പാർട്ടികൾ തിരിച്ചറിയുന്നു ജാതിക്കപ്പുറവും ചിലതുണ്ട്


പി. സുനിൽകുമാർ

2 min read
Read later
Print
Share

തിരഞ്ഞെടുപ്പിനു മുന്നോടിയായി കർണാടകത്തിലെ കർഷകഗ്രാമങ്ങളിലൂടെ മാതൃഭൂമി നടത്തിയ യാത്രയിലെ അനുഭവങ്ങൾ

Karnataka Assembly Election 2023

കർണാടക തിരഞ്ഞെടുപ്പുകളിൽ ജാതിസമവാക്യങ്ങൾക്കും സമുദായനേതാക്കൾക്കുമുള്ള സ്വാധീനം ചെറുതല്ല. സ്ഥാനാർഥിനിർണയംമുതൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞവരെ ഇത് പ്രകടമാണ്. ഇത്തവണയും സ്ഥാനാർഥിനിർണയത്തിൽ സമുദായപരിഗണന വ്യക്തമാണെങ്കിലും പ്രചാരണത്തിൽ മുഴച്ചുനിൽക്കുന്നത് അഴിമതിയും വിലക്കയറ്റവുമാണ്. കോൺഗ്രസ് അഴിച്ചുവിട്ട അഴിമതിക്കൊടുങ്കാറ്റിനെ പ്രതിരോധിക്കാൻ ബി.ജെ.പി. നിർബന്ധിതരാകുന്ന കാഴ്ചയാണ് ഗ്രാമങ്ങളിലുള്ളത്. ഗ്രാമങ്ങളിലെ കർഷകവോട്ടർമാരെയും സാധാരണക്കാരെയും കോൺഗ്രസിന്റെ പ്രചാരണം സ്വധീനിക്കുമെന്ന ആശങ്ക ബി.ജെ.പി. നേതൃത്വത്തിനുണ്ട്. മുൻതിരഞ്ഞെടുപ്പുകളിൽനിന്ന് വിഭിന്നമായി ബി.ജെ.പി. ദേശീയനേതാക്കൾ പിന്നാക്കജില്ലകളിലെത്തി പ്രചാരണം നടത്തുന്നത് ഇതിന്റെ തെളിവായി വിലയിരുത്തുന്നു.

അഴിമതി പ്രചാരണായുധം
40 ശതമാനം കമ്മിഷൻ സർക്കാരാണ് കർണാകത്തിലെന്നാണ് കോൺഗ്രസിന്റെ ആരോപണം. അഴിമതിക്കേസിൽ മാദൽ വിരുപാക്ഷപ്പ അറസ്റ്റിലായതും ബില്ലുമാറാൻ കമ്മിഷൻ ആവശ്യപ്പെട്ടെന്നാരോപിച്ച് കാരാറുകാരൻ ആത്മഹത്യചെയ്തതും ബി.ജെ.പി.ക്ക് തിരിച്ചടിയായി.‘‘സർക്കാർ അനുകൂല്യം ലഭിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കൈക്കൂലിനൽകേണ്ട അവസ്ഥയാണ്. കൃഷിനാശം സംഭവിച്ച കൃഷിയിടങ്ങൾ സന്ദർശിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. ഇതേത്തുടർന്ന് അർഹതപ്പെട്ട നഷ്ടപരിഹാരം മുടങ്ങി’’ -ചാമരാജ് നഗറിലെ കർഷകനായ നാഗരാജിന്റെ അഭിപ്രായത്തെ മറ്റുകർഷകരും പിന്തുണയ്ക്കുന്നു. ജി.എസ്.ടി.ക്കെതിരേയും കർഷകർക്കിടിയിൽ അമർഷമുണ്ട്. കാർഷികോത്പന്നങ്ങൾക്കുള്ള ജി.എസ്.ടി. ഒഴിവാക്കണമെന്നാണ് കർഷകരുടെ ആവശ്യം. കർഷകകുടുംബത്തിലെ യുവാക്കളെ വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്ക് രണ്ടുലക്ഷം രൂപയുടെ സാമ്പത്തികസഹായം, വനിതാ സ്വയംസഹായസംഘങ്ങൾക്ക് 10,000 രൂപ സാമ്പത്തികസഹായം, ദുരിതബാധിതരായ കർഷകരുടെ വായ്പ എഴുതിത്തള്ളൽ തുടങ്ങി ജെ.ഡി.എസിന്റെ പ്രഖ്യാപനങ്ങൾ ഗ്രാമീണമേഖലയെ ലക്ഷ്യംവെച്ചുള്ളതാണ്. കോൺഗ്രസും ജനപ്രിയപ്രഖ്യാപനങ്ങളുമായാണ് ഗ്രാമങ്ങളിലെത്തുന്നത്. ബിരുദം പൂർത്തിയായവർക്കുള്ള സാമ്പത്തികസഹായവും വീട്ടമ്മമാർക്കുള്ള 2000 രൂപയുടെ സാമ്പത്തികസഹായവും ഇതിനു തെളിവാണ്. പാവപ്പെട്ട കുടുംബത്തിലെ ഓരോ അംഗത്തിനും മാസം പത്തുകിലോ അരി സൗജന്യമായി നൽകും. ഇത്തരം വാഗ്ദാനങ്ങളിലൂടെ സമുദായപരിഗണനയ്ക്കപ്പുറം വോട്ടുലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.‘‘അഴിമതിയിലും വിലക്കയറ്റത്തിലും പാചകവാതക വിലവർധനയിലും ജനത്തിന് പ്രതിഷേധമുണ്ട്. ഭരണവിരുദ്ധ വികാരം ഗ്രാമങ്ങളിലും പ്രകടമാണ്’’ -കോൺഗ്രസ് നേതാവും മലയാളിയുമായ ജോജോ ജോർജ് പറഞ്ഞു.

