വരവേൽപ്പ് എന്ന ചിത്രത്തിൽ നിന്നും | ഫോട്ടോ: Mathrubhumi Archives
കൊറിയയിലിരുന്നാണ് മാമുക്കോയയുടെ വിടവാങ്ങൽ ഞാനറിയുന്നത്. അദ്ദേഹം ആശുപത്രിയിലായെന്ന് അറിഞ്ഞതുമുതൽ ഇടവേള ബാബുവുമായി ഞാൻ ബന്ധപ്പെടാറുണ്ടായിരുന്നു. സ്ഥിതിയിൽ പുരോഗതിയില്ലെന്നറിയുമ്പോഴെല്ലാം മനസ്സുകൊണ്ട് പ്രാർഥിച്ചിരുന്നു. ഒടുവിൽ മാമുക്കോയ പോയി എന്ന കാര്യം തീർപ്പായപ്പോൾ ഒരു വലിയ കാലത്തിന് തിരശ്ശീല വീണതുപോലെ. ബഹദൂർക്ക, ശങ്കരാടി, നെടുമുടി വേണു, ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാള അരവിന്ദൻ, കുതിരവട്ടം പപ്പു, ഫിലോമിനച്ചേച്ചി, കെ.പി.എസി.ലളിതച്ചേച്ചി, കൊച്ചിൻ ഹനീഫ... എന്തൊരു വലിയ സംഘമായിരുന്നു അത്. ഞാനും അതിന്റെ ഭാഗമായിരുന്നു. ഓരോരുത്തരും വിടപറയുന്നു, നമ്മൾ ശേഷിക്കുന്നു.
എത്ര സിനിമകൾ മാമുക്കോയയുടെകൂടെ അഭിനയിച്ചു എന്നുചോദിച്ചാൽ എനിക്ക് പറയാൻ സാധിക്കില്ല. വർഷങ്ങൾക്കുമുമ്പ് സിബി മലയിലിന്റെ ‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’ എന്ന സിനിമയിൽ തുടങ്ങിയതാണ്. ആ സിനിമ ചിത്രീകരിച്ചുകഴിഞ്ഞപ്പോൾ സത്യൻ അന്തിക്കാടിന്റെ ‘ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റി’ൽ മാമുക്കോയ എത്തി. അങ്ങനെ തുടങ്ങിയതാണ് യാത്ര. അത് ഒടുവിൽ ചെന്നുനിന്നത് പ്രിയദർശൻ സംവിധാനംചെയ്ത, എം.ടി. വാസുദേവൻ നായരുടെ ‘ഓളവും തീരവും’ എന്ന സിനിമയിൽ. ഇക്കാലത്തിനിടയിൽ എത്രമാത്രം സ്നേഹം! എന്തെന്ത് അനുഭവങ്ങൾ!
പ്രകടനപരതയില്ലാത്ത മനുഷ്യനായിരുന്നു മാമുക്കോയ. ഞാൻ പരിചയപ്പെട്ട ഏറ്റവും തനിമയാർന്ന കോഴിക്കോട്ടുകാരൻ. തനിമയാർന്ന കോഴിക്കോട്ടുകാരൻ എന്നത് എഴുതി ഫലിപ്പിക്കാൻ സാധിക്കുന്നതല്ല. കളങ്കരഹിതമായ മനസ്സ്. നിരന്തരമായ ഫോൺവിളികളൊന്നുമില്ല. അവസാനം കണ്ടുപിരിഞ്ഞ് അഞ്ചുവർഷം കഴിഞ്ഞ് കണ്ടാലും തൊട്ടുതലേദിവസം പിരിഞ്ഞപോലെയേ തോന്നൂ.
ഇന്നസെന്റ് പോയപ്പോൾ ഞാനെഴുതിയപോലെ, തീവ്രമായ അനുഭവങ്ങളായിരുന്നു മാമുക്കോയയെയും പാകപ്പെടുത്തിയത്.
മരമില്ലിലെ ആ ജോലിക്കാലത്തെക്കുറിച്ചും നാടകകാലത്തെക്കുറിച്ചും കോഴിക്കോട്ടെ സാംസ്കാരികപ്രവർത്തനങ്ങളെക്കുറിച്ചും എം.എസ്. ബാബുരാജിനെക്കുറിച്ചും ജോൺ എബ്രഹാമിനെക്കുറിച്ചും എം.ടി. സാറിനെയും പി. ഭാസ്കരനെയും കുറിച്ചും കോഴിക്കോടിന്റെ പഴയ കാലത്തെക്കുറിച്ചും എത്രയോ സന്ദർഭങ്ങളിൽ മാമുക്കോയ എന്നോട് പറഞ്ഞിട്ടുണ്ട്. ചോദിച്ചാലേ പറയൂ. ഹാസ്യനടനായ മാമുക്കോയയെയല്ല അപ്പോൾ കാണുക. തീർത്തും വ്യത്യസ്തനാവും അദ്ദേഹം അപ്പോൾ.
മതമാണെങ്കിലും രാഷ്ട്രീയമാണെങ്കിലും താൻ വ്യാപരിക്കുന്ന ഏതുകാര്യത്തിലും നല്ല ബോധ്യമുള്ളയാളായിരുന്നു മാമുക്കോയ. ആരുടെയും പൊയ്‌വാക്കുകളിൽ അദ്ദേഹം വീഴാറില്ല. എല്ലാറ്റിലും തന്റേതായ നിരീക്ഷണവും നിലപാടുമുണ്ടായിരുന്നു. ചില വസ്തുക്കളുണ്ട്, അവ ഒറ്റയൊന്നേ ഉണ്ടാവൂ. രണ്ടാമതൊന്നോ പകരം വെക്കാനോ ഉണ്ടാവില്ല. ചില മനുഷ്യരും അങ്ങനെയുണ്ട്. അത്തരത്തിലൊരാളായിരുന്നു മാമുക്കോയ. വിടപറയാൻ നേരിലെത്താൻ സാധിച്ചില്ലെങ്കിലും നെഞ്ചിലുണ്ടാവും, ഒരു നല്ല കോഴിക്കോടൻ ചിരിയായി, സ്നേഹമായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..