.
‘കൂണുകൾ മൗനത്തിൽനിന്നുണ്ടാകുന്നു, ചിലത് മൗനത്തിൽനിന്ന്; മറ്റു ചിലത് കുറച്ചുനേരംമാത്രം നീളുന്ന നിലവിളിയോടെ, ഇനിയും ചിലത് ചെറിയ ഇടിനാദവുമായി. ചിലതിന് വെള്ളനിറമാണ്, ചിലതിന് പാടലവർണം, അതാ അതിന് ചാരനിറമാണ്, അതൊരു പ്രാവിനെപ്പോലെയുണ്ട്, പ്രാവിന്റെ പ്രതിമ പോലെ; സ്വർണനിറവും ചുവപ്പുനിറവുമുള്ളവയുണ്ട്. അവ ഏതൊരു മരിച്ചവനിൽനിന്നാണോ ഉണ്ടായത് അവന്റെ ചുരുക്കപ്പേര് വഹിക്കുന്നു. എനിക്ക് കൂൺ കഴിക്കാൻ പേടിയാണ്; നമ്മുടെ ബന്ധുക്കളുടെ ആ മൃദുവായ ഇറച്ചിയെ.
പക്ഷേ, വൈകുന്നേരം കൂൺകച്ചവടക്കാരൻ വന്ന് അവയെ വാങ്ങാൻ തുടങ്ങുന്നു. അമ്മയുടെ സമ്മതത്തോടെ. അയാളൊരു പരുന്തിനെപ്പോലെ തിരഞ്ഞെടുക്കുന്നു: അത്, ആ പഞ്ചസാരപോലെ വെളുത്തത്, ആ ചുവന്നത്, ചാരനിറമുള്ളത്.
അമ്മയ്ക്കറിയില്ല തന്നെപ്പോലെയുള്ളവരെയാണ് താൻ വിൽക്കുന്നതെന്ന്.
ഉറുഗ്വായൻ എഴുത്തുകാരി മറോസ ദി ഹോർഹ്യോ (Marosa di Giorgio)യുടെ ഈ കവിതപോലെയാണ് മാതൃദിനത്തിലെ ഓർമകൾ. മിക്കവയും സ്നേഹത്തിന്റെ ഗൃഹാതുരത്വം നിറഞ്ഞവ, അമ്മ അനുഭവിച്ച കഷ്ടതകളുടെ കയ്പ് ചുവയ്ക്കുന്നവ; നല്ലത്, അമ്മ അങ്ങനെത്തന്നെയാണ്.
പക്ഷേ, അങ്ങനെയല്ലാത്ത അമ്മയോർമകളുമുണ്ട്. ക്രൂരത നിറഞ്ഞ, ഭീകരസ്മൃതികൾ. അത്തരമൊരു മാതൃസ്മരണയാണ് ജർമൻ എഴുത്തുകാരി സുസാനെ മിഷ്കെ(Susanne Mischke)യുടെ ‘മാതൃദിനത്തിലെ കൊലയാളി’ (Der Muttertagsmorder) എന്ന കഥയുടെ ഇതിവൃത്തം.
നഗരം ഭീതിയിലാണ്. മാതൃദിനമായ മേയ് 14-ന് എല്ലാ വർഷവും അവിടെ ഒരു മുതിർന്ന സ്ത്രീ കൊല്ലപ്പെടും. പോലീസ് എത്ര ശ്രമിച്ചിട്ടും കൊലയാളിയെ പിടികൂടാനായില്ല. അടച്ചിട്ട വീടുകളിലാണ് എപ്പോഴും കൊലനടക്കുക. ഒറ്റയ്ക്കു താമസിക്കുന്ന ഒരു വൃദ്ധ, ചപ്പുചവറുകൾ കളയാനോ, തപാൽപ്പെട്ടി പരിശോധിക്കാനോ അതുമല്ലെങ്കിൽ നിലവറയിൽനിന്ന് ഒരു കുപ്പി വീഞ്ഞെടുക്കാനോ വേണ്ടി ഒരു നിമിഷം വാതിൽ തുറന്നുവെക്കും. കൊലയാളി അകത്തുകയറും; രക്തം മരവിപ്പിക്കുന്ന ഒരു കൊലപാതകവാർത്തയിലേക്ക് പിറ്റേന്ന് നഗരം ഉണരും. ആ വർഷത്തെ അമ്മദിനം ഒരു ഞായറാഴ്ചയായിരുന്നു. ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധകൾ കൂടുതൽ ഭയാകുലരായി. കൊലപാതകത്തിന്റെ ഓർമയെക്കാൾ പത്രങ്ങളിലും ടെലിവിഷനിലും നിരന്തരം വന്നുകൊണ്ടിരിക്കുന്ന വാർത്തകളും മുൻകരുതൽ നിർദേശങ്ങളുമാണ് അവരുടെ രക്തസമ്മർദം കൂട്ടിയത്.
