രജബ് തയ്യിപ് ഉർദുഗാൻ | Photo: AP
ഇനിയുമൊരഞ്ചുവർഷം തുർക്കിയെ ഭരിക്കാൻ രജബ് തയ്യിപ് ഉർദുഗാനെ ജനം തിരഞ്ഞെടുത്തിരിക്കുന്നു. മേയ് 28-ലെ രണ്ടാംവട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 52.1 ശതമാനം വോട്ടുനേടി അദ്ദേഹം ജയിച്ചു. എതിരാളി കെമാൽ ക്ലിച്ദരോലുവിന് കിട്ടിയത് 47.9 ശതമാനം വോട്ട്. ആദ്യം പ്രധാനമന്ത്രിയായും പിന്നീട് പ്രസിഡന്റായും 20 വർഷമായി തുർക്കി ഭരിക്കുന്ന ഉർദുഗാനെ താഴിയിറക്കാമെന്ന പ്രതിപക്ഷസഖ്യത്തിന്റെ സ്വപ്നം പൊലിഞ്ഞു.
വിജയത്തിനുശേഷം ഈസ്താംബൂളിലെ റാലിയിൽ ഉർദുഗാൻ പറഞ്ഞു: ‘‘ഇതു തീരുന്നില്ല.’’ 2024 മാർച്ചിൽ നിശ്ചയിച്ചിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. മേയ് 14-നു നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉർദുഗാന്റെ ജസ്റ്റിസ് ആൻഡ് ഡെവലപ്‌മെന്റ് പാർട്ടിയുടെ (എ.കെ.പി.) നേതൃത്വത്തിലുള്ള പീപ്പിൾസ് അലയൻസ് സഖ്യമാണ് ജയിച്ചത്; 600-ൽ 323 സീറ്റ്. ഈ ജയം ഉർദുഗാന്റെ സമഗ്രാധിപത്യഭരണം സുഗമമാക്കും.
ഫെബ്രുവരിയിലെ ഭൂകമ്പം, സാമ്പത്തികഞെരുക്കം, സിറിയൻ അഭയാർഥിപ്രശ്നം, ജനാധിപത്യം എന്നിവയായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാനവിഷയങ്ങൾ. പക്ഷേ, അവയൊന്നും വിഷയമായില്ല എന്നു വ്യക്തമാക്കുന്നു ഉർദുഗാന്റെ ജയം. ഭൂകമ്പബാധിതമേഖല അദ്ദേഹത്തിനൊപ്പംനിന്നു. തകർന്ന ജീവിതം വീണ്ടെടുത്തുതരാൻ ഉർദുഗാനേ കഴിയൂ എന്ന വിശ്വാസമാണ് അന്താരാഷ്ട്രമാധ്യമങ്ങളോട് അവിടത്തുകാർ പങ്കുവെച്ചത്.
ജനാധിപത്യത്തെ പൂർണമായി കശാപ്പുചെയ്യാതെ ജനാധിപത്യസ്ഥാപനങ്ങളുടെ ചിറകരിഞ്ഞും ഭീഷണിയിലൂടെ വായടപ്പിച്ചും അധികാരം അവനവനിലേക്കു കേന്ദ്രീകരിക്കുന്ന ‘കരുത്തരായ’ രാഷ്ട്രീയക്കാരിലൊരാളാണ് ഉർദുഗാനും. മുൻ തിരഞ്ഞെടുപ്പുകളിൽ ചെയ്തതുപോലെ തുർക്കിയിലെ സാംസ്‌കാരികഭിന്നതകൾ ഇത്തവണയും അദ്ദേഹം ആളിക്കത്തിച്ചു. പ്രതിപക്ഷം അധികാരത്തിലേറിയാൽ തുർക്കിയുടെ സംസ്‌കാരവും സുരക്ഷയും അപകടത്തിലാകുമെന്നു പ്രചരിപ്പിച്ചു. എതിർസ്ഥാനാർഥി ക്ലിച്ദരോലുവിന് സായുധസംഘടനയായ കുർദിസ്താൻ വർക്കേഴ്‌സ് പാർട്ടിയുടെ (പി.പി.കെ.) പിന്തുണയുണ്ടെന്നുകാണിക്കുന്ന വ്യാജവീഡിയോയിറക്കി. സർക്കാർമാധ്യമങ്ങളും ഉർദുഗാന്റെ പോക്കറ്റിലുള്ള മുതലാളിമാർ വിലയ്ക്കെടുത്ത സ്വകാര്യ ചാനലുകളും അദ്ദേഹത്തിന്റെ അപദാനങ്ങൾ വാഴ്ത്തി. അദ്ദേഹം പറഞ്ഞ നുണകളെ ചോദ്യംചെയ്തില്ല. ആദ്യവട്ടത്തിൽ പുറത്തായ ദേശീയവാദി സ്ഥാനാർഥി സിനാൻ ഓഗൻ ഉർദുഗാനെ പിന്തുണച്ചു. ഓഗന്റെ അണികളുടെ വോട്ടും ഉർദുഗാനു കിട്ടി.
