കെ. ശങ്കരനാരായണൻ... എന്നെന്നും കൺവീനർ, രാഷ്ട്രീയത്തിലെ സരസൻ  


വി. ഹരിഗോവിന്ദൻ

കേരളത്തിലെ സഖ്യരാഷ്ട്രീയത്തിൽ ഏതെങ്കിലുമൊരു മുന്നണിയുടെ കൺവീനറായി ഏറ്റവും കൂടുതൽ കാലം വിവാദങ്ങളില്ലാതെ തിളങ്ങാനായ നേതാവായിരുന്നു കെ. ശങ്കരനാരായണൻ. രാഷ്ട്രീയ-പ്രത്യയശാസ്ത്ര ബന്ധങ്ങൾക്കപ്പുറം വ്യക്തിബന്ധങ്ങൾ കൊണ്ട് രാഷ്ട്രീയത്തെ നിർണയിച്ച അപൂർവ വ്യക്തി...

കെ.ശങ്കര നാരായണൻ

കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായരിലൊരാളാണ് കെ. ശങ്കരനാരായണൻ. യു.ഡി.എഫിൽ ദീർഘകാലം എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ടുപോയ കൺവീനർ. ‘‘ശങ്കരനാരായണന്റെ വായിൽ നിന്ന് ഒരു വാക്കുപോലും നാക്കുപിഴയായി വരില്ല. പറയാനുദ്ദേശിച്ചതേ പറയൂ, ആവശ്യമില്ലാത്ത വാക്കോ അഭിപ്രായമോ ശങ്കരനാരായണനിൽ നിന്നുണ്ടാവില്ല...’’ -ലീഡർ കെ. കരുണാകരൻ ഒരിക്കൽ അദ്ദേഹത്തെപ്പറ്റി പറഞ്ഞു. കേരളത്തിലെ സഖ്യരാഷ്ട്രീയത്തിൽ ഏതെങ്കിലുമൊരു മുന്നണിയുടെ കൺവീനറായി ഏറ്റവും കൂടുതൽ കാലം വിവാദങ്ങളില്ലാതെ തിളങ്ങാനായി എന്ന ഖ്യാതി കെ. ശങ്കരനാരായണൻ എന്ന ഷൊർണൂരുകാരനുമാത്രം സ്വന്തം. രാഷ്ട്രീയ-പ്രത്യയശാസ്ത്ര ബന്ധങ്ങൾക്കപ്പുറം വ്യക്തിബന്ധങ്ങൾ കൊണ്ട് രാഷ്ട്രീയത്തെ നിർണയിച്ച വ്യക്തിത്വം. അതാണ് ഷൊർണൂരിലെ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനംമുതൽ രാജ്യത്തെ സാമ്പത്തിക തലസ്ഥാനം ഉൾക്കൊള്ളുന്ന മഹാരാഷ്ട്രയുടെ ഗവർണർവരെയുള്ള പദവികളിൽ അദ്ദേഹത്തിന്റെ നീക്കത്തെ സുഗമമാക്കിയത്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കാമരാജായിരുന്നു എന്നും ശങ്കരനാരായണന്റെ ആദർശപുരുഷൻ. കാമരാജിന്റെ നിലപാടുകളും രീതികളും കഥാപുരുഷന്റെ ജീവിതത്തെയും രാഷ്ട്രീയത്തെയും വലിയ ഒരളവുവരെ സ്വാധീനിച്ചു. എന്തും വെട്ടിപ്പിടിക്കണം എന്ന പതിവ് രാഷ്ട്രീയമോഹം ശങ്കരനാരായണനിൽ ഇല്ലായിരുന്നുവെന്നുതന്നെ പറയാം. പലതും സ്വാഭാവികമായി വന്നുചേരുകയായിരുന്നു.

