നിർമിതബുദ്ധി ക്യാമറ | File Photo - Mathrubhumi archives
അഴിമതിക്യാമറ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽ മൂന്നാഴ്ചയായിട്ടും ഒരു മറുപടിയും പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. മന്ത്രിമാർക്കും കൃത്യമായ ഉത്തരമില്ല. കെൽട്രോൺ വെബ്‌സൈറ്റിൽനിന്ന് നീക്കംചെയ്ത രേഖകളടക്കമാണ് പ്രതിപക്ഷം പുറത്തുവിട്ടത്. നികുതിക്കൊള്ളയ്ക്കുപുറമേ എ.ഐ. ക്യാമറയുടെ പേരിൽ 1000 കോടി രൂപയാണ് ജനങ്ങളിൽനിന്ന് കൊള്ളയടിക്കാൻ പദ്ധതിയിട്ടത്. സർക്കാർനടത്തുന്ന അഴിമതിക്ക് സാധാരണക്കാരുടെ കീശ കാലിയാക്കുന്ന തട്ടിപ്പാണിത്. മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽനടന്ന ഏറ്റവും വലിയ കൊള്ളകളിലൊന്നാണ് അഴിമതിക്യാമറ ഇടപാട്. കണ്ണൂരിലെ കറക്കുകമ്പനികളാണ് എല്ലാ ഇടപാടുകൾക്കുംപിന്നിൽ. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിന് പങ്കാളിത്തമുള്ള പ്രസാഡിയോയാണ് ക്യാമറ ഇടപാടിലെ കിങ് പിൻ.
പ്രസാഡിയോ എന്ന ‘പെട്ടി’
സർക്കാർപദ്ധതികളിലെ ഉപകരാറുകളും പർച്ചേസ് ഓർഡറുകളും സ്ഥിരമായി നൽകാൻ പ്രസാഡിയോയ്ക്ക് ഭരണവുമായുള്ള ബന്ധം എന്താണ്? ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടിപറഞ്ഞേ മതിയാകൂ. പരിഭ്രാന്തനായതുകൊണ്ടാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തിലൊളിച്ചത്. പ്രതിപക്ഷം മുഖ്യമന്ത്രിക്ക് രേഖാമൂലം എഴുതിനൽകിയ ഏഴുചോദ്യങ്ങൾ ഉൾപ്പെടെ ഇടപാടുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങൾക്കൊന്നും മറുപടിയില്ല. ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട ടെൻഡറിൽ ഒന്നാം സ്ഥാനത്തെത്തിയ എസ്.ആർ.ഐ.ടി., രണ്ടാംസ്ഥാനത്തെത്തിയ അശോക ബിൽഡ്‌കോൺ, ഊരാളുങ്കൽ എന്നീ കമ്പനികൾക്ക് ലഭിച്ച എല്ലാ വർക്കുകളുടെയും ഉപകരാറുകളും പർച്ചേസ് ഓർഡറുകളും നൽകുന്നത് പ്രസാഡിയോ എന്ന കമ്പനിക്കാണ്. സർക്കാരുമായി ബന്ധപ്പെട്ട വർക്കുകളെല്ലാം അവസാനം ഈ കമ്പനിയിലേക്ക് എത്തിച്ചേരാനുള്ള കാരണമെന്ത്? എല്ലാ വഴികളും അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്ന സ്ഥലത്തേക്കാണ്. അവിടേക്കാണ് പണമെല്ലാം എത്തുന്നത്. ആ പെട്ടിയാണ് പ്രസാഡിയോ. വർക്കുകളും പർച്ചേസ് ഓർഡറുകളും കമ്മിഷനും പ്രസാഡിയോയിലേക്ക് എത്തിക്കുന്ന ഇടനിലക്കാരാണ് മറ്റ് കമ്പനികളെല്ലാം.
