ഉറച്ച നിലപാടുകൾ ഒട്ടേറെ ഓർമപ്പെടുത്തലുകൾ


ഷൈൻ മോഹൻ

2 min read
Read later
Print
Share

ജസ്റ്റിസ് കെ.എം. ജോസഫ് പടിയിറങ്ങുമ്പോൾ

2016-ൽ ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം റദ്ദാക്കിയ ഹൈക്കോടതി ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാൻ കേന്ദ്രത്തിന് താത്പര്യമുണ്ടാവില്ലെന്ന് നിയമരംഗത്തുള്ളവർ പ്രവചിച്ചിരുന്നു. പ്രതീക്ഷിച്ചപോലെത്തന്നെ ജസ്റ്റിസ് ജോസഫിനെ സുപ്രീംകോടതിയിലെത്തിക്കാനുള്ള കൊളീജിയത്തിന്റെ ഏകകണ്ഠമായ ശുപാർശ കേന്ദ്രസർക്കാർ മടക്കി. ഇതോടൊപ്പം ശുപാർശ ചെയ്യപ്പെട്ട ഇന്ദു മൽഹോത്രയെ നിയമിക്കുകയും ചെയ്തു. പിന്നീട് ജസ്റ്റിസ് ജോസഫിന്റെ പേര് കൊളീജിയം ആവർത്തിച്ചതോടെ സർക്കാരിന് അംഗീകരിക്കേണ്ടിവന്നു. പക്ഷേ, ഒപ്പം ശുപാർശചെയ്യപ്പെട്ട മറ്റ് രണ്ടു ജഡ്ജിമാരെക്കാൾ സീനിയോറിറ്റി കുറച്ചതിനാൽ അദ്ദേഹത്തിന് മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്യേണ്ടിവന്നു.

സുപ്രീംകോടതിയിലെ മുൻ ജഡ്ജി കെ.കെ. മാത്യുവിന്റെ മകനായ ജസ്റ്റിസ് ജോസഫ് 2018 ഓഗസ്റ്റ് ഏഴിനാണ് പരമോന്നത നീതിപീഠത്തിലെ ന്യായാധിപക്കസേരയിലെത്തിയത്. ഉറച്ച നിലപാടുകളും വ്യക്തതയുള്ള തീരുമാനങ്ങളും മാത്രമല്ല, ഒരുപക്ഷേ, കേന്ദ്രം പ്രതീക്ഷിച്ചപോലെ പലപ്പോഴും സർക്കാരിനെതിരായ ശക്തമായ പരാമർശങ്ങളും ജസ്റ്റിസ് ജോസഫ് നടത്തി. മറ്റുപല സംസ്ഥാനങ്ങളിലെയും അനീതികൾ മുന്നിലെത്തുമ്പോൾ, തന്റെ കേരളത്തിൽ അങ്ങനെയല്ല കാര്യങ്ങളെന്ന് പലതവണ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുജറാത്തിൽ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ ബിൽക്കിസ് ബാനു കേസിലെ പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് ജോസഫ് ഏറ്റവുമൊടുവിൽ ശക്തമായ ഇടപെടലും പരാമർശങ്ങളും നടത്തിയത്. വൈകാതെ താൻ വിരമിക്കുമെന്നതിനാൽ കേസ് നീട്ടിക്കൊണ്ടുപോയി മറ്റൊരു ബെഞ്ചിലെത്തിക്കാനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം പച്ചയ്ക്കു പറഞ്ഞു.
ബിൽക്കിസ് കേസിൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതിനെ കേന്ദ്രത്തിന്റെയും ഗുജറാത്തിന്റെയും അഭിഭാഷകർ എതിർത്തപ്പോൾ അദ്ദേഹം പറഞ്ഞത് ശ്രദ്ധേയമായിരുന്നു. മറ്റു കൊലക്കേസുകളുമായി കൂട്ടക്കൊലയെ താരതമ്യപ്പെടുത്തരുതെന്നും ഇന്ന് ബിൽക്കിസെങ്കിൽ നാളെ നിങ്ങളോ ഞാനോ ആകാമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി.

കർണാടകത്തിൽ മുസ്‌ലിം സംവരണം എടുത്തുകളഞ്ഞതിനെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയിൽ ജസ്റ്റിസ് ജോസഫ് അടുത്തിടെ കടുത്ത അതൃപ്തിയറിയിച്ചിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ രാഷ്ട്രീയപ്രസ്താവന നടത്തരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പണ്ടൊരു രാഷ്ട്രീയ നേതാവ് ഇത്തരം പ്രസ്താവന നടത്തിയതിന് നടപടി നേരിട്ടകാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സംവരണം എടുത്തുകളഞ്ഞ കർണാടക സർക്കാരിന്റെ നടപടിയെയും അദ്ദേഹം വിമർശിച്ചു.വിദ്വേഷ പ്രസംഗങ്ങളുടെ വിഷയത്തിലും ശക്തമായ ഇടപെടലാണ് അദ്ദേഹം നടത്തിയത്. വിദ്വേഷപ്രസംഗം ശ്രദ്ധയിൽപ്പെട്ടാൽ പരാതി ലഭിച്ചില്ലെങ്കിലും കേസെടുക്കണമെന്ന് മുഴുവൻ സംസ്ഥാനങ്ങൾക്കും അദ്ദേഹത്തിന്റെ ബെഞ്ചാണ് നിർദേശം നൽകിയത്. രാജ്യത്തിന്റെ മതേതരത്വത്തെ ബാധിക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണ് വിദ്വേഷപ്രസംഗമെന്നും നിരീക്ഷിച്ചു.


തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് മൂന്നംഗ സമിതിയെ നിർദേശിച്ചുകൊണ്ടുള്ള ശക്തമായ വിധിയെഴുതിയതും ജസ്റ്റിസ് ജോസഫിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചായിരുന്നു. സിവിൽ സർവീസിൽനിന്ന് സ്വയം വിരമിച്ച അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറാക്കിയത് ചോദ്യങ്ങളുയർത്തുന്നതായി അദ്ദേഹം പറഞ്ഞു. നിയമിക്കപ്പെടാൻ നിർദേശമുണ്ടെന്ന് അറിയാതെ എങ്ങനെയാണ് സ്വയം വിരമിക്കാൻ അദ്ദേഹത്തിന് സാധിച്ചത് എന്നതിൽ നിഗൂഢത തോന്നുന്നതായും വിധിയിൽ പറഞ്ഞു.നീതിനിർവഹണത്തിൽ വിട്ടുവീഴ്ചയില്ലാത്ത കണിശക്കാരനായിരിക്കുമ്പോൾത്തന്നെ സഹൃദയനായ വ്യക്തിത്വംകൂടിയാണ് ജസ്റ്റിസ് ജോസഫിന്റേത്. കേരളത്തിലെ പ്രളയബാധിതർക്ക് ധനസമാഹരണത്തിനായി മാധ്യമപ്രവർത്തകർ ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ജസ്റ്റിസ് ജോസഫ് രണ്ട് ഗാനങ്ങൾ മനോഹരമായി പാടുന്നതുവരെ അദ്ദേഹം മികച്ച ഗായകൻകൂടിയാണെന്ന്‌ പലർക്കും അറിയുമായിരുന്നില്ല. കോടതിയുടെ അവധിക്കാലത്തിനിടെ, അടുത്തമാസം 16-ന് വിരമിക്കുന്ന ജോസഫിന്റെ അവസാന പ്രവൃത്തിദിനമായിരുന്നു വെള്ളിയാഴ്ച.

Content Highlights: editpage

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..