തമിഴകം പിടിക്കാനുള്ള യുദ്ധങ്ങൾ


വി.ടി. സന്തോഷ്‌കുമാർ

3 min read
Read later
Print
Share

ബാലികേറാമലപോലെകിടക്കുന്ന തമിഴകരാഷ്ട്രീയത്തിൽ സ്വാധീനമുറപ്പിക്കാൻ ബി.ജെ.പി. ആസൂത്രണംചെയ്യുന്ന ദീർഘകാല പദ്ധതികളിലൊന്നായിവേണം പുതിയ പാർലമെന്റ് മന്ദിരത്തിലെ ചെങ്കോൽ സമർപ്പണത്തെ കാണാൻ. കഴിഞ്ഞവർഷംനടന്ന കാശി തമിഴ് സംഗമത്തിന്റെയും കഴിഞ്ഞമാസംനടന്ന സൗരാഷ്ട്ര തമിഴ് സംഗമത്തിന്റെയും തുടർച്ചയാണത്

Photo: Print

തമിഴ്‌നാട്ടിലെ മഠാധിപൻമാരിൽനിന്ന് ഏറ്റുവാങ്ങിയ ചെങ്കോലിനുമുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സാഷ്ടാംഗം പ്രണമിച്ചപ്പോൾ പശ്ചാത്തലത്തിൽ മുഴങ്ങിയത് സംസ്കൃതശ്ലോകമല്ല, തമിഴ് മന്ത്രങ്ങളായിരുന്നു. ചോളരാജവാഴ്ചയുടെ പാരമ്പര്യത്തിന്റെ പ്രതീകമെന്നുപറഞ്ഞ് പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുമ്പോൾ കാർമികരായി മുന്നിലിരുന്നത് തമിഴ്‌നാട്ടിൽനിന്നും ക്ഷണിച്ചുവരുത്തിയ 30 ശൈവസന്ന്യാസിമാരാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ രേഖപ്പെടുത്താതെകിടന്നൊരു സംഭവത്തെ പൊടിതട്ടിയെടുത്ത് ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുമ്പോൾ മറ്റുപലതിനുമൊപ്പം, തമിഴകത്തിന്റെ മനസ്സു കീഴടക്കാനുള്ള യുദ്ധത്തിനുകൂടിയാണ് മോദി സർക്കാർ തുടക്കംകുറിച്ചത്. ദ്രാവിഡ രാഷ്ട്രീയത്തെ ഹിന്ദുത്വംകൊണ്ട് എതിരിടുന്നതിനുപകരം ദ്രാവിഡത്തനിമയെന്നത് തങ്ങൾ പറയുന്ന ഭാരതസംസ്കാരത്തിന്റെ ഭാഗംത​െന്നയാണെന്നു സ്ഥാപിച്ച് തമിഴ്‌നാട്ടിൽ ചുവടുറപ്പിക്കാനാണ് സംഘപരിവാറിന്റെ ശ്രമം.ഉത്തരേന്ത്യയും തമിഴ്‌നാടും തമ്മിലുള്ള സാംസ്കാരികബന്ധം ഊട്ടിയുറപ്പിക്കുന്നതിന് കാശി തമിഴ്‌സംഗമവും സൗരാഷ്ട്ര തമിഴ് സംഗമവും നടത്തിയതിന്റെ തുടർച്ചയായാണ് പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി മതാചാരങ്ങളോടെ ചെങ്കോൽക്കൈമാറ്റം പുനരാവിഷ്കരിക്കപ്പെട്ടത്. തമിഴ്‌നാട്ടിൽ നിർമിച്ച്, സംസ്ഥാനത്ത പ്രധാന ശൈവസന്ന്യാസി മഠങ്ങളിലൊന്നായ തിരുവാടുതുറൈ അദീനത്തിന്റെ ഉപമേധാവി കുമാരസ്വാമി തമ്പിരാൻ സ്വാതന്ത്ര്യദിനത്തലേന്ന് ജവാഹർലാൽ നെഹ്രുവിന് സമ്മാനിച്ച ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം നാടകീയമെങ്കിലും ആകസ്മികമായിരുന്നില്ല. സംഘപരിവാർ സൈദ്ധാന്തികൻ എസ്. ഗുരുമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചെങ്കോലിന്റെ ചരിത്രംചികഞ്ഞ് പ്രചാരംനൽകിയത്.

