സത്യൻ അന്തിക്കാട്, മാമുക്കോയ | Photo: Mathrubhumi Archives
ഇടവേളകളില്ലാതെ മരണം കടന്നുവന്നുകൊണ്ടേയിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്കുമുമ്പ് ഇന്നസെന്റ്, ഇപ്പോൾ മാമുക്കോയ. സത്യം പറഞ്ഞാൽ എന്റെ ലോകം ചുരുങ്ങിച്ചുരുങ്ങിവരുകയാണ് എന്ന് ഞാൻ തിരിച്ചറിയുന്നു. പതുക്കെപ്പതുക്കെ ഞാൻ തനിച്ചാവുന്നതുപോലെതോന്നുന്നു.
സംവിധാനം ആരംഭിച്ചതുമുതൽ എന്റെ സിനിമയിൽ നിർബന്ധമായും വേണം എന്ന് ഞാൻ ആഗ്രഹിച്ച ചില മുഖങ്ങളുണ്ടായിരുന്നു. ശങ്കരാടി, പറവൂർ ഭരതൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഇന്നസെന്റ്, ബോബി കൊട്ടാരക്കര, കെ.പി.എ.സി. ലളിത, ഫിലോമിന... അക്കൂട്ടത്തിലൊരാളായിരുന്നു മാമുക്കോയയും. ഏതെങ്കിലും ഒരു നായകനെ കേന്ദ്രീകരിച്ച് സിനിമയുണ്ടാക്കുന്നതിൽ എനിക്ക് പണ്ടേ താത്‌പര്യമില്ലായിരുന്നു. കഥയും കഥാപാത്രങ്ങളുമായിരുന്നു എനിക്ക് മുഖ്യം. അങ്ങനെ സിനിമയിൽ പിടിച്ചുനിൽക്കാൻ എനിക്ക് ധൈര്യം തന്നത് ഈ സംഘമായിരുന്നു. മാമു അതിൽ പ്രധാനപ്പെട്ട ഒരാളുമായിരുന്നു.
ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിന്റെ ചിത്രീകണസമയത്താണ് മാമുക്കോയയെ ഞാൻ പരിചയപ്പെടുന്നത്. സീനുകൾ ആദ്യമേ എഴുതിയിരുന്നെങ്കിലും സംഭാഷണങ്ങൾ ശ്രീനിവാസൻ അപ്പപ്പോൾ എഴുതുകയായിരുന്നു. അതുകൊണ്ടുതന്നെ ആർട്ടിസ്റ്റുകളെ പെട്ടെന്ന് വേണ്ടിവരും. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ സുഹൃത്തുക്കളായി രണ്ടുപേരെ പെട്ടെന്നാണ് ആവശ്യംവന്നത്. ഒന്ന് അഗസ്റ്റിനായിക്കോട്ടെ എന്ന് ഞാൻ പറഞ്ഞു. രണ്ടാമത്തെയാൾക്കായി അന്വേഷണം തുടങ്ങി. അപ്പോൾ ശ്രീനി പറഞ്ഞു:
‘‘ഒരാളുണ്ട്. അഭിനയത്തിന്റെ കാര്യം ഉറപ്പാണ്. കാഴ്ചയിൽ നിങ്ങൾക്ക് പിടിക്കുമോ എന്നെനിക്കറിയില്ല’’
അയാളോട് പിറ്റേന്ന് വരാൻപറയാൻ ശ്രീനിയെ ഏൽപ്പിച്ചു.
പിറ്റേന്ന് കോഴിക്കോട് മഹാറാണി ഹോട്ടലിലെ 306-ാം നമ്പർ മുറിയിലേക്ക് റിസപ്ഷനിൽനിന്നും ഒരു ഫോൺ വന്നു:
‘‘ശ്രീനിവാസൻ പറഞ്ഞിട്ട് ഒരാൾ കാണാൻ വന്നിരിക്കുന്നു’’
മുണ്ട് മടക്കിക്കുത്തി, പല്ലുന്തിയ ഒരാളായിരുന്നു മുറിയിലേക്ക് കയറിവന്നത്. ഏതോ പണിസ്ഥലത്തുനിന്നും കയറിവരുന്നതുപോലെയായിരുന്നു അയാളുടെ മൊത്തം വേഷവും ഭാവവും.
‘‘ഞാൻ മാമു തൊണ്ടിക്കോട്. ശ്രീനിവാസൻ പറഞ്ഞിട്ട് വന്നതാണ്’’ -അയാൾ പറഞ്ഞു.
മരക്കമ്പനിയിലാണ് പണി എന്നും നാടകത്തിൽ അഭിനയിക്കാറുണ്ട് എന്നും പറഞ്ഞു. സിനിമയിൽ അഭിനയിക്കാൻ താത്‌പര്യമുണ്ടെന്നോ, ഈ സിനിമയിൽ ചാൻസുണ്ടോ എന്നോ ഒന്നും ചോദിച്ചില്ല. ഔപചാരികതകളില്ലാതെ അയാൾ വന്നു, അങ്ങനെത്തന്നെ പോയി.
