ജവാഹർലാൽ നെഹ്രു
മഹാത്മാഗാന്ധി കഴിഞ്ഞാൽ ലോകത്ത് ഏറ്റവും ചർച്ച ചെയ്യപ്പെടുകയും പഠനവിഷയമാവുകയും ചെയ്ത ഒരേയൊരു ഭാരതീയൻ ജവാഹർലാൽ നെഹ്രുവാകാനേ വഴിയുള്ളൂ. ഗാന്ധിജിയെ അറിയുന്നപോലെ അത്രയും നന്നായി മറ്റു രാജ്യങ്ങളിലെ സാധാരണ ജനങ്ങൾക്ക് നെഹ്രുവിനെ അറിയില്ലായിരിക്കാം പക്ഷേ, രാഷ്ട്രീയവും വികസനവും രാഷ്ട്രനിർമാണവും പോസ്റ്റ്‌കൊളോണിയൽ സമൂഹങ്ങളുടെ വളർച്ചയും തളർച്ചയും നിരീക്ഷിക്കുന്നവർക്ക് അദ്ദേഹം ഒരു അസാധാരണ ധിഷണാശാലിയും രാജ്യശില്പിയുമാണ്.
ഭാവനാതീതമായ പ്രക്രിയ
ബ്രിട്ടീഷുകാർ സാമൂഹികമായും സാമ്പത്തികമായും ചവിട്ടിയരച്ച് പടുകുഴിയിൽ തള്ളിയിട്ടിരുന്ന ഒരു രാജ്യത്തെ ഇന്ന് കാണുന്ന രൂപത്തിൽ പുനർനിർമിക്കുന്നതിൽ മഹാത്മാഗാന്ധി കഴിഞ്ഞാൽ, ഏറ്റവും പ്രധാന പങ്കുവഹിച്ചത് നെഹ്രുവായിരുന്നു. നീണ്ടകാലത്തെ കൊളോണിയൽ അടിമത്തത്തിൽനിന്ന് ഒരു രാജ്യത്തെ മോചിപ്പിക്കുന്നതുപോലെത്തന്നെ അത്യന്തം ദുഷ്കരമായിരുന്നു അടിമുടി തകർന്നു പോയ ഒരു രാജ്യത്തെ പടിപടിയായി പുനർനിർമിക്കുകയെന്നത്. ഈ ഭാവനാതീതമായ പ്രക്രിയയിൽ നെഹ്രു ഏകനായിരുന്നു. ഇന്ത്യ സ്വതന്ത്രയായതിനു പിന്നാലെ രാഷ്ട്ര പുനർനിർമിതിയിൽ നിർണായക പങ്കു വഹിക്കേണ്ടിയിരുന്ന ദേശീയപ്രസ്ഥാനത്തിലെ രണ്ടുവന്മരങ്ങളായിരുന്ന ഗാന്ധിജിയും സർദാർ പട്ടേലും അകാലത്തിൽ പൊഴിഞ്ഞുപോയത് നെഹ്രുവിന്റെ മുന്നിലെ പാത അതിദുർഘടമാക്കി. ആ പാതയിലൂടെയുള്ള നെഹ്രുവിന്റെയും സഹയാത്രികരുടെയും പ്രയാണത്തിലെ ഓരോ ഏടും കോരിത്തരിപ്പിക്കുന്നതാണ്. ഇങ്ങനെയും ഒരു മനുഷ്യനോ എന്ന് തോന്നിപ്പോകുന്ന ജീവിതം. ഇനിയും വരാനിരിക്കുന്ന എത്രയോ തലമുറകൾ കണ്ണും മനസ്സും നിറയെ സ്മരിക്കേണ്ട ഒരു മഹാദ്‌ഭുതം. അതേസമയം, നശ്വരനായ സാധാരണ മനുഷ്യന്റെ പിഴവുകളും അപൂർണതകളും മാറ്റിനിർത്താനാവാത്ത ഒരു വ്യക്തിത്വമായിരുന്നു നെഹ്രുവിന്റേതുപോലും എന്നത് ഓരോ ഭാരതീയനും ആത്മവിശ്വാസം പകരേണ്ടതുമാണ്.
