ആനകളെ കാടുകടത്തുമ്പോൾ


ടി.ജെ. ശ്രീജിത്ത്

4 min read
Read later
Print
Share

കാടുകടത്തപ്പെടുന്ന ആനകൾക്ക് മൂന്നുതരം സ്വഭാവമാണ്. ഒന്നാമത്തെ സ്വഭാവക്കാർ ‘ഗൃഹാതുരത്വ’മുള്ളവരാണ്. പുതിയ കാട്ടിൽനിന്ന്‌ സ്വന്തം കാട്ടിലേക്ക് എങ്ങനെയും തിരിച്ചെത്താൻ ശ്രമിക്കും. അടുത്ത കൂട്ടർ ‘നാടോടി’കളാണ്. കൊണ്ടുവിട്ട സ്ഥലത്തുനിന്ന്‌ കാടുകൾ ചുറ്റിക്കൊണ്ടിരിക്കും. മൂന്നാമത്തെ കൂട്ടർക്ക് വീണിടം വിഷ്ണുലോകമാണ്

അരിക്കൊമ്പൻ | ഫോട്ടോ:ശ്രീജിത്ത് പി.രാജ്

ആനകളുടെ സംരക്ഷണത്തിനും മനുഷ്യ-ആന സംഘർഷത്തിനുമുള്ള ഏക പരിഹാരം എന്ന നിലയിൽ 1980-ൽ ആണ് കാടുകടത്തലിന് തുടക്കമിടുന്നത്. ഇന്ത്യയിൽ മാത്രമല്ല, മറ്റു രാജ്യങ്ങളിലും കാടുകടത്തൽ നിർബാധം തുടരുന്നു. മൂന്നാറിലെ അരിക്കൊമ്പൻ എന്ന ആനയുടെ ‘കാടുകടത്തലാണ്’ ഹൈക്കോടതിയിലേക്കും സുപ്രീംകോടതിയിലേക്കും വരെ എത്തിയ പുതിയ ആനപ്രശ്നം. മൂന്നാറിലെ ചിന്നക്കനാലിൽനിന്ന്‌ മറ്റൊരു കാടിന്റെ ഉള്ളറയിലേക്ക് അരിക്കൊമ്പനെ കാടുകടത്തുമ്പോൾ എന്താകും സംഭവിക്കുക...?

കാടുകടത്തപ്പെടുന്ന ആനകൾക്ക് മൂന്നുതരം സ്വഭാവമാണ് പൊതുവിൽ കണ്ടുവരുന്നതെന്ന് നിരീക്ഷണഗവേഷണങ്ങളിൽ വ്യക്തമായിട്ടുണ്ട്. ഒന്നാമത്തെ സ്വഭാവക്കാർ ‘ഗൃഹാതുരത്വ’മുള്ളവരാണ്. പുതിയ കാട്ടിൽനിന്ന്‌ സ്വന്തം കാട്ടിലേക്ക് എങ്ങനെയും തിരിച്ചെത്താൻ ശ്രമിക്കും. അടുത്ത കൂട്ടർ ‘നാടോടി’കളാണ്. കൊണ്ടുവിട്ട സ്ഥലത്തുനിന്ന്‌ കാടുകൾ ചുറ്റിക്കൊണ്ടിരിക്കും. മൂന്നാമത്തെ കൂട്ടർക്ക് വീണിടം വിഷ്ണുലോകമാണ്. എവിടെ കൊണ്ടുവിട്ടോ അവിടം സ്വന്തമിടമായി പ്രഖ്യാപിക്കും. കൂടുതലും സ്വന്തം കാട്ടിലേക്ക് തിരിച്ചെത്തുന്നവരോ തിരിച്ചെത്താനുള്ള ശ്രമം നടത്തുന്നവരോ ആണെന്നാണ് കണ്ടെത്തൽ. പുതിയ ഇടം ആവാസകേന്ദ്രമാക്കി മാറ്റുന്നവരുടെ എണ്ണം വളരെ കുറവും.