എനിക്കത്രയ്ക്കങ്ങോട്ട് അയാളെ മനസ്സിൽ പിടിച്ചില്ല. മോഹൻലാലിന്റെ സുഹൃത്തായി അഭിനയിക്കാൻ ഇങ്ങനെയൊരാൾ മതിയോ എന്ന സംശയം മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു:
‘‘നിങ്ങൾ മനുഷ്യരുടെ രൂപംവെച്ച് അവരെ അളക്കരുത്’’ -ശ്രീനി പറഞ്ഞു
ശ്രീനി പറഞ്ഞയാളായതുകൊണ്ട് ഞാനയാളെ എടുത്തു. എന്നാൽ, ഡയലോഗുകൾ കൂടുതൽ അഗസ്റ്റിനും ലാലിനും കൊടുത്തു, മാമുവിന് ഒറ്റ ഡയലോഗേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ആ ഒറ്റ ഡയലോഗിൽ മാമു എന്നെ ഞെട്ടിച്ചുകളഞ്ഞു. ഇതാ ഒരു നടൻ എന്ന് ആരോ എന്റെ നെഞ്ചിലിടിച്ചുകൊണ്ട് പറഞ്ഞു.
‘‘ശ്രീനീ, ഇയാൾ അപാര നടനാണ്. നമ്മൾ മാറ്റിയ ഡയലോഗുകൾ കുറച്ച് ഇയാൾക്കുതന്നെ തിരിച്ചുകൊടുക്കാം. ഇയാളെവെച്ച് കുറച്ചധികം സീനുകൾകൂടി ഉണ്ടാക്കണം’’ -ഞാൻ ശ്രീനിയെ മാറ്റിനിർത്തി പറഞ്ഞു. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിൽ ഇന്ന് നമ്മൾ കാണുന്ന മാമുക്കോയയുടെ രംഗങ്ങൾ അങ്ങനെയുണ്ടായതാണ്. അന്ന് എന്റെ സംഘത്തിൽക്കൂടിയതാണ് മാമുക്കോയ. മാമുക്കോയയെ എനിക്ക് തന്നത് ശ്രീനിയാണ്. ഇന്നും ശ്രീനിയുടെ ആ കണ്ടെത്തലിനെ ഞാൻ ബഹുമാനിക്കുന്നു.
ക്യാമറയുടെ പിറകിൽനിന്നു നോക്കുമ്പോൾ മാമുക്കോയയുടെ അഭിനയം നമ്മളെ അമ്പരപ്പിച്ചുകളയും. അത്രയ്ക്ക് അനായാസമാണത്. അതു കാണുമ്പോൾ എന്തെളുപ്പമാണ് ഈ അഭിനയജോലി എന്നുതോന്നും. മാമുവിന്റെ കോഴിക്കോടൻ ഭാഷ ഒന്ന് മാറ്റിപ്പിടിക്കാൻ ഞാൻ പലതവണ ശ്രമിച്ചിട്ടുണ്ട്. സസ്നേഹത്തിലെ അപ്പുക്കുട്ടൻ, അർഥത്തിലെ നാണുനായർ എന്നിവ അത്തരത്തിലുള്ള ശ്രമമായിരുന്നു. പക്ഷേ, കോഴിക്കോടൻ ഭാഷ മാമുവിന്റെ ഐഡന്റിറ്റിയാണ് എന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ അതുപയോഗിക്കാൻ അദ്ദേഹത്തെ അനുവദിക്കുകയായിരുന്നു. സസ്നേഹത്തിലെ അപ്പുക്കുട്ടൻ കോഴിക്കോട്ടുനിന്നും വരുന്നയാളായത് അതുകൊണ്ടാണ്.
ഒരു കാര്യത്തിലും പരിഭവമില്ലാത്തയാളായിരുന്നു മാമുക്കോയ. പണം, പ്രശസ്തി എന്നിവയൊന്നും അയാളെ ബാധിച്ചില്ല. എന്റെ ടീമിലെ സ്ഥിരം ആളായിട്ടും ചില സിനിമകളിൽ മാമു ഇല്ലാതിരുന്നിട്ടുണ്ട്. അതുകാരണം എന്നെ വിളിക്കുകയോ ആരോടെങ്കിലും അതേക്കുറിച്ച് പരാതിപറയുകയോ അദ്ദേഹം ചെയ്തിട്ടില്ല. ആരെങ്കിലും ചോദിച്ചാൽത്തന്നെ പറയും: റോളുണ്ടാവില്ല, അതുകൊണ്ടാവും.
വ്യക്തി എന്നനിലയിൽ ചെറിയചെറിയ കാര്യങ്ങളിൽപ്പോലും സന്തോഷിക്കുന്നയാളായിരുന്നു മാമു. പുതിയ വീടുവെച്ചത്, ആദ്യമായി കാർ വാങ്ങിയത്, വയനാട്ടിൽ സ്ഥലം വാങ്ങിയത് എല്ലാം അപ്പോളപ്പോൾ എന്നോട് പറഞ്ഞിരുന്നു. വളപ്പൊട്ടുകൾ ശേഖരിക്കുന്ന ഒരു കുട്ടിയെപ്പോലെയാവും മാമു അപ്പോൾ.
സദ്യയ്ക്ക് വിളിക്കുന്നതുപോലെയാണ് സത്യൻ അഭിനയിക്കാൻ വിളിക്കുക എന്ന് ഒടുവിൽ ഉണ്ണികൃഷ്ണൻ പറയാറുണ്ട്. എന്റെ സംഘത്തിലെ എല്ലാവരും എത്തിക്കഴിഞ്ഞാലേ എനിക്ക് ഊർജവും ധൈര്യവും വരുമായിരുന്നുള്ളൂ. ആ സദ്യസംഘത്തിലെ ഒടുവിലത്തെ ആളും പോയി. എന്റെ നോട്ടുപുസ്തകത്തിലെ അവസാനതാളും ഞാൻ കീറിക്കളയുന്നു -എനിക്കുമുന്നിൽ വഴി നീണ്ടുകിടക്കുന്നു, തണൽമരങ്ങൾ ഒന്നുമില്ലാതെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..