വികസനം, സമഗ്രാധിപത്യം
1954-ൽ തീരരക്ഷാസേനാ ഉദ്യോഗസ്ഥന്റെ മകനായി കരിങ്കടൽ തീരത്തു ജനിച്ച ഉർദുഗാന്റെ കൗമാരം മുതലുള്ള ജീവിതവും പ്രവർത്തനവും ഈസ്താംബൂളിലായിരുന്നു. ഈസ്താംബൂളിലെ മർമാര സർവകലാശാലയിൽനിന്ന് ബിരുദം നേടിയ, പ്രൊഫഷണൽ ഫുട്‌ബോൾ കളിച്ചിരുന്ന ഉർദുഗാൻ പിന്നീട് മതവാദിയും വംശീയവാദിയുമായ രാഷ്ട്രീയക്കാരനായി. 1994-ൽ വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി ഈസ്താംബൂൾ മേയർ തിരഞ്ഞെടുപ്പിൽ ജയിച്ചു. ദേശീയവാദമുയർത്തുന്ന കവിത പൊതുവിടത്തിൽ വായിച്ച് വംശീയവിദ്വേഷമുയർത്തിയെന്ന കുറ്റത്തിന് നാലുമാസം ജയിലിൽ കിടന്നു. രാഷ്ട്രപിതാവ് മുസ്തഫ കെമാൽ അതാതുർക്ക് വിഭാവനംചെയ്ത ആധുനിക തുർക്കിയുടെ മതനിരപേക്ഷമൂല്യങ്ങൾക്കു നിരക്കാത്ത കാര്യങ്ങൾ ചെയ്തതിന് വെൽഫെയർ പാർട്ടി നിരോധിച്ചതോടെ അബ്ദുള്ള ഗുലുമായിച്ചേർന്ന് 2001-ൽ എ.കെ.പി.യുണ്ടാക്കി. അന്നുമുതൽ ഇന്നോളം പാർട്ടിയുടെ ചെയർമാനാണ് ഉർദുഗാൻ. ഇസ്‌ലാമിക കക്ഷിയായ എ.കെ.പി. 2002 മുതൽ തുർക്കി ഭരിക്കുന്നു.
2003 മുതൽ ‘14 വരെ പ്രധാനമന്ത്രിയായിരുന്നു ഉർദുഗാൻ. ഇക്കാലത്ത് തുർക്കി സാമ്പത്തികമായി വളർന്നു. ദാരിദ്ര്യം കുറഞ്ഞു. അംബരചുംബികൾ ഉയർന്നു. ഈ വികസനകോലാഹലത്തിനിടെ ഉർദുഗാൻ സമഗ്രാധിപതിയായി മാറിക്കൊണ്ടിരുന്നു. മതനിരപേക്ഷ തുർക്കിയിൽ ഭൂരിപക്ഷമതത്തിന്റെ പുനരുജ്ജീവനത്തിലായി പിന്നെ അദ്ദേഹത്തിന്റെ ശ്രദ്ധ. ഇസ്‌ലാമികമൂല്യങ്ങൾ അടിച്ചേൽപ്പിക്കുകയല്ല, മതം പരസ്യമായി പ്രഖ്യാപിക്കാനുള്ള തുർക്കികളുടെ അവകാശത്തെ പിന്തുണയ്ക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈസ്താംബൂളിലെ ചരിത്രമുറങ്ങുന്ന ഹാഗിയ സോഫിയയെ 2020 ജൂലായിൽ മോസ്‌കാക്കി പരിവർത്തനപ്പെടുത്തിയത് ഈ വാദത്തിനപ്പുറമാണ് യാഥാർഥ്യമെന്ന് വെളിവാക്കി. 1500 വർഷംമുമ്പ് കത്തീഡ്രലായിരുന്ന ഹാഗിയ സോഫിയ, ഒട്ടോമൻ തുർക്കികൾ മോസ്‌കാക്കി. അതാതുർക്ക് അതിനെ മ്യൂസിയമാക്കി പുതിയ മതനിരപേക്ഷ രാജ്യത്തിന്റെ പ്രതീകമാക്കി. ആ പ്രതീകാത്മകതയ്ക്കാണ് 2020-ൽ ഉർദുഗാൻ അന്ത്യംകുറിച്ചത്.
