2008-ലെ ആഗോള ബാങ്കിങ് തകർച്ചയ്ക്ക് സമാനമായ ഒരു അന്തരീക്ഷം വീണ്ടും ഉയർന്നുവരുകയാണോ എന്ന ആശങ്ക പരത്തിക്കൊണ്ടാണ് 2022-2023 സാമ്പത്തികവർഷം അവസാനിച്ചത്. അമേരിക്കയിലെ സിലിക്കൺവാലി ബാങ്ക്, സിഗ്നേച്ചർ ബാങ്ക്, ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് എന്നിവ ഒന്നിനുപിറകെ ഒന്നായി തകർന്നപ്പോൾ അമേരിക്കൻ ഫെഡറൽ റിസർവും സർക്കാരും അടിയന്തരമായി ഇടപെട്ടുകൊണ്ട് നിക്ഷേപകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയുണ്ടായി. സ്വിറ്റ്‌സർലൻഡിലെ ക്രെഡിറ്റ് സ്വിയ്‌സിന്റെ തകർച്ച തൊട്ടടുത്തദിവസം റിപ്പോർട്ട് ചെയ്തപ്പോൾ ആഗോള ബാങ്കിങ് തകർച്ചയുടെ ആശങ്ക ഉയരുകയുണ്ടായി. സ്വിസ് നാഷണൽ ബാങ്ക് അടിയന്തരസഹായമായി 5400 കോടി ഡോളർ ഇറക്കി രക്ഷാപ്രവർത്തനം നടത്തിയിട്ടും പ്രതിസന്ധി തുടർന്നപ്പോൾ മറ്റൊരു ബാങ്കായ യു.ബി.എസിനെക്കൊണ്ട് ക്രെഡിറ്റ് സ്വിയ്‌സിനെ ഏറ്റെടുപ്പിക്കുകയായിരുന്നു. ഒരു ആഗോള ബാങ്കിങ് തകർച്ച ഒഴിവാക്കാനാണ് ഈ നടപടികളിലേക്ക് നീങ്ങേണ്ടിവന്നതെന്ന് സ്വിസ് നാഷണൽ ബാങ്ക് മേധാവി പരസ്യപ്രസ്താവന നടത്തി. ഇനിയും ഇരുനൂറോളംവരുന്ന അമേരിക്കൻ ബാങ്കുകൾ തകർച്ചയുടെ വക്കിലാണ് എന്ന റിപ്പോർട്ടുകൾകൂടി വരുമ്പോൾ ബാങ്കിങ് തകർച്ചയുടെ മണിമുഴക്കങ്ങൾ ഉച്ചത്തിലാവുകയാണ്.
തകർച്ചനൽകുന്ന പാഠങ്ങൾ
2008-ലെ ബാങ്കിങ് തകർച്ചയ്ക്കുകാരണവും മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലെ പ്രതിസന്ധികൾതന്നെയായിരുന്നു. ആ തകർച്ചയിൽനിന്നു കരകയറുന്നതിനുവേണ്ടി മുതലാളിത്തരാജ്യങ്ങൾ സ്വീകരിച്ച മുതലാളിത്ത നയങ്ങൾതന്നെയാണ് ഫലത്തിൽ പുതിയതകർച്ചയ്ക്ക് ഇടയാക്കിയിരിക്കുന്നത് എന്നു വിലയിരുത്തപ്പെടുന്നു. ക്വാണ്ടിറ്റേറ്റീവ് ഈസിങ് അഥവാ പണലഭ്യത സുലഭമാക്കുന്ന മരുന്നാണ് മുതലാളിത്തം 2008-ൽ പ്രയോഗിച്ചത്. പലിശനിരക്ക് കുറച്ചുകൊണ്ടുവന്ന് 0.25 ശതമാനംവരെ താഴ്ത്തിയ അമേരിക്കൻ ഫെഡറൽ റിസർവ്, മുതലാളിത്തപ്രതിസന്ധി സൃഷ്ടിച്ച നാലുപതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ നാണയപ്പെരുപ്പം (വിലക്കയറ്റം) നേരിടുന്നതിന് വീണ്ടും പലിശനിരക്ക് കൂട്ടാൻ നിർബന്ധിതമായി. ഒരു വർഷത്തിനുള്ളിൽ 0.25 ശതമാനത്തിൽനിന്ന് 4.75 ശതമാനത്തിലേക്ക് പലിശനിരക്ക് ഉയർത്തിയിട്ടും നാണയപ്പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്നുമാത്രമല്ല, ബോണ്ടുകളുടെ വിലയിടിവുകാരണം സിലിക്കൺവാലി ബാങ്കുൾപ്പെടെയുള്ള ബാങ്ക് തകർച്ചയ്ക്ക് വഴിവെക്കുകയും ചെയ്തു. കമ്പോള സമ്പദ്‌വ്യവസ്ഥ അഥവാ നവലിബറൽ കാലഘട്ടത്തിൽ എല്ലാം കമ്പോളം നിയന്ത്രിച്ചുകൊള്ളും എന്ന മുതലാളിത്തത്തിന്റെ അടിസ്ഥാനപ്രമാണമാണ് ഇവിടെ തലകീഴായിനിൽക്കുന്നത്. അടിക്കടി ഉണ്ടാകുന്ന ബാങ്കിങ് തകർച്ചകൾ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ അന്തർലീനമായ പ്രതിസന്ധിതന്നെ എന്നു ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ, ഇന്ത്യൻ ഭരണകൂടം ഈ പാഠങ്ങൾ ഉൾക്കൊള്ളുമോ എന്നു കാത്തിരുന്നുകാണാം.