വാതിൽമണി മുഴങ്ങിയപ്പോൾ പത്രപ്രവർത്തകന്റെ അമ്മയ്ക്ക് തോന്നിയതും അതേ പേടിയായിരുന്നു. സുരക്ഷാ ചങ്ങല അനുവദിക്കുന്നത്രയുംമാത്രം അവർ വാതിൽ തുറന്നു. അയാൾ അകത്തു കടന്നു. കൊലയാളിയെക്കുറിച്ച് താൻ കഴിഞ്ഞ ദിവസം പത്രത്തിലെഴുതിയ ഭയാനകമായ വാർത്ത അമ്മ വായിച്ചിട്ടുണ്ടാവും; അയാളോർത്തു. മാതൃദിനാശംസകൾ നേർന്നിട്ട് മനസ്സില്ലാമനസ്സോടെ അയാളവരെ ചുംബിച്ചു. അവരുടെ ദേഹത്ത് എപ്പോഴുമുള്ള ലില്ലിപ്പൂവിന്റെയും ഇറച്ചിവിഭവത്തിന്റെയും ഗന്ധങ്ങളിൽ ഏതാണ് തന്നെ അധികം മടുപ്പിക്കുന്നതെന്ന് അയാൾക്കു മനസ്സിലായില്ല.
പതിവുപോലെ, ഭക്ഷണത്തിന് ക്ഷണിച്ചിട്ട് വരാൻ വൈകിയതിനും വാരാന്തങ്ങൾ സ്ത്രീകളോടൊത്ത് ചെലവിട്ട്, പിറ്റേന്ന് താമസിച്ചുണരുന്നതിനുമൊക്കെ അമ്മ അയാളെ ശകാരിച്ചു, ഉന്നതപദവിയിലിരിക്കുന്ന ഇളയമകന്റെ മാഹാത്മ്യത്തെ പുകഴ്ത്തി, നാൽപ്പതു വയസ്സായിട്ടും വെറുമൊരു പ്രാദേശികപത്രത്തിന്റെ ലേഖകൻ മാത്രമായ, വിവാഹംപോലും കഴിക്കാത്ത അയാളെ കുറ്റപ്പെടുത്തി. അയാൾ പറഞ്ഞതൊന്നിനും അവർ ചെവികൊടുത്തില്ല. അപ്പോഴാണ് ഇളയ മകന്റെ കസേരയിലാണ് അയാളിരിക്കുന്നതെന്ന കാര്യം അവർ ശ്രദ്ധിച്ചത്. അവിടെയിരിക്കാൻ നിനക്കെന്താണ് യോഗ്യത? അവർ ശബ്ദമുയർത്തി. അയാൾക്ക് ഇരിപ്പിടം മാറേണ്ടി വന്നു.
ഭക്ഷണമായി അന്നും അവർ വിളമ്പിയത് അയാൾക്കിഷ്ടമില്ലാത്ത അതേ ഇറച്ചിവിഭവമായിരുന്നു. അമ്മയുടെ ശകാരം ഭയന്ന് അയാളതു കഴിച്ചു. അയാൾ ഛർദിച്ചു. താനുണ്ടാക്കിയ ഭക്ഷണത്തെയും മകൻ അപമാനിച്ചിരിക്കുന്നു. കോപംകൊണ്ട് കണ്ണുകാണാൻ വയ്യാതായ അവർ അടുത്ത മുറിയിൽനിന്ന് ഒരു ബെൽറ്റെടുത്തു വന്നു. എന്നിട്ട് മകന്റെ പുറത്ത് ആഞ്ഞടിച്ചു. വേദനകൊണ്ട് പുളയുന്നതിനിടയിൽ അയാളൊരു കത്തിയെടുത്ത് അമ്മയുടെ നെഞ്ചിൽ ആഞ്ഞുകുത്തി. കുറച്ച് പണം മേശപ്പുറത്തു വെച്ചിട്ട് അയാൾ പുറത്തുകടന്നു.എൽക്കെ എന്നായിരുന്നു ആ സ്ത്രീയുടെ പേര്. പത്രപ്രവർത്തകൻ പോയയുടനെ മാറിൽ വെച്ചുകെട്ടിയ ചുവപ്പുദ്രാവകം നിറച്ച സഞ്ചി അവർ അഴിച്ചുമാറ്റി. അയാളെപ്പോലെ അമ്മമാരെ വെറുക്കുന്ന ആളുകൾക്കു വേണ്ടി ഇതുപോലെ വേഷംകെട്ടിയാണ് അവൾ ജീവിച്ചത്. അയാൾ നൽകിയ പണം സഞ്ചിയിൽ വെച്ചിട്ട് അവൾ അടുത്തയാൾക്കു വേണ്ടി ഒരുങ്ങാൻ തുടങ്ങി.
അമ്മയോടുള്ള വെറും വിദ്വേഷം മാത്രമല്ല സുസാനെ മിഷ്‌കെ ഈ കഥയിലൂടെ ആവിഷ്കരിക്കുന്നത്. മാതൃദിനത്തിൽ അമ്മയുടെ മാഹാത്മ്യത്തെപ്പറ്റി ലേഖനമെഴുതുമ്പോഴും സാമൂഹികമാധ്യമങ്ങളിൽ അമ്മയെ ദൈവമാക്കുമ്പോഴും ചിലരെങ്കിലും ജീവിച്ചിരിക്കുന്ന അമ്മയെ തിരിഞ്ഞു നോക്കാത്തവരായി ഉണ്ടാവില്ലേ? തൊടുന്യായങ്ങൾ നിരത്തി, വൃദ്ധരായ മാതാപിതാക്കളെ കൂടെ നിർത്താത്ത, വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കുന്ന അവരെക്കൂടി ഈ കഥ ഉന്നംവെക്കുന്നില്ലേ? അവരും മാതൃഘാതകരാണ്. സ്നേഹമാണെന്ന് പറയുമ്പോഴും വെറുപ്പിന്റെ നിഴൽ അവരുടെ കൂടെ നടക്കുന്നു, അവർ കാണാതെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..