കെ.എൻ.എ.ഖാദർ
രാഷ്ട്രീയക്കാരൻ എന്നതിനപ്പുറം വിശാലമായ ചിന്തയുടെ വക്താവുകൂടിയാണ് കെ.എൻ.എ. ഖാദർ. അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിച്ചും അഭിപ്രായ സമന്വയം തീർത്തും പല വേദികളിലായി നിരന്തരം സംവദിക്കുന്നയാൾ. ഈയിടെ കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രം നടത്തിയ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തത് വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചു. പാർട്ടി വിശദീകരണം ചോദിച്ചു. മുസ്ലിം ലീഗ് സമാധാനപരമായ പരിവർത്തനത്തിൽ വിശ്വസിക്കുന്ന ഒരു പാർട്ടിയെന്ന നിലയിൽ സംവാദങ്ങളിൽ ഏർപ്പെടുന്നത് നല്ലതാണെന്ന് അദ്ദേഹം കരുതുന്നു.
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം കെ.എൻ.എ. ഖാദർ മാതൃഭൂമി പ്രതിനിധി ഫഹ്മി റഹ്മാനിക്ക് അനുവദിച്ച അഭിമുഖത്തിൽ നിന്ന്...
? കമ്യൂണിസ്റ്റ് പാർട്ടിയിലൂടെയാണ് താങ്കൾ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയത്. 17 വർഷം സി.പി.ഐ.യിലായിരുന്നു. മുസ്ലിംലീഗിലേക്ക് മാറിയിട്ട് മൂന്നരപ്പതിറ്റാണ്ടായി. എന്തിനായിരുന്നു ആ കൂടുമാറ്റം. അത് തെറ്റായിപ്പോയെന്ന് എന്നെങ്കിലും തോന്നിയിട്ടുണ്ടോ
= 1969 മുതൽ ഞാൻ സജീവമായി വിദ്യാർഥിരാഷ്ട്രീയത്തിലുണ്ടായിരുന്നു. സ്വയം തീരുമാനിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങിയതല്ല. കല, സംസ്കാരം, സാഹിത്യം, പ്രസംഗം, നാടകം എന്നിവയോടായിരുന്നു താത്പര്യം. നാടകങ്ങളുടെ റിഹേഴ്സലുകൾ പലപ്പോഴും പാർട്ടി ഓഫീസുകളിലായിരുന്നു. ആ താത്പര്യമാണ് എ.ഐ.എസ്.എഫിൽ എത്തിച്ചത്. ‘വസന്തോത്സവം’ രചിച്ച ആളൂർ പ്രഭാകരനാണ് എന്നെ ഇടതുപക്ഷക്കാരനാക്കിയത്. 1974 മുതൽ രണ്ടുവർഷം എ.ഐ.എസ്.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറിയായി. ബിനോയ് വിശ്വമായിരുന്നു അന്ന് പ്രസിഡന്റ്. പിന്നീട് രണ്ടുവർഷം പ്രസിഡന്റുമായി. 1978-ൽ മലപ്പുറത്ത് തിരിച്ചെത്തിയപ്പോൾ സി.പി.ഐ. ജില്ലാസെക്രട്ടറിയാക്കി.
സി.പി.ഐ.ക്കുവേണ്ടി സജീവമായി പ്രവർത്തിക്കുമ്പോൾത്തന്നെ മുസ്ലിം ലീഗുമായും അന്ന് ബന്ധമുണ്ടായിരുന്നു. ഇരുപാർട്ടിയും ഒരേ മുന്നണിയായിരുന്നു. യു.എ. ബീരാൻ, സി.എച്ച്. മുഹമ്മദ് കോയ എന്നിവർക്കുവേണ്ടി ചുമരെഴുതിയിട്ടുണ്ട്. അന്ന് വോട്ടുചെയ്തതും ലീഗിനായിരുന്നു. 1986-ലാണ് സുപ്രീംകോടതി ഇസ്ലാമിക ശരീഅത്തിനെതിരേ വിധിപറഞ്ഞത്. അത് നാട്ടിൽ വലിയ സമരങ്ങളുണ്ടാക്കി. എന്റേത് യാഥാസ്ഥിതിക മുസ്ലിം കുടുംബമായിരുന്നു. പിതാവ് അലവി മുസ്ലിയാർ മതപണ്ഡിതനായിരുന്നു. കമ്യൂണിസ്റ്റെങ്കിലും ഞാൻ പള്ളിയിൽ പോകുകയും നോമ്പുനോൽക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതിനെതിരേ പാർട്ടിയിൽനിന്നും ശരീഅത്തിനെതിരേ പറയുന്ന പാർട്ടിയിൽ നിൽക്കുന്നത് നാട്ടിൽനിന്നും സമ്മർദങ്ങളുണ്ടാക്കി. പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ ഈ പ്രതിസന്ധികാരണമാണ് സി.പി.ഐ. വിട്ടത്. ശരീഅത്തിന്റെ സംരക്ഷണത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളിൽ പങ്കാളിയാകുകയായിരുന്നു ലക്ഷ്യം. 1987 മുതൽ 35 വർഷമായി ഞാൻ മുസ്ലിം ലീഗാണ്.
? മുസ്ലിം ലീഗിൽ ചേർന്നത് ലാഭമോ നഷ്ടമോ. ലീഗ് നിങ്ങളെ വേണ്ടവിധം പരിഗണിച്ചിട്ടുണ്ടോ
= സ്ഥാനമാനങ്ങൾ കൊതിച്ചുള്ള മാറ്റമായിരുന്നില്ല അത്. ഒരു നിബന്ധനയുംവെക്കാതെയാണ് ലീഗിൽ ചേർന്നത്. എനിക്ക് പാർലമെന്ററി മോഹങ്ങളില്ലായിരുന്നു. എഴുത്തും വായനയും പ്രസംഗവുമെല്ലാമായിരുന്നു ഇഷ്ടം. 14 വർഷം കഴിഞ്ഞാണ് പാർട്ടി കൊണ്ടോട്ടിയിൽനിന്ന് നിയമസഭയിലേക്ക് മത്സരിപ്പിച്ചത്. പിന്നീട് അഞ്ചുവർഷം ഇടവേള കഴിഞ്ഞാണ് വള്ളിക്കുന്നിൽ മത്സരിപ്പിച്ചത്. വേങ്ങര ഉപതിരഞ്ഞെടുപ്പിലും മത്സരിപ്പിച്ചു. അതിനിടെ ഹജ്ജ്കമ്മിറ്റിയംഗം, മോയിൻകുട്ടി വൈദ്യർ സ്മാരകം ചെയർമാൻ തുടങ്ങിയ പലപദവികളും ഏൽപ്പിച്ചു. ഇങ്ങനെ നടന്നിട്ട് കാര്യമില്ലെന്നും സ്ഥാനങ്ങൾ ചോദിച്ചുവാങ്ങണമെന്നും പലരും ഉപദേശിച്ചിട്ടുണ്ട്. പക്ഷേ, ഇടിച്ചുനിൽക്കലും വലിഞ്ഞുകയറലും എനിക്ക് ശീലമില്ല. ബഹളമുണ്ടാക്കി സംസാരിക്കാനും അണികളെ ആവേശം കൊള്ളിക്കാനും കഴിയില്ല. അതേസമയം, ആർ.എസ്.എസിനെയും കമ്യൂണിസ്റ്റുകളെയും നിയമസഭയിലടക്കം നന്നായി വിമർശിച്ചിട്ടുണ്ട്. ലീഗിലേക്ക് മാറിയത് നഷ്ടമായി ഒരിക്കലും തോന്നിയിട്ടില്ല. ലീഗ് നന്നാവണമെന്നും അതിനായി എഴുതുകയും പ്രസംഗിക്കുകയും ചെയ്യണമെന്നുമാണ് ആഗ്രഹിച്ചത്. അതിന് കാര്യമായ അഭിനന്ദനം കിട്ടിയിട്ടില്ലെന്നത് വേറെ കാര്യം. ലീഗിൽ ചേർന്നതുകൊണ്ട് നിയമസഭയിലടക്കം ഇടപെടാനുള്ള അവസരങ്ങൾ കിട്ടി. സി.പി.ഐ.യിൽ തുടർന്നിരുന്നെങ്കിൽ ഇതിലും കൂടുതൽ തിളങ്ങാനുള്ള അവസരം കിട്ടുമായിരുന്നു എന്നുപറയുന്നവരുണ്ട്. എന്റെ കൂടെ അന്നുണ്ടായിരുന്ന ബിനോയ് വിശ്വവും കെ.പി. രാജേന്ദ്രനുമടക്കം പലരും മന്ത്രിമാരായി. ഇത്തരം ലാഭനഷ്ടങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. പക്ഷേ, ഞാനൊരു അയോഗ്യനാണെന്ന് രണ്ടുപാർട്ടിയും പറഞ്ഞിട്ടില്ല.
