ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ...


മനോജ്‌ മേനോൻ

3 min read
Read later
Print
Share

Photo | PTI

ദിലീപ് കുമാറും രാജ്കുമാറും ഒന്നിച്ചഭിനയിച്ച ആദ്യചിത്രമായ പൈഗാമിനായി മന്നാഡേ പാടിയ പ്രശസ്തഗാനത്തിന്റ ഈരടികൾ അവതരിപ്പിച്ചാണ് അരവിന്ദ് കെജ്‌രിവാൾ തന്റെ പ്രസംഗം അന്ന് അവസാനിപ്പിച്ചത്. ഇൻസാൻ കാ ഇൻസാൻ സെ ഹോ ബെയ്ചാര (ആളുകൾക്കിടയിൽ സാഹോദര്യം പുലരട്ടെ) എന്ന വരി കെജ്‌രിവാളിനൊപ്പം വേദിയും സദസ്സും പാടി. 2013 ഡിസംബർ 28-ന് ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തശേഷം രാം ലീലാ മൈതാനത്ത് നടത്തിയ പ്രസംഗത്തിലാണ് 1959-ലെ ഹിന്ദി ജനപ്രിയചിത്രത്തിൽനിന്ന് കെജ്‌രിവാൾ പാട്ട് കടമെടുത്തത്.എന്നാൽ, ഈ പാട്ടിന്റെ ഈരടികൾ പാടിനിർത്തുന്നതിനുമുമ്പ് കെജ്‌രിവാൾ പറഞ്ഞ വാക്കുകളിലായിരുന്നു ആൾക്കൂട്ടത്തിന്റെ മനസ്സപ്പോൾ. ‘‘മന്ത്രിമാരോടും എം.എൽ.എ. മാരോടും പാർട്ടി പ്രവർത്തകരോടും ഞാൻ അഭ്യർഥിക്കുന്നു, അഹങ്കാരവും ധാർഷ്ട്യവും പാടില്ല. മന്ത്രിപദത്തിൽ അഹങ്കാരം കടന്നുവരരുത്. അഹങ്കാരം വന്നാൽ, മുഴുവൻ പ്രവർത്തനങ്ങളും തകരും. ആപ് മറ്റു പാർട്ടികളുടെ അഹങ്കാരം തീർക്കാൻ ചുമതലപ്പെട്ടവരാണ്.’’
കെജ്‌രിവാളിന്റെ വാക്കുകൾ ജനങ്ങൾ കൈയടിയോടെ ഏറ്റുവാങ്ങി. സത്യപ്രതിജ്ഞയ്ക്കായി മെട്രോ ട്രെയിനിൽ വരുകയും ആഡംബരവസതികളോ ആഡംബരക്കാറുകളോ വേണ്ടെന്ന് തുറന്നുപ്രഖ്യാപിക്കുകയും ചെയ്ത ഒരു നേതാവിൽനിന്ന് സ്വാഭാവികമായും ഉയരേണ്ട ആഹ്വാനമെന്നമട്ടിൽ പ്രവർത്തകരും ജനങ്ങളും ആരവംമുഴക്കി.

വിനയത്തോടെ തുടക്കം
2015 ഡിസംബറിൽ വീണ്ടും അതേ വേദി, അതേ ആൾക്കൂട്ടം. രാം ലീലാ മൈതാനത്ത് വീണ്ടും കെജ്‌രിവാൾ സർക്കാരിന്റെ സത്യപ്രതിജ്ഞ. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം. വേദിയിൽ നേതാവെത്തുന്നതുംകാത്ത് തണുപ്പിന്റെ തണലിലും അനന്തമായ ആൾക്കൂട്ടം. കെജ്‌രിവാൾ എത്തി, ഒപ്പം രണ്ടാമൻ മനീഷ് സിസോദിയയും. ‘‘ജബ് ഇത്‌നി ബഡി സഫൽതാ മിൽതീ ഹേ, തോ ഇൻസാൻ കെ മൻമേ അഹങ്കാർ ജാതാ ഹേ. ഓർ അഹങ്കാർ ജാതാ ഹെ തോ ഫിർ സബ് കുച് ഖതം ഹോ ജാതാ ഹേ... (ഇത്രയും വിജയം ലഭിക്കുമ്പോൾ സ്വാഭാവികമായും മനുഷ്യരുടെ മനസ്സിൽ അഹങ്കാരം ഉണ്ടാകും. അഹങ്കാരമുണ്ടായാൽ എല്ലാം നശിക്കും). അതിനാൽ, ആപ്പിന്റെ മന്ത്രിമാരോടും എം.എൽ.എ.മാരോടും പ്രവർത്തകരോടും പറയുന്നു, അഹങ്കാരം പാടില്ല. കോൺഗ്രസ് എന്തുകൊണ്ടാണ് പരാജയപ്പെട്ടത്. കാരണം കോൺഗ്രസിന്റെ ഉള്ളിൽ അഹങ്കാരംവന്നു. 2014-ൽ വൻ ഭൂരിപക്ഷം നേടിയ ബി.ജെ.പി. 2015-ൽ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. കാരണം ബി.ജെ.പി.യുടെ ഉള്ളിൽ അഹങ്കാരം ഉടലെടുത്തു. ഇത്രയും സീറ്റുകൾ ലഭിക്കുമ്പോൾ ഞങ്ങളുടെ ഉള്ളിലും അഹങ്കാരം ഉയരും. അതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നമുക്ക് നേട്ടമുണ്ടാക്കാൻ കഴിയാതെപോയത്.’’ 2013-ൽനിന്ന് 2015-ലെത്തുമ്പോഴും വാക്കുകളുടെ ഉള്ളടക്കങ്ങളിൽ മാറ്റമുണ്ടായിരുന്നില്ല. ഈ രാജ്യത്തുനിന്ന് അഴിമതി തുടച്ചുനീക്കാമെന്ന കാല്പനിക സമീപനമായിരുന്നു 2013-ൽ ഞങ്ങൾക്കുണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ അതിനുള്ള ആത്മവിശ്വാസമുണ്ടെന്ന് കെജ്‌രിവാൾ പറഞ്ഞതും ആൾക്കൂട്ടത്തിന്റെ നിലയ്ക്കാത്ത കൈയടി.


