മനുഷ്യരെ ജീവിക്കാൻ അനുവദിക്കണം


ജോസ് കെ. മാണി എം.പി.

2 min read
Read later
Print
Share

പ്രായോഗികവും ശാശ്വതവുമായ നടപടികളാണ് വനത്തോടുചേർന്നുള്ള ജനവാസമേഖലകളിൽ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്

ജോസ് കെ മാണി |ഫോട്ടോ:മാതൃഭൂമി

നാട്ടിലിറങ്ങിയ കാട്ടുപോത്ത് എരുമേലിയിലും ചടയമംഗലത്തുമായി മൂന്നുപേരെ കുത്തിക്കൊന്ന വാർത്ത ഞെട്ടലോടെയാണ്‌ കേരളം കേട്ടത്. മൂന്നാർ ചിന്നക്കനാൽ മേഖലയിൽ അരിക്കൊമ്പൻ അവിടംവിട്ടെങ്കിലും ജനവാസകേന്ദ്രങ്ങളിൽ ഇപ്പോഴും കാട്ടാനശല്യം രൂക്ഷമായി തുടരുകയാണ്. കേരളത്തിലെ വനാതിർത്തിപ്രദേശങ്ങളിലെ വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിന് ക്രിയാത്മകവും ശാശ്വതവുമായ പരിഹാരം ഉടൻ കണ്ടെത്തിയേ മതിയാവൂ.

ജീവനും സ്വത്തിനും സംരക്ഷണംവേണം
മനുഷ്യരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ടത് ഭരണകൂടത്തിന്റെ പ്രഥമവും പ്രധാനവുമായ കർത്തവ്യനിർവഹണമാണ്. ഇതിന് തടസ്സംനിൽക്കുന്ന 1972-ലെ കേന്ദ്ര വന്യജീവിസംരക്ഷണ നിയമം കാലോചിതമായി ഭേദഗതിചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ചും, പശ്ചിമഘട്ട താഴ്‌വരകളിലെ വനാതിർത്തിപ്രദേശങ്ങളിൽ. കേരളത്തിലെ വനാതിർത്തിയോട് ചേർന്നുകിടക്കുന്ന ജനവാസമേഖലകളിൽ കാർഷികപ്രവർത്തനങ്ങളിൽ ഏർപ്പെടാനോ, തൊഴിലിടങ്ങളിലെത്താനോ, മക്കളെ വിദ്യാലയങ്ങളിലേക്ക് അയക്കാനോ, എന്തിന് വീട്ടുസാധനങ്ങൾ വാങ്ങാൻ കടകളിൽ പോകാനോ കഴിയാത്ത അവസ്ഥയാണ്. ചികിത്സതേടാൻ പോകാൻപോലും കഴിയാത്ത അവസ്ഥയാണിവിടങ്ങളിൽ. ഈ പ്രദേശങ്ങളിലാകെ ജനജീവിതം അക്ഷരാർഥത്തിൽ സ്തംഭിച്ചിരിക്കുകയാണ്.കേരളത്തിൽ വനങ്ങൾ ചുരുങ്ങുകയല്ലാ വർധിക്കുകയാണ് ചെയ്തിട്ടുള്ളത്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ 54 ശതമാനം വനാവരണമുള്ള സംസ്ഥാനമാണ് ഈ കൊച്ചുകേരളം. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്.

