ആവർത്തിച്ചു വാണിയമ്പാടി


2 min read
Read later
Print
Share

ഒഡിഷ തീവണ്ടിയപകടത്തിന്റെ പശ്ചാത്തലത്തിൽ നോവലിസ്റ്റും റെയിൽവേ മുൻ ചീഫ് കൺട്രോളറുമായ ടി.ഡി. രാമകൃഷ്ണൻ

Photo: Print

ഹർഷ സുരേന്ദ്രൻ

: പച്ച, മഞ്ഞ, ചുവപ്പ് എന്ന പുസ്തകം എഴുതുമ്പോൾ ഇന്ത്യയിൽ ഇനിയൊരു തീവണ്ടിയപകടം ഉണ്ടാകരുതെന്നായിരുന്നു ഞാൻ ആശിച്ചിരുന്നത്. ദൗർഭാഗ്യമെന്നു പറയട്ടെ അത് സംഭവിച്ചു. 280 പേരുടെ ജീവൻ. മുറിവുപറ്റിയ ആയിരത്തിലധികം പേർ. ഗുരുതരവീഴ്ചയാണ് സംഭവിച്ചത്. മാനുഷിക പിഴവായാലും സാങ്കേതികപ്പിഴവായാലും അന്വേഷിച്ച് കണ്ടെത്തണം.
ഒരു കൂട്ടിയിടി നടന്ന് പിന്നാലെ മറ്റൊരു ട്രെയിൻ വന്ന് വീണ്ടും ഇടിക്കുക എന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. അതൊഴിവാക്കാനുള്ള തിരക്കിട്ട ശ്രമം നടന്നില്ല എന്നുവേണം കരുതാൻ.
ദക്ഷിണറെയിൽവേയിൽ ഞാൻ ചീഫ് കൺട്രോളറായിരിക്കുന്ന സമയത്ത് ഏതെങ്കിലും തരത്തിലുള്ള അപകടമോ പ്രതിസന്ധിയോ ഉണ്ടായാൽ സെക്കൻഡുകൾക്കുള്ളിൽ കൺട്രോളറുടെ ഓഫീസിൽ വിവരം എത്തും. ഉടൻ ആ സെക്ഷനിലെ ട്രാഫിക് നിർത്തിവെക്കാനും കഴിയും. ഇവിടെ അത്തരം ഇടപെടലുണ്ടായില്ലെന്നു മനസ്സിലാക്കണം.
1981-ലെ മൂന്നു തീവണ്ടികളുൾപ്പെട്ട തമിഴ്നാട്ടിലെ വാണിയമ്പാടി മാതൃകയിലുള്ള അപകടമാണിത്. അന്ന് ചരക്കുതീവണ്ടിയുടെ പിറകിൽ പോയിടിച്ച് ട്രിവാൻഡ്രം-ചെന്നെ മെയിലിന്റെ ബോഗികൾ മറിഞ്ഞു. എതിർദിശയിൽവന്ന യേർക്കാഡ് എക്‌‌സ്‌പ്രസ് ബോഗികളിലിടിച്ച് പാളം തെറ്റി. ഇന്ത്യൻ റെയിൽവേയിൽ സാങ്കേതികമായ ജോലിയിൽ പ്രവേശിക്കുന്നവർക്ക് സുരക്ഷയെക്കുറിച്ച് നൽകുന്ന ആദ്യപാഠം വാണിയമ്പാടി അപകടത്തിലുണ്ടായ സുരക്ഷാപിഴവുകളെ സംബന്ധിച്ചാണ്. അത് ഒാർമിപ്പിക്കുന്ന ദുരന്തമാണ് 42 വർഷത്തിനിപ്പുറം സംഭവിച്ചിരിക്കുന്നത്.
ഹൗറ-ചെന്നൈ റൂട്ടുപോലെ സുവർണചതുഷ്‌കോണ ഇടനാഴിയുടെ ഭാഗമായ പ്രധാന റെയിൽവേ പാതകളിലെല്ലാം പരിധിയിൽകവിഞ്ഞ ട്രാഫിക്കാണുള്ളത്. മതിയായ സുരക്ഷാക്രമീകരണങ്ങളോടെ ഓടിക്കാൻ കഴിയുന്നതിലധികം എണ്ണവും വേഗത്തിലുമുള്ള ട്രെയിനുകളാണ് 24 മണിക്കൂറിനിടെ ഇവിടെ സർവീസ് നടത്തുന്നത്. ദിവസം 110 മുതൽ 120 വരെ സർവീസുകളുണ്ടാകാറുണ്ട്.