ആധുനിക ഇന്ത്യ ഉണ്ടായതെങ്ങനെ
നെഹ്രുവിനെക്കുറിച്ച് അറിയാത്തതായി ഒന്നുമില്ല. ഉത്തരേന്ത്യയിലെ ഒരു ധനികനായ ബാരിസ്റ്ററിന്റെ (വക്കീൽ) പുത്രനായി ജനിച്ച് അത്യന്തം ആഡംബരസമൃദ്ധിയിലും അതിലാളനയിലും വളർന്ന്, ഇംഗ്ലണ്ടിൽ ആഢ്യന്മാരുടെ കുട്ടികൾമാത്രം പഠിക്കുന്ന ഹാരോ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് പിന്നീട് കേംബ്രിജിൽ ഉന്നത വിദ്യാഭ്യാസവും പൂർത്തീകരിച്ച് അച്ഛനോടൊപ്പം നിയമം പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയ ഇരുപത്തിരണ്ടുകാരൻ ആദ്യം ആനി ബസന്റിന്റെയും പിന്നീട് ഗാന്ധിജിയുടെയും അനുയായിയായി മാറിയതും ഗാന്ധിജിയെ ആദ്യമായി കണ്ടനാൾ മുതൽ ഒരുനിമിഷംപോലും ആലോചിക്കാതെ എല്ലാം സുഖസൗകര്യങ്ങളും സ്വന്തം ജീവിതയാത്രയും വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യ സമരപ്പോരാളിയായി മാറിയതും എല്ലാവർക്കും അറിവുള്ളതാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത അദ്ദേഹം പിന്നീട് തന്റെ മരണംവരെ രാജ്യത്തിന്റെ ഭാഗധേയം നിർണയിച്ചതും എല്ലാവരും അറിയുന്ന ചരിത്രം. പക്ഷേ, ജനാധിപത്യം പൂർണാർഥത്തിൽ വേരോടാതെ പോയ തെക്കേ ഏഷ്യയിൽ ഇന്ത്യമാത്രം ഒരു ആധുനിക, മതേതര ജനാധിപത്യരാജ്യമായി മാറുന്നതിൽ അദ്ദേഹം വഹിച്ച പങ്കിന്റെ ആഴവും അതിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ അസാധാരണ പ്രയത്നവും വ്യതിരിക്തതയോടെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും അറിയുമോ എന്നത് സംശയമാണ്. പൂർണമായും രാജ്യത്തിനു സമർപ്പിച്ച നെഹ്രുവിന്റെ ജീവിതത്തെക്കുറിച്ചു പഠിക്കുമ്പോൾ വിസ്മയത്തോടെ മനസ്സിലാവുന്നത് നെഹ്രു എന്നൊരാൾ ഇല്ലായിരുന്നെങ്കിൽ ആധുനിക ഇന്ത്യ ഉണ്ടാവുമായിരുന്നില്ല എന്നതാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മറ്റു രാജ്യങ്ങളുടെ അരാജകതുല്യമായ പരിണാമം തന്നെയാണ് അതിനുള്ള തെളിവ്.