തുടർച്ചയായി മൂന്നുവർഷം പ്രധാനമന്ത്രിയായതോടെ വീണ്ടും മത്സരിക്കാൻ ഉർദുഗാന് വിലക്കുവന്നു. അതോടെ ആലങ്കാരികം മാത്രമായ പ്രസിഡന്റ് പദവിയിലേക്ക് അദ്ദേഹം കളംമാറി. ആ സ്ഥാനത്തിരിക്കെ 2016-ൽ സർക്കാരിനെ അട്ടിമറിക്കാനും ഉർദുഗാനെ തടവിലാക്കാനും ശ്രമമുണ്ടായി. പക്ഷേ, അത് വിജയിച്ചില്ല. ഒരിക്കൽ ചങ്ങാതിയും പിന്നീട് ശത്രുവുമായ ഇസ്‌ലാമിക പണ്ഡിതൻ ഫെത്തുള്ള ഗുലന്റെ ആളുകളാണ് ഇതിനുപിന്നിലെന്നു പറഞ്ഞ് പട്ടാളക്കാരും മാധ്യമപ്രവർത്തകരുമുൾപ്പെടെ അരലക്ഷംപേരെ ഉർദുഗാൻ ജയിലിലടച്ചു. അതിനുശേഷം 2017-ൽ ഹിതപരിശോധനയിലൂടെ ഭരണഘടനാഭേദഗതിക്ക് അനുമതിനേടി രാജ്യത്തിന്റെ പരമാധികാരം പ്രസിഡന്റിനാക്കി. പ്രധാനമന്ത്രിപദം എടുത്തുകളഞ്ഞു. പാർലമെന്റിനെ മൂലയ്ക്കിരുത്തി ഓർഡിനൻസുകളിലൂടെ ഭരിക്കാൻ വഴിയുണ്ടാക്കി. ജഡ്ജിനിയമനത്തിൽ കൈകടത്തി ജുഡീഷ്യറിയുടെ നിഷ്പക്ഷതയില്ലാതാക്കി. ഭീഷണിപ്പെടുത്തി മാധ്യമങ്ങളുടെ വായടപ്പിച്ചു. ഉർദുഗാനെതിരേ നാവുയർത്തിയ രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും ‘ഭീകരരാ’യി. ജനാധിപത്യത്തെക്കുറിച്ചു പഠിക്കുന്ന സ്വീഡൻ ആസ്ഥാനമായുള്ള വിഡെം ഇൻസ്റ്റിറ്റ്യൂട്ട് ‘ഇലക്ടറൽ ഓട്ടോക്രസി’ (ജനാധിപത്യപ്രക്രിയയുടെ ഭാഗമായ തിരഞ്ഞെടുപ്പുകൾ നടക്കുകയും എന്നാൽ, ഭരണകൂടങ്ങൾ സമഗ്രാധിപത്യരീതികൾ അവലംബിക്കുകയും ചെയ്യുന്ന രാജ്യങ്ങൾ) എന്നു വിശേഷിപ്പിച്ച 56 രാജ്യങ്ങളിൽ ഒന്നാണ് ഇന്ന് തുർക്കി.