? താങ്കൾ കേസരി മാധ്യമപഠന ഗവേഷണകേന്ദ്രം നടത്തിയ പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റുണ്ടോ. മുമ്പും പല നേതാക്കളും അങ്ങനെ പോയിട്ടില്ലേ. അണികളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണോ താങ്കളോട് പാർട്ടി വിശദീകരണം ചോദിച്ചത്
= അത് എനിക്കറിയില്ല. നമുക്കറിയാത്ത, നമ്മൾ എന്തുചെയ്യുന്നു എന്നറിയാത്ത ആളുകളാണ് ഈ വിമർശിക്കുന്നത്. അവർക്ക് എന്നെയും അറിയില്ല, പാർട്ടിയെയും അറിയില്ല. അവരുടേത് ചെറിയ മനസ്സാണ്. ചെറിയ ചെറിയ കാര്യങ്ങളിലാണ് അവർക്ക് താത്പര്യം. അതിൽ അഭിരമിക്കുന്നവരാണ്. അങ്ങനെയുള്ള കൂടുതൽ ആളുകൾ ഉണ്ടാകുമ്പോൾ പാർട്ടിനേതൃത്വത്തിന് ചില കാര്യങ്ങളിൽ എന്നോട് വിയോജിക്കേണ്ടിവരും. അതുകൊണ്ടായിരിക്കാം ഈ വിയോജിപ്പ്. അതായത്, നമ്മളിപ്പോൾ പറയുന്ന കാര്യങ്ങൾ പറയാൻ ചുറ്റുപാടുകൾ പരുവപ്പെട്ടിട്ടില്ല.
എനിക്ക് പല അഭിപ്രായങ്ങളുമുണ്ടാകും. പക്ഷേ, എന്റെ പാർട്ടിക്ക് തെറ്റാണെന്ന് തോന്നുന്നത് എനിക്കും തെറ്റാണ്. അച്ചടക്കമുള്ള പാർട്ടിപ്രവർത്തകനെന്നനിലയ്ക്ക് നേതൃത്വത്തെ അനുസരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. ഞാൻ പങ്കെടുത്ത വേദി ശരിയായില്ല എന്നതിലാണ് ജാഗ്രതക്കുറവുണ്ടായത്. പറഞ്ഞ വാക്കുകളിലല്ല. വേദിയാണോ പറയുന്ന കാര്യങ്ങളാണോ പ്രശ്നമെന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. അത് വലിയ ചർച്ചയ്ക്ക് സാധ്യതയുള്ള വിഷയമാണ്. ഇത് മുസ്ലിം ലീഗിനെമാത്രം ബാധിക്കുന്ന കാര്യമല്ല. എല്ലാ രാഷ്ട്രീയപ്പാർട്ടികളും ലോകംതന്നെയും നിലപാട് തീരുമാനിക്കേണ്ട വിഷയമാണ്. ഏതായാലും ഞാനിനി മറ്റൊരു പാർട്ടിയിലേക്ക് പോകില്ല. രാഷ്ട്രീയ പ്രവർത്തനം നിർത്തിയെന്നുവന്നേക്കാം. പക്ഷേ, പുതിയൊരു പാർട്ടിയിലേക്കുമില്ല.
? ആർ.എസ്.എസിനോട് സൈദ്ധാന്തികമായും പ്രായോഗികമായും ഒത്തുപോകാൻ കഴിയുന്ന പാർട്ടിയല്ലല്ലോ മുസ്ലിം ലീഗ്. പക്ഷേ, അവരോട് സംവദിക്കാൻ ലീഗിനും താങ്കൾക്കും പേടിയുണ്ടോ
= ഒരിക്കലും ഒത്തുപോകാനാവില്ല. എന്നാൽ, ആർ.എസ്.എസിനോടല്ല ആരോട് സംവദിക്കാനും എനിക്ക് പേടിയില്ല. പൊതുസമൂഹത്തോട് നിരന്തരം സംവദിക്കണമെന്നാണ് എപ്പോഴും തോന്നിയിട്ടുള്ളത്. കാരണം, ലീഗ് സമാധാനപരമായ പരിവർത്തനത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ്. സംഘപരിവാറിനെയോ ഫാസിസ്റ്റുകളെയോ നേരിടുന്നത് ആക്രമത്തിലൂടെയാവരുതെന്ന് പാർട്ടി വിശ്വസിക്കുന്നു. അങ്ങനെയുള്ള പാർട്ടിക്ക് സംവാദമല്ലാതെ ഓപ്ഷനില്ല. ലീഗിന്റേത് എന്നും സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും സൗഹാർദത്തിന്റെയും മാർഗമാണ്. അങ്ങനെയുള്ളവരുടെ ആയുധം സംവാദമാണ്. അല്ലാത്തവരുടേത് കുന്തിരിക്കവും.
