മാമുക്കോയ,പ്രിയദർശൻ | ഫോട്ടോ: Mathrubhumi
കഴിഞ്ഞ അര നൂറ്റാണ്ടായി മലയാള സിനിമയുടെ രണ്ട് നെടുംതൂണുകളായിരുന്നു മമ്മൂട്ടിയും മോഹൻലാലും. ഇവർക്ക് ചുറ്റുംനിന്ന് മലയാള സിനിമയെ സമ്പന്നമാക്കിയവരായിരുന്നു നെടുമുടി വേണുവും ഇന്നസെന്റും ശങ്കരാടിയും കുതിരവട്ടം പപ്പുവും ഒടുവിൽ ഉണ്ണികൃഷ്ണനും ജഗതി ശ്രീകുമാറും മാമുക്കോയയുമെല്ലാം. മാമുക്കോയകൂടി പോയപ്പോൾ ഒരു വൻനിരയൊഴിഞ്ഞതുപോലെ.
മമ്മൂട്ടിക്കും ലാലിനുമായിരിക്കും ഈ ശൂന്യത കൂടുതൽ ഫീൽ ചെയ്യുക എന്നെനിക്ക് തോന്നുന്നു. മാമുക്കോയ മലയാള സിനിമയിൽ സജീവമായ സമയങ്ങളിൽ ഞാൻ ഹിന്ദിസിനിമയുടെ തിരക്കുകളിലായിരുന്നു.സത്യൻ അന്തിക്കാടായിരുന്നു അക്കാലത്ത് മാമുക്കോയയുടെ അഭിനയത്തെ ഏറ്റവും നന്നായി ഉപയോഗിച്ചിരുന്നത്. പിന്നീട്
മാമുക്കോയ എന്റെ ടീമിലെയും അംഗമായി. ഏറ്റവുമൊടുവിൽ ഓളവും തീരവും എന്ന സിനിമവരെ ആ ബന്ധം നീണ്ടു. ഞാൻ മാമുക്കോയയെ ചേട്ടാ എന്നേ വിളിച്ചിരുന്നുള്ളൂ. കോഴിക്കോട് എന്ന ദേശത്തെയും അതിന്റെ സവിശേഷമായ ഭാഷയെയും മലയാള സിനിമയിൽ ഉറപ്പിച്ചയാളായിരുന്നു മാമുക്കോയ. ഒരു സംവിധായകൻ-നടൻ ബന്ധത്തിൽ മാമുക്കോയ എന്ന നടന്റെ ശരീര ഭാഷയാണ് എന്നെ എപ്പോഴും അദ്‌ഭുതപ്പെടുത്തിയിട്ടുള്ളത്. മാമുക്കോയയുടെ ഏറ്റവും പ്രശസ്തമായ റോളുകളിലൊന്നാണ് നാടോടിക്കാറ്റിലെ ഗഫൂർ. സത്യത്തിൽ അയാൾ ലാലിനെയും ശ്രീനിവാസനെയും പറഞ്ഞ് പറ്റിക്കുകയാണ് ചെയ്യുന്നത്. എന്നാലും നമുക്കാ കഥാപാത്രത്തോട്
ദേഷ്യംതോന്നുന്നില്ല. മാമുക്കോയയുടെ അഭിനയം അതിനേറെ സഹായിച്ചിട്ടുണ്ട്. മാമുക്കോയയോളം ഒരു പരിഭവവുമില്ലാത്ത ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല. സെറ്റിൽ വന്നാലും കാരവനിലോ മുറിയിലോ ഒന്നും അദ്ദേഹം ഇരിക്കാറില്ല. ഏതെങ്കിലും മരച്ചുവട്ടിൽ കസേരയിൽ കാൽ കയറ്റിെവച്ചിരിപ്പുണ്ടാവും. ചോദിച്ചാൽമാത്രം കാര്യങ്ങൾ പറയും. അതിൽ ഒട്ടും തമാശയുണ്ടാവില്ല. സിനിമയ്ക്ക് പുറത്ത് ഗൗരവപ്രകൃതിയായിരുന്നു മാമുക്കോയ. ഓളവും തീരവും ഡബ്ബ് ചെയ്യുന്ന അവസാന ദിവസങ്ങളിൽ അദ്ദേഹം എന്നോടു പറഞ്ഞു: ‘‘എനിക്കിനി വയ്യ മോനേ. ഞാൻ അഭിനയം നിർത്തുകയാണ്. വീട്ടിലിരിക്കണം.’’ അദ്ദേഹത്തിന് വയ്യാത്തതുകാരണം അതിൽ ഡബ്ബിങ്ങിൽ കുറച്ച് തിരുത്തലുള്ളത് ചെയ്യാൻ പറ്റിയില്ല. എങ്കിലും എം.ടി. സാറിന്റെ തിരക്കഥയിൽ ഒരു സിനിമ എന്ന എന്റെ സ്വപ്നത്തിന്റെ സാക്ഷാത്കാരവേളയിൽ മോഹൻലാലിനും സന്തോഷ് ശിവനും സാബു സിറിളിനുമൊപ്പം മാമുക്കോയയും കൂടെയുണ്ടായി എന്നത് എന്നെ ഏറെ അഭിമാനിപ്പിക്കുന്നു, സന്തോഷിപ്പിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..