Photo: Print
എന്തിനാ പാവം ജനാധിപത്യത്തെ പടിക്കുപുറത്താക്കിയത്? അതും പുതിയ ഇന്ത്യക്കായി ഒരുങ്ങുന്ന പുതിയ തലമുറയുടെ പാഠപുസ്തകങ്ങളിൽനിന്ന്?
കറുപ്പ് വിളയുന്ന മണ്ണായിരുന്നു പണ്ട് മോത്തിഹാരി. ബിഹാറിലെ കിഴക്കൻ ചമ്പാരനിലുള്ള വെളിച്ചംകടക്കാത്ത ഗ്രാമങ്ങളിലൊന്ന്. ബ്രിട്ടീഷ് സർക്കാർ കറുപ്പുകൃഷി കൈകാര്യംചെയ്യാനും ചൈനയിലേക്ക് കയറ്റുമതിചെയ്യാനും ഒരു പ്രത്യേക വകുപ്പുതന്നെ ഇവിടെ ആരംഭിച്ചു. ഒപ്പിയം ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥനായിരുന്നു റിച്ചാർഡ് വാമെസ്ലി ബ്ലെയർ. 1903-ൽ റിച്ചാർഡിനും ഭാര്യ ഐഡ മേബൽ ബ്ലെയറിനും മോത്തിഹാരിയിൽവെച്ച് ഒരു കുഞ്ഞ് ജനിച്ചു. എറിക് ആർതർ ബ്ലെയർ എന്ന് അവന് പേരിട്ടു. ഒരു വയസ്സുവരെ ബിഹാർ ഗ്രാമത്തിന്റെ പരിമിതിയിൽ വളർന്ന കുട്ടിയെ പിന്നീട് റിച്ചാർഡ് ഇംഗ്ലണ്ടിന്റെ വിശാലതയിലേക്ക് കൊണ്ടുപോയി.
ഇന്ത്യയിൽ ജനിച്ച് ഇംഗ്ലണ്ടിൽ വളർന്ന എറിക് ആർതർ ബ്ലെയർ പിന്നീട് ലോകമറിയുന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായി. ‘ഡൗൺ ആൻഡ് ഔട്ട് ഇൻ പാരീസ് ആൻഡ് ലണ്ടൻ’ എന്ന തന്റെ ആദ്യപുസ്തകം പ്രസിദ്ധീകരിക്കാനായി ഓർവെൽ നദിയുടെ പേര് കടമെടുത്തപ്പോൾ കഥ മാറി. ഓർവെൽ നദിയോടുള്ള പ്രണയംകൊണ്ട് പേരിനൊപ്പം ചേരാൻ ഓർവെൽ നദിയെ ക്ഷണിച്ചതാണ് ആർതർ. പാരതന്ത്ര്യത്തിനും അടിമത്തത്തിനും ഭാഷകൊണ്ട് പ്രതിരോധം തീർക്കുകയും ജനാധിപത്യത്തെ നിത്യചർച്ചകളുടെ വേദികളിൽ നിലനിർത്തുകയും ചെയ്യുന്ന രചനകൾ -എറിക് ജോർജ് ഓർവെൽ എന്ന എഴുത്തുകാരന്റെ തുടക്കം അവിടെ. കൊടിയചൂഷണത്തിനെതിരേ ഗാന്ധിജി നീലം കർഷകരെ അണിനിരത്തി ബ്രിട്ടീഷ് ഭരണകൂടത്തിനെതിരേ സത്യാഗ്രഹസമരം നടത്തിയ അതേ മോത്തിഹാരിയിലായിരുന്നു ഓർവെലിന്റെ ജനനം എന്നത് ചരിത്രത്തിന്റെ മറ്റൊരു അവിസ്മരണീയ ചേരുവ. 1949-ൽ പ്രസിദ്ധീകരിച്ച 1984 എന്ന വിഖ്യാതരചനയിൽ ‘വല്യേട്ടൻ നിങ്ങളെ നിരീക്ഷിക്കുന്നു’വെന്ന ഒറ്റവരിപ്രയോഗത്തിലൂടെ ഒരു രാഷ്ട്രീയവ്യവസ്ഥയെ വരച്ചിട്ട ഓർവെൽ, ഉദാരതയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം എന്ന അരിസ്റ്റോട്ടിലിന്റെ ചർച്ചയുടെ ചാർച്ചക്കാരനാണ്.