കാത്തിരിക്കുന്നത്
ഇങ്ങനെയൊക്കെയാണെങ്കിലും ഉർദുഗാന്റെ തുർക്കിക്ക് ആഗോളരാഷ്ട്രീയത്തിൽ നിർണായകസ്ഥാനമുണ്ട്, യുക്രൈൻ യുദ്ധം തുടങ്ങിയശേഷം വിശേഷിച്ചും. ഒരേസമയം നാറ്റോ അംഗരാജ്യവും റഷ്യയുടെ ചങ്ങാതിയുമാണ് തുർക്കി. യുക്രൈനിൽനിന്നുള്ള ധാന്യക്കയറ്റുമതി പ്രതിസന്ധി പരിഹരിക്കാൻ മുൻകൈയെടുത്തത് ഉർദുഗാനാണ്.
പുതിനുമായി വ്യാപാരം നടത്തുമ്പോഴും യുക്രൈനെ പടക്കോപ്പുകൾ നൽകി അദ്ദേഹം സഹായിക്കുന്നു. ഭൗമശാസ്ത്രപരമായ കിടപ്പുകാരണം അഭയാർഥിപ്രതിസന്ധി പരിഹരിക്കാൻ യൂറോപ്യൻ യൂണിയന് തുർക്കിയുടെ സഹായം വേണം. അതുകൊണ്ടുതന്നെ പാശ്ചാത്യരാജ്യങ്ങൾക്ക് ഉർദുഗാനെ തിരസ്‌കരിക്കാനാകില്ല.
ഗുതുരത സാമ്പത്തികപ്രതിസന്ധിയിലാണ് തുർക്കി. ഔദ്യോഗിക കറൻസിയായ ലിറയുടെ മൂല്യം രണ്ടുവർഷംകൊണ്ട് 60 ശതമാനം ഇടിഞ്ഞു. ഔദ്യോഗിക കണക്കിൽ പണപ്പെരുപ്പം 44 ശതമാനം. പ്രചാരണവേളയിൽ ഇതൊന്നും ഉർദുഗാൻ വിഷയമാക്കിയില്ല. തിരഞ്ഞെടുപ്പിനുമുമ്പുള്ള മാസം വികസനപദ്ധതികളുടെ ഉദ്ഘാടനങ്ങളിലായിരുന്നു അദ്ദേഹം. രാജ്യത്തെ ആദ്യ ആണവനിലയം, കരിങ്കടലിലെ എണ്ണഖനനപദ്ധതി, ആദ്യ ഇലക്‌ട്രിക് കാർ, ആദ്യ വിമാനവാഹിനി എന്നിവയെല്ലാം ഉദ്ഘാടനംചെയ്തു. വിദേശനാണ്യ കരുതൽശേഖരത്തിൽനിന്ന് പണമിറക്കിയാണ് തിരഞ്ഞെടുപ്പുകാലമത്രയും സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിർത്തിയത്. പെൻഷനും ശമ്പളവും കൂട്ടി. വൈദ്യുതിബിൽ കുറച്ചു. റഷ്യയുൾപ്പെടെയുള്ള സുഹൃത്തുക്കളും പണം നൽകി സഹായിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വിദേശനാണ്യ കരുതൽശേഖരം ഏതാണ്ട് കാലിയാണ്. 2002-നുശേഷം ആദ്യമാണ് ഈ സ്ഥിതി.
സാമ്പത്തികപ്രതിസന്ധി പരിഹരിക്കൽ അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് ഉർദുഗാന്റെ വാദം. ‘നമുക്കതിനു കഴിയുമെന്ന് ഞാൻ പ്രധാനമന്ത്രിയായിരുന്നപ്പോൾ തെളിയിച്ചതല്ലേ?’ എന്നാണ് നാട്ടുകാരോടുള്ള അദ്ദേഹത്തിന്റെ ചോദ്യം. ആഗോളതലത്തിൽ മാന്ദ്യത്തിന്റെ കാറ്റുവീശുമ്പോൾ ഈ ആത്മവിശ്വാസത്തിന്റെ പ്രായോഗികത എത്രമാത്രം എന്നേ സംശയമുള്ളൂ.
Content Highlights: Erdogan’s re election


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..