പടവുകളായി രാഷ്ട്രനിർമാണം
നെഹ്രുവിന്റെ രാഷ്ട്രനിർമാണത്തിലെ പ്രധാന ഘടകങ്ങൾ മൂന്നാണ്: ഒന്ന്, രാഷ്ട്രീയമായി ഇന്ത്യ ഒരു ബഹുകക്ഷി, ബഹുസ്വര, മതേതര ജനാധിപത്യ രാജ്യമായി ഉരുത്തിരിഞ്ഞുവരണം എന്ന വിട്ടുവീഴ്ചയില്ലാത്ത നിഷ്കർഷ, അതിനുവേണ്ടിയുള്ള നിതാന്തപരിശ്രമം; രണ്ട്, സാമ്പത്തികമായി രാജ്യത്തിന്റെ സ്വയം പര്യാപ്തതയ്ക്ക് അടിസ്ഥാന സൗകര്യങ്ങളും വ്യവസായവത്‌കരണവും കൂടിയേ തീരൂ എന്ന തിരിച്ചറിവും അതിനു വേണ്ടിയുള്ള വ്യവസ്ഥാപിതവും ക്രമാനുഗതവും ആയ പരിശ്രമം; മൂന്ന് രാഷ്ട്രനിർമാണത്തിൽ ഉന്നത വിദ്യാഭ്യാസത്തിന്, പ്രത്യേകിച്ചും ശാസ്ത്ര സാങ്കേതിക കാര്യങ്ങളിൽ, ഉള്ള പങ്ക് തിരിച്ചറിഞ്ഞ് ആ രംഗത്ത് രാജ്യമെമ്പാടും നടത്തിയ സ്ഥാപനവത്‌കരണം.
തകർന്നു തരിപ്പണമായിക്കിടന്ന ഒരു രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിൽ ഈ മൂന്നു കാര്യങ്ങളുമില്ലായിരുന്നെങ്കിൽ ആധുനിക ഇന്ത്യ ഉണ്ടാവുമായിരുന്നില്ല. പുതുതായി ഉരുത്തിരിഞ്ഞുവരുന്ന ധാരാളം വെല്ലുവിളികളുണ്ടെങ്കിലും ഇന്നും ലോകം ശ്രദ്ധിക്കുന്ന വമ്പൻ ബഹുകക്ഷി ജനാധിപത്യമാണ് ഇന്ത്യ, ഇന്ത്യൻ ശാസ്ത്ര സാങ്കേതിക വിദഗ്ധരുടെ കൈവിരൽപ്പാടില്ലാത്ത ഒരിടവും ഇന്ന് ലോകത്തില്ല, അതുപോലെ ലോകപ്രശസ്തമായ പല ശാസ്ത്രസാങ്കേതിക പൊതുമേഖലാ സ്ഥാപനങ്ങളുടെയും നാടാണ് ഇന്ത്യ. ഇതിന്റെയെല്ലാം അടിത്തറ പാകിയതും വികസിപ്പിച്ചെടുത്തതും നെഹ്രുമാത്രമാണ്. ഇവയെ പരിപോഷിപ്പിക്കുകയും വിപുലപ്പെടുത്തുകയും കാലാകാലങ്ങളിൽ വേണ്ട മാറ്റം വരുത്തുകയും മാത്രമേ പിന്നാലെ വന്നവർക്കു ചെയ്യേണ്ടിയിരുന്നുള്ളൂ. ഇന്ത്യൻ സ്‌പെയ്‌സ്, അറ്റോമിക് എനർജി, ഫണ്ടമെന്റൽ റിസർച്ച്, ഐ.ഐ.ടി.കൾ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കൂറ്റൻ അണക്കെട്ടാുകൾ, ഹൈഡ്രോ ഇലക്‌ട്രിക്ക് പ്രോജക്ടുകൾ, എയിംസ്, തുടങ്ങിയ മെഡിക്കൽ കോളേജുകൾ, പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ, ഇങ്ങനെ എന്തൊക്കെ! ഇതെല്ലാം വെറും പതിനേഴുവർഷംമാത്രം നീണ്ട തന്റെ ഭരണകാലത്ത് ഒരു മനുഷ്യൻ ചെയ്തതാണ് എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നും.