പടിയിറങ്ങിയ കാലം
ഇത്രയും പറഞ്ഞത് വെറുതേയല്ല. കഴിഞ്ഞ ദിവസം ജനാധിപത്യത്തെ പാഠപുസ്തകത്താളുകളിൽനിന്ന് ഇറക്കിവിട്ടതാണ് പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം. വളരെ എളുപ്പമായിരുന്നു കാര്യങ്ങൾ. ‘ഇപ്പ ശരിയാക്കിത്തരാ’മെന്ന് പറഞ്ഞ്, ഒരു ചെറിയ സ്‌ക്രൂഡ്രൈവർ പോലും ചോദിക്കാതെയും ഇരുചെവിയറിയാതെയും ഒരു ചെറിയ പണി! സംഗതി സിംപിൾ. അതിന്റെ ശല്യം ഒഴിഞ്ഞു! വെറുതേ ചെയ്തതല്ല, ഒരു പരീക്ഷണം. കൊട്ടാരം പണി തീർന്നാൽ ശില്പി പുറത്തെന്ന പഴയവാക്യം പാഴാകില്ലെന്ന് ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം. അത് അച്ചട്ടായി. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പുതിയ പാർലമെന്റ് മന്ദിരം തുറന്നതിന് തൊട്ടുപിന്നാലെ ക്ലാസ്‌മുറികളിൽനിന്ന് ജനാധിപത്യം പുറത്ത്. ജനാധിപത്യത്തെ പുറത്താക്കിയാലെന്താ, രാജാധിപത്യത്തിന്റെ ചെങ്കോലും കിരീടവും അറയിൽ ഭദ്രമാണല്ലോ. ചെങ്കോലിനായി ചരിത്രത്തിന്റെ കാണാക്കയങ്ങളിൽ മുങ്ങിയതും കണ്ടെടുത്തതും ആനയിച്ചതും ആവാഹിച്ചതും സ്ഥാപിച്ചതും പുതിയ ഇന്ത്യയുടെ അടയാളമാക്കിയതും കഥകൾ പലവിധമുലകിൽ സുലഭം! ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്ന് മൈക്കുകെട്ടി പറയുകയും വനിതാതാരങ്ങളെ നിരത്തിലിട്ട് വലിക്കുകയും പീഡനാധിപനെ പരവതാനിവിരിച്ച് വാഴിക്കുകയും ചെയ്യുന്നതുപോലെ മറ്റൊരു സ്വാഭാവിക സംഭവം.
എന്തിനാ പാവം ജനാധിപത്യത്തെ പടിക്കുപുറത്താക്കിയത്? അതും പുതിയ ഇന്ത്യക്കായി ഒരുങ്ങുന്ന പുതിയ തലമുറയുടെ പാഠപുസ്തകങ്ങളിൽനിന്ന്?
