കല്ലായിയിൽനിന്നൊരു ചിരി


പി. പ്രജിത്ത്

2 min read
Read later
Print
Share

മാമുക്കോയ| ഫോട്ടോ: വി.പി പ്രവീൺകുമാർ

കോഴിക്കോടൻ നാടകവേദി മലയാളസിനിമയ്ക്ക് സമ്മാനിച്ച കൃത്രിമത്വമില്ലാത്ത നിറഞ്ഞ ചിരിയാണ് മാമുക്കോയ. കുഞ്ഞാണ്ടിയുടെയും നെല്ലിക്കോട് ഭാസ്‌കരന്റെയും കെ.പി. ഉമ്മറിന്റെയും കുതിരവട്ടം പപ്പുവിന്റെയുമെല്ലാം പിൻതുടർച്ചക്കാരൻ. 'ഗഫൂർകാ ദോസ്ത്' എന്ന രണ്ടുവാക്കുകൾ മതി മലയാളിക്ക് മാമുക്കോയയെ തിരിച്ചറിയാൻ. നാടോടിക്കാറ്റിലെ ഈ സംഭാഷണശകലം മലയാളി പലതവണ ഏറ്റുപറഞ്ഞു. അങ്ങനെ ഒരുപാടൊരുപാട് സംഭാഷണങ്ങളും സന്ദർഭങ്ങളും മാമുക്കോയ മലയാളിക്ക് പകർന്നുനൽകിയിട്ടുണ്ട്. കല്ലായിപ്പുഴയുടെ കരയിൽ മരം അളന്നും കൂപ്പുകളിൽ മരംവെട്ടിന് മേൽനോട്ടം വഹിച്ചും നടന്ന കാലത്ത് മാമുവിന്റെ കിനാവുനിറയെ അഭിനയമായിരുന്നു. ആ കിനാവ് ആദ്യം സഫലമായത് നാടകത്തിൽ. പിന്നെ കാലങ്ങൾ കൊണ്ട് മലയാളസിനിമയുടെ അത്യുന്നതങ്ങൾ വരെ നിഷ്‌ക്കളങ്കമായ ചിരിയിലൂടെ അദ്ദേഹം കീഴടക്കി.
പത്താംക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ചപ്പോഴും നാടകപ്രവർത്തനത്തിന് പൂർണവിരാമമിടാൻ മാമുക്കോയക്ക് മനസ്സുവന്നില്ല. പൂർവവിദ്യാർഥിയുടെ ലേബലിൽ സ്‌കൂളിലും ക്ലബ്ബുകളുടെ പേരിൽ തെരുവോരത്തും നാടകം കളിച്ചു.
ബഷീറിന്റെയും എസ്.കെ. പൊറ്റെക്കാട്ടിന്റെയും ജോൺ എബ്രഹാമിന്റെയും ബാബുരാജിന്റെയുമെല്ലാം സൗഹൃദങ്ങളുടെ ഓരം ചേർന്നായിരുന്നു മാമുക്കോയയുടെ വളർച്ച. പിന്നെ പലവഴികളിലൂടെ അത് പന്തലിച്ചു. വടക്കുനിന്നെത്തിയ ശ്രീനിവാസനും തെക്കുനിന്നുവന്ന രാജൻ പി. ദേവും സ്വന്തം തലമുറയുടെ നാടകസ്വപ്‌നങ്ങൾക്ക് തെളിച്ചം പകർന്നതായി മാമുക്കോയതന്നെ പറയാറുണ്ട്. കല്ലായിയിലെ തടിക്കച്ചവടത്തിന്റെ പ്രതാപം നിലച്ചപ്പോൾ ജീവിക്കാൻ മറ്റുജോലികൾ തേടി. സുന്ദരമായ കൈപ്പടയുടെ ഉടമയെത്തേടി ആദ്യംവന്നത് ഒരു പ്രസിദ്ധീകരണസ്ഥാപനത്തിലെ ജോലിയായിരുന്നു. അഭിനയം ഹറാമായി കണ്ടതിനാൽ സമുദായത്തിൽ ചിലരുടെ എതിർപ്പ് ആദ്യകാലത്ത് നേരിടേണ്ടതായി മാമുക്കോയ പറഞ്ഞിട്ടുണ്ട്. നിയമനം നൽകിയെങ്കിലും നാടകത്തിലഭിനയിക്കുന്നൊരാളെ അംഗീകരിക്കാൻ യാഥാസ്ഥിതികരായ സ്ഥാപന ഉടമകൾ തയ്യാറായില്ല. അഭിനയത്തോട് സലാം പറഞ്ഞാൽ ജോലിയിൽതുടരാമെന്നായിരുന്നു നിബന്ധന. കൂടുതൽ ആലോചിച്ചില്ല. ജോലിക്ക് സലാംവെച്ച് മാമു പടിയിറങ്ങി.
