മനോജ് മേനോൻ
‘‘മാഡം, ഞാൻ യുദ്ധഭൂമിയിൽ ബോംബിട്ടിട്ടുണ്ട്. പിന്നെ എന്തിന് ലാത്തികളെ ഭയക്കണം?’’ -രാജേശ്വർ പ്രസാദ് ബിധൂരി എന്ന ചെറുപ്പക്കാരൻ ഉറച്ചശബ്ദത്തിൽ ചോദിച്ചപ്പോൾ, ഒന്നിലും കുലുങ്ങാത്ത ഇന്ദിരാഗാന്ധിപോലും തെല്ലൊന്നമ്പരന്നു. കാരണം, ഇമ്മാതിരി ഒരു ചോദ്യം ആദ്യമായിട്ടായിരുന്നു നേരിട്ടത്.
കോൺഗ്രസ് പ്രസിഡന്റായിരുന്ന ഇന്ദിരാഗാന്ധിയെ കാണാനുള്ള ആ യുവാവിന്റെ വരവ് വെറുതേയായിരുന്നില്ല. വ്യോമസേനയിലെ ഉന്നതപദവിയിൽനിന്ന് രാജിവെച്ചിട്ടുള്ള വരവാണ്. ലക്ഷ്യം രാഷ്ട്രീയം. വ്യോമസേനയിൽനിന്നുള്ള രാജിപോലും അത്ര എളുപ്പമായിരുന്നില്ല. ഒടുവിൽ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിനെ നേരിൽക്കണ്ട് കാര്യങ്ങൾ വിശദീകരിച്ച് രാജിക്ക് അനുമതിനേടുകയായിരുന്നു. പിന്നെ തെല്ലും കാത്തിരുന്നില്ല. രാഷ്ട്രീയത്തിലേക്ക് പടികയറാനായി ഉദ്യോഗത്തിൽനിന്ന് പടിയിറങ്ങി. രാഷ്ട്രീയപ്രവർത്തനത്തിനായി തിരഞ്ഞെടുത്ത പാർട്ടി കോൺഗ്രസ്.
അടുത്തദിവസം രാവിലെ നേരെ, ഇന്ദിരയുടെ മുന്നിലെത്തി. ‘‘എന്തിനാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്? വ്യോമസേനയിൽ നല്ല ഭാവിയുണ്ടല്ലോ?’’ -ഇന്ദിര ചോദിച്ചു. ‘‘മാഡം ഇക്കാര്യത്തിൽ ഞാൻ തീരുമാനമെടുത്തുകഴിഞ്ഞു. മാഡത്തിന്റെ അനുഗ്രഹംതേടിയാണ് വന്നിരിക്കുന്നത്. എനിക്ക് ചൗധരി ചരൺസിങ്ങിനെതിരേ മത്സരിക്കണം.’’ -യുവാവിന്റെ സ്വരത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. എന്തുചെയ്യും? പിന്തിരിപ്പിക്കാൻ മറ്റൊരുവിദ്യ ഇന്ദിര കണ്ടെത്തി! ‘‘തിരഞ്ഞെടുപ്പിന് മത്സരിക്കാൻ വളരെയധികം പണം വേണമെന്ന് നിങ്ങൾക്കറിയാമോ. വോട്ടിങ്ങിനിടയിൽ അക്രമം നടക്കാനും സാധ്യതയുണ്ട്.’’ -ഇന്ദിര ചെറുതായൊന്ന് പേടിപ്പിച്ചു. അപ്പോഴാണ് 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ അതിർത്തികടന്ന് ശത്രുവിന്റെ പാളയങ്ങളിൽ താൻ ബോംബിട്ട കഥ യുവാവ് പറഞ്ഞത്.