ജനാധിപത്യത്തിന്റെ അമ്മയെന്ന് അവകാശപ്പെടുന്ന രാജ്യത്ത് ചെങ്കോലിന്റെ മടങ്ങിവരവുകണ്ട് ദിക്കറിയാതെ നിൽക്കുന്നവർക്ക് മൊത്തം ആശയക്കുഴപ്പം ബാക്കി. വിദ്യാഭ്യാസകാര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഉപദേശിക്കാനായി കേന്ദ്രസർക്കാരിനു കീഴിൽ 1963-ൽ സ്ഥാപിതമായ എൻ.സി.ഇ.ആർ.ടി. തയ്യാറാക്കിയ പത്താം ക്ലാസ് പാഠപുസ്തകങ്ങളിൽനിന്നാണ് ജനാധിപത്യം വലിച്ചെറിയപ്പെട്ടിരിക്കുന്നത്. പഴയ പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ഇപ്പോഴും ബാക്കിയുള്ള, പലതും കണ്ടും കേട്ടും തലകുനിഞ്ഞുപോയ ഗാന്ധിപ്രതിമപോലെ ജനാധിപത്യം പുസ്തകത്തിൽനിന്ന് സ്വമേധയാ ഇറങ്ങിപ്പോയതാണോ എന്നും അറിയില്ല. രാജ്യവും സ്വാതന്ത്ര്യവും പാഠവും പുസ്തകങ്ങളുമൊക്കെ രൂപംകൊണ്ട നാൾമുതൽ തലമുറകൾ പഠിച്ചുശീലിച്ച വരികളും വാക്കുകളുമാണ് കത്രികയിൽ കുടുങ്ങിയത്. കുറച്ചൊന്നുമല്ല, കീറിപ്പോയിരിക്കുന്നത്. ജനാധിപത്യവുമായി ബന്ധപ്പെട്ട ജനകീയസമരങ്ങൾ, പ്രസ്ഥാനങ്ങൾ, രാഷ്ട്രീയപ്പാർട്ടികൾ, ജനാധിപത്യത്തിനെതിരായ വെല്ലുവിളികൾ തുടങ്ങിയ പാഠങ്ങളാണ് കാണാതായിരിക്കുന്നത്, കാണ്മാനില്ല എന്ന അറിയിപ്പിനുപോലും കണ്ടെത്താൻകഴിയാത്ത രീതിയിൽ.
തിരഞ്ഞു വെട്ടൽ
ജനാധിപത്യത്തിന് മാത്രമല്ല, സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും കാരണക്കാരായവർക്കും കിട്ടി കണ്ണുംപൂട്ടി അടി. കണ്ണിൽ പൊന്നീച്ചപറന്ന് ചരിത്രം വരച്ച വരയിൽ നിന്നുപോയി. ഗാന്ധിജി, ഗാന്ധിവധം, മൗലാന അബുൽ കലാമിനെക്കുറിച്ചുള്ള പരാമർശങ്ങൾ, മുഗൾ ചരിത്രം, മുസ്‌ലിം ഭരണാധികാരികൾ, ഇസ്‌ലാമിക ചരിത്രം എന്നിവ കുട്ടികൾക്കുമുന്നിൽ രാജ്യത്തിന്റെ രാഷ്ട്രീയചരിത്രത്തിൽനിന്ന് അടർന്നുവീണു. തീർന്നില്ല, ഗുജറാത്ത് കലാപം, ആർ.എസ്.എസ്. നിരോധനം, ആർ.എസ്.എസിനെതിരേയുള്ള പരാമർശങ്ങൾ, നക്‌സലൈറ്റ് പ്രസ്ഥാനത്തെക്കുറിച്ചുള്ള വിവരണങ്ങൾ, ഖലിസ്താൻ വിഷയം തുടങ്ങിയവയ്ക്കും ആലോചനാമൃതമായി തടയിട്ടു. ചരിത്രം പൊള്ളുകയും പൊള്ളിക്കുകയും ചെയ്യുന്നത് ആഗോളതാപനംകൊണ്ടല്ലെന്നും ചരിത്രം ഒരു ചൂടനിടപാടുകാരനാണെന്നും തിരിച്ചറിയാൻ ചരിത്രകാരന്മാരൊന്നും വേണ്ടാ, രാഷ്ട്രീയപാഠശാലയിലെ കത്രികവിദഗ്ധർ മതിയെന്ന് കാലം വീണ്ടും തെളിയിക്കുന്നു. ചരിത്രത്തെയും വർത്തമാനത്തെയും കത്രികയിൽ മുറിച്ചതും കരിമഷിതേച്ചതും അടിയന്തരാവസ്ഥക്കാലത്തെ ആദ്യപാഠങ്ങൾ. എന്നാൽ, അതേ അടിയന്തരാവസ്ഥക്കാലവും എൻ.സി.ഇ.ആർ.ടി. പുസ്തകത്തിൽനിന്ന് ഔട്ട്!
