2000 രൂപ നോട്ടിലെന്തിരിക്കുന്നു


പി.ഡി. ശങ്കരനാരായണൻ

3 min read
Read later
Print
Share

സമ്പദ്‌വ്യവസ്ഥയ്ക്ക് കറൻസി അത്യാവശ്യമായ ഘടകമാണെങ്കിൽ കറൻസിരഹിത സമൂഹത്തിന്റെ നിർമിതിക്കായി നാം ചെലവഴിച്ചതെല്ലാം വൃഥാവിലുള്ള അധരവ്യായാമമായിരുന്നില്ലേ?

പ്രതീകാത്മകചിത്രം | Photo : UNI

സ്വാതന്ത്ര്യാനന്തരം മൂന്നു പതിറ്റാണ്ടത്തെ കോൺഗ്രസ് ഭരണത്തിനുശേഷംവന്ന ജനതാപാർട്ടി സർക്കാർ 1978 ജനുവരിയിൽ നോട്ട് നിരോധനം പ്രഖ്യാപിച്ചു. അന്ന് 1000, 5000, 10000 നോട്ടുകളായിരുന്നു റദ്ദാക്കിയത്. കള്ളപ്പണം തടയുക എന്നതായിരുന്നു പ്രഖ്യാപിതലക്ഷ്യം. നാലക്കശമ്പളം സാധാരണക്കാരന് സ്വപ്നംകാണാൻമാത്രം കഴിഞ്ഞിരുന്ന അക്കാലത്ത് 1000 രൂപ വളരെ വലിയ തുകയായിരുന്നു. വലിയ സാമ്പത്തികപ്രത്യാഘാതം അതുണ്ടാക്കിയില്ല. ആയതിനാൽ ഈ നടപടി സാമാന്യ ജനങ്ങളിൽ വലിയൊരു പ്രതികരണം സൃഷ്ടിച്ചില്ല. പിന്നീട് നമുക്കെല്ലാവർക്കും ഇന്നലെ കഴിഞ്ഞതുപോലെ വിശദാംശങ്ങൾ ഓരോന്നും ഓർമയിൽനിന്ന് മായാതെനിൽക്കുന്ന 2016-ലെ നോട്ട് നിരോധനം. കറൻസിരഹിതസമൂഹം കെട്ടിപ്പടുക്കുക എന്നതടക്കം പറഞ്ഞുകേട്ട ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തൊക്കെയായാലും, അതിന്റെ നാടകീയത നമ്മെ ഒട്ടൊന്നുമല്ല പരിഭ്രമിപ്പിച്ചത്. മുൻപത്തെ രണ്ട് അവസരങ്ങളിൽനിന്ന് വ്യത്യസ്തമായി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ സാധാരണക്കാരിൽ സാധാരണക്കാരായവരുടെ സാമ്പത്തികമാധ്യമമായി അതിനോടകം ഇന്ത്യയിൽ മാറിയിരുന്നു. പെട്ടെന്നൊരുനാൾ കൈയിലുള്ള നോട്ടിന് കടലാസുവിലയേ ഉള്ളൂ എന്നുവന്ന പൗരൻ അത് പണമാക്കി മാറ്റാൻ നെട്ടോട്ടമോടി. ആ ഓട്ടത്തിനിടയിൽ കുറച്ചൊന്നുമല്ല അവൻ കിതച്ചതും പരിക്ഷീണിതനായതും വീണുപോയതും.

വലിയ യാത്രയുടെ തുടക്കം
കറൻസിരഹിതസമൂഹമാവുക എന്നതു മാത്രമാണ് പിന്നീടുള്ളകാലത്ത് വിനിമയക്ഷമത കരഗതമായി സാമ്പത്തിക വ്യവഹാരങ്ങൾ അഭംഗുരമായി തുടരാനുള്ള പോംവഴി എന്നു തിരിച്ചറിഞ്ഞവർ ഓൺലൈൻ, കാർഡ്, ഇ-വാലറ്റ്, യു.പി.ഐ. തുടങ്ങിയ സാംഖ്യക സമ്പ്രദായങ്ങളിലേക്ക്‌ വഴിമാറിനടക്കാൻ ആരംഭിച്ചു. അതൊരു വലിയ യാത്രയുടെ തുടക്കമാവുമായിരുന്നു. എന്നാൽ, വലിയ നോട്ടുകൾ എന്ന ആഡംബരപ്പേരിൽ വിളിക്കപ്പെട്ടിരുന്ന ആയിരംരൂപ നോട്ടുകൾക്കുപകരം രണ്ടായിരത്തിന്റെ നോട്ടുകൾ ഉടനെ ഇറക്കുകയാണുണ്ടായത്. ആയിരത്തിന്റെ നോട്ടിൽനിന്ന് രണ്ടായിരത്തിന്റെ നോട്ടിലേക്ക്‌ കള്ളപ്പണം കൂട്ടുവിട്ടു കൂടുമാറി എന്നതു മാത്രമായി ആ നോട്ടിന്റെ കേമത്തരം.