തുടർന്ന് എന്തുകൊണ്ട് തന്റെ രാഷ്ട്രീയപ്രവേശനം എന്ന് ചെറുപ്പക്കാരൻ വിശദീകരിച്ചതുകേട്ട് ഇന്ദിരയിൽ കൗതുകമേറി. സമൂഹത്തിൽ പിന്നാക്കംനിൽക്കുന്ന താനുൾപ്പെടുന്ന ഗുജ്ജർ സമുദായത്തെ മുഖ്യധാരയിലെത്തിക്കണമെന്ന രാജേശ്വറിന്റെ ദൃഢനിശ്ചയം. പക്ഷേ, ഇന്ദിര അപ്പോൾ രാജേശ്വറിന് ഒരുറപ്പും കൊടുത്തില്ല. പണ്ട്, പുനം നമ്പൂതിരി ചമച്ച ശ്ലോകത്തിലെ ‘ഹന്ത’യെന്ന ഭാഷാപ്രയോഗഗാംഭീര്യത്തെ ‘അന്ത ഹന്തയ്ക്ക് ഇന്ത പട്ട്!’ എന്നമട്ടിൽ ഉദ്ദണ്ഡശാസ്ത്രികൾ അംഗീകരിച്ചതുപോലെയൊന്നും അധ്യക്ഷയിൽനിന്നുണ്ടായില്ല. നിരാശയോടെയായിരുന്നു യുവാവിന്റെ മടക്കം.
എന്നാൽ, കാര്യങ്ങൾ മാറിമറിഞ്ഞത് മാസങ്ങൾക്കുശേഷം എ.ഐ.സി.സി. ഓഫീസിൽനിന്ന് വീട്ടിലെ ലാൻഡ് ഫോണിലെത്തിയ വിളിയിലാണ്. ഉടൻ സഞ്ജയ് ഗാന്ധിയെ കാണണമെന്ന് മറുതലയ്ക്കൽനിന്ന് നിർദേശം. തന്റെ പഴയ സ്‌കൂട്ടറിൽ കോൺഗ്രസ് ഓഫീസിലെത്തിയ രാജേശ്വറിനോട്, രാജസ്ഥാനിലെ ഭരത്പുരിൽ പോയി സ്ഥാനാർഥിയാകാൻ സഞ്ജയ് ഗാന്ധിയുടെ നിർദേശം. ബാഗ്‌പെത്തിൽ ബെർത്തില്ല, പകരം ഭരത്പുർ. അവിടെയും തീർന്നില്ല കാര്യങ്ങൾ. രാജേശ്വർ പ്രസാദ് എന്ന പേര് രാജേഷ് പൈലറ്റ് എന്നാക്കണമെന്നും സഞ്ജയ് ഉവാച. ‘‘നാമനിർദേശപത്രിക സമർപ്പിക്കുന്നതിനുമുമ്പ് നിങ്ങൾ പേരുമാറ്റണം. താങ്കൾ ഇനി രാജേശ്വർ പ്രസാദല്ല, രാജേഷ് പൈലറ്റാണ്.’’ ഗ്രാമീണ വോട്ടർമാർക്കുമുന്നിൽ അഭ്യസ്തവിദ്യനായ യുവസ്ഥാനാർഥിയെ അവതരിപ്പിക്കാൻ പൈലറ്റ് എന്ന മുദ്ര സഹായിക്കുമെന്ന് തിരിച്ചറിഞ്ഞ സഞ്ജയ് ഗാന്ധിയുടെ പ്രായോഗികബുദ്ധി! അതോടെ രാജേഷ് പൈലറ്റെന്ന രാഷ്ട്രീയക്കാരൻ ജനിച്ചു. ഭരത്പുരിലെ കന്നിമത്സരത്തിൽ വൻവിജയം നേടിയതോടെ ഗുജ്ജർ സമുദായത്തിൽനിന്ന് ഒരു ദേശീയനേതാവും പിറന്നു. അപ്പോൾ മകൻ സച്ചിൻ പൈലറ്റിന് വയസ്സ് ഒന്നരയെന്ന് രാജേഷ് പൈലറ്റിന്റെ ജീവചരിത്രത്തിൽ ഭാര്യ രമാ പൈലറ്റ്.
