പൂരം കാണാൻ പോകാം...


 തയ്യാറാക്കിയത്‌: കെ.കെ. ശ്രീരാജ്‌

2 min read
Read later
Print
Share

ആസ്വാദനത്തിന്റെ പല ദളങ്ങൾ സമ്മാനിക്കുന്നതാണ് തൃശ്ശൂർപൂരം. ഓരോന്നും വേറിട്ട നിറവും മണവുമുള്ളവ. ഒറ്റത്തവണത്തെ കാഴ്ചകൊണ്ട് എല്ലാം ആസ്വദിക്കാനാവില്ല. പക്ഷേ, എന്തെല്ലാം എവിടെയെല്ലാം എപ്പോഴെല്ലാം നടക്കുമെന്നൊരു ധാരണയുണ്ടാക്കുന്നത് ആസ്വാദനത്തിന് സഹായകമാകും. തൃശ്ശൂർ പൂരദിവസത്തെ പ്രധാനചടങ്ങുകളിലൂടെ...

തൃശ്ശൂർ പൂരത്തിന്റെ ഭാഗമായി നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ പുറത്തേറി വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേഗോപുരനട തുറന്ന് പുറത്തുവരുന്നു. |ഫോട്ടോ: മനീഷ് ചേമഞ്ചേരി

ഭക്തിമയം തിരുവമ്പാടി ഭഗവതിയുടെ പുറപ്പാട്

ഏപ്രിൽ 30 - 7.30am
: കൈകൂപ്പിനിൽക്കുന്ന ജനസഞ്ചയത്തെ സാക്ഷിനിർത്തിയാണ് തിരുവമ്പാടി ഭഗവതിക്ഷേത്രത്തിൽനിന്ന് പൂരത്തിനായി പുറപ്പെടുക. രാവിലെ ഏഴരയോടെ പുറപ്പെടുന്ന ദേവിയെ വരവേൽക്കാൻ വഴിനീളെ പറകൾ ഒരുക്കിയിട്ടുണ്ടാകും. ഈ പൂരയാത്ര ഷൊർണൂർ റോഡിലൂടെ പഴയനടക്കാവിലെ നടുവിൽമഠത്തിലെത്തുമ്പോൾ സമയം പത്തുകഴിഞ്ഞിട്ടുണ്ടാകും.

ഘടകപൂരങ്ങളുടെ ഒഴുക്ക്

7.30 am മുതൽ
: തിരുവമ്പാടി ഭഗവതി ക്ഷേത്രംവിട്ട് പുറത്തിറങ്ങുന്ന കാഴ്ച ആസ്വദിച്ച ഉടൻ വടക്കുന്നാഥക്ഷേത്രം ശ്രീമൂലസ്ഥാനത്തെത്തിയാൽ എട്ട് ഘടകക്ഷേത്രങ്ങളിൽനിന്നും പൂരമൊഴുകിവരുന്നതിന് സാക്ഷിയാകാം. ഇത്തിരിനേരംകൂടി കാത്തിരുന്നാൽ പൂരങ്ങൾ ശ്രീമൂലസ്ഥാനത്ത് സംഗമിക്കുന്നതും കാണാം. ആളുകളും ആനകളും മേളങ്ങളും ചേർന്ന് വേറൊരു അന്തരീക്ഷത്തിലേക്കെത്തും. ഏഴരയോടെ കണിമംഗലം ശാസ്താവാണ് ആദ്യം വടക്കുന്നാഥക്ഷേത്രത്തിൽ പ്രവേശിക്കുക. പിന്നാലെ മറ്റ് ഏഴു ക്ഷേത്രങ്ങളിൽനിന്നുള്ള പൂരങ്ങൾ വടക്കുന്നാഥനിലെത്തും

മഠത്തിനുമുന്നിൽ പഞ്ചവാദ്യപ്പെരുമഴ

11.30am
:ഉച്ചച്ചൂട് മൂർധന്യത്തിലെത്തിത്തുടങ്ങുമ്പോൾ പഴയനടക്കാവിലെ ബ്രഹ്മസ്വംമഠം പരിസരം പഞ്ചവാദ്യപ്പെരുമഴയും കാത്തിരിക്കും. പൂജകൾകൈയേറ്റ ഭഗവതിക്കുമുന്നിൽ പതിനൊന്നരയോടെ വീഴുന്ന തിമിലതാളം മഠത്തിനുമുന്നിൽ ആകാശംതൊടും. തിങ്ങിനിറഞ്ഞ ജനക്കൂട്ടം വിരൽ വായുവിൽ തുള്ളിച്ച് ആസ്വാദനത്തിന്റെ പുതിയലോകം തേടും. കോങ്ങാട് മധുവിന്റെ പ്രാമാണ്യത്തിലാണ് ഇത്തവണ തിരുവമ്പാടിയുടെ മഠത്തിൽവരവ്.