വനംകൈയേറ്റത്തിനെതിരെയും വനംസംരക്ഷണത്തിനുവേണ്ടിയും സംസ്ഥാനത്തെ കർഷകസമൂഹം സ്വീകരിച്ച നിതാന്തജാഗ്രതകൊണ്ട് മാത്രമാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാനായത്. വന്യമൃഗങ്ങൾ തങ്ങളുടെ ആവാസമേഖലകൾ രൂപപ്പെടുത്തുന്നത് പ്രത്യേകം പ്രദേശങ്ങൾ നിശ്ചയിച്ചും കേന്ദ്രീകരിച്ചുമാണെന്ന് വനത്തെ അറിയുന്നവർ പറയുന്നു. വനത്തിലുള്ള മൃഗസംഖ്യയിൽ ക്രമാതീതമായ വർധന ഉണ്ടായതിനാൽ മൃഗസംഘർഷങ്ങളും ഏറുന്നു. ഇത്തരം സംഘർഷങ്ങൾക്കിടയിൽ കൂട്ടംതെറ്റുന്നവരും ഒറ്റപ്പെടുന്നവരും വലിയ ആക്രമണസ്വഭാവമുള്ളവരായിമാറുന്നു. ഇങ്ങനെയുള്ള മൃഗങ്ങളും ഭക്ഷണവും വെള്ളവും തേടിയെത്തുന്ന മറ്റു മൃഗങ്ങളും വനാതിർത്തി ഭേദിച്ച് ജനവാസമേഖലകളിലെത്തുന്നു. ആക്രമിച്ച് ഇരതേടുന്ന സ്വഭാവമുള്ളവയും കൂട്ടത്തോടെ തീറ്റതേടിയിറങ്ങുന്ന മൃഗങ്ങളുമാണ് ഇപ്പോൾ ജനവാസമേഖലകളുടെ പേടിസ്വപ്നമായി മാറിയിരിക്കുന്നത്. ആക്രമണകാരികളായ വന്യമൃഗങ്ങളെ മയക്കുവെടിവെച്ചും കെണിയൊരുക്കിയും പിടികൂടി വൈദ്യപരിശോധനനടത്തി വീണ്ടും വനമേഖലയിൽ കൊണ്ടുപോയിവിടുന്ന തികച്ചും അശാസ്ത്രീയരീതിയാണ് ഇപ്പോൾ അവലംബിക്കുന്നത്. മനുഷ്യന്റെയും വളർത്തുമൃഗങ്ങളുടെയും ചോരയുടെയും മാംസത്തിന്റെയും നാട്ടിലെ കാർഷികവിളകളുടെയും രുചിയറിഞ്ഞ ഇത്തരം വന്യമൃഗങ്ങൾ ഇറക്കിവിടുന്ന കാടുകളിൽനിന്നും അടുത്ത ജനവാസമേഖലകളിലെത്തി ആക്രമണം നടത്തുന്നു.

പ്രയോഗിക നടപടികൾ വേണം
വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കുകയെന്ന നല്ല ഉദ്ദേശ്യത്തോടെയാണ് 1972-ലെ വന്യജീവിസംരക്ഷണ നിയമം പാർലമെന്റ് പാസാക്കിയത്. അന്ന് കർശനവ്യവസ്ഥകൾ ഇതിനാവശ്യമായിരുന്നു എന്നതിൽ സംശയമില്ല. അതിനുശേഷം 50 വർഷം കഴിഞ്ഞിരിക്കുന്നു. കാടും നാടും സാഹചര്യങ്ങളും പാടെ മാറി. വനങ്ങൾക്ക് ഉൾക്കൊള്ളാനാവാത്തവിധം മൃഗസംഖ്യ പെരുകുകയും ജനവാസമേഖലകളിൽ ജനസംഖ്യ വർധിക്കുകയും കാലോചിതമായ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യോപകാരപ്രദമായ പ്രായോഗികവും ശാശ്വതവുമായ നടപടികളാണ് വനത്തോടുചേർന്നുള്ള ജനവാസമേഖലകളിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. 1972-ലെ വന്യജീവിസംരക്ഷണനിയമം നിയമപരമായി വനത്തിനുള്ളിൽ മാത്രം നിലനിൽക്കുന്നതാണ്. ജനവാസമേഖലകളിൽ ഈ നിയമമനുസരിച്ച് കേസെടുക്കുകയും മനുഷ്യർ നിയമനടപടിക്ക് വിധേയമാകേണ്ടിവരുകയും ചെയ്യുകയെന്നത് പരിഷ്‌കൃതസമൂഹത്തിന് അപമാനകരമാണ്. മനുഷ്യരെ ദ്രോഹിക്കുന്ന 1972-ലെ വന്യജീവിസംരക്ഷണ നിയമം കേന്ദ്രസർക്കാർ കാലോചിതമായി ഭേദഗതിചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തിൽ സമ്മർദം ശക്തമാക്കാൻ കേരളവും ഒരേപോലെ മുന്നോട്ടുവരണം.

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..