ബി.ജെ.പി.യുടെ ബാലികേറാമല
ബ്രാഹ്മണമേധാവിത്വത്തിനെ രൂക്ഷമായി എതിർക്കുന്ന ദ്രാവിഡ രാഷ്ട്രീയത്തിന്റെ മണ്ണിൽ സ്വാധീനമുറപ്പിക്കാനുള്ള ബി.ജെ.പി.യുടെ ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല. കുറഞ്ഞകാലംകൊണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾപോലും കീഴടക്കിയ ബി.ജെ.പി.ക്ക്‌ തമിഴ്‌നാട്ടിൽ ഉദ്ദേശിച്ചപോലെ വളരാൻകഴിയുന്നില്ല. തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കനുസരിച്ച് 1991 മുതൽ 2021 വരെയുള്ള കാലത്ത് തമിഴ്‌നാട്ടിൽ ബി.ജെ.പി.യുടെ വോട്ടുനില 1.7 ശതമാനത്തിൽനിന്ന് 2.62 ശതമാനമായി ഉയർന്നതേയുള്ളൂ. സഖ്യത്തിന്റെ ബലത്തിൽ നിയമസഭയിൽ നാലുസീറ്റു കിട്ടിയെങ്കിലും ലോക്‌സഭാ സീറ്റ് ഒന്നുപോലുമില്ലാത്തതുകൊണ്ട് കേന്ദ്രമന്ത്രി എൽ. മുരുകനെ ബി.ജെ.പി. ഭരിക്കുന്ന മധ്യപ്രദേശിൽനിന്നാണ് രാജ്യസഭയിലെത്തിച്ചത്. ഉത്തരേന്ത്യയിൽ വേരുപിടിപ്പിക്കാൻ ബി.ജെ.പിക്ക് ഹിന്ദുത്വത്തിന്റെ പ്രത്യക്ഷരൂപവും ഇതരമതങ്ങളുടെ അപരവത്കരണവും വിഭജനകാലത്തെ വർഗീയകലാപത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകളുംതന്നെ മതിയായിരുന്നു. പക്ഷേ, ദ്രാവിഡരാഷ്ട്രീയത്തിന്റെ ദക്ഷിണേന്ത്യയിൽ സ്ഥിതി വ്യത്യസ്തമാണ്. വിഭജനത്തിന്റെ മുറിവുകൾ ഇവിടത്തുകാർ നേരിട്ട് അനുഭവിച്ചിട്ടില്ല. മതവിശ്വാസത്തിലുപരി തമിഴ് വികാരമാണ് ഇന്നാട്ടുകാരെ നയിക്കുന്നത്. സ്വതന്ത്ര ദ്രാവിഡനാട് എന്ന ആശയമുയർത്തി 1938-ൽ പെരിയാർ സ്ഥാപിച്ച ദ്രാവിഡ കഴകത്തിന്റെ സ്വാധീനം സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ കക്ഷികളിലുമുണ്ട്. ഭരണമാറ്റം വരുന്നുണ്ടെങ്കിലും അത് ദ്രാവിഡകക്ഷികൾ തമ്മിലാണ്. ദ്രാവിഡരാഷ്ട്രീയത്തിന്റെ ബ്രാഹ്മണ്യ വിരോധവും ഹിന്ദി വിരോധവും ഫലത്തിൽ ബി.ജെ.പി.യോടുള്ള വിരോധംകൂടിയായി മാറുന്നു. ഏതെങ്കിലും ദ്രാവിഡകക്ഷിയുടെ ചെറുസഖ്യകക്ഷിയായി നിൽക്കേണ്ടതുണ്ട് എന്നതാണ് സംസ്ഥാനത്ത് ബി.ജെ.പി. നേരിടുന്ന ഏറ്റവുംവലിയ പ്രതിസന്ധി. സഖ്യംകൊണ്ട് വിരലിലെണ്ണാവുന്ന സീറ്റുകൾ കിട്ടിയെന്നതല്ലാതെ സംഘടനയെ വളർത്താൻ കഴിഞ്ഞിട്ടില്ല. 87 ശതമാനം ഹിന്ദുക്കളുള്ള സംസ്ഥാനത്ത് 1947-നു ശേഷം ബി.ജെ.പി.ക്ക് ആകെ കിട്ടിയത് രണ്ട്‌ ലോക്‌സഭാ സീറ്റാണ്. പുതിയ തന്ത്രങ്ങൾകൊണ്ട് സ്ഥിതി മാറുമോ എന്നാണ് ബി.ജെ.പി.യുടെ നോട്ടം. ബ്രാഹ്മണനേതാക്കളെ മാറ്റിനിർത്തി പിന്നാക്കജാതിയിൽ നിന്നുള്ളവരെയാണവർ കുറച്ചുകാലമായി സംസ്ഥാന ബി.ജെ.പി. നേതൃസ്ഥാനത്തേക്കു കൊണ്ടുവരുന്നത്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിക്കാൻ ഇവിടത്തെ ബി.ജെ.പി. നേതൃത്വം മുന്നിൽത്തന്നെയുണ്ട്. ഡി.എം.കെ. പറയുന്ന ദ്രാവിഡമാതൃക വ്യാജനിർമിതിയാണെന്ന് സ്ഥാപിക്കുകയാണ് അടുത്ത പദ്ധതി. ദ്രാവിഡർ എന്നുപറയുന്നത് ഏതെങ്കിലും വംശത്തിന്റെ സൂചനയല്ലെന്നും അതൊരു പ്രദേശത്തിന്റെ വിളിപ്പേര് ആണെന്നുമുള്ള വാദത്തിന്റെ പ്രചാരണത്തിന് നേതൃത്വംനൽകുന്നത് സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ കെ. അണ്ണാമലൈ അല്ല, സംസ്ഥാന ഗവർണർ ആർ.എൻ. രവിയാണ്.

