അഭിമാനിക്കാൻ ഒന്നുമില്ല


വി.ഡി. സതീശൻ പ്രതിപക്ഷനേതാവ്

2 min read
Read later
Print
Share

കഴിഞ്ഞ രണ്ടുവർഷം നമുക്ക് അഭിമാനിക്കാൻ എന്തുണ്ട്? അഴിമതിരാജായി മാറിയ ഒരു ഭരണകൂടം. അഴിമതിവിരുദ്ധ സംവിധാനങ്ങളുടെ ചിറകരിഞ്ഞ സർക്കാർ. ജനദ്രോഹഭരണത്തിന്റെ രണ്ടാംവാർഷികം ആഘോഷിക്കാൻ പിണറായി സർക്കാരിന് അർഹതയും അവകാശവുമില്ല

VD Satheesan

അഴിമതിയും കമ്മിഷൻപദ്ധതികളും സ്വജനപക്ഷപാതവും ഗുണ്ട-ലഹരി മാഫിയകളുമായുള്ള സി.പി.എം. ബന്ധവും പോലീസിനെയും ഗുണ്ടകളെയും തിരിച്ചറിയാനാകാത്തതരത്തിലുള്ള ക്രമസമാധാനത്തകർച്ച, സ്ത്രീകൾക്കും കുട്ടികൾക്കുംനേരെ വ്യാപകമാകുന്ന അക്രമങ്ങൾ, സാധാരണക്കാരന്റെ നടുവൊടിക്കുന്ന നികുതിക്കൊള്ള, രൂക്ഷമായ വിലക്കയറ്റം, കാർഷികമേഖലയുടെ തകർച്ച...
അങ്ങനെ ഭരണകൂടഭീകരതയും അതിന്റെ പ്രത്യാഘാതങ്ങളും ചേർന്ന് ഭീതിദമായ ദിനങ്ങളിലൂടെയാണ് രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലെത്തിനിൽക്കുന്നത്.

ബന്ധുക്കൾക്കുവേണ്ടി അഴിമതിക്യാമറ
റോഡ്സുരക്ഷയ്ക്കായി എ.ഐ. സാങ്കേതികവിദ്യയുണ്ടെന്ന വ്യാജേന നിരത്തുകളിൽ ക്യാമറകൾ സ്ഥാപിച്ചതിനുപിന്നിൽ നടന്നത് സംസ്ഥാനംകണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് വ്യക്തമായി. അഴിമതിക്യാമറ ഇടപാടിലെ പകൽക്കൊള്ള തെളിവുസഹിതമാണ് പ്രതിപക്ഷം തുറന്നുകാട്ടിയത്. എസ്.ആർ.ഐ.ടി.ക്ക് കരാർ നൽകിയതിലൂടെ സി.പി.എം. ബന്ധുക്കളും വേണ്ടപ്പെട്ടവരും ഉൾപ്പെടുന്ന കറക്കുകമ്പനികൾക്ക് അഴിമതി നടത്താൻ സർക്കാരും കെൽട്രോണും അവസരമൊരുക്കിക്കൊടുക്കുകയായിരുന്നു. സംസ്ഥാനത്ത് ഏതുപദ്ധതി നടപ്പാക്കിയാലും അതിന്റെ കമ്മിഷനും അഴിമതിപ്പണവും ഒരു പെട്ടിയിലേക്ക് എത്തിച്ചേരുന്ന രീതിയിൽ ഗവേഷണംനടത്തിയുള്ള അഴിമതിയാണ് ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയതും രണ്ടാം സർക്കാർ തുടരുന്നതും.

