യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം | Photo: Facebook
കേരളത്തിന്റെ യുവതയ്ക്ക് അത്യന്തം സമരഭരിതമായൊരു ഭൂതകാലവും വർത്തമാനകാലവുമുണ്ട്. അത് നവോത്ഥാനത്തിന്റെ ദീർഘസമരങ്ങളിൽ തുടങ്ങുന്നു. ആ യുവതയുടെ സാമൂഹികവും രാഷ്ട്രീയവുമായ ശാക്തീകരണം സാധ്യമാക്കുക എന്ന വെല്ലുവിളി വലിയൊരുപരിധിവരെ ഭംഗിയായി ഏറ്റെടുക്കാനും ഒട്ടേറെക്കാര്യങ്ങൾ വ്യത്യസ്തമായി നടപ്പാക്കാനും കേരള സംസ്ഥാന യുവജനകമ്മിഷന് കഴിഞ്ഞു.
രാജ്യത്തെ ആദ്യകമ്മിഷൻ എന്നനിലയിൽ യുവജനതയുടെ ജീവിതത്തിൽ സജീവമായി ഇടപെടാനും സർഗാത്മകമായി മലയാളിയുവതയുടെ മാറിയ ഭാവുകത്വപരിസരങ്ങളെ അഭിമുഖീകരിക്കാനും ശ്രമിച്ചു.
അർധജുഡീഷ്യൽ സംവിധാനം എന്നനിലയിൽ യുവജനങ്ങളുടെ അവകാശസംരക്ഷണത്തിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തിക്കാനും സാമൂഹികനീതിയും തുല്യതയും ഉറപ്പാക്കുന്നതിനായി അർഥവത്തായ ഒട്ടേറെ ഉത്തരവുകൾ പുറത്തിറക്കാനും ഇടപെടാനും കമ്മിഷന് കഴിഞ്ഞു.
# സാമൂഹികനീതിയുടെ കാവലാൾ*
യുവതയ്ക്ക് സാമൂഹികനീതി നിഷേധിക്കപ്പെട്ട ഘട്ടങ്ങളിലെല്ലാം യുവജനകമ്മിഷൻ ഗുണപരമായ ഇടപെടലുകൾ നടത്തി. സ്ത്രീകൾ, ട്രാൻസ് വിഭാഗത്തിലെ വ്യക്തികൾ, ഭിന്നശേഷിക്കാർ, എസ്.സി.-എസ്.ടി. വിഭാഗത്തിലെ യുവാക്കൾ തുടങ്ങിയവരുടെ വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും നീതിയുടെയും അവകാശസംരക്ഷണത്തിന്റെയും അധ്യായങ്ങൾ എഴുതിച്ചേർത്ത കാലമായിരുന്നു ഇത്.
ട്രാൻസ്‌വിഭാഗത്തിനുമാത്രമായി രാജ്യത്ത് ആദ്യമായി പരാതിപരിഹാര അദാലത്ത് സംഘടിപ്പിച്ചത് ദേശീയ മാധ്യമശ്രദ്ധനേടി. തിരിച്ചറിയൽ രേഖകളിൽനിന്ന് ഭിന്നലിംഗം/ മൂന്നാംലിംഗം തുടങ്ങിയ ജനാധിപത്യവിരുദ്ധ പരാമർശങ്ങൾ നീക്കംചെയ്യാനുള്ള ഇടപെടൽ വിജയകരമായി. സർക്കാർ ഓഫീസുകളിൽ ഭിന്നശേഷിക്കാർക്കായി റാമ്പുകൾ നിർമിക്കാനുള്ള ഉത്തരവിറക്കി. പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നിയമനം സമയബന്ധിതമായി ലഭിക്കുന്നതിനും വിദ്യാഭ്യാസാനുകൂല്യങ്ങളും ഇതര ഗ്രാന്റുകളും കാലതാമസംകൂടാതെ അനുവദിക്കുന്നതിനും കമ്മിഷന്റെ ഇടപെടൽ ഫലപ്രദമായി.
ഇരുന്നുകൊണ്ട് ജോലിചെയ്യാനുള്ള ടെക്‌സ്റ്റൈൽ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കിയതും ചരിത്രനേട്ടമായി. പ്രളയത്തിന്റെയും കോവിഡ് മഹാമാരിയുടെയും പ്രതിസന്ധിഘട്ടങ്ങളിൽ കേരളത്തിന്റെ പ്രതിരോധമണ്ഡലത്തിൽ ഉണർവായി യുവതയെ സജ്ജരാക്കിയതിൽ യുവജനകമ്മിഷൻ മാതൃകാപരമായ പങ്കുവഹിച്ചു. വിദേശരാജ്യങ്ങളിലേക്ക് ജീവൻരക്ഷാമരുന്നുകൾ എത്തിക്കാനും വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളിവിദ്യാർഥികളെ നാട്ടിലെത്തിക്കാനും കോവിഡ് ബാധിതർക്ക് കൂട്ടിരിക്കാനും യുവജനകമ്മിഷന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് ചെറുപ്പക്കാർ അണിനിരന്നു. പ്രളയകാലത്തും പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും യൗവനനേതൃത്വമാകാൻ കമ്മിഷന് കഴിഞ്ഞു.
# ഐക്യരാഷ്ട്രസഭയുടെ പ്രശംസ
ആഗോളതലത്തിൽ മലയാളിയുവതയും കേരള സംസ്ഥാന കമ്മിഷനും ആദരിക്കപ്പെട്ടത് എല്ലാകാലത്തും അഭിമാനിക്കാവുന്ന നേട്ടമാണ്. യുവജനകമ്മിഷന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കെട്ടുപോകാത്ത ഇന്ധനമാണ് പ്രളയ-കോവിഡ് കാലത്തെ പ്രതിരോധപ്രവർത്തനങ്ങൾക്ക് യുവജനകമ്മിഷൻ നൽകിയ സംഭാവനകൾ പരിഗണിച്ച് ഐക്യരാഷ്ട്രസഭയുടെ യൂത്ത് എൻവോയി പരാമർശവും അഭിനന്ദനവും ലഭിച്ചത്. യുനെസ്കോയും ഐക്യരാഷ്ട്ര പരിസ്ഥിതിസംഘടനയും ചേർന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര ശില്പശാലയിൽ ‘കേരളത്തിലെ പ്രളയകാലഘട്ടത്തിൽ യുവത്വത്തിന്റെ ഇടപെടൽ’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ രാജ്യത്തിന്റെ പ്രതിനിധിയായി അവസരം ലഭിച്ചത് കേരളീയ യുവാക്കൾക്കുള്ള അംഗീകാരമായിക്കൂടി കരുതുന്നു. ഐക്യരാഷ്ട്രസഭ ജർമനിയിലെ ബേണിൽ നടത്തിയ ശില്പശാലയിൽ പരിസ്ഥിതി, കാലാവസ്ഥാവ്യതിയാനം, ദുരന്തലഘൂകരണം എന്നീ വിഷയങ്ങളിൽ സംസാരിക്കാൻ ക്ഷണം ലഭിച്ചതും കമ്മിഷന്റെ പ്രവർത്തനങ്ങൾക്ക് ഒരു സാർ വലൗകിക കാഴ്ചപ്പാടും (Universal Perspective) ദർശനവും (Philosophy) രൂപപ്പെടുത്താൻ സഹായകമായി.
(സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷയാണ് ലേഖിക)
Content Highlights: editpage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..