വേൽയാത്ര, തമിഴ്സംഗമം
ബി.ജെ.പി.യുടെ ഹിന്ദുത്വത്തിനെ നേരിടേണ്ടത് ദ്രാവിഡ പ്രത്യയശാസ്ത്രത്തിലൂന്നിയാണ് എന്നതാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രഖ്യാപിത നയം. ഹിന്ദുത്വവാദികളെ പ്രകോപിപ്പിക്കാൻ കഴിയുന്നതെല്ലാം അദ്ദേഹം ചെയ്യുന്നുണ്ട്. അബ്രാഹ്മണരെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി വെച്ചും 47 പ്രമുഖക്ഷേത്രങ്ങളിൽ തമിഴിൽ അർച്ചന അനുവദിച്ചുമായിരുന്നു തുടക്കം. അതിന്റെ തുടർച്ചയായി മയിലാടുതുറയിലെ ധർമപുരം അധീനത്തിലെ പട്ടണപ്രവേശച്ചടങ്ങിൽ മഠാധിപതിയെ പല്ലക്കിൽ ചുമക്കുന്നത് ജില്ലാ ഭരണകൂടം വിലക്കിയപ്പോൾ ബി.ജെ.പി. നേതൃത്വം എതിർപ്പുമായി രംഗത്തുവന്നു. ഡി.എം.കെ.ക്കുകീഴിൽ ഹിന്ദുമതവും ഹിന്ദുക്ഷേത്രങ്ങളും ഭീഷണിനേരിടുന്നുവെന്ന പ്രചാരവേല അഴിച്ചുവിട്ടു. നിത്യപൂജയ്ക്കുപോലും വകയില്ലാതെ കഴിയുന്ന ക്ഷേത്രങ്ങൾക്ക് സഹായധനം അനുവദിച്ചും അന്യാധീനപ്പെട്ട ക്ഷേത്രസ്വത്തുകൾ തിരിച്ചുപിടിച്ചുമാണ് സംസ്ഥാന സർക്കാർ ഇതിന് മറുപടിനൽകിയത്. ശ്രീരാമന്റെ സ്ഥാനത്ത് തമിഴരുടെ മുരുകനെ പ്രതിഷ്ഠിക്കാനായിരുന്നു അടുത്തശ്രമം. ഇതിന്റെ ഭാഗമായി 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് മുരുകക്ഷേത്രങ്ങളിലൂടെ വേൽയാത്ര സംഘടിപ്പിച്ചെങ്കിലും ഉദ്ദേശിച്ച ഫലംകിട്ടിയില്ല. സംഘപരിവാർ പ്രചരിപ്പിക്കുന്ന ഭാരതീയപൈതൃകത്തിന്റെ ഭാഗമാണ് ദ്രാവിഡസംസ്കാരവുമെന്നു സ്ഥാപിച്ച് തമിഴ്ജനതയുടെ മനസ്സുകീഴടക്കാനാണ് ബി.ജെ.പി. ഇപ്പോൾ ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയും തമിഴ്‌നാടും തമ്മിലുള്ള സാംസ്കാരികബന്ധം ഊട്ടിയുറപ്പിക്കുന്നതിനാണ് കേന്ദ്രസർക്കാരിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞവർഷം നവംബറിൽ കാശി തമിഴ് സംഗമം സംഘടിപ്പിച്ചത്.