സംവാദത്തിൽനിന്ന് ആർക്കും ഒളിച്ചോടാൻ കഴിയില്ല. ഏതെങ്കിലും തരത്തിൽ എല്ലാവരോടും സംസാരിക്കേണ്ടിവരും. ആധുനിക കാലഘട്ടത്തിൽ മുസ്ലിംലീഗ് പാർട്ടിക്ക് ഒരു നയം വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. അത് സമാധാനത്തിന്റെയും സംവാദത്തിന്റെയും നയമാവണം.
? കോഴിക്കോട്ട് ആർ.എസ്.എസ്. അനുബന്ധസ്ഥാപനത്തിൽ താങ്കൾ പ്രസംഗിച്ചെന്ന വിവാദത്തിൽ കഴമ്പുണ്ടോ. സംവാദത്തിന് പരിധി നിശ്ചയിക്കുന്നത് ശരിയാണോ
= പല വേദികളിലും പ്രസംഗിച്ചുകഴിയുമ്പോൾ ‘ഇങ്ങനെ പറയുന്നവരും ലീഗിൽ ഉണ്ടോ’ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അപ്പോഴും ലീഗിനെ മാറ്റിയല്ല, ലീഗുകാരനായിട്ടുതന്നെയാണ് എന്നെ കാണുന്നത്. ലീഗ് മറ്റുമതങ്ങളെ ഇത്ര സ്നേഹത്തോടെയാണ് കാണുന്നതെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും പലരും പറയാറുണ്ട്. ആ ചിന്തയുണ്ടാക്കലാണ് എന്റെ ലക്ഷ്യം; തെറ്റിദ്ധാരണകൾ നീക്കുകയും. സംവാദമാണ് മനുഷ്യനെ എന്നും മുന്നോട്ടുനയിച്ചിട്ടുള്ളത്.
? പുതിയ കാലത്ത് മുസ്ലിംലീഗിന്റെ ദൗത്യം എന്തായിരിക്കണമെന്നാണ് താങ്കൾ വിചാരിക്കുന്നത്. ഇടപെടലുകളിലും സമീപനങ്ങളിലും മാറ്റങ്ങൾ ആവശ്യമുണ്ടോ
= മുസ്ലിംലീഗ് ബഹുജനപാർട്ടിയായി വളരണം. അതിന് സമീപനങ്ങളിലും ഇടപെടലുകളിലും മാറ്റംവരണം. പൊതുസമ്മേളനങ്ങളിൽ ഞാൻ എപ്പോഴും സംബോധനചെയ്യുക ലീഗിന് പുറത്തുനിൽക്കുന്നവരെയാണ്. ലീഗിന്റെ രാഷ്ട്രീയ-മതേതര സൗന്ദര്യം അനാവരണംചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. അത് ചിലപ്പോൾ തൊട്ടുമുന്നിലുള്ള അനുയായികൾക്ക് ബോധ്യപ്പെട്ടില്ലെന്നുവരാം. തങ്ങളെ ആവേശഭരിതരാക്കുന്നതിനായിരിക്കാം അവർ കാത്തിരിക്കുന്നത്. പാർട്ടി അണികളുടെ കൈയടിക്കുവേണ്ടി ഞാൻ പ്രസംഗിച്ചിട്ടില്ല, പ്രവർത്തിച്ചിട്ടുമില്ല. അതിന് ഒരുപാടുപേരുണ്ട്. ലീഗിന്റെ പൊതുനന്മയ്ക്കുവേണ്ടിയാണ് ഇടപെട്ടത്. പൊതുസമൂഹത്തിൽ ലീഗിനെ നല്ല രീതിയിൽ അവതരിപ്പിച്ച് പാർട്ടിക്ക് അംഗീകാരം നേടിയെടുക്കാനായിരുന്നു എന്റെ ശ്രമം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..