ആസൂത്രിതമായ അഴിമതി
എ.ഐ. ക്യാമറ ഇടപാടിൽ എസ്റ്റിമേറ്റ് ഘട്ടംമുതൽക്കേ അഴിമതി ആരംഭിച്ചു. 70 മുതൽ 80 കോടിവരെ ചെലവുവരുന്ന പദ്ധതിക്ക് 235 കോടി രൂപയാണ് കെൽട്രോൺ എസ്റ്റിമേറ്റിൽ ആവശ്യപ്പെട്ടത്. ടെൻഡർ ഡോക്യുമെന്റിലെ വ്യവസ്ഥകൾക്ക് വിപരീതമായി യോഗ്യതയില്ലാത്തതും പരസ്പരം ബന്ധപ്പെട്ടുനിൽക്കുന്നതുമായ കമ്പനികളെ ടെൻഡറിൽ പങ്കെടുപ്പിച്ചു. കരാർ നേടിയ എസ്.ആർ.ഐ.ടി.ക്ക് ടെൻഡർ വ്യവസ്ഥകൾക്ക് വിരുദ്ധമായി എല്ലാജോലികളും ഉപകരാർ നൽകാൻ അനുമതി നൽകി. ഇത്തരത്തിൽ ഉപകരാർനേടിയ അൽഹിന്ദ്, ലൈറ്റ് മാസ്റ്റർ എന്നീ കമ്പനികൾ ഇടപാടിൽ സുതാര്യതയില്ലെന്ന് സർക്കാരിനെ അറിയിച്ചിട്ടും സർക്കാർ കണ്ണടച്ചു. സ്വന്തക്കാർക്കുവേണ്ടി സർക്കാരും കെൽട്രോണും എസ്.ആർ.ഐ.ടി.യും പ്രസാഡിയോയും ആസൂത്രിതമായി നടപ്പാക്കിയതാണ് ഈ അഴിമതി.
അഴിമതി ഫോണിലും
അഴിമതിക്യാമറയെയും വെല്ലുന്ന അഴിമതിയാണ് കെ-ഫോണിൽ നടത്തിയത്. അതിന്റെ മുഴുവൻ വിവരങ്ങളും പ്രതിപക്ഷത്തിന്റെ കൈവശമുണ്ട്. അഴിമതിക്യാമറ നടപ്പാക്കാൻ കെൽട്രോണിനെയാണ് ഏൽപ്പിച്ചതെങ്കിൽ കെ- ഫോണിൽ ഭാരത് ഇലക്‌ട്രോണിക്സിനെയാണ് (ബെൽ) ചുമതലപ്പെടുത്തിയത്. 1028.8 കോടി രൂപയായിരുന്നു പദ്ധതിയുടെ ആദ്യ എസ്റ്റിമേറ്റ്. ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡ് അടങ്ങുന്ന കൺസോർഷ്യത്തിനാണ് കരാർ നൽകിയത്. 1028.8 കോടിയുടെ പദ്ധതി ഈ കൺസോർഷ്യത്തിന് നൽകിയപ്പോൾ 1531 കോടി രൂപയായി. അതായത്, യഥാർഥ എസ്റ്റിമേറ്റ് തുകയെക്കാൾ 500 കോടിയിലേറെയാണ് ടെൻഡർ അധികമായി നൽകിയത്. പത്തുശതമാനത്തിലധികം ടെൻഡർ എക്സസ് നൽകാൻ പാടില്ലെന്ന് അന്ന് ധനകാര്യസെക്രട്ടറിയായിരുന്ന കെ.എം. എബ്രഹാം ഇറക്കിയ ഉത്തരവിന് വിരുദ്ധമായാണ് 50 ശതമാനം ടെൻഡർ എക്സസ് നൽകിയത്.