ചെങ്കോലിന്റെ പാരമ്പര്യം
ദ്രാവിഡരാഷ്ട്രീയത്തിന്റെ മതനിരാസ നിലപാടിനപ്പുറം തമിഴകത്തിന് ശൈവ, വെഷ്ണവ ധാരകളുടെ ദീർഘപാരമ്പര്യമുണ്ടെന്ന് ഓർമിപ്പിക്കുയാണ് ചെങ്കോൽ സ്ഥാപനത്തിന്റെ പ്രധാനലക്ഷ്യം. പ്രധാന ശൈവമഠങ്ങളിലൊന്നായ തിരുവാടുതുറൈ അദീനത്തിന്റെ പ്രതിനിധിയിൽനിന്ന് മുൻ പ്രധാനമന്ത്രി ജവാഹർലാൻ നെഹ്രു ചെങ്കോൽ ഏറ്റുവാങ്ങിയതിനു പ്രചാരംനൽകുകവഴി ഭരണകൂടവും മതസ്ഥാപനങ്ങളും തമ്മിലുള്ള ബന്ധത്തിന് സ്വീകാര്യതവരുത്താമെന്ന് സംഘപരിവാർ കരുതുന്നു. തിരുപ്പന്തൽ അദീനം, ധർമപുരം അദീനം, തിരുവാടുതുറെ അദീനം എന്നിവയാണ് ശൈവപാരമ്പര്യത്തിൽ പുരോഹിതസമൂഹത്തിന്റെ പ്രധാന ആസ്ഥാനങ്ങൾ. ഇവയടക്കം തമിഴ്‌നാട്ടിലെ 20 മഠാധിപൻമാരെ പാർലമെന്റിലെ ചെങ്കോൽ സ്ഥാപനച്ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. മഠാധിപതിയെ പല്ലക്കിൽ ചുമക്കുന്ന ചടങ്ങു വിലക്കിയതിന്റെ പേരിൽ ഡി.എം.കെ. സർക്കാരുമായി ഇടഞ്ഞ മയിലാടുതുറൈ ധർമപുരം അദീനത്തിന്റെ മേധാവിയും പങ്കെടുത്തു. മധുര അദീനം മേധാവി ഹരിഹരദേശിക സ്വാമിയാണ് ചടങ്ങിൽ പ്രധാനമന്ത്രിക്ക് ചെങ്കോൽ എടുത്തുനൽകിയത്. സ്വാതന്ത്ര്യദിനത്തലേന്ന് പ്രഥമപ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന് തിരുവാടുതുറൈ അദീനത്തിന്റെ പ്രതിനിധി ചെങ്കോൽ സമ്മാനിച്ചുവെന്നത് ശരിയാണെങ്കിലും മോദിസർക്കാർ പറയുന്നതുപോലെ അത് അധികാരക്കൈമാറ്റച്ചടങ്ങിന്റെ ഭാഗമായിരുന്നോ എന്നതിന് ചരിത്രവസ്തുതകളുടെ പിൻബലം ഒന്നുമില്ല. ഔപചാരികമായാലും അനൗപചാരികമായാലും തമിഴ്‌നാട്ടിലെ മഠാധിപതി നെഹ്രുവിന് ചെങ്കോൽ നൽകിയതിനെ അന്നുതന്നെ രൂക്ഷമായി വിമർശിച്ചിട്ടുള്ളയാളാണ് ഡി.എം.കെ. സ്ഥാപകൻ ­സി.എൻ. അണ്ണാദുരൈ. അനാവശ്യമാണെന്നുമാത്രമല്ല, അപകടവുമാണാ സമ്മാനദാനം എന്നാണ് 1947 ഓഗസ്റ്റ് 24-ന് ദ്രാവിഡനാട് മാസികയിൽ എഴുതിയ ലേഖനത്തിൽ അണ്ണാദുരൈ കുറ്റപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും പ്രമുഖകക്ഷികൾ അണ്ണാദുരൈയുടെ പിൻഗാമികളാണ്. മാറിമാറി അവർക്കു വോട്ടുചെയ്തുപോരുന്നവരാണ് ഇവിടത്തെ ബഹുജനം. മഠാധിപതികളെ ക്ഷണിച്ചുവരുത്തി ചെങ്കോൽ സ്ഥാപന ചടങ്ങുനടത്തുകവഴി മതാചാര്യൻമാരെ വണങ്ങുന്ന സവർണ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാൻ കഴിയും. എന്നാൽ തമിഴ്‌നാട്ടിലെ ബഹുജനത്തിന്റെ മനസ്സിളക്കാൻ ഈ ചെങ്കോലുകൊണ്ടു കഴിയുമോയെന്ന് കണ്ടുതന്നെ അറിയണം.

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..