കെ-ഫോൺ അഴിമതിയിലും പ്രസാഡിയോ
അഴിമതിക്യാമറയെയും വെല്ലുന്ന അഴിമതിയാണ് കെ-ഫോണിൽ നടത്തിയത്. പദ്ധതിനടത്തിപ്പിന് ഭാരത് ഇലക്‌ട്രോണിക്സിനെയാണ് (ബെൽ) ചുമതലപ്പെടുത്തിയത്. പദ്ധതിയുടെ കരാർ ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡ് അടങ്ങുന്ന കൺസോർഷ്യത്തിനാണ് നൽകിയത്. 1028.8 കോടിയുടെ പദ്ധതി കൺസോർഷ്യത്തിന് നൽകിയപ്പോൾ 1531 കോടി രൂപയായി ഉയർന്നു. പത്തുശതമാനത്തിലധികം ടെൻഡർ എക്സസ് പാടില്ലെന്ന നിബന്ധന മറികടന്ന് 520 കോടിയോളമാണ് അധികമായി നൽകിയത്. ബെൽ, അഴിമതിക്യാമറ ഇടപാടിൽ ഉൾപ്പെട്ട എസ്.ആർ.ഐ.ടി, റെയിൽടെൽ എന്നിവർ ഉൾപ്പെടുന്നതാണ് കൺസോർഷ്യം. എസ്.ആർ.ഐ.ടി.ക്ക് കിട്ടിയ കരാർ പാലങ്ങളും റോഡുകളുംമാത്രം നിർമിക്കുന്ന അശോക ബിൽഡ്‌കോണിന് നൽകി. അശോക ബിൽഡ്‌കോൺ ഈ കരാർ മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധമുള്ള കമ്പനിയായ പ്രസാഡിയോയ്ക്ക് നൽകി. അഴിമതിക്യാമറയിലെന്നപോലെ ഇവിടെയും എല്ലാ വഴികളും അവസാനിക്കുന്നത് ഒരു പെട്ടിയിലേക്കാണ്.

ധൂർത്തിന് നികുതിക്കൊള്ള
ഭരണപരാജയവും ധൂർത്തും ഉണ്ടാക്കിയ കടക്കെണിയിൽനിന്ന്‌ കരകയറുന്നതിനും സർക്കാർ ജനങ്ങളുടെ പോക്കറ്റടിക്കുകയാണ്. ബജറ്റിലൂടെമാത്രം ഇന്ധനസെസും മദ്യത്തിന്റെ വിലവർധനയും ഉൾപ്പെടെ 4500 കോടിയുടെ അധികനികുതിയാണ് അടിച്ചേൽപ്പിച്ചത്. ഇതിനുപുറമേ വെള്ളം, വൈദ്യുതി നിരക്കുകളും കുത്തനെ വർധിപ്പിച്ചു. പ്രളയവും കോവിഡ് മഹാമാരിയും ഏൽപ്പിച്ച ആഘാതത്തിൽനിന്ന്‌ ജനം കരകയറുന്നതിനിടയിലാണ് നികുതിക്കൊള്ളയുമായി സർക്കാർ ഇറങ്ങിയിരിക്കുന്നത്. നിർമാണസാമഗ്രികളുടെ വിലക്കയറ്റത്തിനുപുറമേ കെട്ടിടനിർമാണ പെർമിറ്റ് ഫീസും വർധിപ്പിച്ചത് സാധാരണക്കാരന്റെ വീടെന്ന സ്വപ്നത്തിലാണ് കരിനിഴൽ വീഴ്ത്തിയത്. പെർമിറ്റ് എടുക്കുന്നതിനുള്ള അപേക്ഷാഫീസ് 30 രൂപയിൽനിന്നും 1000 മുതൽ 5000 രൂപ വരെയും പെർമിറ്റ് ഫീസ് പത്തിരട്ടിയുമായാണ് വർധിപ്പിച്ചത്.

