ഒത്തൊരുമയുടെ പെരുന്നാളാഘോഷം


പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാർ (ജന. സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ)

3 min read
Read later
Print
Share

മാനവികതയുടെയും ഒരുമയുടെയും സഹാനുഭൂതിയുടെയും ദാനകർമങ്ങളുടെയും ഏറ്റവും ഉത്‌കൃഷ്ടമായ സന്ദേശമാണ് റംസാനും ഈദുൽഫിത്തറും മുന്നോട്ടുവെക്കുന്നത്

വിശ്വാസികൾക്ക് സ്രഷ്ടാവ് നിശ്ചയിച്ച നിർബന്ധ ആഘോഷദിനങ്ങളാണ് ഈദുൽ ഫിത്തറും ഈദുൽ അള്ഹയും. അഥവാ റംസാൻ നോമ്പിനോടനുബന്ധിച്ച ചെറിയപെരുന്നാളും ഹജ്ജിനോടനുബന്ധിച്ച ബലിപെരുന്നാളും. ഇസ്‌ലാമിക വിശ്വാസ - കർമങ്ങളുമായി ബന്ധപ്പെട്ട് മനുഷ്യൻ ആരാധനകളെക്കൊണ്ട് ആത്മാവിനെ പരിശുദ്ധമാക്കിയശേഷമാണ് ഈ രണ്ട് ആഘോഷങ്ങളും. ഹജ്ജിലൂടെയും നോമ്പിലൂടെയും നേടുന്നത് ആത്മീയവിശുദ്ധിയാണ്. മാനവികതയുടെയും ഒരുമയുടെയും സഹാനുഭൂതിയുടെയും ദാനകർമങ്ങളുടെയും ഏറ്റവും ഉത്‌കൃഷ്ടമായ സന്ദേശമാണ് റംസാനും ഈദുൽഫിത്തറും മുന്നോട്ടുവെക്കുന്നത്.

ആത്മാവിനെ ശക്തമാക്കുന്ന നോമ്പുകാലം

മലിനതകളിൽനിന്ന് വിമലീകരിക്കപ്പെട്ട മനസ്സിനാണ് ആഘോഷിക്കാനാവുക. മലിനമനസ്സുകൾക്ക് ആഘോഷം കാപട്യമാണ്. തെറ്റുകൾ ചെയ്യുന്ന സമയത്ത് മനസ്സിനൊരു നൊമ്പരം വരും. അത് ആത്മാവിന്റെ പിടച്ചിലാണ്. നന്മകൾ ചെയ്യുമ്പോഴാനന്ദവും. ആത്മാവ് ഇഷ്ടപ്പെടുന്നത് നന്മയാണ്. ആ നന്മ കൈവരിച്ചതിന്റെ ആഘോഷമാണ് പെരുന്നാൾ. അത് കൈവരിക്കാത്തവന് അത് കാപട്യമാണല്ലോ. ആത്മീയതയുടെ വികാസത്തിന് എത്രയോ ഉത്തമമാണ് വ്രതാനുഷ്ഠാനമെന്ന് ഏവരും സമ്മതിക്കും. ആത്മീയത ഉയരാൻ ഏറ്റവും നല്ലമാർഗം ഭക്ഷണനിയന്ത്രണംതന്നെ. സാധകൻ ഉപാസനയിലൂടെയാണ് തന്റെ ആത്മീയത ഉയർത്തുന്നത്. തന്റെ ഉള്ളിലുള്ള ആത്മാവിനെ ശക്തനാക്കുകയാണ് നോമ്പുകാരൻ. അതിനായി ആഗ്രഹങ്ങളെയവൻ നിഗ്രഹിക്കുന്നു. അതുവരെ അനുവദനീയമായ പലതും അവന് അനുവദനീയമല്ലാതാകുന്നു. ഇഷ്ടപ്പെട്ട വിഭവങ്ങൾ തന്റെ കൈയെത്തും ദൂരത്തുണ്ടായിട്ടും അവനതെടുത്ത് ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യാതെ നിയന്ത്രിക്കുന്നു. ക്ഷമയുടെ ഏറ്റവും ഉദാത്തമായ ഒരു തലത്തിലേക്കവൻ തന്റെ ശരീരത്തെയും മനസ്സിനെയും പരിശീലിപ്പിക്കുന്നു. വ്രതത്തോടനുബന്ധിച്ചുള്ള നിഷിദ്ധങ്ങൾ നോമ്പിന്റെ പേരിൽ മാത്രമായിരുന്നു. ഈ താത്‌കാലിക വിലക്കിന് വിരാമമായതിൽ പിന്നെ അനുവദനീയമായതിന്റെ പരമാവധിയിലേക്ക് പ്രവേശിക്കാനുള്ള ഒരവസരമാണ് പെരുന്നാൾ. നോമ്പുസമയത്ത് കുറ്റകരമായ ചിലത് പെരുന്നാൾസമയത്ത് പുണ്യമായിത്തീരുന്നു. അതിനാലാണ് പെരുന്നാൾദിനത്തിൽ നോമ്പ് നിഷിദ്ധമാക്കി പ്രഖ്യാപിച്ചതും.

