Mamukkoya| Photo: Mathrubhumi Archives
ഓർമകളുടെ കോഴിക്കോടൻ കൈപ്പുസ്തകമാണ് , മാമുക്കോയ. ജീവിതവർത്തമാനത്തിനിടയിൽ മാമുക്കോയ സ്വന്തം ജീവിതത്തെ നിർവചിക്കുന്നത് ഇങ്ങനെയാണ്: ‘‘സംസാരിക്കുന്ന ഭാഷയാണ്, ഞാൻ. എന്റെ ഗ്ലാമറ് അല്ല. എന്നെ എനിക്കുതന്നെ കൂടുതൽ നേരം കണ്ണാടിയിൽ നോക്കിനിൽക്കാൻ കഴിയില്ല. പച്ചവെള്ളംപോലെ സംസാരിക്കുന്ന ഒഴുകുന്ന ഭാഷയാണ് ഞാൻ.’’ ക്യാമറയിലേക്ക് നോക്കിയതുപോലെത്തന്നെ മാമുക്കോയ ജീവിതമെന്ന കണ്ണാടിയിലേക്കും നോക്കിക്കൊണ്ടിരുന്നു. എന്നാൽ, ബാല്യത്തിൽ അനുഭവിച്ച ഏകാന്ത യാതനകൾ പറയാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. വളരെ നിസ്സംഗമായ മനോഭാവത്തോടെയാണ് ദുഃഖങ്ങളുടെ തുരുത്തായിരുന്ന ബാല്യാനുഭവങ്ങൾ പറഞ്ഞത്. നാട്ടിൽ മുതിർന്നവർ അഭിനയിക്കുന്ന നാടകങ്ങൾ കണ്ട് മാമുക്കോയയും കൂട്ടുകാരും അവരവരുടെ വീട്ടുമുറ്റങ്ങളിൽ ഉമ്മയുടെ കാച്ചിയും തട്ടവുമൊക്കെ ഉപയോഗിച്ച് സ്റ്റേജ് കെട്ടി. അവരുടേതായ നാടകങ്ങൾ അവതരിപ്പിച്ചു.
കവർച്ചിത്രമായി മാമുക്കോയ വന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിച്ച ദിവസം എൻ. പ്രഭാകരൻ മാഷ് വിളിച്ച് മാമുക്കോയ പ്രകടിപ്പിച്ച സൂക്ഷ്മമായ നിരീക്ഷണങ്ങളെക്കുറിച്ച് ഏറെ വാചാലനായത് ഓർമ വരുന്നു. ഇ.എം.എസിനെക്കുറിച്ചുള്ള മാമുക്കോയയുടെ വിശേഷണം അതിലുണ്ടായിരുന്നു. മാമുക്കോയ പറഞ്ഞത് ഇതാണ്:
‘‘ഇ.എം.എസിനെ എനിക്ക് വലിയ ഇഷ്ടമാണ്. ഞാൻ കമ്യൂണിസ്റ്റുകാരനൊന്നുമല്ല. എന്നാലും ഇ.എം.എസിനെ ഇഷ്ടമാണ്. ഒരിക്കൽ ബോംബെയ്ന്ന് തിരുവനന്തപുരത്തേക്ക് വര്ന്ന ഒരു ഫ്ലൈറ്റില് ഇ.എം.എസുണ്ട്. ബോംബെയ്‌ല് എന്തോ പരിപാടിക്ക് പോയതാണ് മൂപ്പര്. മലയാളി സംഘാടകര് എന്നോട് പറഞ്ഞു:
‘‘കോയക്കാ, തിരുവനന്തപുരത്തേക്കാണല്ലോ. ഈയമ്മിനെ ഒന്ന് ശ്രദ്ധിക്കണേ...’’
‘‘ഈ പൊതു മൊതല് കേട് വര്ത്താണ്ട് ഞാൻ കൊണ്ടു പോയ്‌ക്കൊള്ളാം.’’
-ഞാൻ പറഞ്ഞു.
ഈയെമെസ്സിനെപ്പോലെ പൊതു മൊതല് എന്ന് പറയാവുന്ന എത്ര ആൾക്കാര് നമുക്കുണ്ട്?’’
മാമുക്കോയയാണ് ഇ. എം.എസിനെ ഏറ്റവും സത്യസന്ധമായി ഒറ്റവരിയിൽ വിശേഷിപ്പിച്ചത്.
അടിത്തട്ടിലെ അനുഭവങ്ങളാണ് മാമുക്കോയ എന്ന നടനിൽ ഊർജമായി നിന്നത്. ആ പുസ്തകത്തിൽ കല്ലായിയെക്കുറിച്ചുള്ള ഭാഗങ്ങൾ സംസാരിച്ചത്, കല്ലായി പ്പുഴയോരത്ത് ഒരു മരത്തടിയിലിരുന്നാണ്. ചില മരങ്ങൾ തൊട്ടു കാണിച്ച് അതിന്റെ വിശേഷങ്ങൾ പറഞ്ഞു. വഴിയരികിലെ കാട്ടു പടർപ്പുകളുടെ പേരൊക്കെ കൃത്യമായി അറിയുന്ന ആളാണ് മാമുക്കോയ. ഒരിക്കൽ മാമുക്കോയ പറഞ്ഞു: ‘‘കുട്ടിക്കാലത്ത് തൊട്ടേ മരം കീശയിലിട്ടു നടക്കുന്നവരല്ലേ നമ്മള് ?’’
‘‘മരമോ?’’
‘‘പെൻസില്. പെൻസിലിനുള്ളിലുള്ളിലുള്ള ആ കറുത്ത വിത്ത് കൊണ്ടല്ലേ മനുഷ്യര് ചിത്രങ്ങൾ വരക്കുന്നത്. വരയുമ്പോൾ തേഞ്ഞുതേഞ്ഞില്ലാണ്ടാവ്ന്ന പെൻസിൽ പോലെയല്ലേ ഒരു കണക്കിന് മനുഷ്യ ജീവിതം?’’ ജീവിതത്തെക്കുറിച്ചു പറഞ്ഞ് ആ മനുഷ്യൻ കടന്നുപോയി.
മാമുക്കോയയുടെ ജീവചരിത്രകാരനാണ് ലേഖകൻ
Content Highlights: editpage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..