ത്യാഗത്തിന്റെ നാളിൽ സ്നേഹത്തിന്റെ ചിന്തകൾ


ടി.പി. അബ്ദുല്ലകോയ മദനി

നഷ്ടപ്പെടുന്ന സൗഹൃദം വീണ്ടെടുക്കാൻ ബോധപൂർവമായ ശ്രമമുണ്ടാകണം. രാജ്യത്തിന്റെ നന്മയോടൊപ്പം ആത്മാഭിമാനത്തോടെ നിലകൊള്ളുക. ശക്തമായ ഒരു ഭരണഘടന നമുക്കുണ്ട്. അതിനെ അവഹേളിക്കുന്ന വാക്കും പ്രവൃത്തിയും രാജ്യത്തെ സ്നേഹിക്കുന്നവരിൽനിന്ന്‌ ഉണ്ടാവരുത്‌

Caption

ത്യാഗത്തിന്റെ കനൽവഴികളിലൂടെ സഞ്ചരിച്ച്‌ ജീവിതം ചരിത്രമാക്കി മാറ്റിയ ഇബ്രാഹിം പ്രവാചകന്റെയും ഭാര്യ ഹാജറിന്റെയും മകൻ ഇസ്മായീലിന്റെയും ഓർമകളാണ് ബലിപെരുന്നാൾദിനത്തിൽ വിശ്വാസികളുടെ മനസ്സിനെ കുളിരണിയിക്കുന്നത്. ഇബ്രാഹിം പ്രവാചകനും മകൻ ഇസ്മായീലും ദൈവകല്പനയാൽ ഏകദൈവാരാധനയ്ക്കുവേണ്ടി ഭൂമിയിലെ ഒന്നാമത്തെ ഭവനം മക്കയിൽ പണിതു. ആ ഭവനത്തിലേക്ക്‌ തീർഥാടനത്തിനായി വിശ്വാസികളെ വിളിക്കാനും ദൈവകല്പനവന്നു. ഇടുങ്ങിയ വഴികളിലൂടെ വരുന്ന ഒട്ടകപ്പുറത്തുകയറി കഅബാലയത്തിലേക്ക്‌ വിശ്വാസികളെത്തുമെന്ന പ്രതീക്ഷയും അല്ലാഹു നൽകി.

ഏതുപ്രതിസന്ധിയും മറികടന്ന്‌ വിശ്വാസികൾ ഹജ്ജ് ചെയ്യാൻ വരുമെന്നാണ് അല്ലാഹു പറയുന്നത്. വിവിധ ഭൂഖണ്ഡങ്ങൾ കടന്ന് വർഷംതോറും വിശ്വാസിലക്ഷങ്ങൾ ഹജ്ജ്കർമത്തിനെത്തുന്നു.
സമാധാനത്തിന്റെ മണ്ണാണ് മക്ക. അവിടെ അക്രമം പാടില്ലെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. ഹജ്ജിൽ പ്രവേശിച്ചാൽ മനുഷ്യരോടോ മൃഗങ്ങളോടോ സസ്യങ്ങളോടോ അന്യായം കാണിക്കാൻ പാടില്ല. ഹജ്ജിലെ പ്രധാനകർമം അറഫയിൽ നിൽക്കലാണ്. ലോകമെമ്പാടുമുള്ള വിശ്വാസികൾ ഒരേവേഷത്തിൽ ഏകമനസ്സുമായി അറഫയിൽ സംഗമിക്കുന്നു. മുസ്‌ലിം ലോകത്തിന്‌ അറഫയിൽനിന്ന്‌ ധാർമികോപദേശം ലഭിക്കുന്നു.
മുഹമ്മദ് നബി തന്റെ ജീവിതകാലത്ത് ഒരു ഹജ്ജാണ് നിർവഹിച്ചത്. പ്രവാചകൻ അറഫയിൽ നിർവഹിച്ച വിടവാങ്ങൽ പ്രഭാഷണം സുവിദിതമാണ്. പ്രവാചകനോടൊപ്പം ഹജ്ജ്ചെയ്ത അവിടത്തെ അനുയായികൾ മുഹമ്മദ് നബിയുടെ ഹജ്ജ് കണ്ടുപഠിച്ചു. അവിടെ അവർ മനസ്സിലാക്കിയതും കേട്ടതും പിൻതലമുറയ്ക്ക് എത്തിച്ചുകൊടുക്കാൻ പ്രവാചകൻ അവരോട്‌ നിർദേശിച്ചു.

