ഏകാന്തസമുദ്രശില


ജയകൃഷ്ണൻ

2 min read
Read later
Print
Share

രണ്ടു സ്ത്രീകളുടെ കഥ ഏകാന്തതയുടെയും

ഓടിയകലുന്നത് ഞാൻ തുടർന്നുകൊണ്ടേയിരിക്കും/നഗ്‌നപാദയായി/ പ്രവേശനകവാടങ്ങളില്ലാത്ത ഹിമക്കാറ്റിലൂടെ/ കാടുകളിലൂടെ, മണലാരണ്യങ്ങളിലൂടെ/ ഭ്രാന്തിയെപ്പോലെ, ഭൂതാവിഷ്ടയായി/ ഒരു ചെന്നായയുടെ ഒഴിഞ്ഞവയറുമായി അവളെ പിന്തുടരുന്ന ഭൂതകാലത്തിൽനിന്ന്/ ഓടിയകന്നുകൊണ്ടേയിരിക്കും

ഇങ്ങനെയാണ് കാറ്റലൻ കവിയായ ജൊർദി ജുലിയ സ്ത്രീയുടെ ഏകാന്തതയെ ചിത്രീകരിക്കുന്നത്; അവന്റെ ഏകാന്തതയെക്കാൾ വലിയ തടവറയായ അവളുടെ ഒറ്റപ്പെടലിനെ. ഈ വർഷത്തെ അന്താരാഷ്ട്ര ബുക്കർ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ആറു പുസ്തകങ്ങളിലൊന്നാണ് കാറ്റലൻ എഴുത്തുകാരിയായ ഇവ ബൽത്തസാറിന്റെ ‘ഉരുളൻപാറ’ (Boulder) എന്ന നോവൽ. രണ്ടു സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെയും മാതൃത്വത്തിന്റെയും ഏകാന്തതനിറഞ്ഞ കഥയാണ് ഇവ ബൽത്തസാർ അന്യാദൃശമായവിധത്തിൽ ആവിഷ്‌കരിക്കുന്നത്.
ഏകാകിയായ ഒരുവളാണ് നോവലിലെ പ്രധാന കഥാപാത്രം. അവൾ തന്നെയാണ് കഥ പറയുന്നതും. പാചകക്കാരിയായിരുന്നു അവൾ. പക്ഷേ, ജോലിസ്ഥലങ്ങളിലൊരിടത്തും അവൾ ഉറച്ചുനിന്നില്ല. ആരോടും അടുത്തിടപഴകാനാവാത്ത അവളുടെ സ്വഭാവംതന്നെയായിരുന്നു കാരണം. ഒടുവിൽ അവളൊരു കപ്പലിലെ പാചകക്കാരിയായി. ഏകാന്തസമുദ്രങ്ങളിലൂടെയുള്ള യാത്രകൾ കൂടുതൽ ഏകാന്തതനിറഞ്ഞതാണ്. അവിടെ ഒരുപരിധിക്കപ്പുറം ആരോടും അടുപ്പം കാണിക്കേണ്ടതില്ല.
ചിലിയൻ തീരദേശത്തുള്ള ചയ്‌ത്തേൻ എന്ന പട്ടണത്തിൽവെച്ച് അവൾ സാംസ എന്നുപേരുള്ള ഒരു ഐസ്‌ലൻഡിക് സ്ത്രീയെ കണ്ടുമുട്ടുന്നു. അവൾ സാംസയുമായി പ്രണയത്തിലായി. ‘‘ഭ്രാന്തന്മാർ പുതിയ ആശയങ്ങളെ പുണരുന്നതുപോലെ, അല്ലെങ്കിൽ മരങ്ങളിൽ തൂങ്ങിക്കിടക്കുന്നതുപോലെ ഞാനവളുമായി പറ്റിച്ചേർന്നു’വെന്നാണ് സാംസയുമായുള്ള ബന്ധത്തെ അവൾ വിവരിക്കുന്നത്.
അവളുടെ പേര് ഇഷ്ടപ്പെടാതിരുന്ന സാംസ, ഒരു പുതിയ പേര് അവൾക്കായി കണ്ടെത്തി ‘ഉരുളൻ പാറ’. ചിലിയുടെ, ലോകത്തിന്റെതന്നെ തെക്കേയറ്റത്തുള്ള പാറ്റഗോണിയക്കുചുറ്റുമുള്ള സമുദ്രത്തിലെ ഏകാന്തമായ പാറകളുടെ പേരാണത്. അവൾക്കും ആ പേരിഷ്ടമായി. കടലിൽ മറ്റുപലയിടത്തും അത്തരം പാറകളെ അവൾ കണ്ടിട്ടുണ്ട്. എന്തിനാണിങ്ങനെ നിൽക്കുന്നതെന്നോ എന്തുകൊണ്ടാണ് തകർന്നുവീഴാത്തതെന്നോ അവയ്ക്കുപോലുമറിയില്ല. കപ്പലുകൾ എപ്പോഴും നിശ്ശബ്ദമായി അവയെ വിട്ടകന്ന് യാത്രതുടർന്നു; ഏതോ പുരാതനജീവി, അവയിൽനിന്ന് ഉണർന്നെഴുന്നേൽക്കുമെന്നും തങ്ങളെ ആക്രമിക്കുമെന്നും ഭയന്നിട്ടെന്നപോലെ.
