കർഷക ആത്മഹത്യ കണക്കിൽ കളിച്ച് പാർട്ടികൾ


പി. സുനിൽകുമാർ

2 min read
Read later
Print
Share

തിരഞ്ഞെടുപ്പിനു മുന്നോടിയായി കർണാടകത്തിലെ കർഷക ഗ്രാമങ്ങളിലൂടെ മാതൃഭൂമി നടത്തിയ യാത്രയിലെ അനുഭവങ്ങൾ

Photo: ANI

സാമൂഹിക-രാഷ്ട്രീയ ചർച്ചകളിൽ കർണാടക കാലങ്ങളായി ഉയർത്തിയ കർഷക ആത്മഹത്യക്കണക്കിലെ കളികൾ തിരഞ്ഞെടുപ്പുരംഗത്തും സജീവം. കർഷകർ ഉയർത്തുന്ന പ്രതിഷേധത്തെ കണക്കുകൾ നിരത്തിയാണ് സർക്കാർ പ്രതിരോധിക്കുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യചെയ്യുന്നത് കർണാടകത്തിലാണ്. ഇവിടെ ഓരോ മൂന്നുദിവസത്തിലും രണ്ടുകർഷകർ ജീവനൊടുക്കുന്നുവെന്നാണ് കണക്ക്. കരിമ്പുകർഷകർക്കിടയിലാണ് കൂടുതൽ ആത്മഹത്യ. കർഷകരിൽനിന്ന്‌ കരിമ്പ് വാങ്ങുന്ന പഞ്ചസാരമില്ലുകൾ വരുത്തുന്ന കുടിശ്ശികയും കരിമ്പിന് താങ്ങുവില പ്രഖ്യാപിക്കാത്തതുമാണ് പ്രതിസന്ധിക്കുകാരണം. പഞ്ചസാര ഫാക്ടറികളിൽ ഭൂരിഭാഗവും രാഷ്ട്രീയനേതാക്കളുടേതാണ്. അതിനാൽ ഇവരിൽനിന്ന്‌ കുടിശ്ശിക പിരിച്ചെടുക്കാനുള്ള ശേഷി കർഷകർക്കില്ല. ഉത്പന്നം വിറ്റാലും പണംകിട്ടാത്ത അവസ്ഥ.

കുടിശ്ശികയും കടവുംമാത്രം ബാക്കി
നിലവിൽ പഞ്ചസാരമില്ലുകൾ കർഷകർക്ക് നൽകാനുള്ള കുടിശ്ശിക 1435 കോടി രൂപയാണ്. കർഷകർക്കുള്ള കുടിശ്ശിക തീർക്കുമെന്നതാണ് തിരഞ്ഞെടുപ്പിൽ സർക്കാർ നൽകുന്ന വാഗ്ദാനം. എന്നാൽ, കർഷകർ ഇത്‌ വിശ്വസിക്കുന്നില്ല. ഉത്തർപ്രദേശിൽ കർഷകർക്ക് കരിമ്പുവിറ്റ് രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതിഫലം ലഭിക്കുമ്പോൾ കർണാടകത്തിൽ ഒരു വർഷം കഴിഞ്ഞാലും കുടിശ്ശിക തീർക്കുന്നില്ലെന്ന് കർഷകസംഘടനകൾ ആരോപിക്കുന്നു. കർണാടകത്തിൽ ഒരു ടൺ കരിമ്പിന് 2800 രൂപ ലഭിക്കുമ്പോൾ ഉത്തർപ്രദേശിൽ ഇത് 3500 രൂപയാണെന്ന് കരിമ്പുകർഷകസംഘടനാ നേതാവ് കുറുമ്പൂർ ശാന്തകുമാർ പറഞ്ഞു.
കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ കർഷക ആത്മഹത്യകളിൽ 33 ശതമാനം കുറവുണ്ടായെന്നാണ് സർക്കാർ വാദം. ഇത് സർക്കാരിന്റെ നേട്ടമായി ഉയർത്തിക്കാട്ടുന്നു. എന്നാൽ, കണക്കിലെ കള്ളക്കളിയാണ് ആത്മഹത്യനിരക്ക് കുറയാൻ കാരണമെന്ന് കർഷകസംഘടനാനേതാവ് നാഗേന്ദ്ര പറഞ്ഞു. മരിച്ച കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതൊഴിവാക്കാൻ ആത്മഹത്യക്ക് സർക്കാർ മറ്റുകാരണങ്ങൾ കണ്ടെത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസും ജെ.ഡി.എസും സമാന ആരോപണമാണ് ഉന്നയിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് ജീവനൊടുക്കിയ 4257 കർഷകരിൽ പകുതിപ്പേർക്കുമാത്രമാണ് നഷ്ടപരിഹാരം നൽകിയതെന്ന് കോൺഗ്രസ് നേതാവ് മരുകപ്പ ആരോപിച്ചു.