വിനായകന്റെ കഥ
കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷനിലുള്ള ഒരു യുവ കാട്ടുകൊമ്പനായിരുന്നു വിനായകൻ. സ്ഥിരമായി കൃഷിയിടങ്ങളിലിറങ്ങി കൃഷി നശിപ്പിച്ചു കൊണ്ടിരുന്നു. രാത്രികാലങ്ങളിൽ വീടുകൾക്കുമുന്നിൽ വിനായകൻ തമ്പടിച്ചു. അതുമാത്രമല്ല, കാടിറങ്ങുന്ന കാട്ടുകൊമ്പന്മാർ ഒപ്പമുള്ള കുട്ടികൊമ്പന്മാരെയും അതേരീതി പഠിപ്പിക്കും. വിനായകനെ സ്ഥിരമായി നിരീക്ഷിച്ച തമിഴ്‌നാട് വനംവകുപ്പിന് ഒരു കാര്യം വ്യക്തമായി. വിനായകൻ ഒപ്പമുള്ള ആനകളെയും കൃഷിയിടത്തിലിറങ്ങാൻ വിളിച്ചുകൊണ്ടുവരുന്നു. അപകടകരമായ സ്ഥിതിയിലേക്ക് പോകുമെന്ന് കണ്ടതോടെയാണ് വിനായകനെ ‘കാടുകടത്താൻ’ തീരുമാനിച്ചത്. അങ്ങനെ 2018 ഡിസംബറിൽ വിനായകനെ പിടികൂടി 90 കിലോമീറ്റർ അകലെയുള്ള മുതുമല കടുവസങ്കേതത്തിനുള്ളിലെത്തിച്ചു.വിനായകനെ മുതുമല കടുവസങ്കേതത്തിലേക്ക് മാറ്റുമ്പോൾ റേഡിയോ കോളർ ഘടിപ്പിച്ചിരുന്നു. കാടുകടത്തിയ ആനയെ വേൾഡ് വൈൽഡ് ഫണ്ട് ഫോർ നെയ്‌ച്ചറും (ഡബ്ല്യു.ഡബ്ല്യു.എഫ്.) തമിഴ്‌നാട് വനംവകുപ്പും ചേർന്ന് മൂന്നരമാസത്തോളം നിരീക്ഷിച്ച് പഠനറിപ്പോർട്ട് തയ്യാറാക്കി. കാടുമാറലിന്റെ ആദ്യഘട്ടത്തിൽ വിനായകൻ മുതുമല കടുവസങ്കേതത്തിന്റെയും തൊട്ടുചേർന്നുള്ള ബന്ദിപ്പുർ കടുവസങ്കേതത്തിന്റെയും അതിരുകളിലാണ് അലഞ്ഞത്.

പതുക്കെ പതുക്കെ ബന്ദിപ്പുരിന്റെ വടക്കൻ അതിർത്തിയിലേക്ക് നീങ്ങാൻ തുടങ്ങി. അവിടെ ആനകൾ കാടിന്റെ അതിരുവിടാതിരിക്കാൻ വലിയ കിടങ്ങുകൾ തീർത്തിരുന്നു. അവിടെ വിനായകൻ ഒരു പഴുത് കണ്ടെത്തി. അധികം ആഴമില്ലാത്ത കിടങ്ങിന്റെ ഭാഗത്തുകൂടി കൃഷിയിടങ്ങളിലേക്കിറങ്ങാൻ തുടങ്ങി. കാർഷികവിളകൾ തിന്നു ശീലിച്ച അവന് കാട്ടുഭക്ഷണങ്ങൾ ഇഷ്ടമാകാത്തതായിരുന്നു കാരണം.
ജി.പി.എസ്. റേഡിയോ കോളർ ഉള്ളതിനാൽ വിനായകന്റെ നീക്കങ്ങൾ ബന്ദിപ്പൂർ കടുവസങ്കേതത്തെ അപ്പോൾത്തന്നെ അറിയിച്ചിരുന്നു. സങ്കേതത്തിലെ ജീവനക്കാരും പ്രാദേശിക കർഷകരും ഡബ്ല്യു.ഡബ്ല്യു.എഫ്. ടീമും ചേർന്ന് അവനെ വീണ്ടും കാട്ടിലേക്കോടിച്ചു. വിനായകൻ കാട്ടിൽ നിന്ന്‌ കൃഷിയിടത്തിലേക്ക് ഇറങ്ങുന്ന ‘ഗ്യാപ്പ്’ കണ്ടെത്തി അടച്ചു. ശീലിച്ചതേ പാടൂ എന്ന ചൊല്ലുപോലെ കൃഷിയിടത്തിൽനിന്ന്‌ തുരത്തിയാലും അവൻ കാടിന്റെ അതിരുകളിൽത്തന്നെ തമ്പടിച്ചു. അടുത്ത അവസരത്തിനായി കാത്തുനിന്നു. പക്ഷേ, സ്ഥിരമായി അവനെ കൃഷിയിടത്തിൽനിന്ന്‌ തുരത്താൻ തുടങ്ങിയതോടെ അവൻ കാട്ടിനുള്ളിലേക്ക് വലിഞ്ഞു. കാട്ടുഭക്ഷണത്തിൽത്തന്നെ അഭയം തേടി.

