• ബാലസോർ തീവണ്ടിയപകടത്തിൽ പരിക്കേറ്റ കുട്ടിയെ ഹൗറ റെയിൽവേസ്റ്റേഷനിൽ ആരോഗ്യപ്രവർത്തകൻ പരിശോധിക്കുന്നു
: സമീപത്ത് വെള്ളത്തുണിയിൽ പൊതിഞ്ഞുവെച്ച മൃതദേഹങ്ങളുടെ മുഖംനോക്കി ഉറ്റവരെ തിരയുന്ന ദയനീയകാഴ്ചകളാണ് തീവണ്ടിദുരന്തത്തിന്റെ പിറ്റേന്ന് ബാലസോറിനെ കണ്ണീരണിയിച്ചത്.
ചരക്കുതീവണ്ടിയുടെ മുകളിലേക്കാണ് കോറമണ്ഡൽ എക്സ്പ്രസിന്റെ എൻജിനും രണ്ട് ബോഗികളും വീണുകിടക്കുന്നത്. ചക്രങ്ങളും തീവണ്ടിയിലെ മറ്റനേകം ഉപകരണങ്ങളും വേർപ്പെട്ട് ആക്രി കൂട്ടിവെച്ചതുപോലെയാണ് ദുരന്തഭൂമിയിലെ രംഗം. ഹൗറ എക്സ്പ്രസിന്റെ ബോഗി ഒരുകിലോമീറ്റർ അപ്പുറത്ത് വയലിലേക്ക് വീണുകിടക്കുന്നു. അവിടെയുമുണ്ട് പ്രിയപ്പെട്ടവരെത്തേടിയുള്ള അലച്ചിലുമായി ഉറ്റവർ. ബന്ധുക്കളെ പേരുചൊല്ലി അലമുറയിട്ട് വിലപിക്കുന്നവർ, കരഞ്ഞുകണ്ണീരുവറ്റിയവർ... മനുഷ്യൻ തോറ്റുപോകുന്ന നിമിഷം.
രക്ഷാപ്രവർത്തനത്തിന്റെ അവസാനഘട്ടത്തിലും ബോഗിക്കുള്ളിലോ പാളത്തിലോ മൃതദേഹങ്ങൾ കിടക്കുന്നുണ്ടോയെന്ന തിരച്ചിലിലാണ് സന്നദ്ധസേവകർ. ഓരോ ബോഗിയും വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങളെടുത്തത്. കിട്ടുന്ന മൃതദേഹങ്ങൾ പ്രിയപ്പെട്ടവരുടേതാകരുതേയെന്ന പ്രാർഥനയോടെയാണ് ജനങ്ങളുടെ കാത്തിരിപ്പ്.
മരിക്കാതെ മനുഷ്യത്വം
അവിശ്രമം ജോലിയിൽ മുഴുകുന്ന രക്ഷാപ്രവർത്തകർക്ക് കൈത്താങ്ങായി പ്രദേശവാസികളും വെള്ളവും ലഘുഭക്ഷണവുമായി സമീപപ്രദേശങ്ങളിലെ കോളേജ് വിദ്യാർഥികളുമെത്തി. ഓരോരുത്തരുടെയും അരികിലെത്തി അവ വിതരണംചെയ്തു. രക്ഷാപ്രവർത്തകർക്കും പരിക്കേറ്റവർക്കുംവേണ്ടി സമീപവീടുകളെല്ലാം തുറന്നുകൊടുത്തിരുന്നു. ഭക്ഷണത്തിനും പ്രാഥമികാവശ്യങ്ങൾക്കുമായി വീടുകളിലെത്തിയത് നൂറുകണക്കിനുപേർ. ഉറ്റവരെത്തേടിയെത്തിയ ആയിരങ്ങളും നാട്ടുകാരുടെ സ്നേഹക്കൂടാരത്തിൽ തങ്ങി.
ഗുരുതരപരിക്കേറ്റവർക്ക് രക്തം ആവശ്യമുണ്ടെന്ന അറിയിപ്പിനെത്തുടർന്ന് രക്തദാനത്തിനായി ആശുപത്രിയിലേക്ക് മത്സരിച്ചോടിയെത്താനുമുണ്ടായിരുന്നു മനുഷ്യർ. നാട്ടുകാരുടെ ആത്മാർഥമായ പരിശ്രമമില്ലായിരുന്നെങ്കിൽ മരണസംഖ്യ ഉയരുമായിരുന്നു. പ്രദേശവാസികൾക്കൊപ്പം മലയാളിസംഘടനകൾ, സന്നദ്ധസംഘടനാപ്രവർത്തകർ എന്നിവരും സഹായവുമായി കൂടെനിന്നു.
കോറമണ്ഡൽ എക്സ്പ്രസ് സിഗ്നൽ തെറ്റിച്ചെത്തിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. രക്ഷാപ്രവർത്തനം പൂർത്തിയായതിനുപിന്നാലെ പാളം ശരിയാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
അവനില്ല, ഇവിടെയും
: ബാലസോറിലെ സ്കൂളിൽ നിരത്തിയിട്ട നൂറുകണക്കിന് മൃതദേഹങ്ങളുടെയടുത്തെല്ലാം അദ്ദേഹമെത്തി. കൈയിലൊരു സഞ്ചിയുംപിടിച്ച് പൊന്നുമോനെ തിരഞ്ഞുനടക്കാൻ തുടങ്ങിയിട്ട് ഒട്ടേറെ നേരമായി. റെയിൽവേ അധികൃതർ നൽകിയ വിവരത്തെത്തുടർന്നാണ് ഒടുവിലിവിടെയെത്തിയത്. എന്നാൽ, അവനെ കണ്ടെത്താനായില്ല. ‘‘കോറമണ്ഡൽ എക്സ്‌പ്രസിലാണ് മകൻ യാത്രചെയ്തിരുന്നത്. കുറെയായി തിരയുന്നു. അവനെ കണ്ടെത്താനായില്ല...’’ അച്ഛന്റെ വാക്കുകൾ മുറിഞ്ഞു. ‘‘ഞാൻ ഷുഖോയിൽനിന്ന് വരുകയാണ്. കൊൽക്കത്തയിൽനിന്ന് നാട്ടിലേക്ക് വരുകയായിരുന്നു അവൻ. തീവണ്ടി അപകടത്തിൽപ്പെട്ടതിൽപ്പിന്നെ അവന്റെ വിവരമൊന്നുമില്ല’’ -വിതുമ്പലോടെ വാക്കുകൾ പൂർത്തിയാക്കി.
മൃതദേഹങ്ങളുടെ കൂട്ടത്തിൽ മകനെ കാണരുതെന്ന പ്രാർഥനയോടെ അദ്ദേഹം അവിടംവിട്ടു, പ്രിയപ്പെട്ട മകനെത്തേടി.
Content Highlights: editpage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..