മുഹമ്മദ് നബി അറഫയിൽ നടത്തിയ വിടവാങ്ങൽ പ്രസംഗം ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശപ്രഖ്യാപനമായിരുന്നു. ‘നിങ്ങളുടെ രക്തവും ധനവും അഭിമാനവും പവിത്രമാണ്. ഈ ദിവസത്തിെന്റയും മാസത്തിെന്റയും നാടിന്റെയും പവിത്രതപോലെ’ എത്രമേൽ പ്രസക്തമാണ് മുൻചൊന്ന വാക്കുകളെന്ന്‌ ചിന്തിക്കുക. സ്ത്രീകളുടെ അവകാശം ഹനിക്കരുതെന്ന്‌ പ്രവാചകൻ ഉദ്‌ബോധിപ്പിച്ചു. അവരെ ആദരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
പലിശയും കൊലയും അന്യരുടെ ധനം അന്യായമായി കൈക്കലാക്കുന്നതും അക്രമങ്ങളും പാപമാണെന്ന്‌ ഉണർത്തിയ പ്രവാചകനെ അവരുടെ അനുയായികൾ എത്രത്തോളം അംഗീകരിക്കുന്നുണ്ടെന്ന ചോദ്യം മനസ്സിനെ അസ്വസ്ഥമാക്കേണ്ടതുണ്ട്. മനുഷ്യരെല്ലാം ആദം സന്തതികളാണെന്ന മുഹമ്മദ് നബിയുടെ ഓർമപ്പെടുത്തൽ വിഭാഗീയതയുടെ വേരുകൾ പിഴുതെറിയാനാണ് പ്രേരിപ്പിക്കുന്നത്.

മതത്തിന്റെ മറവിൽ ഉറഞ്ഞുതുള്ളുന്ന തീവ്രവാദികളെ അകറ്റിനിർത്താൻ നമുക്ക്‌ സാധിക്കണം. അപരമതവിദ്വേഷം പരത്തുന്ന വാക്കുകളും മുദ്രാവാക്യങ്ങളും സമൂഹത്തെ വർഗീയമായി വിഭജിക്കുമെന്ന്‌ തിരിച്ചറിയണം. മുഹമ്മദ് നബിയെ അവഹേളിക്കുന്നവർക്ക്‌ വൈജ്ഞാനികമായി മറുപടിപറയുന്നതിനുപകരം അക്രമത്തിന്റെ മാർഗം സ്വീകരിക്കുന്നത് നീതീകരിക്കാനാവില്ല. പ്രവാചകനിന്ദനടത്തി മുസ്‌ലിം സമൂഹത്തെ തെരുവിലിറക്കി അവരെ തീവ്രവാദികളുടെ കൈയിലേക്ക് ഏൽപ്പിച്ചുകൊടുക്കാൻ ബോധപൂർവം ആരെങ്കിലും ശ്രമിക്കുന്നുണ്ടോയെന്ന്‌ നാം ചിന്തിക്കണം.

നഷ്ടപ്പെടുന്ന സൗഹൃദം വീണ്ടെടുക്കാൻ ബോധപൂർവമായ ശ്രമമുണ്ടാകണം. രാജ്യത്തിന്റെ നന്മയോടൊപ്പം ആത്മാഭിമാനത്തോടെ നിലകൊള്ളുക. ശക്തമായ ഒരു ഭരണഘടന നമുക്കുണ്ട്. അതിനെ അവഹേളിക്കുന്ന വാക്കും പ്രവൃത്തിയും രാജ്യത്തെ സ്നേഹിക്കുന്നവരിൽനിന്ന്‌ ഉണ്ടാവരുത്‌.
രാജ്യത്ത് നടക്കുന്ന സംഘടിതവും ഒറ്റപ്പെട്ടതുമായ വർഗീയനീക്കങ്ങളിൽ നിരാശരായി തീവ്ര സ്വഭാവമുള്ളവരുമായി ചേർന്നുനിൽക്കുകയല്ല പരിഹാരം. മതനിരപേക്ഷ പിന്തുണയാണ് രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഏറ്റവും വലിയ കരുത്തെന്ന്‌ മനസ്സിലാക്കണം. ഇത് തിരിച്ചറിയാതെ വികാരജീവികളുടെ കെണിയിൽ അകപ്പെടരുത്.
ഇന്ത്യയിലെ മുസ്‌ലിങ്ങൾക്ക് സുരക്ഷിതമായി ഇവിടെ ജീവിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് സമൂഹത്തിൽ പ്രസരിപ്പിക്കേണ്ടത്. നിരാശവളർത്തി മുതലെടുപ്പ് നടത്താനുള്ള ഏതുനീക്കവും ഈ സന്ദർഭത്തിൽ ചെറുത്തു തോൽപ്പിക്കണം.

(കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകൻ)

Content Highlights: Eid al-Adha 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..