അവിടെയും നിൽക്കുന്നില്ല കത്രികയുടെ പരാക്രമം. ശാസ്ത്രം ജയിച്ചു, മനുഷ്യൻ തോറ്റു എന്ന പ്രമാണം പഴമ്പുരാണമെന്നെഴുതി പാഠപുസ്തകങ്ങളിൽ ശാസ്ത്രത്തെ തോൽപ്പിച്ചിരിക്കുന്നു. പത്താം ക്ലാസിലെ ശാസ്ത്രപാഠപുസ്തകങ്ങളിൽനിന്ന് ഡാർവിന്റെ പരിണാമസിദ്ധാന്തവും പീരിയോഡിക് ടേബിളും പുറത്ത്. ഭൂമിയിലെ ജീവജാലവൈവിധ്യവും അവയുടെ പരസ്പരബാന്ധവവും വ്യക്തമാക്കാനായി പലദശകങ്ങളായി ലോകം മുഴുവൻ ആധികാരികപഠനത്തിന് അടിസ്ഥാനമാക്കുന്ന സിദ്ധാന്തങ്ങൾ എല്ലാവരും പഠിക്കേണ്ടെന്ന് ഭരണകൂടം തീരുമാനിച്ചതുകണ്ട്, ജീവികളുടെ ഉദ്‌ഭവം എന്ന വിഖ്യാതഗ്രന്ഥത്തിൽ നിലനിൽപ്പിനായുള്ള പോരാട്ടത്തെക്കുറിച്ചെഴുതിയ ചാൾസ് ഡാർവിനും ചിരിച്ചുകാണും. നിലനിൽപ്പിനായുള്ള പോരാട്ടമെന്ന് മനസ്സിൽ പറഞ്ഞുകാണും! എൻ.സി.ഇ.ആർ.ടി.യുടെ ഈ നിർദേശത്തെ അപലപിച്ച് 1800-ലേറെ ശാസ്ത്രജ്ഞരും ശാസ്ത്രാധ്യാപകരും ഒപ്പിട്ട ഒരു തുറന്നകത്ത് ഡൽഹിയിലെ വായുവിൽ അലഞ്ഞുനടപ്പാണ്!
കോവിഡ് കാലത്ത് വിദ്യാർഥികളുടെ പഠനരീതി മാറിയെന്നും അതിനാൽ പഠനഭാരം കുറയ്ക്കണമെന്നും വ്യാഖ്യാനിച്ചാണ് എൻ.സി.ഇ.ആർ.ടി.യുടെ ഈ തിരഞ്ഞുവെട്ടൽ അരങ്ങേറിയത്. അങ്ങനെയെങ്കിൽ രണ്ടു ചോദ്യങ്ങൾ ബാക്കി. കോവിഡ് വ്യാപനം അപ്രത്യക്ഷമായതിനാൽ ലോകം മുഴുവൻ പഴയ പഠനരീതിയിലേക്ക് തിരിച്ചുപോയിട്ടും പാഠപുസ്തകങ്ങളിൽവീണ കത്രിക തിരിച്ചെടുക്കാത്തതന്തുകൊണ്ട്? അമിത പഠനഭാരം കുറയ്ക്കാനെന്നപേരിൽ കത്രികയുടെ കടുംവെട്ട് ചില പാഠഭാഗങ്ങളിലേക്കുമാത്രം കടന്നതെന്തുകൊണ്ട്?
ചരിത്രത്തിൽനിന്ന് ജനങ്ങളെ വിച്ഛേദിച്ചാൽ, അവരെ വശപ്പെടുത്തൽ വളരെ എളുപ്പമാണെന്ന കാൾ മാർക്‌സിന്റെ വാക്യം കാലത്തിന്റെ ചുവരുകളിൽനിന്ന് ഓർമപ്പെടുത്തുന്നു.
Content Highlights: editpage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..