അധികാരമേറ്റതിനുശേഷം, ഔദ്യോഗിക വസതികളായി സർക്കാർ ബംഗ്ലാവുകളോ അകമ്പടിവാഹനങ്ങളുടെ നിരകളോ സുരക്ഷാകവചങ്ങളോ വേണ്ടെന്ന് കെജ്‌രിവാളും മന്ത്രിമാരും പ്രഖ്യാപിച്ചതോടെ രാജ്യത്തിന് പുതിയ മാതൃകയായി. താനോ തന്റെ മന്ത്രിമാരോ സർക്കാർ ബംഗ്ലാവുകൾ സ്വീകരിക്കില്ല. പകരം ചെറുകിട സർക്കാർ വീടുകൾ തിരഞ്ഞെടുക്കുമെന്ന് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ കെജ്‌രിവാൾ ആവർത്തിച്ചപ്പോൾ പ്രവർത്തകർ അഭിമാനത്തിന്റെ മേൽക്കൂരയിലായി. നിത്യവും നടന്നുപോകാൻ കഴിയുമായിരുന്നെങ്കിൽ അതിനും തയ്യാറെന്ന വിനയവാദം നാഴികയ്ക്ക് നാൽപ്പതുവട്ടം ഡൽഹിയിലുടനീളം മുഴങ്ങിയപ്പോൾ, പലയിടങ്ങളിൽ ധൂർത്തഭരണങ്ങൾക്കുകീഴിൽ കഴിയുന്ന ജനങ്ങൾ നെടുവീർപ്പിട്ടു.

കാലം മാറി, കഥ മാറി
2023 ഏപ്രിലിന്റെ പകുതി. ഡൽഹി ഉറങ്ങിയുണർന്നത് ഒരു വീട് മോടിപിടിപ്പിക്കലിന്റെ കഥയിലേക്ക്. നഗരഹൃദയത്തിലെ ഒരു സർക്കാർ വസതി നവീകരിക്കാൻ പൊതുഖജനാവിൽനിന്ന് ചെലവിട്ടത് 45 കോടി. കൃത്യമായി പറഞ്ഞാൽ, 44.78 കോടി. അകത്തളത്തിലെ അലങ്കാരപ്പണികൾക്ക് രണ്ടു കോടി 16 ലക്ഷം, ശൗചാലയങ്ങൾ: ഒരുകോടി 45 ലക്ഷം, എട്ട് കർട്ടനുകൾ പുതുതായി സ്ഥാപിച്ചു. ഒരു കർട്ടന്റെ വില 7.94 ലക്ഷം. 15 കോടിയുടെ മാർബിൾ വിയറ്റ്‌നാമിൽനിന്ന് ഇറക്കുമതിചെയ്യുകയായിരുന്നു. പ്രീ ഫാബ്രിക്കേറ്റഡ് വുഡൻ ചുവരുകൾക്കുവേണ്ടി നാലുകോടി രൂപ! ഡൽഹി മുഖ്യമന്ത്രിയുടെ, സിവിൽ ലൈനിലുള്ള ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ ചെലവിട്ട തുകയുടെ കണക്ക് ഒരു ടെലിവിഷൻ ചാനലാണ് പുറത്തുവിട്ടത്. മുൻഗുരു അണ്ണ ഹസാരെയുടെ വാക്കുകൾ വർഷങ്ങൾക്കുമുമ്പ് ആവർത്തിക്കുന്ന അരവിന്ദ് കെജ്‌രിവാളിന്റെ ദൃശ്യങ്ങളും ഇതോടൊപ്പം പുറത്തുവിട്ടിരുന്നു. ‘‘അണ്ണ ഹസാരെ ജി ഒരിക്കൽ പറഞ്ഞിട്ടുണ്ട്, അധികാരക്കസേരയ്ക്ക് ഒരു കുഴപ്പമുണ്ടെന്ന്. ഒരാൾ അതിൽ ഒരിക്കൽ ഇരുന്നാൽ, അതിൽ കുടുങ്ങാൻ സാധ്യതയുണ്ട്. ഈ പ്രസ്ഥാനത്തിലുള്ളവരും ആ കസേരയിൽപ്പോയി ഇരുന്നാൽ അവരും അഴിമതിക്കാരാകും. ഇത് ആശങ്കപ്പെടുത്തുന്ന വിഷയമാണ്.’’ കെജ്‌രിവാളിന്റെ ഈ വാക്കുകൾ തിരിഞ്ഞുകൊത്തുന്ന ദിവസങ്ങളായി പിന്നാലെ.