സംസ്ഥാനത്ത് 2022-23 വർഷത്തിൽ 2082 കർഷകരാണ് ആത്മഹത്യചെയ്തത്. കൂടുതൽ പേർ ജീവനൊടുക്കിയത് മൈസൂരുവിലാണ്, 191 പേർ. കർഷക ആത്മഹത്യയായി പരിഗണിച്ചാൽ മരിച്ച കർഷകന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ഭാര്യക്ക് മാസം 2000 രൂപ പെൻഷനും നൽകും. ഈ സാമ്പത്തികബാധ്യത മുന്നിൽക്കണ്ടാണ് കർഷക ആത്മഹത്യനിരക്ക് കുറച്ചുകാണിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. സംസ്ഥാനത്ത് 80 ലക്ഷം കർഷകരുണ്ടെന്നാണ് കണക്ക്. ഇതിൽ 30 ലക്ഷവും കരിമ്പുകർഷകരാണ്. 13 ലക്ഷം കർഷകർക്ക് സ്വന്തമായി ഭൂമിയില്ല. ഐ.ടി.-വ്യവസായ രംഗത്ത് ഏറെ മുന്നേറുമ്പോഴും സംസ്ഥാനത്തെ 64 ശതമാനം പ്രദേശവും കൃഷിസ്ഥലമാണ്. കൂടുതൽ കർഷകരും വൊക്കലിഗ സമുദായാംഗങ്ങളാണ്.

കടക്കെണിയും സ്വകാര്യ പണമിടപാടുകാരും
കാർഷികോത്പന്നങ്ങളുടെ വിലക്കുറവും കടക്കെണിയുമാണ് കർഷക ആത്മഹത്യക്കുള്ള കാരണം. കുറഞ്ഞനിരക്കിൽ വായ്പലഭിക്കുന്നതിനുള്ള സൗകര്യമില്ല. ചെറുകിടകർഷകരും പാട്ടത്തിന് കൃഷിനടത്തുന്നവരും സ്വകാര്യ പണമിടപാടുകാരിൽനിന്നാണ് വായ്പയെടുക്കുന്നത്. കൃഷിനശിക്കുമ്പോൾ വായ്പതിരിച്ചടവ് മുടങ്ങും. ‘‘ഇടനിലക്കാരാണ് കർഷകരുടെ ദുരിതത്തിന് പ്രധാന കാരണം. കർഷകരെ കടക്കെണിയിൽപ്പെടുത്തി കുറഞ്ഞവിലയ്ക്ക് ഉത്പന്നങ്ങൾ ഇവർ തട്ടിയെടുക്കും. കൃഷിക്കാവശ്യമായ പണം ഇവർ നൽകും. പിന്നീട് ഉത്പന്നങ്ങൾ കർഷകർക്ക് നേരിട്ട് വിപണിയിലെത്തിക്കാൻ കഴിയില്ല’’ -മദ്ദൂരിലെ കർഷകനായ ചെങ്ങന്നൂർ സ്വദേശി ജയരാജ് പറഞ്ഞു. കാർഷികഗ്രാമങ്ങൾ കടുത്ത വരൾച്ചയിലാണ്. ജലസേചനത്തിനുള്ള സൗകര്യമില്ലാത്തതും തെറ്റിവരുന്ന കാലവർഷവുമാണ് പ്രതീക്ഷകളെ തകർക്കുന്നതെന്ന് കർഷകർ പറയുന്നു. കൃഷി തുടങ്ങുന്നതിനും വിത്തും വളവും വാങ്ങുന്നതിനും സർക്കാർ സാമ്പത്തികസഹായം നൽകിയാൽ സ്വകാര്യ പണമിടപാടുകാരുടെ ചൂഷണത്തിൽനിന്ന് കർഷകരെ രക്ഷിക്കാൻ കഴിയും. കാർഷികേതര ആവശ്യത്തിന് വായ്പയെടുക്കുന്നതും കടക്കെണിക്കിടയാക്കുന്നു. മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനും വീടുവെക്കുന്നതിനും വായ്പയെടുത്ത് കടക്കെണിയിലായ കർഷകരും ഏറെയാണ്.

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..