മാമുക്കോയ | ഫോട്ടോ: മാതൃഭൂമി
മാമുക്കോയയുടെ അഭിനയമികവിന് ഏറ്റവും നല്ല സർട്ടിഫിക്കറ്റ് നൽകിയത് സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ. വെറുംവാക്ക് പറയാത്ത അദ്ദേഹത്തിന്റെ നിരീക്ഷണം ഒട്ടും തെറ്റിപ്പോയില്ലെന്നു തെളിയിക്കുന്നതായി നാലുപതിറ്റാണ്ടുനീണ്ട മാമുക്കോയയുടെ വെള്ളിത്തിരജീവിതം. ബേപ്പൂരിൽ ബഷീറിന്റെ വൈലാലിൽ വീട്ടിൽ പതിവായെത്തുമായിരുന്നു മാമുക്കോയ. അവിടെവെച്ചാണ് സിനിമക്കാരോട് മാമുക്കോയയുടെ അഭിനയം മികച്ചതാണെന്നും വേഷം കൊടുക്കണമെന്നും ബഷീർ പറഞ്ഞത്.
അക്കഥ ഇങ്ങനെ: നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത 'അന്യരുടെ ഭൂമി' എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലാണ് മാമുക്കോയ ആദ്യം മുഖം കാണിച്ചത്. ഹാസ്യവേഷമായിരുന്നില്ല അത്. നിഷേധിയും ഗൗരവക്കാരനുമായ ചെറുപ്പക്കാരനായിട്ടാണ് അഭിനയിച്ചത്. ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള സർക്കാർ പുരസ്‌കാരം ലഭിച്ച ചിത്രം പക്ഷേ, അധികമാരും കണ്ടില്ല. അതിനുശേഷം അഞ്ചുവർഷം കഴിഞ്ഞാണ് ഒരു സിനിമയിൽ ചെറിയ വേഷത്തിൽ അഭിനയിക്കുന്നത്. ബഷീറിന്റെ ശുപാർശയിലായിരുന്നു ആ വേഷം. പി.എ. മുഹമ്മദ് കോയയുടെ 'സുറുമയിട്ട കണ്ണുകൾ' എന്ന നോവൽ കലാസംവിധായകനായ എസ്. കൊന്നനാട്ട് സംവിധാനം ചെയ്യുകയാണ്. ചിത്രീകരണത്തിനു മുൻപായി ബഷീറിന്റെ അനുഗ്രഹം വാങ്ങാനായി കൊന്നനാട്ടും പി.എ. മുഹമ്മദ് കോയയും ബഷീറിന്റെ വീട്ടിലെത്തി. മാമുക്കോയയും കുറച്ചാളുകളും അപ്പോൾ അവിടെയുണ്ടായിരുന്നു. മടങ്ങും മുമ്പ് കൊന്നനാട്ടിനോട് ബഷീർ പറഞ്ഞു: കോഴിക്കോട് പശ്ചാത്തലമായിട്ടുള്ള ഈ കഥയിൽ മാമുവിന് എന്തെങ്കിലുമൊരു വേഷം കൊടുക്കണം. അദ്ദേഹം അതുസമ്മതിക്കുകയും ചെയ്തു.
ബഷീറിന്റെ നിർദേശമനുസരിച്ച് മാമുക്കോയ ലൊക്കേഷനിലെത്തി. ആ സിനിമയിൽ വേഷമൊന്നും ബാക്കിയുണ്ടായിരുന്നില്ല. ബഷീർ പറഞ്ഞതിനാൽ മാമുക്കോയയെ ഒഴിവാക്കാനും വയ്യ. സിനിമയിൽ കെ.പി. ഉമ്മർ അവതരിപ്പിക്കുന്ന അറബിക്ക് പോകാനും വരാനുമുള്ള കുതിരവണ്ടിയിലെ കുതിരയ്ക്ക് പുല്ലിട്ട് കൊടുക്കുന്ന ആളായിട്ടാണ് വേഷം നൽകിയത്. ആ ചിത്രത്തിൽ അഭിനയിക്കുന്ന ബഹദൂറും നെല്ലിക്കോട് ഭാസ്‌കരനും ശുപാർശ ചെയ്താണ് മാമുക്കോയയ്ക്ക് കുറച്ചുരംഗങ്ങൾ കൂടി ആ ചിത്രത്തിൽ കിട്ടിയത്. അതൊരു യാത്രയുടെ തുടക്കമായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..