ഉയരുന്ന ചോദ്യങ്ങൾ
പ്രചാരത്തിലുണ്ടായിരുന്ന 500, 1000 നോട്ടുകളുടെ നിയമപരമായ വിനിമയോപാധിപദവി പിൻവലിച്ചതിനുശേഷം, സമ്പദ്‌വ്യവസ്ഥയുടെ കറൻസി ആവശ്യകതകൾ വേഗത്തിൽ നിറവേറ്റുന്നതിനാണ് ഉടനെത്തന്നെ രണ്ടായിരത്തിന്റെ നോട്ടുകൾ ഇറക്കിയതെന്നാണ് റിസർവ് ബാങ്കിന്റെ ഇപ്പോഴത്തെ ഭാഷ്യം. അപ്പോൾ ചോദ്യങ്ങൾ ഉയരുന്നു. ഒന്ന്: സമ്പദ്‌വ്യവസ്ഥയ്ക്ക് കറൻസി അവശ്യം ആവശ്യമായ ഘടകമാണെങ്കിൽ കറൻസിരഹിതസമൂഹത്തിന്റെ നിർമിതിക്കായി നാം ചെലവഴിച്ചതെല്ലാം വൃഥാവിലുള്ള അധരവ്യായാമമായിരുന്നില്ലേ? ഇനി അഥവാ അങ്ങനെയൊരു അവിഭാജ്യഗുണകമാണ് നോട്ടെങ്കിൽ, അത് ചെറിയ തുകകളിൽത്തന്നെ ഒതുക്കാമായിരുന്നില്ലേ? രണ്ട്: നിയമവിധേയമായ പണമോ കള്ളപ്പണമോ ഏതാണ് വലിയ നോട്ടുകളിൽ കുടികൊള്ളാൻ സാധ്യത? 2016-നുശേഷം പിടിച്ച കള്ളപ്പണത്തിൽ സിംഹഭാഗവും രണ്ടായിരത്തിന്റെ നോട്ടുകളായിരുന്നു. ഈ ലേഖനം എഴുതുമ്പോഴും ഒരു സംസ്ഥാനഭരണകേന്ദ്രത്തിൽനിന്ന് 2.31 കോടിയുടെ നോട്ട് കണ്ടെത്തിയ വാർത്ത വരുന്നു. അതിലും ഭൂരിഭാഗവും രണ്ടായിരത്തിന്റെ നോട്ടാണ്. മൂന്ന്: സമ്പദ്‌വ്യവസ്ഥയ്ക്ക് തുരങ്കംവെക്കുന്ന കള്ളനോട്ടുകൾ കൂടുതലും കണ്ടെത്തിയത് രണ്ടായിരത്തിന്റെ നോട്ടുകളിൽ ആയിരുന്നില്ലേ? 2020 ഒറ്റവർഷം മാത്രം 49 കോടി രൂപയുടെ കള്ളനോട്ടാണ് രണ്ടായിരത്തിന്റേതായി പിടിച്ചിട്ടുള്ളത്. ഇത് അക്കൊല്ലം പിടിച്ച കള്ളനോട്ടുകളുടെ 53 ശതമാനം വരും.

കള്ളപ്പണത്തിൽനിന്നും കറൻസിനോട്ടുകളിൽനിന്നും മുക്തമായ സമൂഹം വാർത്തെടുക്കാനായിരുന്നു അന്നത്തെ നോട്ട്‌ നിരോധനമെങ്കിൽ രണ്ടായിരത്തിന്റെ നോട്ട് ഒരു അനഭിമതജന്മമാണ് എടുത്തത്. ‘മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ മതിയായ അളവിൽ ലഭ്യമായതോടെ, 2000രൂപ നോട്ടുകൾ അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിച്ചു. അതിനാൽ 2018-19-ൽ 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിർത്തി’ എന്നാണ് ആർ.ബി.ഐ. ഇപ്പോൾ പറയുന്നത്. എന്നാൽ, 2016 നവംബർ നാലിന് 17.97 ലക്ഷം കോടി രൂപയുടെ നോട്ടുകളേ വിനിമയത്തിൽ ഉണ്ടായിരുന്നുള്ളൂവെങ്കിൽ ഇക്കഴിഞ്ഞയാഴ്ച അത് 34.58 ലക്ഷം കോടിയാണ്; ഇരട്ടി. അതിൽ 10.8 ശതമാനം മാത്രമാണ് രണ്ടായിരത്തിന്റേത്. അതായത്, രണ്ടുരൂപമുതൽ അഞ്ഞൂറുവരെയുള്ള നോട്ടുകൾതന്നെ മുമ്പുള്ളതിനെക്കാൾ 73 ശതമാനം കൂടുതൽ നോട്ടുകൾ വിനിമയത്തിലുണ്ടാവാൻ കാരണമായി. എന്നുവെച്ചാൽ, രണ്ടായിരത്തിന്റെ നോട്ടുകൾ ഇല്ലായിരുന്നെങ്കിലും നോട്ടുലഭ്യത കുറവായിരുന്നില്ല.