ക്രോക്കറുടെ നിരീക്ഷണം
വർത്തമാനകാലത്തെ കലുഷിത രാഷ്ട്രീയ സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് ജനാധിപത്യ, മതേതരത്വവിരുദ്ധ പ്രവണതകൾ അതിരൂഢമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, നെഹ്രുവിന്റെ കറയില്ലാത്ത ജനാധിപത്യ വിശ്വാസവും മതേതരത്വവും ശാസ്ത്ര നിഷ്‌കർഷയും നമുക്ക് പ്രചോദനമാകേണ്ടതാണ്. കോൺഗ്രസിന് അഭൂതപൂർവമായ ജനപിന്തുണയും മൃഗീയ ഭൂരിപക്ഷവും ഉള്ളപ്പോഴും പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തപ്പോൾ അദ്ദേഹം അംബേദ്കർ, ശ്യാമപ്രസാദ് മുഖർജി തുടങ്ങിയ എതിർ ചേരിയിലെ പ്രഗല്‌ഭരെ കൂടെ കൂട്ടിയത് അദ്ദേഹത്തിന്റെ ഉത്കൃഷ്ടമായ ജനാധിപത്യ വിശ്വാസത്തിന്റെ ഉദാഹരണമാണ്. മുൻ പ്രധാനമന്ത്രി വാജ്‌പേയി നെഹ്രുവിന്റെ ജനാധിപത്യ ബോധത്തെക്കുറിച്ച് പലപ്പോഴും വാചാലനായിട്ടുണ്ട്. മതപരമായ പ്രാകൃത ചിന്തകൾ, അന്ധവിശ്വാസങ്ങൾ, സ്ത്രീവിരുദ്ധത, ജ്യോതിഷം തുടങ്ങിയവയോടൊക്കെ അദ്ദേഹത്തിന് പരമപുച്ഛമായിരുന്നു. ഒരുപക്ഷേ, ചെറുപ്പകാലത്ത് ഇസ്‌ലാം മതവുമായുള്ള അദ്ദേഹത്തിന്റെ പരിചയമാവാം കാശ്മീരി ബ്രാഹ്മണനായ നെഹ്രുവിന്റെ വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷതയുടെ ഒരു അടിസ്ഥാന കാരണം. ഇന്ത്യയിലെ ഓസ്‌ട്രേലിയൻ സ്ഥാനപതിയായിരുന്ന വോട്ടർ ക്രോക്കർ എഴുതിയ നെഹ്രുവിന്റെ ജീവചരിത്രത്തിൽ ഇത് സൂചിപ്പിക്കുന്നുണ്ട്. ‘ഇസ്‌ലാമിക് ഫ്ലേവർ’ എന്ന വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. നെഹ്രു തന്റെ ജീവിതത്തിൽ ഒരു മുൻഷി മുബാറക് അലിയുടെ പ്രഭാവത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടത്രേ. കുട്ടിക്കാലത്ത് വിദ്യാസമ്പന്നരായ ധാരാളം മുസ്‌ലിങ്ങളെ, ഒരുപക്ഷേ, ഹിന്ദുക്കളെക്കാളേറെ, അദ്ദേഹം കണ്ടിട്ടുണ്ടാവാം എന്ന് ക്രോക്കർ പറയുന്നു. അദ്ദേഹത്തിന്റെ പ്രവിശ്യയിൽ ഹിന്ദുക്കളെക്കാളേറെ മുസ്‌ലിങ്ങളായിരുന്നു കൂടുതൽ ഭരണവർഗവും. അതു പോലെ ഹിന്ദിയെക്കാളേറെ ഉറുദു ആയിരുന്നു അദ്ദേഹത്തിന്റെ തായ്‌വഴി (maternal) ഭാഷ. ‘എങ്കിലും പ്രകൃതത്തിൽ അദ്ദേഹം എപ്പോഴും ഹിന്ദുവായിരുന്നു. പക്ഷേ, ധാർമികമായി ഭാരതീയനും. ഹിന്ദുവോ മുസ്‌ലിമോ എന്നുള്ളത് അപ്രസക്തമാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം....’
-ക്രോക്കർ എഴുതി.