2018 ഡിസംബർ 19 മുതൽ 2019 ഏപ്രിൽ നാലുവരെയുള്ള 107 ദിവസത്തെ ജി.പി.എസ്. കോളർ നിരീക്ഷണത്തിൽ 2089 ലൊക്കേഷനുകളിലാണ് വിനായകനെ കണ്ടെത്തിയത്. ഇതിൽ 27 ശതമാനവും കൃഷിയിടങ്ങളിലോ കൃഷിയിടത്തിൽനിന്ന്‌ 500 മീറ്റർമാത്രം ദൂരത്തോ ആയിരുന്നു. ഈ 107 ദിവസം മുതുമലയിലും ബന്ദിപ്പുരുമായി വിനായകൻ 413 ചതുരശ്ര കിലോമീറ്ററാണ് സഞ്ചരിച്ചത്. വിനായകനുശേഷം ചിന്നത്തമ്പി എന്ന പ്രശ്നക്കാരൻ ആനയെയും ഇതുപോലെ കാടുകടത്തിയിട്ടുണ്ട്.

കാടിനുള്ളിൽ കൂടുവേണം
കാടുകടത്തിയ വിനായകന്റെ സ്വഭാവ നിരീക്ഷണത്തിൽനിന്ന്‌ ഡബ്ല്യു.ഡബ്ലു.എഫ്. സംഘം ചിലകാര്യങ്ങൾ പഠിച്ചു. ആനയെ മറ്റൊരു കാട്ടിൽ തുറന്നുവിടുംമുമ്പ് കാടിനുള്ളിൽ ഒരുവലിയ കൂടു തീർക്കണം. ചെറിയ കാലയളവിലെങ്കിലും ആനയെ അതിൽ പാർപ്പിക്കണം. ആ കാട്ടിലെ ആനകളുടെ ഗന്ധം തിരിച്ചറിയാനും പുതിയ ആവാസയിടവുമായി ഇണങ്ങുന്നതിനും ഇത് സഹായിക്കും. തീറ്റയെത്തിക്കലല്ലാതെ മനുഷ്യരുമായുള്ള ഇടപെടലുകൾ എത്രത്തോളം കുറയ്ക്കാമോ അത്രത്തോളം പ്രയോജനം ചെയ്യും.

വാസയിടമില്ലാതാകുമ്പോൾ
കാടിന്റെ അതിരുകളിലേക്ക് മനുഷ്യൻ കടന്നു കയറുമ്പോൾ ആനകളുടെ വാസയിടങ്ങൾ ചുരുങ്ങും. സ്വാഭാവികമായും കാടോരത്തെ കൃഷിയിലേക്കും വീടുകളിലേക്കും ആനകളെത്തും. വാസയിടങ്ങൾ ചുരുങ്ങുമ്പോൾ വലിയ ആനക്കുടുംബങ്ങളുടെ സ്ഥാനത്ത് അണുകുടുംബങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. ജനിതകശാസ്ത്രപരമായി ആന സംരക്ഷണത്തിന് ഇതത്ര ശുഭകരമായ ഒന്നല്ല. പക്ഷേ, ആനകളും മനുഷ്യരുമായുള്ള സംഘർഷമൊഴിവാക്കാൻ ‘കാടുകടത്തൽ’ അനിവാര്യമാണെന്ന് ഡബ്ല്യു.ഡബ്ല്യു.എഫ്. പഠനറിപ്പോർട്ട് പറഞ്ഞുവെക്കുന്നു.