ആദർശം ‘ആപ്പിൽ’
സർക്കാർ ഖജനാവിലെ പണം ധൂർത്തടിച്ചുള്ള നവീകരണം കെജ്‌രിവാളിന്റെ ഇരട്ടത്താപ്പെന്നാരോപിച്ച് ബി.ജെ.പി. ചാടിവീണു. ചെലവേറിയ ശീലങ്ങളുടെ മഹാരാജാണ് കെജ്‌രിവാൾ. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന ആഡംബരം കണ്ടാൽ രാജാക്കന്മാർപോലും തലകുനിക്കും. സത്യപ്രതിജ്ഞയ്ക്ക് ഓട്ടോറിക്ഷയിൽ വന്നവരുടെയും വീടും കാറും വേണ്ടെന്നുവെച്ചവരുടെയും ഇപ്പോഴത്തെ അവസ്ഥ രസകരമാണെന്ന് ബി.ജെ.പി. നേതാക്കൾ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ നവഭവനത്തിലേക്ക് പ്രതിഷേധമാർച്ചുകളും സംഘടിപ്പിച്ചു. ആരോപണം അവിടെ തീർന്നില്ല. ഡൽഹി മുഴുവൻ രണ്ടാം കോവിഡ് തരംഗത്തിൽ വലയുമ്പോഴാണ് കോടികൾ ചെലവിട്ട് മുഖ്യമന്ത്രി ഔദ്യോഗിക വസതി മോടിപിടിപ്പിച്ചതെന്ന ഗുരുതര ആരോപണത്തിന്റെ മുനകളും പ്രതിപക്ഷം എറിഞ്ഞു. കുടമാറ്റത്തിൽ അടുത്ത ഊഴം ആപ്പിന്റേത്. ബി.ജെ.പി.യുടെ പരിഹാസത്തിനും വിമർശനങ്ങൾക്കും ചുട്ടമറുപടിയുമായി പാർട്ടിയും നേതാക്കളും ഉടനെത്തുമെന്ന പ്രതീക്ഷയോടെ ആം ആദ്മി പ്രവർത്തകർ കാത്തുനിന്നു. പൊടിപോലുമില്ല കണ്ടുപിടിക്കാൻ! ഒടുവിൽ ആപ് നേതാക്കൾ മറുപടിയുമായെത്തിയപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായി. ‘‘മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി വളരെ മോശം സ്ഥിതിയിലായിരുന്നു. 1942-ൽ നിർമിച്ച വീടായിരുന്നു അത്. വീടിന്റെ പ്രധാനമുറിയുടെ മേൽക്കൂര തകർന്നപ്പോഴും ബാത്ത് റൂമിന്റെ മേൽക്കൂര തകർന്നപ്പോഴും ഓഫീസ് മുറിയുടെ മേൽക്കൂര തകർന്നപ്പോഴും അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്ത് വകുപ്പുതന്നെ നിർദേശിച്ചിരുന്നു. അതേത്തുടർന്നാണ് നവീകരിച്ചത്.’’ പ്രതിപക്ഷത്തിന്റെ ആരോപണം ശുദ്ധനുണയെന്നും ഇത്തരത്തിൽ നവീകരണം നടന്നിട്ടില്ലെന്നും നേതാക്കൾ പറയുമെന്നുകരുതി കാത്തിരുന്ന പ്രവർത്തകരും അനുയായികളും അതോടെ ആയുധംവെച്ച് കീഴടങ്ങി. കുടിലാണോ കൊട്ടാരമാണോ 13,036 ചതുരശ്ര അടിയിൽ പടർന്നുകിടക്കുന്നതെന്ന് പറയാൻ കെജ്‌രിവാളിന് നേരമില്ല. പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിന്റെ തിരക്കേറിയതിനാൽ, നവീകരിച്ച വീട്ടിലിരുന്നായാലും ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ എന്ന് എതിരാളികളെ നോക്കി പാടാനും സമയമില്ല. ഉത്തരം പറയാൻ മനീഷ് സിസോദിയയോ സത്യേന്ദ്ര ജെയിനോ പുറത്തുമില്ല. ഭരണത്തിന്റെ താക്കോൽ ജനങ്ങളുടെ കൈകളിലാണെന്നു പറഞ്ഞ് അകത്തേക്കുപോയ നേതാക്കൾ പുറത്തിറങ്ങുംവരെ കാത്തിരിക്കേണ്ടിവരും, സത്യമറിയാൻ.

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..