രാഷ്ട്രീയസമ്മർദമാണ് ഇതിനൊക്കെ റെയിൽവേയെ ഒരുപരിധിവരെ നിർബന്ധിതമാക്കുന്നത്. സാധ്യമായതിനെക്കാൾ
കൂടുതൽ ജോലി ചെയ്യേണ്ടിവരുന്നത് മാനുഷികമായ സുരക്ഷാപ്പിഴവുകൾ വർധിപ്പിക്കുന്നു. റെയിൽവേയുടെ മാനവിക വിഭവശേഷി കൈകാര്യനയം കാര്യക്ഷമമല്ല. ജീവനക്കാരുടെ ജോലി സമ്മർദവും മറ്റു പല പ്രശ്നങ്ങളും തുറന്നു കാട്ടാൻ ഞാൻ എന്റെ പുസ്തകത്തിലൂടെ ശ്രമിച്ചിരുന്നു. കവചിലും രാഷ്ട്രീയമായ വിചിത്രതാത്പര്യങ്ങളുണ്ട്. കൂട്ടിയിടി ഒഴിവാക്കാൻ കൊങ്കൺ റെയിൽവേയിലെ മുൻ സി.എം.ഡി. വികസിപ്പിച്ച ആന്റി കൊളീഷൻ സംവിധാനത്തെ സംബന്ധിച്ച്‌ കൂടുതൽ പരിശോധനയ്ക്കുപോലും റെയിൽവേ തയ്യാറായില്ല.
സുരക്ഷ-സിഗ്നലിങ് സംവിധാനങ്ങൾ തദ്ദേശീയമായി വികസിപ്പിക്കാൻ മതിയായ ഗവേഷണസ്ഥാപനം റെയിൽവേക്ക് ഇല്ല. റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ്‌സ് ഓർഗനൈസേഷൻ(ആർ.ഡി.ഒ.എസ്.) എന്ന നിലവിലുള്ള സ്ഥാപനം വിദേശരാജ്യങ്ങളിൽനിന്നുൾപ്പെടെ റെയിൽവേയിലേക്ക് ഉൾപ്പെടുത്തുന്ന ഉപകരണങ്ങളുടെയും സാമഗ്രികളുടെയും സ്റ്റാൻഡേഡൈസേഷനിൽ മാത്രമാണ് കൂടുതൽ ശ്രദ്ധചെലുത്തുന്നത്. നിലവിലുള്ള സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്. റെയിൽവേയുടെ മെല്ലെപ്പോക്കാണ് പലപ്രശ്നങ്ങൾക്കും കാരണം. നിർമാണപ്രവർത്തനങ്ങളിലുൾപ്പെടെ ദീർഘവീക്ഷണമില്ല. ട്രാക്കുകളുടെ പ്രവർത്തനം, വണ്ടികളുടെ സുരക്ഷിതത്വം, മനുഷ്യവിഭവശേഷി ഫലപ്രദമായി ഉപയോഗപ്പെടുത്തൽ, സിഗ്നലിങ് സംവിധാനം എന്നിവയിൽ റെയിൽവേ കൂടുതൽ ശ്രദ്ധ ചെലുത്തണം.
മുൻഗണന സുരക്ഷയ്ക് എന്ന ആപ്തവാക്യത്തിനായിരിക്കണം ഇന്ത്യൻ റെയിൽവേ കൂടുതൽ മുൻതൂക്കം നൽകേണ്ടത്. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കട്ടെ. റെയിൽവേയുടെ അന്വേഷണം താഴെത്തട്ടിലുള്ള ഒന്നോ രണ്ടോ ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതിലവസാനിക്കാതിരിക്കട്ടെ.

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..