പാറമേക്കാവിലമ്മയുടെ പുറപ്പാട്

12.15pm

: ചെമ്പടയും പാണ്ടിയുമെല്ലാം അകമ്പടിയാക്കിക്കൊണ്ടാണ് പാറമേക്കാവിലമ്മ പൂരത്തിനായി പുറപ്പെടുക. 12.15-ന് ദേവി ക്ഷേത്രംവിട്ട് പുറത്തിറങ്ങും. തട്ടകം മുഴുവൻ ഇതുകാണാനായി അണിനിരക്കും. ചെറു കുടമാറ്റവും അവിടെ നടക്കും. ചെമ്പടയ്ക്കുശേഷമാണ് പാണ്ടി കൊട്ടിക്കയറുക.

ഇലഞ്ഞിച്ചോട്ടിലെ മേളപ്പെരുമ

02.00 pm

: തൃശ്ശൂർ പൂരത്തിന്റെ മുഖങ്ങളിലൊന്നായ ഇലഞ്ഞിത്തറമേളത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നത് രണ്ടുമണിയോടെയാണ്. പാറമേക്കാവിലമ്മ പതിനഞ്ചാനകളുടെ അകമ്പടിയിൽ വടക്കുന്നാഥക്ഷേത്രവളപ്പിലെ ഇലഞ്ഞിച്ചോട്ടിലെത്തുന്നതോടെ ഇലഞ്ഞിത്തറമേളത്തിന് അരങ്ങൊരുങ്ങും. ആവേശത്തിന്റെ അലകടലുകൾതീർത്ത് പാണ്ടി കൊട്ടിക്കയറും. പലകാലങ്ങളിലേക്കും പടർന്നുകയറുന്ന മേളം ആസ്വാദകരെ മറ്റൊരുലോകത്തേക്ക്‌ ആനയിക്കും. ഇത്തവണ കിഴക്കൂട്ട് അനിയൻമാരാരാണ് പ്രാമാണികൻ.

ശ്രീമൂലസ്ഥാനത്തും മേളക്കടൽ

03.00 pm

: തിരുവമ്പാടി ഭഗവതിക്കുമുന്നിൽ മഠത്തിൽവരവ് പഞ്ചവാദ്യം കൊട്ടിത്തീർന്നാലുടൻ തിരുവമ്പാടിയുടെ മേളം ആരംഭിക്കും. തേക്കിൻകാട്ടിലേക്ക്‌ എഴുന്നള്ളിച്ചു കയറുന്നതോടെയാണ് പാണ്ടിക്ക് തുടക്കമിടുക. മൂന്നുമണിയോടെയാണിത്. പതിയെ വടക്കുന്നാഥ ശ്രീമൂലസ്ഥാനത്തേക്ക്‌ നീങ്ങും. ക്ഷേത്രത്തിനുള്ളിൽ പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളം തിമിർക്കുമ്പോൾ ഒരുമതിലിനിപ്പുറം ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടിയുടെ മേളം കൊട്ടിക്കയറും. ഈ സമയം മേളക്കടലുകൾക്കിടയിൽനിന്ന് മേളപ്രേമികൾ ആവേശംകൊള്ളും. ചേരാനെല്ലൂർ കൃഷ്ണൻകുട്ടിമാരാരാണ് ഇത്തവണത്തെ പ്രാമാണികൻ.