ശ്രീലങ്കൻ മറുഭാഷ്യവും ‘ബ്രിഗേഡിയറും’
ആനകളെ കാടുകടത്തുന്നതിൽ ശ്രീലങ്കയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് വൈൽഡ് ലൈഫ് കൺസർവേഷന്റെ റിപ്പോർട്ട് അല്പം വ്യത്യസ്തമാണ്. ‘‘നിങ്ങൾക്ക് ഒരു കാട്ടാനയെ മാറ്റാം, പക്ഷേ, അതിനെ ഒരിടത്ത് തളച്ചിടാനാകില്ല.’’ ഇതായിരുന്നു അവരുടെ കണ്ടെത്തലിന്റെ ചുരുക്കം. ശ്രീലങ്കയിൽ 12 പ്രശ്നക്കാരായ കാട്ടാനകളെ ഒരുമിച്ച് കാടുകടത്തി. ഇതിൽ അഞ്ചെണ്ണവും എട്ടുമാസത്തിനുള്ളിൽ കൊല്ലപ്പെട്ടു. തിരികെ നാട്ടിലേക്കിറങ്ങിയ മൂന്നെണ്ണത്തിനെ പലതവണയാണ് കാടുകടത്തേണ്ടിവന്നത്. ആനസംരക്ഷണത്തിന് കാടുകടത്തൽ നല്ലൊരു മാർഗമല്ലെന്നാണ് അവരുടെ പഠനത്തിലൂടെ തെളിഞ്ഞത്. അതിലുമുണ്ടായിരുന്നു ഗൃഹാതുരത്വമുള്ളവരും നാടോടികളും വീണിടം വിഷ്ണുലോകമെന്ന് കരുതിയവരും. അതിലെ നാടോടിയായ ‘ബ്രിഗേഡിയർ’ എന്ന കാട്ടുകൊമ്പന്റെ യാത്ര അന്ത്യയാത്രയായത് പഠനത്തിൽ വിവരിച്ചിട്ടുണ്ട്. ബ്രിഗേഡിയറിനെ മധുരു ഓയാ ദേശീയോദ്യാനത്തിനാലാണ് തുറന്നുവിട്ടത്. അവൻ അന്നുതന്നെ നടപ്പുതുടങ്ങി. ഏതാണ്ട് 96 കിലോമീറ്റർ സഞ്ചരിച്ച് അവൻ കടൽ തീരത്തെത്തി. അവൻ പിന്നെ അഞ്ചു കിലോമീറ്ററോളം നീന്തി. പിന്നെ ബ്രിഗേഡിയറിനെ വനംവകുപ്പല്ല, ശ്രീലങ്കൻ നാവികസേനയാണ് പിടികൂടിയത്. വീണ്ടും തീരത്തെത്തിച്ചു. അവിടെനിന്ന്‌ മറ്റൊരിടത്തേക്കും അവനെ മാറ്റി. ആ പ്രദേശത്തുകാർക്ക് ശല്യക്കാരനായ ആനയായി മാറി. ഓടുവിൽ ഒരു പൊട്ടക്കിണറ്റിൽവീണായിരുന്നു അന്ത്യം.

മലാവിയിലെ ‘ആനക്കടത്ത്’
ടാൻസാനിയയും സാംബിയയും മൊസാംബിക്കുമായി അതിർത്തിപങ്കിടുന്ന തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ 263 ആഫ്രിക്കൻ ആനകളെയാണ് ഒറ്റയടിക്ക് ‘കാടുകടത്തി’യത്. മലാവിയുടെ തെക്കുഭാഗത്തുള്ള ലിവോണ്ടെ ദേശീയോദ്യാനത്തിൽ ആനകളുടെ എണ്ണം 600 കടന്നതോടെ കാടിനുപുറത്തേക്ക് ആനകൾ കടന്നു. ഇതോടെയാണ് മാറ്റാനുള്ള തീരുമാനം വന്നത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറുള്ള കസൂംഗു ദേശീയോദ്യാനത്തിലേക്കായിരുന്നു മാറ്റം. ലിവോണ്ടെയുടെ നാലിരിട്ടി വലുപ്പമുള്ള കാടാണ് കസൂംഗു.ഇന്ത്യൻ കാടുകളിൽനിന്ന്‌ വ്യത്യസ്തമായി വരണ്ടുണങ്ങിയ ‘തുറന്ന’ കാടുകളാണ് ആഫ്രിക്കൻ രാജ്യങ്ങളെന്നതിനാൽ, ഹെലികോപ്റ്ററിൽനിന്ന്‌ മയക്കുവെടി വെച്ചാണ്‌ ആനകളെ പിടികൂടിയത്. ആനകുടുംബത്തെ ഒന്നടങ്കമാണ് ഉന്നംവെച്ചത്. ആദ്യം കൂട്ടത്തിലെ മൂത്ത കൊമ്പനെ വെടിവെക്കുകയും അവനെ ക്രെയിൻ ഉപയോഗിച്ച് ട്രക്കിലേക്ക് മാറ്റുകയും ചെയ്യും. ഇതിനു ശേഷമാണ് കസൂംഗുവിലേക്കുള്ള വലിയയാത്ര. കസൂംഗുവിലെത്തിയ ശേഷം കാടിനുള്ളിലെ പ്രത്യേകമായി തീർത്ത വലിയകൂട്ടിൽ 24 മണിക്കൂർ പാർപ്പിച്ചു. ഇതിനുശേഷം ഇവയുടെ സഞ്ചാരം നിരീക്ഷിക്കാൻ സാറ്റ്‌ലൈറ്റ് കോളറുകൾ ഘടിപ്പിച്ചാണ് തുറന്നുവിട്ടത്.