ലൈഫ് മിഷൻ തട്ടിപ്പ്
ലൈഫ് മിഷൻ അഴിമതിയിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഇപ്പോഴും ജയിലിലാണ്. 20 കോടിയുടെ പദ്ധതിയിൽ ഒമ്പതുകോടിയും കമ്മിഷൻ ഇനത്തിൽ തട്ടിയെടുക്കുകയായിരുന്നു. കർണാടകത്തിലെ ബി.ജെ.പി. സർക്കാർ 40 ശതമാനം കമ്മിഷൻ സർക്കാരാണെങ്കിൽ കേരളത്തിലെ സി.പി.എം. ഭരണത്തിൽ കമ്മിഷൻ അതിനെക്കാൾ ഉയർന്നതാണ്. കേന്ദ്രത്തിലെ ബി.ജെ.പി. നേതാക്കളുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയില്ലായിരുന്നെങ്കിൽ ലൈഫ് മിഷൻ സി.ഇ.ഒ. ആയ മുഖ്യമന്ത്രി എന്നേ ആ കേസിൽ പ്രതിയാകുമായിരുന്നു.

തകർന്നടിഞ്ഞ് കാർഷികമേഖല
നെല്ലുസംഭരണത്തിൽമാത്രം 1000 കോടി കുടിശ്ശികയുണ്ട്. കഴിഞ്ഞ ബജറ്റിൽ 500 കോടി വകയിരുത്തിയ റബ്ബർ വിലസ്ഥിരതാഫണ്ടിൽ ചെലവഴിച്ചത് വെറും 32 കോടി രൂപ. കർഷകരെ സഹായിക്കേണ്ട റബ്ബർബോർഡിനെ കേന്ദ്രസർക്കാർതന്നെ ഇല്ലാതാക്കുന്നു. അടയ്ക്കാകർഷകരെ സംബന്ധിച്ച് ഉത്‌പാദനക്കുറവാണ് പ്രശ്നമെങ്കിൽ നാളികേരകർഷകർക്ക് വിലയിടിവാണ് പ്രതിസന്ധി. സർക്കാരിന്റെ പച്ചത്തേങ്ങ സംഭരണം പ്രഖ്യാപനത്തിൽ ഒതുങ്ങിയതോടെ പൊതുവിപണിയിൽ തേങ്ങയുടെ വിലയും കൂപ്പുകുത്തി. ഏലം, തേയില, കുരുമുളക് തുടങ്ങി എല്ലാ മേഖലയിലെ കർഷകരും പ്രതിസന്ധിയിലാണ്.

പെൻഷനില്ല, മേനിപറച്ചിൽമാത്രം
മത്സ്യത്തൊഴിലാളികൾക്കും എസ്.സി., എസ്.ടി. വിഭാഗങ്ങൾക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ നൽകാതെ അവരെയും സർക്കാർ കബളിപ്പിക്കുന്നു. കെ.എസ്.ആർ.ടി.സി.യെ തകർത്തു. യു.ഡി.എഫിന്റെ അഭിമാനപദ്ധതിയായ ‘കാരുണ്യ’ ഇല്ലാതാക്കി. ആശ്വാസകിരണം ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ മാസങ്ങളായി മുടങ്ങി. കെട്ടിടനിർമാണ തൊഴിലാളികൾക്ക് പെൻഷൻ ലഭിച്ചിട്ട് ഒരു വർഷത്തിലേറെയായി. ശമ്പളം നൽകാത്തതിനെത്തുടർന്ന് കൊല്ലത്ത് സാക്ഷരതാപ്രേരക് ആത്മഹത്യചെയ്തു. പാചകത്തൊഴിലാളികൾക്ക് മാസങ്ങളായി വേതനമില്ല. എയ്ഡ്‌സ് രോഗികളുടെ പെൻഷനടക്കം മുടങ്ങിയിരിക്കുന്നു. എന്നിട്ടും സാമൂഹികസുരക്ഷാ പെൻഷന്റെ പേരിൽ ഊറ്റംകൊള്ളുന്ന പിണറായി സർക്കാർ ഒരു ദുരന്തമാണ്.

Content Highlights: editpage

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..