണ്. വിശുദ്ധ ഖുർആനിലെ രണ്ടാം അധ്യായമായ അൽ ബഖറയിൽ 185-ാം സൂക്തത്തിന്റെ ആശയം വിശദീകരിക്കുന്നതിൽ ഇമാം ശാഫി(റ) വ്യക്തമാക്കുന്നത് ഇങ്ങനെ: ‘വിശുദ്ധറംസാൻമാസം പൂർത്തീകരിക്കാനും അള്ളാഹുവിനെ അനുസരിക്കാനും നിങ്ങൾക്കുലഭിച്ച അവസരത്തെ മാനിച്ച് റംസാൻ സമാപനസന്ദർഭത്തിൽ ദൈവത്തിന് നിങ്ങൾ തക്ബീർ ചൊല്ലുക, അതുവഴി നിങ്ങൾ കൃതജ്ഞതയുള്ളവരായിത്തീരും’.
കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതാണ് പെരുന്നാളിന്റെ മറ്റൊരു സന്തോഷം. പുതുവസ്ത്രങ്ങളണിഞ്ഞ് മസ്ജിദുകളിലെത്തി ചെറിയപെരുന്നാൾ നമസ്കാരം കഴിഞ്ഞ് പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവെച്ചുമാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങുക. മൈലാഞ്ചിച്ചോപ്പിന്റെ മൊഞ്ചും പുത്തനുടുപ്പിന്റെ പുതുക്കവുമായി ബന്ധുവീടുകളിലും സുഹൃദ് വീടുകളിലും സന്ദർശനം നടത്തി സൗഹൃദം പുതുക്കി ഈദാശംസകൾ കൈമാറുന്നതും ഈദിന്റെ പ്രത്യേകതയാണ്.മനുഷ്യഹൃദയങ്ങൾ തമ്മിൽ നന്മകൾ കൈമാറുന്നതിലൂടെ സാമൂഹികബന്ധങ്ങൾ സുശക്തമാവും. അതിലുപരി മനുഷ്യമനസ്സിനെ സംസ്കരിക്കാൻ ഫിത്തർ സക്കാത്ത് കാരണമാവും. വിശുദ്ധ ഖുർആനിൽ അള്ളാഹു പറയുന്നു: ‘പ്രവാചകരേ, അവരുടെ ധനങ്ങളിൽനിന്ന് നിർബന്ധദാനം നീ വാങ്ങുക. അത് അവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നതാണ്’ (തൗബ: 103). ഒരു മാസത്തെ വ്രതാനുഷ്ഠാനം വിജയകരമായി പിന്നിട്ടതിന്റെ സർവാഹ്ലാദങ്ങളും സന്തോഷവും വ്യക്തിയുടെയും സമൂഹത്തിന്റെയും മുഖങ്ങളിൽ പ്രതിബിംബിക്കുന്നത് ഈ ദിനത്തിലാണ്. ‘പറയുക: അള്ളാഹുവിന്റെ അനുഗ്രഹംകൊണ്ടും കാരുണ്യംകൊണ്ടുമാണ് അത്. അതിനാൽ അവർ ആഹ്ലാദിച്ചു കൊള്ളട്ടെ. അതാണ് അവർ സമ്പാദിച്ചുകൂട്ടിക്കൊണ്ടിരിക്കുന്നതിനെക്കാൾ ഏറ്റവും ഉത്തമമായിട്ടുള്ളത്’ (യൂനുസ്: 58).
വിശ്വാസിയുടെ ആഘോഷങ്ങൾ മഹത്തായ രണ്ട് ആശയതലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒന്ന് ദൈവികം, രണ്ട് മാനുഷികം. ആഘോഷാവസരത്തിൽ ദൈവത്തെ മറക്കാതിരിക്കുകയെന്നതാണ് ദൈവികവശം. വികാരങ്ങൾക്കും കാമനകൾക്കും പിറകെയുള്ള നെട്ടോട്ടമല്ല ഈദ്. തക്ബീറും നമസ്കാരവും ദൈവസാമീപ്യത്തിനുതകുന്ന കർമങ്ങളുംകൊണ്ട് ആരംഭിക്കുന്ന പെരുന്നാൾദിനത്തിന് ആത്മീയമായ ഉള്ളടക്കമുണ്ട്.
അതിന്റെ മാനുഷികവശം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. തന്നെപ്പോലെ മറ്റുള്ളവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും വകവെച്ചുകൊടുക്കാനും എല്ലാവരെയും പരിഗണിക്കാനും സാധിക്കുന്നേടത്താണ് മനുഷ്യത്വം രൂപപ്പെടുന്നത്. രാഷ്ട്രപിതാവ് ഗാന്ധിജിയുടെ വാക്കുകൾ ഇങ്ങനെ വായിക്കാം: ‘മാനവികതയുടെ മഹത്ത്വം മനുഷ്യനാകുക എന്നതല്ല. മറിച്ച്, മനുഷ്യത്വമുണ്ടായിരിക്കുക എന്നതാണ്.’ പൈശാചികപ്രേരണകൾക്കും ശാരീരിക ഇച്ഛകൾക്കും വശംവദരാകുന്ന മനുഷ്യമനസ്സുകളെ വിമലീകരിച്ച് മാനവികതയുടെ ഉത്തുംഗസോപാനത്തിലേക്ക് വഴിനടത്താനാകണം.
വർത്തമാനകാലത്ത് എല്ലായിടത്തും മനുഷ്യത്വത്തിന്റെ വില നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നമുക്കുചുറ്റിലും പട്ടിണിയും പരിവട്ടവും വർധിച്ചുകൊണ്ടിരിക്കുമ്പോഴും പലർക്കും അത് തിരിച്ചറിയാനാകുന്നില്ല. ദൈവം ചൊരിയുന്ന അനുഗ്രഹങ്ങൾ നമ്മൾ മറ്റുള്ളവനുകൂടി പകർന്നുനൽകേണ്ടതാണ്. നമ്മുടെ രാജ്യംതന്നെ ദാരിദ്ര്യസൂചികയിൽ മുന്നിൽ നിൽക്കുകയാണ്. അത്തരം പരിതഃസ്ഥിതിയിൽ മറ്റുള്ളവന്റെ സാഹചര്യങ്ങളും ചുറ്റുപാടുകളും നമ്മുടേതുകൂടിയാകണം.
ഒരുമാസത്തെ വ്രതംകൊണ്ട് സ്ഫുടംചെയ്തെടുത്ത മനസ്സും ശരീരവും ആത്മീയചൈതന്യം കെടാതെ സൂക്ഷിക്കാനും മനുഷ്യമനസ്സുകൾക്കിടയിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളബന്ധം ശക്തിപ്പെടുത്താൻ വേണ്ടിയുള്ള പ്രതിജ്ഞചെയ്യാനുള്ള സുരഭില മുഹൂർത്തമായിട്ടും ഈ പെരുന്നാളിനെ നാം കാണണം.
Content Highlights: editpage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..