കേരളത്തിൽ ആനകളെ ഇതിനുമുമ്പും കാടുമാറ്റി


കേരളത്തിൽ ഏതാണ്ട് അമ്പതോളം കാട്ടാനകളെ പലകാരണങ്ങളാൽ മയക്കുവെടിവെച്ച് പിടിച്ച് തിരികെ കാട്ടിൽ വിട്ടിട്ടുണ്ട്. പലതും കോളർ ഘടിപ്പിക്കുന്നതിനും പരിക്കേറ്റതിന് ചികിത്സിക്കാനുമാണ്. കാടുമാറ്റലിനും ഒട്ടേറെ ആനകൾ വിധേയരായിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ദൂരം കാടുമാറ്റിയിരിക്കുന്നത് സുൽത്താൻ ബത്തേരിയിൽനിന്ന്‌ ശിരുവാണിയിലേക്കാണ്. ഏതാണ്ട് അഞ്ചുവർഷം മുമ്പാണ് സംഭവം നടന്നത്. ഏതാണ്ട് 170 കിലോമീറ്ററിനടുത്ത് ദൂരമുണ്ട്. ഇപ്പോൾ അരിക്കൊമ്പനെ മാറ്റുന്നതും ഏതാണ്ട് സമാനമായ ദൂരത്തിലാണ്. അതുപോലെ നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽനിന്ന്‌ പിടിച്ച് അവിടെത്തന്നെ മറ്റൊരിടത്ത് തുറന്നുവിട്ടിട്ടുണ്ട്. 2016-ൽ പ്രശ്നക്കാരനായ ഒരാനയെ നിലമ്പൂരിൽനിന്ന്‌ പിടികൂടി നെടുംകയത്ത് തുറന്നുവിട്ടിട്ടുമുണ്ട്. മയക്കുവെടിവെച്ച് ഏറ്റവും കൂടുതൽ തവണ പിടിച്ചിട്ടുള്ളത് വയനാട്ടിലെ മണിയനെന്ന ആനയെ ആണ്. എട്ടുതവണയാണ് മയക്കുവെടിവെച്ച് പിടിച്ചത്. കർണാടക കാട്ടിലേക്ക് സ്ഥിരമായി കയറുന്ന മണിയൻ മറ്റാനകളുമായി ഏറ്റുമുട്ടി പരിക്കേറ്റ് തിരിച്ചെത്തും. ഈ പരിക്ക് ചികിത്സിക്കാനാണ് മയക്കുവെടിവെച്ച് പിടികൂടുന്നത്.

കൊല്ലപ്പെടുന്നത്

500മനുഷ്യർ, 100 ആനകൾ

ലോകത്ത് ഏഷ്യൻ ആനകൾ 50,000 മുതൽ 60,000 വരെയുണ്ടെന്നാണ് കണക്ക്. ഇതിന്റെ 60 ശതമാനത്തിലധികവും ഇന്ത്യൻ കാടുകളിലാണ്. രാജ്യത്ത് 2017-ലാണ് അവസാനമായി ആനക്കണക്കെടുപ്പ് നടന്നത്. 29,964 ആനകൾ ഇന്ത്യയിലുണ്ടെന്നാണ് അന്ന് കണ്ടെത്തിയത്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ രേഖകൾ പ്രകാരം പ്രതിവർഷം ശരാശരി അഞ്ഞൂറു മനുഷ്യർ ആനകളാൽ കൊല്ലപ്പെടുന്നുണ്ട്. സമാനമായി മനുഷ്യരിൽനിന്നുള്ള ആക്രമണത്താൽ പ്രതിവർഷം ശരാശരി നൂറ് ആനകളും കൊല്ലപ്പെടുന്നുണ്ട്.

Content Highlights: editpage

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..