പ്രതീകാത്മകചിത്രം | Photo: PTI
രാജ്യത്ത് വിനിമയത്തിലുള്ള കറൻസി 35 ലക്ഷം കോടി രൂപയ്ക്കടുത്തെത്തി. റിസർവ് ബാങ്കിന്റെ പുതിയ കണക്കുപ്രകാരം മേയ് 12 വരെ വിനിമയത്തിലുള്ള കറൻസിയുടെ മൂല്യം 34,88,610 കോടി രൂപയാണ്. ഇതിൽ 33,66,188 കോടി രൂപയുടേത് പൊതുവിപണിയിൽ ലഭ്യമായിട്ടുണ്ട്. 2016-ൽ നോട്ടുനിരോധന സമയത്ത് (2016 നവംബർ നാല്) 17.97 ലക്ഷം കോടി രൂപയുടെ കറൻസികളാണ് വിനിമയത്തിലുണ്ടായിരുന്നത്. 500, 1000 രൂപ നോട്ടുകളായിരുന്നു ഇതിൽ 86 ശതമാനംവരെ. ഇവ അസാധുവാക്കിയതോടെ വിപണിയിലെ കറൻസിയുടെ ലഭ്യത കുത്തനെ ഇടിഞ്ഞു.നോട്ടുനിരോധന സമയത്ത് കറൻസി ഉപയോഗം കുറയ്ക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ഏഴു വർഷം പിന്നിടുമ്പോൾ അന്നുണ്ടായിരുന്നതിന്റെ ഇരട്ടിക്കടുത്താണ് വിനിമയത്തിലുള്ള കറൻസി. നോട്ട് അസാധുവാക്കിയശേഷം 2017 ജനുവരി ആറിന് വിനിമയത്തിലുള്ള കറൻസി 8,98,020 കോടി രൂപയുടേതായി കുറഞ്ഞു. ഏഴുവർഷത്തിനിടെ വിപണിയിൽ കറൻസി ഏറ്റവും കുറഞ്ഞതും ഈ സമയത്തായിരുന്നു. അന്നത്തേതിന്റെ നാലിരട്ടിയോളമാണ് ഇപ്പോൾ വിനിമയത്തിലുള്ള കറൻസി. 2021 സാമ്പത്തികവർഷം വിനിമയത്തിലുള്ള കറൻസിയുടെ മൂല്യത്തിൽ 3,93,509 കോടി രൂപയുടെയും 2022 സാമ്പത്തികവർഷം 3,01,020 കോടി രൂപയുടെയും (10.4 ശതമാനം) വർധനയുണ്ടായി. 2025 സാമ്പത്തികവർഷം വിനിമയത്തിലുള്ള കറൻസിയുടെ മൂല്യം 41.5 ലക്ഷം
കോടി രൂപയിലെത്തുമെന്നാണ് ആർ.ബി.ഐ. അനുമാനം.
ഡിജിറ്റൽ ഇടപാടുകൾ കുതിക്കുന്നു
നോട്ടുനിരോധനം രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. അതുവരെ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകളിലും ഓൺലൈൻ എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ്., ഐ.എം.പി.എസ്. സംവിധാനങ്ങളിൽ കറങ്ങിത്തിരിയുകയായിരുന്നു ഡിജിറ്റൽ ഇടപാടുകൾ. റിസർവ് ബാങ്കിനു കീഴിൽ നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നോട്ടസാധുവാക്കലിനൊപ്പം തുടങ്ങിയ യു.പി.ഐ. (യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്) വിപണിയിൽ പിന്നീട് വലിയ വിപ്ലവമായിമാറി. ഇന്ത്യക്കുപുറത്തും പല രാജ്യങ്ങളും ഇന്ത്യയുടെ സാങ്കേതികവിദ്യ അംഗീകരിച്ചുവെന്നതും നേട്ടമായി പറയാം. ചില വിദേശ രാജ്യങ്ങളിൽ യു.പി.ഐ. ഉപയോഗിച്ച് രൂപയിൽ ഇടപാടു നടത്താനും സംവിധാനമൊരുക്കിയിട്ടുണ്ട്. 2023 ഏപ്രിലിൽ 886.33 കോടി ഇടപാടുകളാണ് യു.പി.ഐ. പ്ലാറ്റ്ഫോമിൽ നടന്നത്. ഇതുവഴി 14.16 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടന്നു. മേയ് പകുതിവരെ 7.16 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. മേയിൽ ദിവസം ശരാശരി 31 കോടി ഡിജിറ്റൽ ഇടപാടുകൾ നടക്കുന്നുണ്ട്.2022-ൽ ക്രെഡിറ്റ് കാർഡ് ഇടപാടുകളുടെ എണ്ണം 276 കോടിയാണ്. ഇതുവഴി 13.12 ലക്ഷം കോടി രൂപ കൈമാറി. ഡെബിറ്റ് കാർഡിൽ 364 കോടി ഇടപാടുകളിലായി 7.4 ലക്ഷം കോടി രൂപയുടെ കൈമാറ്റം നടന്നു. രാജ്യത്ത് ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകളുടെ എണ്ണം 102 കോടിയിലെത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Content Highlights: editpage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..