പാവപ്പെട്ട ഒരാളും അന്നം ലഭിക്കാതെ ഉണ്ടാവരുത്

പെരുന്നാൾ ചൈതന്യം ലോകത്തെ മുഴുവനും കടാക്ഷിക്കുന്നതാണ്. പാവപ്പെട്ടവനും പണക്കാരനും ദുഃഖിതനും സന്തുഷ്ടനും രോഗിക്കും ആരോഗ്യവാനും സ്ത്രീക്കും പുരുഷനും എല്ലാം പെരുന്നാൾപുണ്യം പ്രാപ്യമാണ്. സാമ്പത്തിക അഭിവൃദ്ധി കൈവന്നതോടെ ആഘോഷങ്ങളെ ആർഭാടങ്ങളാക്കുന്ന പ്രവണതയും വർധിക്കുന്നു. ഇത് നാം ജീവിക്കുന്ന സാമൂഹികചുറ്റുപാടുകളെ ആശ്രയിച്ചാണിരിക്കുന്നത്. ശരീരത്തിനും ആരോഗ്യത്തിനും മനസ്സിനും ഇണങ്ങിയ സുഭിക്ഷവും സ്വാദിഷ്ഠവുമായ വിഭവംതന്നെ പെരുന്നാളിന് തയ്യാറാക്കണം. പക്ഷേ, ധൂർത്തിനെ നിയന്ത്രിക്കാനും നമുക്ക് സാധിക്കണം.ആഘോഷങ്ങളെയും ആചാരങ്ങളെയും തെറ്റിദ്ധരിപ്പിക്കാനും ബഹുസ്വരസമൂഹത്തിൽ വിദ്വേഷം പടർത്താനും മത്സരിക്കുന്നവരുടെ എണ്ണം വർധിക്കുന്ന കാലത്താണ് ഈദാഘോഷം എന്നത് പ്രത്യേകം സ്മരണീയമാണ്. നമ്മുടെ വിശ്വാസത്തിന്റെ സുതാര്യതയും തന്മയത്വവും മറ്റുള്ളവർക്ക് പരിചയപ്പെടുത്താനുള്ള അവസരംകൂടിയായി ആഘോഷത്തെ നാം കാണണം. പാവപ്പെട്ടവന്റെ ദുരിതങ്ങൾക്കറുതിവരുത്താൻ ഇസ്‌ലാം സംവിധാനിച്ച സക്കാത്തിന്റെ പ്രസക്തി നാം പ്രയോഗിച്ച് കാണിച്ചുകൊടുക്കണം. ഈദുൽ ഫിത്തറിനോടനുബന്ധിച്ചുള്ള ഫിത്വർ സക്കാത്തിന്റെ പ്രസക്തി വിളിച്ചോതുന്നതും അതാണ്. പാവപ്പെട്ട ഒരാൾക്കും അന്നം ലഭിക്കാത്തതായി ഉണ്ടാവരുതെന്ന നിർബന്ധം ഇതിനുപിന്നിലുണ്ട്. ഫിത്വർ സക്കാത്തിലൂടെ നമ്മുടെ പരമമായ ലക്ഷ്യം ആത്മീയമായ ശുദ്ധീകരണമാണെങ്കിലും ഇതിനു പിന്നിലിങ്ങനെ ഒരു യുക്തികൂടിയുണ്ട്.
അയൽക്കാരനെ പട്ടിണിക്കിട്ട് നമുക്കെങ്ങനെ വയറുനിറച്ച് കഴിക്കാനാവും? സമഭാവനയുടെയും സൗഹാർദത്തിന്റെയും ഏറ്റവും മികച്ച വഴികൾതന്നെ നാം തിരഞ്ഞെടുക്കണം. പാവപ്പെട്ടവനെ സഹായിക്കാനും ആലംബഹീനർക്ക് ആലംബമേകാനും നമുക്ക് സാധിക്കണം. സത്യത്തിൽ അതിനുള്ള പരിശീലനം വ്രതാനുഷ്ഠാനത്തിലൂടെ ലഭിച്ച ആത്മാവാണ് നമ്മുടേത്. കാരുണ്യം ലോകത്തിന് ചൊരിഞ്ഞുനൽകാൻ മാത്രം വിശാലമായ ഹൃദയമാണ് വ്രതത്തിലൂടെ നേടിയെടുത്തത്. എല്ലാ മനുഷ്യസഹജമായ മാലിന്യത്തിൽനിന്നും അത് മുക്തമാണ്. സർവർക്കും കരുണനൽകാനും ആത്മാവിന് ശാന്തിനേടാനും പര്യാപ്തമാകണം നമ്മുടെ മനസ്സ്.