നോട്ടു പിൻവലിക്കുമ്പോൾ
ഇപ്പോൾ നടന്നത് നോട്ട് നിരോധനമല്ല. 2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകളിൽ ഏകദേശം 89 ശതമാനവും 2017 മാർച്ചിനുമുമ്പാണ് പുറത്തിറക്കിയത്. നാലഞ്ചുവർഷത്തെ ജീവിതദൈർഘ്യം കണക്കാക്കിയിട്ടുള്ള അവ ഇപ്പോൾ ആയുസ്സിന്റെ അവസാനഘട്ടത്തിലാണ്. ജനങ്ങളുടെ കൈയിലുള്ള നോട്ടുകളുടെ 10.8 ശതമാനം മാത്രമാണ് 2000-ത്തിന്റെ നോട്ടുകൾ. ഇവതന്നെ സാധാരണ ഇടപാടുകൾക്ക് ഉപയോഗിക്കുന്നില്ലെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, മറ്റു മൂല്യങ്ങളിലുള്ള നോട്ടുകളുടെ സ്റ്റോക്ക് പൊതുജനങ്ങളുടെ കറൻസി ആവശ്യകത നിറവേറ്റാൻ പര്യാപ്തമായി തുടരുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ ‘ക്ലീൻ നോട്ട് പോളിസി’ അനുസരിച്ച്, 2000 രൂപയുടെ നോട്ടുകൾ പ്രചാരത്തിൽനിന്ന് പിൻവലിക്കാൻ ഇപ്പോൾ തീരുമാനിച്ചത്. എന്നാൽ, 2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ നിയമാനുസൃതമായി തുടരുകയും ചെയ്യും. ഈ നോട്ട് കൈയിലുള്ളവർക്ക് സെപ്റ്റംബർ 30 വരെ അവ ബാങ്കിൽ കൊടുത്ത് മാറ്റിവാങ്ങാം. അല്ലാതെ, പ്രചരിപ്പിക്കപ്പെടുന്നതുപോലെ, ഒരു നോട്ടുനിരോധനം ഇതിലില്ല. ‘സദൃശ’മായ നടപടി 2014-ൽ റിസർവ് ബാങ്ക് നടത്തിയിട്ടുണ്ട്. അന്ന്, 2005-നുമുൻപ് ഇറക്കിയ എല്ലാ തുകയുടെയും എല്ലാ നോട്ടുകളും പിൻവലിക്കുകയുണ്ടായി. എന്നാൽ, അന്നുമിന്നും തമ്മിലുള്ള വ്യത്യാസം, പകരം നോട്ടുകൾ ഉള്ളവയാണ് അന്ന് പിൻവലിച്ചത് എന്നതാണ്. ഇപ്പോൾ അതേ തുകയുടെ പുതിയ നോട്ടുകളില്ല.

രാഷ്ട്രീയ പ്രക്രിയയോ
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് 2016-ലെ നോട്ടുബന്ദി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പണം പിൻവലിക്കുന്നതിലെ നിയന്ത്രണങ്ങളെല്ലാം നീക്കി. ഇപ്പോൾ അടുത്തൊരു അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വരുന്നു. അങ്ങനെയിരിക്കെ, ഈ സാമ്പത്തിക പ്രക്രിയകളെ രാഷ്ട്രീയനീക്കങ്ങളായി ആരെങ്കിലും വ്യാഖ്യാനിച്ചാൽ തെറ്റുപറയുകവയ്യ. ഓരോ രാജ്യത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെ നിർമാണം അതതിടത്തെ രാഷ്ട്രീയപ്രക്രിയ ആണെങ്കിലും അവയ്ക്ക് കൊടിക്കൂറകളുടെ നിറംവരുന്നത് അഭിലഷണീയമല്ല. അതേസമയം, വീണ്ടും പറയുന്നു, നമുക്ക് നോട്ട് പ്രചാരത്തിന്റെയോ നിരോധനത്തിന്റെയോ അമ്ലക്ഷാരഗുണദോഷങ്ങളിൽനിന്ന് മോചിതമായ ഒരു കറൻസിരഹിതസമൂഹമാകാൻ തുടർന്നും പരിശ്രമിക്കാം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്നു ലേഖകൻ

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..