ദൃശ്യവിരുന്നേകി കുടമാറ്റം

5.30 pm
: ഇലഞ്ഞിത്തറമേളവും ശ്രീമൂലസ്ഥാനത്തെ മേളവും കഴിയുന്നതോടെ ആദ്യം പാറമേക്കാവും തൊട്ടുപിന്നാലെ തിരുവമ്പാടിയും തെക്കേഗോപുരനട വഴി പുറത്തിറങ്ങും. ഇരുവിഭാഗത്തിന്റെയും 15 ആനകൾ വീതം ഗോപുരത്തിലൂടെ പുറത്തേക്കിറങ്ങുമ്പോൾ പോക്കുവെയിലിൽ നെറ്റിപ്പട്ടങ്ങളുടെ സ്വർണവർണമേറും. ഈ കാഴ്ചയ്ക്കായി ജനസാഗരം പുറത്ത് കാത്തുനിൽക്കുന്നുണ്ടാകും. അഞ്ചരയോടെ കുടമാറ്റക്കാഴ്ചകൾക്ക് തുടക്കമാകും. ഓരോ കുടകളുയർത്തുമ്പോഴും ആരവങ്ങളുയരും. ഓരോ വർഷവും കുടകളിൽ പുതുമകൾ തേടാൻ ഇരുവിഭാഗവും മത്സരിക്കുന്നതിനാൽ പൂരപ്രേമികളുടെ ആകാംക്ഷയും വാനോളമുയരും.

രാത്രിപൂരത്തിന്റെ സൗന്ദര്യത്തിൽ പാറമേക്കാവിന്റെ പഞ്ചവാദ്യം

10.30pm

: രാത്രിപൂരത്തിന്റെ എല്ലാ സൗന്ദര്യവും ഒത്തിണങ്ങുന്നതാണ് പാറമേക്കാവിന്റെ പഞ്ചവാദ്യം. തീവെട്ടിവെളിച്ചത്തിൽ ആനച്ചമയങ്ങൾ തിളങ്ങുമ്പോൾ പൂരത്തിന്റെ രാത്രിയിലെ സൗന്ദര്യം കാണാം. രാത്രി 10.30-ന് പാറമേക്കാവ് ക്ഷേത്രത്തിനുമുന്നിലാണ് പഞ്ചവാദ്യത്തിന് തുടക്കമാകുക. ചോറ്റാനിക്കര നന്ദപ്പൻമാരാരാണ് ഇത്തവണത്തെ പ്രാമാണികൻ. രാത്രി രണ്ടരവരെ നീളുന്ന പഞ്ചവാദ്യം പാറമേക്കാവിന്റെ മണികണ്ഠനാൽ പന്തലിലാണ് അവസാനിക്കുക.

വെടിക്കെട്ട് വർണങ്ങൾ കാത്ത്

03.00am
: വെടിക്കെട്ടിനായുള്ള കാത്തിരിപ്പ് പൂരത്തിന്റെ മറക്കാനാകാത്ത അനുഭവമാണ്. ചെറുശബ്ദംപോലും വെടിക്കെട്ടിന്റെ തുടക്കമാണെന്നു തെറ്റിദ്ധരിച്ച് ആരവങ്ങളുയരും. പുലർച്ചെ മൂന്നോടെ തുടങ്ങുന്ന വെടിക്കെട്ടിനായി മണിക്കൂറുകൾക്കുമുന്നേ തൃശ്ശൂർ റൗണ്ടിലേക്കുള്ള റോഡുകളിൽ ആളുകൾ തിങ്ങിനിറയും. വെടിക്കെട്ടുതീർക്കുന്ന ആകാശവിസ്മയങ്ങളിൽ ജനത ആരവംമുഴക്കും. ആറുമണിവരെ വെടിക്കെട്ട് നീളും.

കണ്ണുനീർ ഉപചാരം

മേയ്‌ 1 -12.30pm
: പൂരാഘോഷം അവസാനിക്കുന്നത് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ വിടപറയുന്നതിന്റെ കണ്ണീരിലാണ്. മേയ് ഒന്നിന് 12.30-നാണ് വടക്കുന്നാഥക്ഷേത്രം ശ്രീമൂലസ്ഥാനത്തുവെച്ച് ഭഗവതിമാർ പരസ്പരം വിടചൊല്ലുക. അതിനുമുമ്പ്‌ പകൽപ്പൂരം നടക്കും. വടക്കുന്നാഥക്ഷേത്രം ശ്രീമൂലസ്ഥാനത്തിന്റെ ഇരുവശത്തുനിന്നും എഴുന്നള്ളുന്ന ഭഗവതിമാർക്ക് അകമ്പടിയായി പാണ്ടിമേളങ്ങളുയരും, ഒപ്പം ആവേശവും. ഇതിനുശേഷമാണ് വെടിക്കെട്ടും ഉപചാരവും. തുടർന്ന് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ ഒരുക്കുന്ന പൂരക്കഞ്ഞികൂടി നുകർന്നാണ് പൂരപ്രേമികൾ വിടചൊല്ലുക. പിന്നെ അടുത്തപൂരത്തിനുള്ള കാത്തിരിപ്പ്...

Content Highlights: editpage

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..