ചന്ദ്രസ്വാമിയെയും കുടുക്കി
എൺപതുകളിലും തൊണ്ണൂറുകളിലും ദേശീയ രാഷ്ട്രീയത്തിൽ ഊർജവും ആർജവവും നിറച്ച നേതാവായി വളരുകയായിരുന്നു പിന്നീട് രാജേഷ് പൈലറ്റ്. ചിലർ സുഹൃത്തുക്കളായി. ചിലർ ശത്രുക്കളും. നരസിംഹ റാവുവിന്റെ ഭരണചക്രം പിന്നണിയിലിരുന്ന് തിരിച്ച് ആരോപണങ്ങളുടെ മലകയറിയ സാക്ഷാൽ ചന്ദ്രസ്വാമിയെ ജയിലിലടയ്ക്കാൻ ആഭ്യന്തരസുരക്ഷാ മന്ത്രിയായിരിക്കുമ്പോൾ രാജേഷ് പൈലറ്റ് ഉത്തരവിട്ടത് രാഷ്ട്രീയനാടകശാലകളിൽ നടുക്കമായി. റാവു അടുത്ത മന്ത്രിസഭാ പുനഃസംഘടനയിൽ രാജേഷിനെ പറിച്ച് പരിസ്ഥിതിമന്ത്രാലയത്തിൽ നട്ടു! നട്ടിടത്തെല്ലാം രാജേഷ് കിളിർത്തു. പാർട്ടിയിലും വളർന്നു. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് സീതാറാം കേസരിയെ വെല്ലുവിളിച്ച് മത്സരിക്കാൻപോലും മുതിർന്നു. ജയിച്ചില്ലെങ്കിലും വേണ്ടില്ല ഭാവിരാഷ്ട്രീയത്തിൽ പേരുറയ്ക്കട്ടെ എന്നതായിരുന്നു തന്ത്രം. ഈ വേഗവും ഊർജവുമായിരുന്നു 2000 ജൂൺ 11-ന് ജയ്‌പുരിനടുത്ത് വാഹനാപകടത്തിൽ ഭൂമിവിടുന്നതിനും കാരണം. അതിവേഗത്തിൽ സ്വയം ഓടിച്ച കാർ ദുരന്തമായപ്പോൾ മരണത്തെച്ചൊല്ലി അഭ്യൂഹങ്ങൾ ബാക്കി.
അച്ഛന്റെ മകൻ
അച്ഛൻ മരിക്കുമ്പോൾ മകൻ സച്ചിൻ പൈലറ്റിന് 23 വയസ്സ്. കൊച്ചുപൈലറ്റ് രാഷ്ട്രീയത്തിലിറങ്ങിയത് പിന്നെയും മൂന്നുവർഷത്തിനുശേഷം. 2004-ൽ രാജസ്ഥാനിലെ ദോസ മണ്ഡലത്തിൽനിന്ന് കന്നിമത്സരത്തിൽ ജയിച്ച സച്ചിൻ പാർലമെന്റിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു. അച്ഛൻ പൈലറ്റ് ഒരു ഉത്സവമായിരുന്നെങ്കിൽ മകൻ പൈലറ്റ് മിതഭാഷി.
രാഷ്ട്രീയത്തിലിറങ്ങി 20 വർഷം പൂർത്തിയാകുമ്പോൾ സച്ചിൻ പാർട്ടിക്കകത്തും പുറത്തും സമരമുഖത്താണ്. 2018-ൽ കൺമുന്നിൽ നഷ്ടമായ മുഖ്യമന്ത്രിപദമാണ് സച്ചിന്റെ സമരകാരണം. പി.സി.സി. പ്രസിഡന്റ് എന്നനിലയിൽ താൻ നേതൃത്വം നൽകി പാർട്ടി വിജയം നേടിയപ്പോൾ മൂന്നാംവട്ടം മുഖ്യമന്ത്രിയാകാൻ അശോക് ഗഹ്‌ലോത് എന്ന അധികാരസാമർഥ്യം ഡൽഹിയിൽനിന്ന് പറന്നുവന്നതിന്റെ രോഷം സച്ചിനിൽ പുകയുന്നു.
നിശ്ചയദാർഢ്യത്തിൽ താൻ ഒട്ടും പിറകോട്ടല്ലെന്ന് തെളിയിക്കാൻ സച്ചിനുമുന്നിൽ കാലം ബാക്കി. അന്ത ഹന്തയ്ക്ക് ഇന്ത പട്ട് എന്ന മട്ടിൽ അല്ലെങ്കിലും അർഹതപ്പെട്ടത് കൈയിൽ കിട്ടുമെന്ന കാത്തിരിപ്പും ബാക്കി.
Content Highlights: editpage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..