രാഷ്ട്രീയത്തിലെ സരസൻ

യു.ഡി.എഫ്. കൺവീനറായിരിക്കുന്നകാലം. പാർട്ടിയിൽ അന്ന് സർവശക്തനാണ് കരുണാകരൻ. ഒരു തവണ ഒറ്റപ്പാലത്ത് മത്സരിച്ചാൽ നന്നാവും എന്ന ആഗ്രഹം ശങ്കരനാരായണനുണ്ടായി. ലീഡറെ കണ്ടു. പക്ഷേ, മറുപടി അനുകൂലമായിരുന്നില്ല. നശ്ശബ്ദനായി പടിയിറങ്ങിയതല്ലാതെ മറുത്തൊരു പ്രതികരണം ഉണ്ടായില്ല. പക്ഷേ, അവിടന്നങ്ങോട്ട് എ.കെ. ആന്റണി പക്ഷത്തോട് അടുക്കുന്ന കൺവീനറെയും ശങ്കരനാരായണനെയുമാണ് രാഷ്ട്രീയകേരളം കണ്ടത്. അപ്പോഴും മറുപക്ഷത്തോട് അതൃപ്തിയൊന്നും പ്രകടിപ്പിച്ചതുമില്ല. സംസ്ഥാനത്തിന്റെ ധനമന്ത്രിയായപ്പോൾപോലും വലിയതോതിൽ ആക്രമണങ്ങൾക്കിരയാവാതെ നിയമസഭയ്ക്ക് അകത്തും പുറത്തും ശങ്കരനാരായണനെ കാത്തതും ഇത്തരം വ്യക്തിബന്ധങ്ങളും ആസൂത്രണമികവുമാണ്. സഭയ്ക്കകത്ത് ധനമന്ത്രിക്കുനേരെയുള്ള വാക്കുകളുടെ മൂർച്ച പരമാവധി കുറഞ്ഞുനിന്നു. ഇനി അല്പം ശക്തിയേറിയ വാക്കാണെങ്കിൽപ്പോലും അതിനെ നർമബോധത്തോടെ തടഞ്ഞു. ബലംപിടിച്ച രാഷ്ട്രീയമല്ലായിരുന്നു ശങ്കരനാരായണന്റേത്. മറിച്ച് ഒരു വി.കെ.എൻ. കഥാപാത്രത്തെപ്പോലെ എല്ലാറ്റിനെയും സരസഭാവത്തോടെ വീക്ഷിച്ചു. പലപ്പോഴും നിയമസഭയിലെ ശങ്കരനാരായണന്റെ മറുപടികളിലേതെന്നപോലെ പൊതുവേദികളിലെ പ്രസംഗങ്ങളിലും മുള്ളും മുനയും വെച്ചുള്ള നാടൻ പ്രയോഗങ്ങളും ഉപമകളും സ്ഥാനംപിടിച്ചു.

ദീർഘവീക്ഷണത്തോടെ

കാമരാജ് മുതൽ എ.കെ. ആന്റണിവരെയുള്ള നേതാക്കളോട് തുറന്ന ബന്ധമായിരുന്നു. പക്ഷേ, എല്ലാറ്റിനോടും ഒരു നിശ്ചിത ഇഴയകലം അദ്ദേഹം കാത്തു. ഒരുപക്ഷേ, ബന്ധങ്ങളുടെ ഉറപ്പിന് ആ ഇഴയകലം വേണമെന്ന് അദ്ദേഹം കരുതിയിരുന്നിരിക്കണം. പത്താംക്ലാസ് മാത്രമായിരുന്നു വിദ്യാഭ്യാസമെങ്കിലും ദീർഘനാളത്തെ രാഷ്ട്രീയജീവിതം അദ്ദേഹത്തെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ഒരു ധനകാര്യ വിദഗ്ധനല്ലാതിരുന്നിട്ടും ശങ്കരനാരായണൻ സംസ്ഥാനത്തെ ബജറ്റ് ദീർഘവീക്ഷണത്തോടെ അവതരിപ്പിച്ചു. സ്‌കൂൾ കുട്ടികൾക്കായുള്ള ഒരു ഗ്ലാസ് പാലും ഷേക്ക് ഹാൻഡും എന്ന പദ്ധതി പിന്നീട് വന്ന സർക്കാരുകൾക്ക് വിദ്യാർഥികൾക്കുള്ള സൗജന്യഭക്ഷണ പദ്ധതി പോലുള്ളവയ്ക്ക് പ്രേരകമായി.