അന്യരുടെ ഭൂമി, സുറുമയിട്ട കണ്ണുകൾ തുടങ്ങി ചെറുവേഷങ്ങളിലൂടെ സിനിമയിലെത്തിയെങ്കിലും മാമുക്കോയയിലെ നടനെ സ്ഫുടം ചെയതെടുത്തത് സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടാണ്. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിൽ അഭിനയിക്കാൻ ശ്രീനിവാസനാണ് മാമുക്കോയയെ നിർദേശിച്ചത്. ഗാന്ധിനഗറിനൊപ്പം ചേർന്ന മാമുക്കോയ പിന്നീട് അന്തിക്കാട് സിനിമയുടെ സ്ഥിരം അംഗമായി. നാടോടിക്കാറ്റിലെ ഗഫൂർക്കായും സന്ദേശത്തിലെ കെ.ജി. പൊതുവാളും തലയണമന്ത്രത്തിലെ പോളിടെക്‌നിക്കിൽ പഠിക്കാത്ത മൂസ്സാക്കയും മഴവിൽക്കാവടിയിലെ കുഞ്ഞിഖാദറുമെല്ലാം ഇന്നും ജനപ്രിയകഥാപാത്രങ്ങളാണ്. കോഴിക്കോടൻ ഭാഷാശൈലിയായിരുന്നു മാമുക്കോയയുടെ തുറുപ്പു ചീട്ട്. ഒരുപാട് നാട്ടുപദപ്രയോഗങ്ങൾ അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചു. ചിത്രീകരണസമയത്ത് യാദൃച്ഛികമായി കടന്നുവന്നതായിരുന്നു അതിലേറെയും
മേൽശാന്തിയെന്ന് പരിചയപ്പെടുത്തുമ്പോഴും അസ്‌ലാമു അലൈക്കും എന്ന സംഭാഷണവുമായി കയറിവന്നും മാപ്പിളപ്പാട്ടിന്റെ താളത്തിൽ രാമായണം പാടിയും ശകുന്തളയെ കുത്താൻ വന്ന വണ്ടിനെ നോക്കി എജ്ജാതി ബല്ലാത്തൊരു ബണ്ട് എന്ന് ചോദിച്ചും അദ്ദേഹം പ്രേക്ഷകരിൽ നിറച്ച ചിരി ചെറുതൊന്നുമല്ല.
വടക്കുനോക്കിയന്ത്രത്തിലെ ഫോട്ടോഗ്രാഹർ, റാംജിറാവ് സ്പീക്കിങ്ങിലെ ഹംസകോയ, ഗജകേസരിയോഗത്തിലെ രാഘവൻനായർ, കൺകെട്ടിലെ കീലേരി അച്ചു, ചന്ദ്രലേഖയിലെ ബീരാൻ, പെരുമഴക്കാലത്തിലെ അബ്ദു, ഇന്ത്യൻ റുപ്പിയിലെ മായനിക്ക, ഒപ്പത്തിലെ കുഞ്ഞിക്ക, കുഞ്ഞിരാമായണത്തിലെ വെൽഡൻവാസു, കുരുതിയിലെ മൂസാ ഖാദർ. നാലുപതിറ്റാണ്ട് പിന്നിടുന്ന അഭിനയജീവിതത്തിൽ ഓർത്തുവെക്കാൻ വേഷങ്ങളേറെ. മാമുക്കോയയിൽനിന്ന് സിനിമാവിശേഷങ്ങൾ കേട്ടിരിക്കുക രസമുള്ള കാര്യമാണ്. അഭിപ്രായങ്ങളിൽ വെള്ളം ചേർക്കാറില്ല. സിനിമയ്ക്കുള്ളിൽ വ്യക്തിത്വം കൊണ്ട് ഏറെ ഇഷ്ടപ്പെട്ട മനുഷ്യൻ ബഹദൂർക്കയാണെന്നും പള്ളിയിൽ പോകുന്ന, നോമ്പുനോൽക്കുന്ന, അഭിനയിക്കുന്ന മമ്മൂട്ടി അഭിമാനമാണെന്നും പറയും. പ്രിയപ്പെട്ട ഹാസ്യതാരത്തിന്റെ പേരുചോദിക്കുമ്പോൾ ഒട്ടും ആലോചിക്കാതെ ജഗതി ശ്രീകുമാറിനെ ചൂണ്ടിക്കാണിക്കാനും മാമുക്കോയ മടി കാണിച്ചില്ല. വലിയങ്ങാടിയിലെ കൂലിക്കാരനായും കാർണിവലുകളിലെ തമാശക്കാരനായും കൂപ്പിലെ മരം അളവുകാരനായുമുള്ള ജീവിതം നൽകിയ അനുഭവങ്ങളാണ് മാമുക്കോയയെ കാതലുള്ള നടനാക്കിയത്.

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..