1991-ൽ തുടക്കംകുറിച്ച ബാങ്കിങ് പരിഷ്കാരങ്ങൾ വരേണ്യ കോർപ്പറേറ്റ് താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനും ധനമൂലധനത്തിന്റെ വിളയാട്ടത്തിന് സമ്പദ്‌വ്യവസ്ഥ തുറന്നുകൊടുക്കുന്നതിനുമായിരുന്നു എന്ന ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ മുന്നറിയിപ്പുകൾ അക്ഷരാർഥത്തിൽ ശരിവെക്കുന്നതാണ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ട് മുന്നോട്ടുെവച്ചിട്ടുള്ള വസ്തുതകൾ. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം മുഴുവൻ സ്തംഭിച്ചിട്ടും ഒരു വസ്തുതാന്വേഷണം നടത്താൻ മോദിഭരണം തയ്യാറായിട്ടില്ല എന്നത് പ്രശ്നങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു. 2014-നുശേഷം അദാനി ഗ്രൂപ്പിനുണ്ടായ സാമ്പത്തികവളർച്ച നിയമാനുസൃത മാർഗത്തിലല്ല എന്നതാണ് ഹിൻഡൻബർഗ് റിപ്പോർട്ട് വെളിവാക്കുന്നത്.
വട്ടിപ്പലിശക്കാരുടെ പുതുരൂപങ്ങൾ
‘ബാങ്കിങ് പരിഷ്കാരങ്ങളും’ സാങ്കേതികവിദ്യാവികസനവും കൂടിച്ചേർന്നപ്പോൾ അത് ജനകീയ ബാങ്കിങ്ങിൽനിന്ന് വരേണ്യബാങ്കിങ്ങിലേക്ക് പരിവർത്തനംചെയ്യപ്പെടുകയായിരുന്നു. യഥാർഥത്തിൽ സാങ്കേതികവിദ്യാവികസനം ജനകീയതാത്‌പര്യങ്ങൾക്കാണോ മൂലധനതാത്‌പര്യങ്ങൾക്കാണോ വിനിയോഗിക്കപ്പെടേണ്ടത് എന്നുനിശ്ചയിക്കുന്നത് നിലനിൽക്കുന്ന വ്യവസ്ഥിതിയാണ്. ബാങ്കിങ് മേഖലയിൽ ഉയർന്നുവന്ന ഫിൻടെക് ബാങ്കുകളും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളും സൂക്ഷ്മധനകാര്യ സ്ഥാപനങ്ങളുമെല്ലാം പുതിയ വട്ടിപ്പലിശക്കാരന്റെ രൂപത്തിൽ അവതരിക്കുന്ന കാഴ്ചയാണ് കോ-ലെൻഡിങ് എന്ന സമ്പ്രദായത്തിലൂടെ ബാങ്കിങ്‌മേഖലയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
പോയവർഷം ഏകദേശം 25,000 കോടി രൂപയുടെ വായ്പകളാണ് കോ-ലെൻഡിങ് സംവിധാനത്തിലൂടെ മുൻഗണനാവിഭാഗത്തിന്റെ പേരിൽ നൽകിയിരിക്കുന്നത് എന്നും 2023-24ൽ ഇത് ഒരു ലക്ഷംകോടി രൂപയായി വർധിക്കുമെന്നുമാണ് ഒരു പഠനം വെളിവാക്കുന്നത്. മുൻഗണനാവിഭാഗങ്ങൾ എന്നാൽ കൃഷിക്കാർ, ചെറുകിടവ്യവസായികൾ, ചെറുകിട-ഇടത്തരം സംരംഭകർ, സ്വയംതൊഴിലുകാർ തുടങ്ങി സമൂഹത്തിലെ മുൻഗണന അർഹിക്കുന്ന വിഭാഗങ്ങളാണ്. അവരുടെ വായ്പാ ഉത്തരവാദിത്വത്തിൽനിന്ന് പൊതുമേഖലാ ബാങ്കിങ് സംവിധാനം പിന്മാറിക്കൊണ്ടിരിക്കുന്നു. അതിന്റെ വഴിയാണ് കോ-ലെൻഡിങ് ഏർപ്പാടുകൾ. ബാങ്കുകൾ ബാങ്കിതരസ്ഥാപനങ്ങൾക്ക് മൊത്തമായ തുക വായ്പനൽകുന്നു. ബാങ്കിതരസ്ഥാപനങ്ങൾ മുൻഗണനാവിഭാഗങ്ങൾക്ക് ഈ പണമുപയോഗിച്ച് അവർ തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കൾക്ക്, അവർ നിശ്ചയിക്കുന്ന അമിതപലിശയീടാക്കി വായ്പനൽകുന്നു. വായ്പക്കുടിശ്ശിക വന്നാൽ 20 ശതമാനം നഷ്ടംമാത്രം ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ സഹിച്ചാൽമതി. 80 ശതമാനം നഷ്ടം ബാങ്കിതരസ്ഥാപനങ്ങൾക്ക് വായ്പ നൽകിയ പൊതുമേഖലാ ബാങ്കുകൾ വഹിച്ചുകൊള്ളും. ദേശസാത്‌കരണത്തിനുമുമ്പ് ഗ്രാമീണമേഖലയുടെ വായ്പാ ആവശ്യം നിർവഹിച്ചിരുന്നത് നാട്ടിൻപുറത്തെ വട്ടിപ്പലിശക്കാരാണ്. അന്ന് തിരിച്ചടവിൽ വീഴ്ചവരുത്തിയാൽ നഷ്ടംമുഴുവൻ വട്ടിപ്പലിശക്കാരൻ വഹിക്കണമായിരുന്നു. കോ-ലെൻഡിങ് വ്യവസ്ഥപ്രകാരം പുതിയ വട്ടിപ്പലിശക്കാർക്ക് നഷ്ടത്തിന്റെ 20 ശതമാനംമാത്രം വഹിച്ചാൽമതി. ബാങ്കുകളെ പൊതുമേഖലയിൽ നിർത്തിക്കൊണ്ടുതന്നെ ജനകീയ ബാങ്കിങ് തകർക്കപ്പെടുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കോ-ലെൻഡിങ്.
മുതലാളിത്തം നേരിടുന്ന പ്രതിസന്ധി
അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ബാങ്ക് തകർച്ചകൾ ഒരു വ്യവസ്ഥാ പ്രതിസന്ധിയുടെ ഭാഗമാണോ, അതോ കേവലം നിയന്ത്രണസംവിധാനങ്ങളുടെ കെടുകാര്യസ്ഥതയാണോ? സാമ്പത്തികവിദഗ്ധർക്കിടയിൽ വാദപ്രതിവാദങ്ങൾ തുടരുകയാണ്. സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയുടെ കാരണങ്ങളിലൊന്ന് കേന്ദ്രബാങ്കുകൾ തുടരുന്ന പലിശനിരക്ക് വർധനമൂലമാണെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. പലിശനിരക്ക് വർധനയാവട്ടെ, ലോകത്താകമാനം പടരുന്ന നിയന്ത്രണവിധേയമല്ലാത്ത നാണയപ്പെരുപ്പം തടയുന്നതിന് സ്വീകരിക്കുന്ന മാർഗമാണ്. അതായത്, മുതലാളിത്ത സമ്പദ്‌വ്യവസ്ഥ നേരിടുന്ന ആഴത്തിലുള്ള പ്രതിസന്ധിയുടെ വേരുകളാണ് ബാങ്കിങ് തകർച്ചയിലേക്ക് നയിക്കുന്നതെന്നർഥം.
ബി.ഇ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റാണ് ലേഖകൻ
Content Highlights: editpage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..