പ്രതിസന്ധികളെ അതിജീവിക്കാൻ മനസ്സിനെ പാകപ്പെടുത്താം

റംസാനുമുമ്പ് ഉണ്ടായിരുന്ന ഓജസ്സുകുറഞ്ഞ നിലവാരത്തിലേക്ക് നാം തിരിച്ചുപോകരുത്. റംസാൻ വ്രതത്തിലൂടെ നേടിയ ചൈതന്യം ഇനിയും തുടർന്നുകൊണ്ടുപോകാൻ കഴിയണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെയാളുകൾ ആശയറ്റ് ജീവിക്കുന്നുണ്ട്. അവരിലേക്ക് കരുണയുടെ സന്ദേശം കൈമാറാനുള്ള ശ്രമങ്ങളാണുണ്ടാകേണ്ടത്. സ്രഷ്ടാവിന് ഏറ്റവുംവലിയ ഇഷ്ടമുള്ളത് ഭക്ഷണം ഇല്ലാത്തവർക്ക്‌ അത് നൽകലാണ് എന്നത് നമുക്ക് മറന്നുകൂടാ. ‘മതത്തിനെ കളവാക്കുന്നവൻ ആരാണെന്നറിയുമോ ? അനാഥകളെ ആട്ടിവിട്ടവനും പാവപ്പെട്ടവർക്കുള്ള അന്നദാനം പ്രോത്സാഹിപ്പിക്കാത്തവനുമാണ്’ എന്ന ഖുർആൻ പ്രഖ്യാപനം ഇവിടെ നാം ചേർത്തുവായിക്കണം. ദരിദ്രന്റെ ജീവിതത്തിന് അന്നത്തിലൂടെ നിറംപകരാൻ ശ്രമിക്കാത്തവനെതിരേ ഇത്രത്തോളം രൂക്ഷമായ പദപ്രയോഗം നടത്തിയത് ഗൗരവത്തിൽത്തന്നെ കാണേണ്ടതാണ്.കഴിഞ്ഞ രണ്ടുവർഷം കോവിഡ് ഭീതിയിലാണ് പെരുന്നാളാഘോഷങ്ങൾ നടന്നത്. ഇത്തവണ അതിൽനിന്ന്‌ ആശ്വാസം ലഭിച്ചു. താത്‌കാലികമായി ഉണ്ടാകുന്ന പ്രതിസന്ധികളെ ജയിക്കാൻ സാധിക്കുന്ന വിധത്തിലാണ് മനസ്സിനെ പാകപ്പെടുത്തേണ്ടത്. സഹജീവിസ്നേഹത്തിന്റെ ഉത്തമ മാതൃകകളാകാനും ആത്മീയവികാസത്തിന്റെ പരമോന്നതി കരസ്ഥമാക്കാനും ഈ പെരുന്നാൾദിനം നാം വിനിയോഗിക്കുക. യുക്രൈനിലും പലസ്തീനിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ഒറ്റയായും കൂട്ടായും അക്രമത്തിന് വിധേയരാകുന്ന ഒട്ടേറെ ആളുകളുണ്ട്. നമ്മുടെ രാജ്യത്തിന്റെ പലഭാഗത്തും ദുരിതംപേറി ജീവിക്കുന്ന പരശ്ശതം മനുഷ്യരുണ്ട്. അവരുടെ നന്മയ്ക്കുവേണ്ടിയും പെരുന്നാൾ ദിനത്തിൽ പ്രത്യേകം പ്രാർഥിക്കണം. ശാന്തിയുള്ള ഒരു ലോകത്തിനായി നമുക്ക് ഒത്തൊരുമയുടെ പെരുന്നാളാഘോഷിക്കാം.

Content Highlights: eid

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..