ബെൽ, അഴിമതിക്യാമറ ഇടപാടിൽ ഉൾപ്പെട്ട എസ്.ആർ.ഐ.ടി., റെയിൽടെൽ എന്നിവർ ഉൾപ്പെടുന്നതാണ് കൺസോർഷ്യം. എസ്.ആർ.ഐ.ടി. അവർക്കുകിട്ടിയ കരാർ പാലങ്ങളും റോഡുകളുംമാത്രം നിർമിക്കുന്ന അശോക ബിൽഡ്‌കോൺ എന്ന കമ്പനിക്ക് ഉപകരാറായി നൽകി. അശോക ബിൽഡ്‌കോൺ ഈ കരാർ, മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പ്രസാഡിയോ കമ്പനിക്ക് നൽകി. എ.ഐ. ക്യാമറാവിവാദത്തിലേതുപോലെ ഇവിടെയും എല്ലാ വഴികളും അവസാനിക്കുന്നത് അതേ പെട്ടിയിലേക്കുതന്നെ.
ലാഭമെല്ലാം ആർക്ക്
പദ്ധതിത്തുക ഉയർത്തിയതുംപോരാഞ്ഞ് മാനേജ്‌മെന്റ് സർവീസ് പ്രൊവൈഡറെയും (എം.എസ്.പി.) നിയമിക്കാൻ തീരുമാനിച്ചു. അതിനുവേണ്ടി വിളിച്ച ടെൻഡറും കാർട്ടലുണ്ടാക്കി എസ്.ആർ.ഐ.ടി. നേടിയെടുത്തു. സർക്കാർ പണം മുടക്കുന്ന പദ്ധതിയിലെ ലാഭത്തിന്റെ പത്തുശതമാനവും എം.എസ്.പി.ക്ക് നൽകുമെന്ന വിചിത്രവ്യവസ്ഥയാണ് കരാറിൽ എഴുതിെവച്ചിരിക്കുന്നത്. പദ്ധതി ലക്ഷ്യത്തെക്കാൾ കൂടുതൽ ബിസിനസുകൾ നേടാനായാൽ അതിന്റെ രണ്ടുശതമാനംവരെ അധിക ഇൻസെന്റീവും നൽകണം. കൂടാതെ, നിലവിൽ ഉപയോഗിക്കാതെകിടക്കുന്ന ഡാർക്ക് ഫൈബർ മറ്റുസ്വകാര്യ സ്ഥാപനങ്ങൾക്ക് ലീസ് നൽകുന്നതിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പകുതി വിഹിതവും എസ്.ആർ.ഐ.ടി.ക്ക് വാഗ്ദാനംചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ സർക്കാർ 1500 കോടി മുടക്കുന്ന പദ്ധതിയുടെ ലാഭമെല്ലാം ഈ കമ്പനികൾ കൊണ്ടുപോകും. അഴിമതിക്യാമറ ഇടപാടിൽ നടന്നതിന്റെ അതേമാതൃകയാണ് കെ-ഫോണിലും നടപ്പാക്കിയിരിക്കുന്നത്. ഒരേ കമ്പനികൾക്കാണ് ഈ രണ്ടുപദ്ധതിയിലും ലാഭവിഹിതം ലഭിക്കുന്നതും.
മാറ്റൂ, ഈ പുകമറ
എ.ഐ. ക്യാമറ ഇടപാടിൽ പ്രതിപക്ഷം പുറത്തുവിട്ട രേഖകൾതന്നെയാണ് സർക്കാർ ഇപ്പോൾ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതും. രേഖകളില്ലാതെ ഒരാരോപണവും പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടില്ല. അതിന് മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ പ്രതിപക്ഷം മറ്റുമാർഗങ്ങൾ തേടും. ഗതാഗതവകുപ്പ് ഉണ്ടാക്കിയ കരാറിനെക്കുറിച്ച് മുൻ ഗതാഗതമന്ത്രിക്ക് ഓർമയില്ല. ഇപ്പോഴത്തെ മന്ത്രിക്ക് അറിയില്ല. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നെന്നാണ് വ്യവസായമന്ത്രി പറയുന്നത്. അങ്ങനെയെങ്കിൽ ആ പുകമറ മാറ്റിത്തരാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. വസ്തുതാപരമായി പ്രതിപക്ഷം ആരോപണങ്ങൾ ഉയർത്തുമ്പോൾ ഒളിച്ചോടുന്ന മുഖ്യമന്ത്രിയാകരുത് പിണറായി വിജയൻ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..