ഭരണനേട്ടങ്ങൾ നിരത്തി പ്രതിരോധം

ഭരണനേട്ടങ്ങൾ അക്കമിട്ടുനിരത്തിയാണ് ബി.ജെ.പി. ഇതിനെ പ്രതിരോധിക്കുന്നത്. കർഷക ആത്മഹത്യ കുറഞ്ഞതും കർഷകകുടുംബങ്ങളിലെ വിദ്യാർഥികൾക്കുള്ള വിദ്യാനിധി സ്‌കോളർഷിപ്പും ചെറുധാന്യകർഷകർക്കുള്ള പ്രത്യേക സഹായവും ബി.ജെ.പി. ഗ്രാമങ്ങളിലെത്തി വിശദീകരിക്കുന്നു. നഗരങ്ങളിൽ ബി.ജെ.പി.ക്കുള്ള സാധീനവും ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണയും അധികാരത്തുടർച്ച നേടിത്തരുമെന്ന പ്രതീക്ഷയും നേതാക്കൾ പങ്കുവെക്കുന്നു. സമുദായപിൻബലത്തിൽ തന്നെയാണ് ബി.ജെ.പി.യുടെ ആത്മവിശ്വസം. ബി.ജെ.പി. പ്രഖ്യപിച്ച 222 സ്ഥാനാർഥികളിൽ 67 പേർ ലിംഗായത്ത് വിഭാഗത്തിൽനിന്നും 62 പേർ വൊക്കലിഗ വിഭാഗത്തിൽനിന്നുമാണ്‌. ഈ രണ്ടു സമുദായങ്ങളും പിന്തുണച്ചാൽ അധികാരം നിലനിർത്താൻ കഴിയുമെന്നാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടൽ. ഇത് മുന്നിൽക്കണ്ടാണ് മുസ്‌ലിം സമുദായങ്ങൾക്കുള്ള നാലുശതമാനം സംവരണം എടുത്തുമാറ്റി ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങൾക്കു നൽകിയത്.

പരിശോധനകൾ മുറപോലെ; പണമൊഴുക്കിൽ കുറവില്ല
തിരഞ്ഞെടുപ്പിൽ പണമൊഴുക്ക് തടയാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനകൾ മുറപോലെ നടക്കുന്നുണ്ടെങ്കിലും സ്ഥാനാർഥികൾ വോട്ടിനായി വാരിക്കോരിയാണ് ചെലവാക്കുന്നത്. കോടീശ്വരന്മാരും ശതകോടീശ്വരന്മാരും മത്സരിക്കുന്ന കന്നഡനാട്ടിൽ വോട്ടർമാർക്ക് പണം നൽകുന്നതിൽ പുതുമയില്ലെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ പണത്തിന്റെ ഒഴുക്ക് കൂടിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ശരിവെക്കുന്നു. പെരുമാറ്റച്ചട്ടം നിലവിൽവന്നതിനുശേഷം 254.2 കോടി രൂപയുടെ മൂല്യമുള്ള പണവും മദ്യവും സമ്മാനങ്ങളുമാണ് പിടിച്ചെടുത്തത്. എന്നാൽ, പണമൊഴുക്കിന്റെ അഞ്ചുശതമാനംപോലും പിടിച്ചെടുത്തത് വരില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സംസ്ഥാന, ജില്ലാ അതിർത്തികളിൽ ചെക്ക് പോസ്റ്റ് സ്ഥാപിച്ചാണ് പരിശോധന. വോട്ടർമാർക്ക് പണമെത്തിക്കാൻ സ്ഥാനാർഥികൾക്ക് പ്രത്യേക ഏജന്റുമാരുണ്ട്. ഒരു ബൂത്തിലെ വോട്ടുറപ്പിക്കാൻ സ്ഥാനാർഥികളിൽനിന്ന് ഏജന്റുമാർ രണ്ടുലക്ഷം രൂപവരെ വാങ്ങുന്നുണ്ടെന്നാണ് ഒരു പാർട്ടി നേതാവ് പറയുന്നത്. വോട്ടർമാരെ സ്വാധീനിക്കാൻ പ്രത്യേകസംഘത്തെത്തന്നെ പാർട്ടിക്കാർ നിയോഗിച്ചിട്ടുണ്ട്. ഒരു വോട്ടിന് 3000 രൂപവരെ നൽകുന്നുവെന്നാണ് വിവരം. പെരുമാറ്റച്ചട്ടം നിലവിൽവന്ന് പതിനൊന്നു ദിവസത്തിനുള്ളിൽ പിടികൂടിയത് 108 കോടി രൂപ മൂല്യംവരുന്ന പണവും മദ്യവും മറ്റു സാധനങ്ങളുമാണ്. ഇതിൽ 11 കോടി രൂപയുടെ മയക്കുമരുന്നും ഉൾപ്പെടുമെന്നതാണ് പ്രത്യേകത.

Content Highlights: editpage

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..