കാര്യങ്ങൾ പെട്ടെന്നാണ് മാറിമറിഞ്ഞത്. തെക്കേയമേരിക്കവിട്ട് സാംസ അവളുടെ നാടായ ഐസ്‌ലൻഡിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു. പുതിയൊരു ജോലികിട്ടിയതായിരുന്നു കാരണം. പ്രണയിനിയെ പിരിയാൻ കഴിയാതിരുന്ന ബോൾഡെറും കപ്പലിലെ ജോലിയുപേക്ഷിച്ച് അവളോടൊപ്പം പോയി. അങ്ങനെ തെക്കനമേരിക്കൻ കടൽത്തീരങ്ങളുടെ ഊഷ്മളതയിൽനിന്ന് ഐസ്‌ലൻഡിന്റെ തലസ്ഥാനമായ റെയ്ക്ജവിക്കിന്റെ ഉറഞ്ഞതണുപ്പിൽ അവരെത്തിച്ചേർന്നു.എന്നാൽ, ആ ജീവിതവും അധികകാലം നീണ്ടുനിന്നില്ല. ‘‘എനിക്കൊരു കുഞ്ഞിനെ വേണം’’ -ഒരു ദിവസം സാംസ പറഞ്ഞു. ‘‘നമ്മൾ രണ്ടുപേരും അവളുടെ അമ്മമാരായിരിക്കും.’’ തങ്ങൾക്കിടയിൽ മറ്റൊരാളുണ്ടാകുന്നത് ബോൾഡെറിന് ആലോചിക്കാനേ കഴിയുമായിരുന്നില്ല. പക്ഷേ, തീരുമാനങ്ങൾ എപ്പാഴും സാംസയുടേത് മാത്രമാണ്. കൃത്രിമബീജസങ്കലനത്തിലൂടെ ഒരമ്മയാവാൻ അവൾ തയ്യാറെടുപ്പുകൾ തുടങ്ങി. മരുന്നുകളും രാസവസ്തുക്കളും അവളുടെ ശരീരത്തെ വിത്തിടാനുള്ള ഒരു നിലംപോലെ ഉഴുതൊരുക്കുന്നത് വേദനയോടെ കണ്ടുനിൽക്കാനേ ബോൾഡെറിന് കഴിയുമായിരുന്നുള്ളൂ.
ഗർഭിണിയായതോടെ സാംസ അവളിലേക്കു മാത്രമായി ചുരുങ്ങി. ബോൾഡെർ വീണ്ടും ഏകാകിനിയായി. സാംസ ഉറങ്ങിയതിനുശേഷം മാത്രം അവൾ വീട്ടിൽ തിരിച്ചെത്തി. ‘തുറക്കുമ്പോൾ വാതിൽ ഒരു ചെറിയ ഞരക്കം മാത്രം പുറപ്പെടുവിച്ചു. പിന്നെ നിശ്ശബ്ദത. വെളിച്ചങ്ങൾ കെട്ടിട്ടുണ്ടാവും; ഒരു തളികയിൽ ഏകാകിയായ ഒരു മെഴുകുതിരി മാത്രം ഉരുകിമരിക്കുന്നുണ്ടാകും തെണ്ടിയായ പുണ്യവാളനെപ്പോലുള്ള ജീവിതം അടിച്ചേൽപ്പിക്കുന്ന ദിവ്യാദ്‌ഭുതങ്ങളിൽ നിങ്ങൾ വിശ്വസിക്കാതാവും.’
ഒടുവിൽ സാംസ ഒരു കുഞ്ഞിനെ പ്രസവിച്ചു. ബോൾഡെറിന്റെ കൈകളിലേക്കാണ് അത് പിറന്നുവീഴുന്നത് അതേപ്പറ്റി അവൾ പറയുന്നതിങ്ങനെ: ‘‘അതൊരു ചെറിയ ദൈവികപ്രവൃത്തിയായിരുന്നു, ലോകത്തിലെ ഏറ്റവും കടുപ്പമുള്ള, ഏറ്റവും മൃദുവായ ഒരു വസ്തു, അതിന്റെ കണ്ണുകൾ തുറന്നിരുന്നു. ഒരു പെൺകുഞ്ഞായിരുന്നു അത്. അവളെന്നെ നോക്കി. ഞാനൊരല്പം മരിച്ചതുപോലെ എനിക്കുതോന്നി.’’ എന്നിട്ടും പക്ഷേ, ബോൾഡെറിന്റെ ഏകാന്തത ഏറുന്നതേയുള്ളൂ. എന്തൊക്കെയായാലും അത് സാംസയുടെ മാത്രം കുട്ടിയാണ്. അവൾ വീണ്ടും കപ്പലിലെ ജോലിക്കാരിയാകുന്നു. വല്ലപ്പോഴും കപ്പൽ കരയ്ക്കടുക്കും; അവളപ്പോൾ സാംസയെയും കുഞ്ഞിനെയും കാണും; അത്രമാത്രം.
മാതൃത്വവും പ്രണയവും മഹത്തരമാണെന്നോ അല്ലെന്നോ ഇവ ബൽത്തസാർ പറയുന്നില്ല. അവ ഒരു മനുഷ്യനെ മാറ്റിത്തീർത്തേക്കാം. പക്ഷേ, മനുഷ്യവംശത്തിന്റെ ഉദ്‌ഭവത്തോളം പഴക്കമുള്ള ഏകാന്തതയെ മറികടക്കുന്നതെങ്ങനെ? ഒറ്റപ്പെടലിന്റെ കടൽ കടക്കുന്നതെങ്ങനെ? ചോദ്യങ്ങളുടെ ഉത്തരമില്ലായ്മയാണ് ഈ പുസ്തകം.

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..