നാഗാലാൻഡിൽ ഗവർണറായി എത്തുമ്പോഴും പൊതുജീവിതം നൽകിയ അനുഭവപാഠങ്ങൾമാത്രമായിരുന്നു അദ്ദേഹത്തിന് തുണ.
തിരഞ്ഞെടുപ്പ് നടക്കില്ലെന്ന് കരുതിയിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് സുഗമമായി നടത്തി ജനാധിപത്യത്തിന്റെ തിരിച്ചുവരവിന് കരുത്തായത് ശങ്കരനാരായണന്റെ സംഘടനാപാടവം നൽകിയ മെയ്‌വഴക്കമാണ്. രാഷ്ട്രീയവും മതവും ഭാഷയുമെല്ലാം തിളച്ചുമറിയുന്ന മഹാരാഷ്ട്രയിൽ ഭരണകക്ഷിക്കും പ്രതിപക്ഷത്തിനുമെല്ലാം ഒരേപോലെ സ്വീകാര്യനാവാനും അത് തുണയായി. രാജ്ഭവന്റെ കവാടം എന്നും എല്ലാവർക്കുമായി തുറന്നുകിടക്കുന്നുണ്ടെന്ന തോന്നൽ സൃഷ്ടിക്കാനായതായിരുന്നു ആ വിജയത്തിന് കാരണം.

വാക്കിലും വിശ്വാസത്തിലുമെല്ലാം അടിമുടി കോൺഗ്രസ് ആദർശങ്ങളായിരുന്നു ഈ ശുഭ്രവസ്ത്രധാരിയുടെ കരുത്ത്. വ്യക്തിഗത നേട്ടങ്ങളെക്കാൾ വാക്കിനും അഭിപ്രായത്തിനുമാണ് വിലയെന്നും അദ്ദേഹം കരുതി. മഹാരാഷ്ട്രാ ഗവർണർ സ്ഥാനത്തുനിന്നുള്ള രാജിക്ക് സമ്മർദം ഏറിയപ്പോഴും എന്റെ പാർട്ടി പറഞ്ഞാൽ രാജി എന്ന നിലപാടിൽ ഉറച്ചുനിന്നു. ഒടുവിൽ ഹൈക്കമാൻഡിന്റെ സമ്മതമറിഞ്ഞതോടെ രാജി പ്രഖ്യാപിച്ചു.

ഗവർണർ സ്ഥാനമൊഴിഞ്ഞതിനുശേഷം എ.ഐ.സി.സി.യിൽനിന്ന് ഒരു വിളി അദ്ദേഹം പ്രതീക്ഷിച്ചിരുന്നിരിക്കണം. ആ നിലയിൽ പ്രവർത്തിക്കാൻ താത്പര്യവും കുറവില്ലായിരുന്നു. ദേശീയരാഷ്ട്രീയത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്ന ശങ്കരനാരായണൻ മഹാരാഷ്ട്രാ രാജ്ഭവനിലെ കാലയളവ് രാഷ്ട്രീയനീക്കങ്ങളെ കൃത്യമായി ശ്രദ്ധിക്കാനും ഉപയോഗപ്പെടുത്തിയിരുന്നു. ഗവർണർ സ്ഥാനമൊഴിഞ്ഞശേഷം വീണ്ടും സജീവരാഷ്ട്രീയത്തിലെത്തിയ കർണാടകത്തിലെ എസ്.എം. കൃഷ്ണയെപ്പോലുള്ള നേതാക്കൾ മുൻഗാമികളായി ഉണ്ടായിരുന്നുതാനും. പക്ഷേ. എന്തൊക്കെയോ കാരണങ്ങളാൽ ശങ്കരനാരായണനെത്തേടി ആ വിളി എത്തിയില്ല.

Content Highlights: K Sankara Narayanan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..