സത്യസന്ധമായ സംഹിത
അനിഷേധ്യനായി പതിനേഴുകൊല്ലം ഭരിച്ചിട്ടും സ്വാതന്ത്ര്യസമരക്കാലത്തും പിന്നീടും രാജ്യമെമ്പാടും ജനസാഗരങ്ങൾ ആവേശത്തോടെയും വീരാരാധനയോടെയും അദ്ദേഹത്തിനെ നെഞ്ചിലേറ്റി നടന്നിട്ടും അല്പംപോലും ഏകാധിപത്യ പ്രവണത അദ്ദേഹത്തെ സ്പർശിച്ചിരുന്നില്ല എന്നതാണ് അദ്ദേഹത്തെ ലോക നേതാക്കളിൽ വിശിഷ്ടനാക്കുന്നത്. അതുപോലെ സമത്വത്തിലുള്ള (സോഷ്യലിസം) അദ്ദേഹത്തിന്റെ രൂഢമൂലമായ വിശ്വാസം. സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കകാലത്ത് ആദ്യം പങ്കെടുത്ത ഒരു കർഷക സമരത്തിൽനിന്നും പഠിച്ച ആ സമത്വ ദർശനം ജീവിതാവസാനംവരെ അദ്ദേഹം നിലനിർത്തി. ആ നെഹ്രുവിയൻ സോഷ്യലിസം എന്നു മറ്റുള്ളവർ വിളിക്കുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സംഹിത കമ്യൂണിസ്റ്റ് ‘ഷോർട്ട് കട്ടി’നെക്കാൾ സത്യസന്ധമാണെന്നും ശാശ്വതമാണെന്നും അദ്ദേഹം കരുതിയിരുന്നു. അദ്ദേഹത്തിന്റെ കാലശേഷവും ഈ ‘സോഷ്യലിസ’ത്തിൽ കുടുങ്ങിപ്പോയതാവാം കിഴക്കൻ ഏഷ്യയെപ്പോലെ സാമ്പത്തികമായി കുതിക്കേണ്ട ഒരു രാജ്യം പാതി വഴിയിൽ വീണുപോയത് എന്ന് വിശ്വസിക്കുന്നവർ നെഹ്രുവിന്റെ ഒരു പരാജയമായിക്കാണുന്നത് ഈ സമത്വചിന്തയാണ്.
കമ്യൂണിസ്റ്റുകളെ പരിഹാസത്തോടെ കണ്ടിട്ടുള്ള (metaphysicians of the new age എന്നാണ് അദ്ദേഹം കമ്യൂണിസ്റ്റുകളെ കളിയാക്കി വിളിച്ചിരുന്നത്) നെഹ്രുവിന്റെ സമത്വചിന്ത ജനാധിപത്യത്തിലൂന്നിയതായിരുന്നു. അതിന്നും സാധുവാണെന്നാണ് ലോകമെമ്പാടുമുള്ള ക്ഷേമരാഷ്ട്രസങ്കല്പം തെളിയിക്കുന്നത്. സമത്വമില്ലാത്ത വികസനം ശാശ്വതമല്ല എന്ന് നിയോലിബറൽ നയങ്ങളുടെ വക്താക്കളായിരുന്ന വേൾഡ് ബാങ്ക്, ഐ.എം.എഫ്. തുടങ്ങിയവർപോലും ഇന്ന് സമ്മതിക്കുന്നുണ്ട്. നെഹ്രുവിനെ വീണ്ടെടുക്കുക എന്നതാണ് ജനാധിപത്യത്തിലും മതേതരത്വത്തിലും സമത്വത്തിലും വിശ്വസിക്കുന്ന എല്ലാ ഇന്ത്യക്കാരും ചെയ്യേണ്ടത്.
യു.എൻ.ഡി.പി. സീനിയർ അഡ്വൈസറായ ലേഖകൻ മുൻ മാധ്യമപ്രവർത്തകനാണ്
Content Highlights: Jawaharlal Nehru death anniversary


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..